യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 321 [ഭാഗം 6. നിര്‍വാണ പ്രകരണം]

ദേഹേ യാവദഹംഭാവോ ദൃശ്യേഽസ്മിന്‍യാവദാത്മനാ
യാവന്‍മമേദമിത്യാസ്ഥാ താവച്ചിത്താദിവിഭ്രമഃ (6/2/31)

വാല്‍മീകി തുടര്‍ന്നു: ഉണര്‍ന്നുയരുന്ന അന്തഃപ്രജ്ഞ ഹേതുവായി മനോപാധികള്‍ പിന്‍വാങ്ങുന്നപോലെ പെട്ടെന്ന്‍ തന്നെ രാത്രിയുടെ അന്ധകാരം സൂര്യോദയത്തിന്റെ പ്രകാശത്തിനു വഴിമാറിക്കൊടുത്തു. കിഴക്ക് നിന്നും പുറപ്പെട്ട സൂര്യകിരണങ്ങള്‍ എല്ലാ ദിക്കുകളെയും പ്രകാശമാനമാക്കി. രാമലക്ഷ്മണന്മാരും മറ്റുള്ളവരും ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമെഴുന്നേറ്റു പ്രഭാതപൂജകള്‍ നടത്തി. എന്നിട്ടവര്‍ പെട്ടെന്നുതന്നെ വസിഷ്ഠമഹര്‍ഷിയുടെ കുടിലില്‍ ചെന്നു. അദ്ദേഹത്തിനെ നമസ്കരിച്ചു ബഹുമാനിച്ച് കൊട്ടാരസദസ്സിലേയ്ക്ക് ആനയിച്ചു. സഭയില്‍ നിറയെ ആകാംക്ഷാഭരിതരായി ആളുകള്‍ നിശ്ശബ്ദം മഹര്‍ഷിയെ കാത്തിരിപ്പുണ്ടായിരുന്നു. മുന്‍പത്തെ ദിവസങ്ങളില്‍ തങ്ങള്‍ക്കു നിശ്ചയിച്ചു നല്‍കിയ ആസനങ്ങളില്‍ അവര്‍ ഇരുപ്പുറപ്പിച്ചു. രാമന്‍ വസിഷ്ഠമുനിയുടെ മുഖത്തേയ്ക്ക് ഭക്തിപുരസരം, സാകൂതം നോക്കി.

വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ഇതുവരെ നിനക്ക് പറഞ്ഞു തന്ന ആത്മജ്ഞാനപ്രദായകങ്ങളായ വാക്കുകള്‍ നിനക്ക് ഓര്‍മ്മയുണ്ടാകുമല്ലോ. പരിപൂര്‍ണ്ണത എങ്ങിനെയാണ് ശാശ്വതമായി നമ്മില്‍ ദൃഢീകരിക്കുവാനാവുക എന്ന് ഞാന്‍ നിനക്ക് വീണ്ടും പറഞ്ഞു തരാം. മനോപാധികളില്ലാതെ അനാസക്തനായി, സത്യത്തെക്കുറിച്ച് ശരിയായ അറിവുറയ്ക്കുമ്പോള്‍ നിനക്ക് ഈ സംസാരസാഗരത്തെ, അതായത്‌ ജനനമരണങ്ങള്‍ എന്ന ബന്ധനചക്രത്തെ മറികടക്കാന്‍ കഴിയും. അതുകൊണ്ട് ഇതിനു സാദ്ധ്യമാവുന്ന തരം കര്‍മ്മങ്ങളില്‍ നീ സദാ വ്യാപൃതനായാലും.

വാസനകള്‍ ഇല്ലാതായി, മനോപാധികള്‍ നശിച്ച്, തെറ്റിദ്ധാരണകള്‍ പൂര്‍ണ്ണമായി അസ്തമിച്ച് സത്യം സാക്ഷാത്കരിക്കുമ്പോള്‍ ദുഃഖ നിവൃത്തിയായി. അനന്താവബോധം, അതായത്‌ കേവലമായ അസ്തിത്വം മാത്രമേ ഉണ്മയായുള്ളു. അത് കാലദേശാദി ധാരണകള്‍ക്കതീതവും അവിഛിന്നവുമാണ്. അനന്തത മാത്രമേയുള്ളൂ എങ്കിലും അതില്‍ എങ്ങിനെയോ ദ്വന്ദത ഉളവായി. അനന്തതയെ എങ്ങിനെയാണ് രണ്ടായി വിഭജിക്കുക? അത് സാധ്യമല്ലതന്നെ. ഈ സത്യമറിഞ്ഞുകൊണ്ട് അഹംകാരമുക്തനായി ആനന്ദത്തില്‍ അഭിരമിച്ചാലും.

ശരിയായ അര്‍ത്ഥത്തില്‍ മനസ്സില്ല, അവിദ്യയില്ല, ജീവാത്മാവും (വ്യക്തിഗതമായ ആത്മാവ്) ഇല്ല. ഇവയെല്ലാം സൃഷ്ടികര്‍ത്താവായ ബ്രഹ്മാവില്‍ അങ്കുരിച്ച സങ്കല്‍പ്പധാരണകള്‍ മാത്രമാണ്. എന്തൊക്കെ വസ്തുക്കളുണ്ടോ, മനസ്സ്‌ എന്തൊക്കെയാണോ, ആ മനസ്സെന്തോക്കെയാണോ ആഗ്രഹിക്കുന്നത്, അവയെല്ലാം എകാത്മകമായ- ഒരേയൊരു വിശ്വാവബോധം മാത്രമാണ്. ഒരേയൊരു സത്തയാണ് സ്വര്‍ഗ്ഗത്തിലും നരകത്തിലും ഭൂമിയിലും പ്രഭപരത്തി ജ്വലിക്കുന്നത്.

അജ്ഞതയില്‍ നിന്ന് ജനിച്ച ധാരണകള്‍ ഉള്ളിടത്തോളം കാലം, അനന്തതയെക്കുറിച്ചല്ലാതെയുള്ള മറ്റു പ്രതീതികള്‍ ഉള്ളിടത്തോളം, ആശകളും പ്രത്യാശകളും നിലനില്‍ക്കുന്നിടത്തോളം, മാത്രമേ മനസ്സെന്ന ധാരണയ്ക്ക് സാധുതയുള്ളൂ.

“ദേഹത്തെ ‘ഞാന്‍’ എന്ന് കരുതി, പ്രത്യക്ഷമായി കാണപ്പെടുന്നതുമായാണ് ആത്മാവ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ധരിച്ച്, വിഷയങ്ങളില്‍ ആശവച്ച്, ‘ഇതെന്റെത്’, ‘ഇത് മറ്റൊരുവന്റെത്’, എന്ന് കരുതിയിരിക്കുന്നിടത്തോളം മനസ്സ് മുതലായ വിഭ്രാന്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.