സ്വാമി വിവേകാനന്ദന്‍

21. കായരൂപസംയമാത് തദ്ഗ്രാഹ്യശക്തിസ്തംഭേ
ചക്ഷുഃപ്രകാശാസംയോഗേ അന്തര്‍ദ്ധാനം.

കായരൂപസംയമാത് (പൃഥ്വി മുതലായ അഞ്ചു ഭൂതങ്ങളെക്കൊണ്ടുണ്ടായ) സ്ഥൂലശരീരത്തിന്റെ രൂപത്തില്‍ സംയമം ചെയ്യുന്നതുകൊണ്ട്, തദ്ഗ്രാഹ്യശക്തിസ്തംഭേ അതിനെ ഗ്രഹിക്കുന്ന സാമര്‍ത്ഥ്യത്തെ തടയുമ്പോള്‍, ചക്ഷുഃപ്രകാശാ സംയോഗേ അന്യന്റെ ചാക്ഷുഷവൃത്തി (കാഴ്ച)യുമായി സംബന്ധിക്കാതിരിക്കെ, അന്തര്‍ധാനം (യോഗിയെ) കണ്ണുകൊണ്ടറിയാന്‍ കഴിയായ്ക ഉണ്ടാകുന്നു.
ശരീരത്തിന്റെ രൂപത്തില്‍ സംയമം ചെയ്കയാല്‍ ശരീരഗ്രാഹ്യത പ്രതിബദ്ധമാകയും ചക്ഷുഃപ്രകാശം വേര്‍പെടുകയും ചെയ്യുമ്പോള്‍ യോഗിശരീരം അപ്രത്യക്ഷമാവുന്നു.

ഈ മുറിയുടെ നടുവില്‍ നില്ക്കുന്ന യോഗിക്ക്, മറ്റുള്ളവര്‍ നോക്കിക്കൊണ്ടിരിക്കെത്തന്നെ, അപ്രത്യക്ഷനാകാം. അയാള്‍ വാസ്തവത്തില്‍ അവിടെയില്ലാതാകുന്നില്ല. ആര്‍ക്കും അയാളെ കാണ്മാന്‍ കഴിയുന്നില്ലെന്നുമാത്രം. ശരീരവും അതിന്റെ രൂപവും തമ്മില്‍ വേര്‍പെട്ടതുപോലാകുന്നു. രൂപത്തെയും രൂപിയെയും തമ്മില്‍ വേര്‍പെടുത്തത്തക്ക ഏകാഗ്രതാശക്തി സിദ്ധിക്കുമ്പൊഴേ യോഗിക്ക് ഇതു സാധ്യമാകൂ എന്നോര്‍ക്കണം. ആ നിലയില്‍ അയാള്‍ രൂപത്തില്‍ സംയമം ചെയ്യുകയും രൂപഗ്രഹണശക്തിയെ നിരോധിക്കുകയും ചെയ്യുന്നു. എന്തുകൊണ്ടെന്നാല്‍, രൂപത്തിന്റെയും രൂപിയുടെയും സംയോഗത്തില്‍ നിന്നാണല്ലോ രൂപഗ്രഹണശക്തിയുണ്ടാവുന്നത്: (അവയുടെ വേര്‍പാടില്‍ രൂപഗ്രഹണം പ്രതിബന്ധിക്കപ്പെടുന്നു).

22. ഏതേന ശബ്ദാദ്യന്തര്‍ധാനമുക്തം.
ഏതേന ഇതു (രൂപത്തിന്റെ അന്തര്‍ദ്ധാനം)കൊണ്ട്, ശബ്ദാ ദ്യന്തര്‍ധാനം ശബ്ദാദികളുടെ അന്തര്‍ദ്ധാനവും, ഉക്തം പറയപ്പെട്ടിരിക്കുന്നു.
ഇതുകൊണ്ടു ശബ്ദാദികളുടെ അന്തര്‍ധാനവും വിവരിക്കപ്പെട്ടിരിക്കുന്നു.

23. സോപക്രമം നിരുപക്രമം ച കര്‍മ്മ, തത്‌സംയമാദ
പരാന്തജ്ഞാനം, അരിഷ്‌ടേഭ്യോ വാ.

