യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 405 – ഭാഗം 6 നിര്‍വാണ പ്രകരണം.

ഇഹ വിദ്യാധരോഽയം സ്യാമഹം സ്യാമിഹ പണ്ഡിതഃ
ഇത്യേക ധ്യാനസാഫല്യം ദൃഷ്ടാന്തോഽസ്യാംക്രിയാ സ്ഥിതൌ
ഏകത്വം ച ബഹൂത്വം ച മൌര്‍ഖ്യം പാണ്ഡിത്യമേവ വാ (6/64/23,24)

വസിഷ്ഠന്‍ തുടര്‍ന്നു: ഭഗവാന്‍ രുദ്രനോടൊപ്പം അവര്‍ക്കെല്ലാം ആത്മപ്രബുദ്ധത കൈവന്നു. തങ്ങളും രുദ്രന്റെ ഭാഗമാണെന്നറിഞ്ഞ് അവരെല്ലാം സംപ്രീതരായി. മായയുടെ വിസ്മയം എന്തെന്ന് നന്നായറിഞ്ഞ രുദ്രദേവന്‍ അവരോടു തങ്ങളുടെ ഭാഗങ്ങള്‍ വീണ്ടുമൊരിക്കല്‍ കൂടി ഭംഗിയായി അഭിനയിച്ചുവരാന്‍ ആവശ്യപ്പെട്ടു. അങ്ങനെ തികച്ചും വ്യതിരിക്തമെന്നു തോന്നുന്നമട്ടിലുള്ള ജീവിതങ്ങള്‍ നയിച്ചശേഷം ലോകാവസാനത്തില്‍ അവര്‍ക്ക് ഭാഗവാനിലേയ്ക്ക് തിരിച്ചെത്താന്‍ കഴിയും എന്ന് വാക്ക് നല്‍കി. അങ്ങനെ അവര്‍ക്ക് പരമപദം പൂകാനാകും.

രുദ്രദേവന്‍ അവിടം വിട്ടുപോയി. ജീവാതനും കൂട്ടരും രുദ്രന്‍ നിര്‍ദ്ദേശിച്ചപോലെ അവരവരുടെ ഇടങ്ങളിലേയ്ക്ക് തിരിച്ചു പോയി.

രാമന്‍ ചോദിച്ചു: ജീവാതനും മറ്റുള്ളവരും ആ സന്യാസിയുടെ ഭാവനാസങ്കല്പം (സ്വപ്നം) മാത്രമായിരുന്നുവല്ലോ? അപ്പോള്‍പ്പിന്നെ അവരെങ്ങനെ യാഥാര്‍ഥ്യഭാവം കൈക്കൊണ്ടു?

വസിഷ്ഠന്‍ പറഞ്ഞു: സങ്കല്‍പ്പത്തെ സത്യമാണെന്ന് ധരിക്കുന്ന പ്രവണത നിന്നിൽ നിന്നും തീരെ അകറ്റിയാലും. അത്തരം മായക്കാഴ്ചകള്‍ എല്ലാം മാറ്റിക്കഴിയുമ്പോള്‍ എന്തവസാനിക്കുന്നുവോ അത് അനന്താവബോധം മാത്രമാണ്. ഒരു യാത്രികന് താല്‍ക്കാലിക അനുഭവങ്ങളും ദേശങ്ങളും എത്രമാത്രം യതാതഥമാണോ അതുപോലെ സ്വപ്നദൃശ്യങ്ങള്‍ സത്യമാണെന്ന് സങ്കല്‍പ്പിച്ചു നാം ഉറപ്പിച്ചിരിക്കുന്നു. അനന്താവബോധത്തിലാണ് എല്ലാം നിലകൊള്ളുന്നത്. ഒരുവന് അനുഭവവേദ്യമാവുന്നതാണ് അവനു ദൃശ്യമാവുന്നത്. എന്നാല്‍ സ്വപ്നസദൃശ്യമായ ചിന്തകള്‍ സാക്ഷാത്കരിക്കാന്‍ തീവ്രമായ യോഗസാധനകൊണ്ടേ കഴിയുകയുള്ളൂ. പരമശിവനും മറ്റും അത്തരം യോഗബലത്തിലാണ് എല്ലായിടത്തും എല്ലാത്തിനെയും സാക്ഷാത്ക്കരിക്കുന്നത്.

