യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 320 [ഭാഗം 6. നിര്‍വാണ പ്രകരണം]

ആറാം ഭാഗം – നിര്‍വാണ പ്രകരണം ആരംഭം

അനയൈവ ദിയാ രാമ വിഹരന്നൈവ ബദ്ധ്യസേ
അന്യഥാധഃ പതസ്യാശു വിന്ധ്യഖാതെ യഥാ ഗജഃ (6/1/26)

വാല്‍മീകി: ഉപശമപ്രകരണത്തിന്റെ വിശദമായ ഉപന്യാസം അവസാനിപ്പിച്ചിട്ട് വസിഷ്ഠമുനി ഇങ്ങിനെ പറഞ്ഞു: ‘രാമാ, നീയിതുവരെ ഉപശമപ്രകരണം കേട്ടുവല്ലോ. ഇനി മുക്തിയെ സംബന്ധിക്കുന്ന ശാസ്ത്രഭാഗങ്ങള്‍ – നിര്‍വാണ പ്രകരണം ഞാന്‍ വിശദീകരിക്കാം.’

സഭയില്‍ സന്നിഹിതരായിരുന്നവരെല്ലാം മഹാനായ വസിഷ്ഠന്റെ പ്രഭാഷണത്തിന്റെ ചാതുര്യത്തില്‍ ആമഗ്നരായി ഇരുന്നു. അദ്ദേഹത്തിന്‍റെ ഓരോ വാക്കുകളിലും ഭാവഹാവാദികളിലും അവര്‍ ജാഗ്രതയോടെ ശ്രദ്ധയുറപ്പിച്ചിരുന്നു. ജീവനുള്ള മനുഷ്യരൂപങ്ങളെ വരച്ചുവെച്ചതുപോലെ, നിര്‍നിമേഷരായിട്ടായിരുന്നു അവരുടെ ഇരുപ്പ്‌.. സൂര്യചന്ദ്രാദികളും കാറ്റും പക്ഷിമൃഗാദികളും, എന്നുവേണ്ട പ്രകൃതി മുഴുവനും മഹര്‍ഷിയുടെ പ്രഭാഷണം ശ്രദ്ധയോടെ ശ്രവിച്ചു. അതിലെ സൂക്ഷ്മതരമായ ആത്മജ്ഞാനത്തില്‍ ആണ്ടുമുങ്ങി അവരുടെ ആത്മാവ് വിലീനമായിത്തീര്‍ന്നിരുന്നു. സൂര്യാസ്തമയമായപ്പോഴേക്ക് കൊട്ടാരത്തില്‍ ഭേരിയും കാഹളവും മുഴങ്ങി.

ഈ കോലാഹലം വസിഷ്ഠമുനിയുടെ ശബ്ദത്തിനു മുകളില്‍ പൊങ്ങി നിന്നിരുന്നുവെങ്കിലും അതൊന്നടങ്ങിയപ്പോള്‍ മഹര്‍ഷി രാമനോട് ഇങ്ങിനെ ചോദിച്ചു: രാമാ, പരമോന്നതമായ സത്യത്തെ വാക്കുകള്‍കൊണ്ട് ഊടും പാവും ചേര്‍ത്ത് ഒരു വലനെയ്യുംപോലെ ഞാന്‍ നിനക്ക് പറഞ്ഞു തന്നു. ഈ വലയില്‍ നിന്റെ മനസ്സാകുന്ന പക്ഷിയെ നീ ബന്ധിച്ചാലും. അങ്ങിനെ മനസ്സ് നിന്റെ ഹൃദയത്തില്‍ വിശ്രാന്തിയടയട്ടെ. അതുവഴി നിനക്ക് ആത്മജ്ഞാനം പ്രാപിക്കാം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ നിന്നില്‍ വേണ്ടത്ര ആഴ്ന്നിറങ്ങിയിട്ടുണ്ടോ? പാലും വെള്ളവും വേര്‍തിരിച്ച് പാലുമാത്രം കുടിക്കുവാന്‍ കഴിവുള്ള ജീവിയാണ് അരയന്നം എന്നൊരു ചൊല്ലുണ്ടല്ലോ? അതുപോലെ നിനക്കും ഞാന്‍ പറഞ്ഞ അനവധി കഥകളില്‍ നിന്നും ഉദാഹരണങ്ങളില്‍ നിന്നും സത്യസാരം വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചുകാണുമല്ലോ. ഈ സത്യത്തെപ്പറ്റി നീ തുടര്‍ച്ചയായി ധ്യാനം ചെയ്യണം. ഞാന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ വീണ്ടും വീണ്ടും മനനം ചെയ്തുറപ്പിച്ച് നീയീ പാതയില്‍ സധീരം മുന്നേറിയാലും.

“നിന്റെ പ്രജ്ഞ സത്യത്തില്‍ അടിയുറച്ചിരുന്നാല്‍പ്പിന്നെ ലൗകികമായി വൈവിദ്ധ്യമാര്‍ന്ന കര്‍മ്മങ്ങളിലും വ്യവഹാരങ്ങളിലും നീ മുഴുകിയിരുന്നാലും നിന്നെ അവ ബാധിക്കുകയില്ല. എന്നാല്‍ സത്യജ്ഞാനത്തില്‍ നിന്ന് വ്യതിചലിച്ചാലോ, അഗാധ ഗര്‍ത്തത്തില്‍ പതിക്കുന്ന ആനയെപ്പോലെ നിന്റെ പതനവും സുനിശ്ചയമാണ്.” ഈ സത്യജ്ഞാനത്തെ സ്വന്തം ജീവിതത്തില്‍ അനുവര്‍ത്തിക്കാതെ അതൊരു ബുദ്ധിവ്യായാമമോ വിനോദാനുഭവമോ മാത്രമായി നീ എടുക്കുകയാണെങ്കില്‍ ഒരന്ധനു പറ്റുന്ന വീഴ്ച്ചപോലെയാവും അതിന്റെ ഫലം.

ഞാന്‍ പറഞ്ഞുതന്ന മുക്തിതലം അല്ലെങ്കില്‍ പരിപൂര്‍ണ്ണസ്ഥിതിയെ പ്രാപിക്കണമെങ്കില്‍ അനാസക്തനായി നീ ഓരോ അവസരത്തിലും ഉചിതമായ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയാണ് വേണ്ടത്. എല്ലാ വേദശാസ്ത്രങ്ങളുടെയും പ്രധാന സന്ദേശം അനാസക്തിയാണെന്ന് അറിഞ്ഞാലും.

സഭ പിരിയാന്‍ അനുവാദം കിട്ടിയപ്പോള്‍ എല്ലാവരും അവരവരുടെ വാസഗൃഹങ്ങളിലേയ്ക്ക് മടങ്ങി. അവര്‍ വസിഷ്ഠമുനിയുടെ പ്രഭാഷണത്തെപ്പറ്റി പരസ്പരം ചര്‍ച്ചചെയ്തും അതിനെപ്പറ്റി മനനം ചെയ്തും രാത്രി കഴിച്ചുകൂട്ടി. അങ്ങിനെ അന്നുരാത്രി വളരെക്കുറച്ചു സമയം മാത്രമേ അവര്‍ ദീര്‍ഘനിദ്രയില്‍ കഴിഞ്ഞുള്ളു.