കര്‍മ്മ കര്‍മ്മം, സോപക്രമം ഉപക്രമത്തോടുകൂടിയതും, നിരുപക്രമം ച ഉപക്രമത്തോടുകൂടാത്തതും എന്നു രണ്ടുവിധം . തത്‌സംയമാത് ആ രണ്ടുവിധം കര്‍മ്മത്തില്‍ സംയമം ചെയ്യുന്നതു കൊണ്ട്, അപരാന്തജ്ഞാനം പ്രജാപതിയുടെ അവസാനമായ മഹാപ്രളയത്തിന്റെയോ അഥവാ മറ്റുള്ളവരുടെ മരണത്തിന്റെയോ ജ്ഞാനം യോഗിക്കുണ്ടാകുന്നു. വാ അഥവാ, അരിഷ്‌ടേഭ്യഃ (ശാസ്രേ്താക്തമായ) മരണചിഹ്‌നങ്ങളെക്കൊണ്ടും (മരണത്തെ അറിയാം).
കര്‍മ്മം രണ്ടുവിധമുണ്ട്; വേഗം ഫലിക്കുന്നതും പതുക്കെ ഫലിക്കുന്നതും. അവയില്‍ സംയമം ചെയ്യുന്നതുകൊണ്ടോ മരണലക്ഷണങ്ങളായ അരിഷ്ടങ്ങളില്‍നിന്നോ യോഗികള്‍ തങ്ങളുടെ ദേഹവിയോഗകാലം കൃത്യമായറിയുന്നു.

ഇപ്പോള്‍ പ്രാരബ്ധമായവയും ഭാവിയില്‍ ഫലവത്താകുന്ന ആഗാമിയുമായ തന്റെ ചിത്തസംസ്‌കാരങ്ങളില്‍ സംയമം ചെയ്യുന്ന യോഗിക്ക് ആഗാമികര്‍മ്മങ്ങളില്‍നിന്നു സ്വശരീരം എപ്പോള്‍ വീണുപോകുമെന്നു സൂക്ഷ്മമായി അറിയാന്‍ കഴിയുന്നു. എപ്പോള്‍, ഏതു മണിക്കൂറില്‍. ഏതു നിമിഷം, താന്‍ മരിക്കുമെന്ന് അയാള്‍ കൃത്യമായി അറിയുന്നു. ഈ ജ്ഞാനത്തിന്, പ്രയാണകാലജ്ഞാനത്തിന്, ഭാരതീയര്‍ വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. എന്തുകൊണ്ടെന്നാല്‍ ഭാവിജന്മത്തെ നിര്‍ണ്ണയിക്കുന്നതില്‍ പ്രയാണകാലചിന്തകള്‍ക്കു വലിയ ശക്തിയുണ്ടെന്നു ഭഗവദ്ഗീതയില്‍ ഉപദേശിച്ചിരിക്കുന്നു.

24. മൈത്ര്യാദിഷു ബലാനി
മൈത്ര്യാദിഷു മുന്‍പറഞ്ഞ മൈത്രി, കരുണ, മുദിതം എന്നീ മൂന്നു ഭാവനകളില്‍ സംയമം ചെയ്തിട്ട്, ബലാനി അതതു വിഷയങ്ങളിലുള്ള സാമര്‍ത്ഥ്യം യോഗിക്കുണ്ടാകുന്നു.
മൈത്രി, കരുണ മുതലായവയില്‍ സംയമം ചെയ്യുന്നതു കൊണ്ട് അതതു ഗുണങ്ങളില്‍ യോഗിക്ക് ഉത്കര്‍ഷാതിശയം സിദ്ധിക്കുന്നു.

25. ബലേഷു ഹസ്തിബലാദീനി
ബലേഷു (ആന മുതലായവയുടെ) ബലങ്ങളില്‍ (സംയമം ചെയ്യുന്നതുകൊണ്ട്), ഹസ്തിബലാദീനി ആന മുതലായവയുടെ സാമര്‍ത്ഥ്യം ഉണ്ടാകുന്നു.
ആന മുതലായവയുടെ ബലങ്ങളില്‍ സംയമം ചെയ്യുന്ന യോഗിക്ക് അതതിന്റെ ബലം സിദ്ധിക്കും.
ഈ സംയമസിദ്ധി വന്ന യോഗിക്കു ബലമാണ് ആവശ്യമെങ്കില്‍, അയാള്‍ ആനയുടെ ബലത്തില്‍ സംയമം ചെയ്ത് അതു നേടുന്നു. അനന്തവീര്യം ഓരോരുവനും സ്വാധീനമാണ്. അതെങ്ങനെ സമ്പാദിക്കാമെന്നറികയേ വേണ്ടു. യോഗി അതിനുള്ള ശാസ്ത്രീയമാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 352-354]