തന്റെ മുന്നിലുള്ള വസ്തുവിനെ മനസ്സിലായി എങ്കിലും അതൊരു വസ്തുതയായി തിരിച്ചറിയണമെങ്കില്‍ ആ വസ്തുവിന്റെ നിലനില്‍പ്പിനെപ്പറ്റി യാതൊരു തെറ്റിദ്ധാരണകളും ഉണ്ടാവുക വയ്യ. തെറ്റിദ്ധാരണകള്‍ നീങ്ങുമ്പോള്‍ അറിവുണരുന്നു. അപ്പോള്‍ സാക്ഷാത്ക്കാരമായി.

ഒരുവന്‍ എന്താഗ്രഹിക്കുന്നുവോ അത് സാധിതമാകണമെങ്കില്‍ അവന്റെ ആന്തര ചോദന അതിനോട് പൂര്‍ണ്ണമായി താദാത്മ്യത്തില്‍ ആയിരിക്കണം. ഒരുവന്റെ മുന്നിലുള്ള വസ്തുവിനോട് അത്തരം താദാത്മ്യം പ്രാപിച്ചവന്‍ ആ വസ്തുവിനെ പൂര്‍ണ്ണമായി അറിയുന്നു. അതുപോലെ സാങ്കല്‍പ്പികമായ വസ്തുവുമായും പൂര്‍ണ്ണതാദാത്മ്യം പ്രാപിച്ചാല്‍ അതിനെയും നമുക്ക് പൂര്‍ണ്ണമായി അറിയാം. അത്തരം ഏകാഗ്രതയില്ലെങ്കില്‍ ആ വസ്തുവിനെ തീരെ ഇല്ലാതാക്കി എന്നും പറയാം. എങ്ങനെയെന്നാൽ അതിനെപ്പറ്റിയുള്ള അവബോധം അവനിൽ ഇല്ലാതായതിനാൽ ആ വസ്തുവും ഇല്ലാതായി എന്നര്‍ത്ഥം. അത്തരം എകാഗ്രതയാലാണ് യോഗി രുദ്രനായതും ബാക്കി അനേകം ജീവജാലങ്ങളായി അവതരിച്ചതും.

ഓരോരുത്തര്‍ക്കും അവരവരുടെതായ ലോകമുണ്ടായിരുന്നതിനാല്‍ അവരില്‍ ‘രുദ്രബോധം’ ഉണരുന്നതുവരെ അവര്‍ക്ക് പരസ്പരം അറിയാമായിരുന്നില്ല. വാസ്തവത്തില്‍ രുദ്രന്‍റെ ഇച്ഛയാല്‍ത്തന്നെയാണ് ഈ മൂടുപടം അവരെ മൂടിയിരുന്നത്.

“ഞാന്‍ ഗഗനചാരിയായ ഒരപ്സരസ്സാവട്ടെ’, ‘ഞാനൊരു പണ്ഡിതനാവട്ടെ’ എന്നൊക്കെ എകാഗ്രചിത്തത്തോടെ ധ്യാനിക്കുന്നതിന്റെ ഫലമായി ഒരുവന് അങ്ങനെ ഒന്നോ അതിലധികമോ ജന്മം സിദ്ധമാണ്. പണ്ഡിതനായോ പാമരനായോ അയാള്‍ക്ക്‌ മാറാം.” ധ്യാനത്തിനും അതിന്റെ എകാഗ്രതയ്ക്കുമനുസരണമായി അയാള്‍ക്ക്‌ മനുഷ്യജന്മമോ ദേവജന്മമോ എടുത്ത് അതാതു കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യാം.