ശ്രീ രമണമഹര്‍ഷി
സെപ്റ്റംബര്‍ 29 1936

ചോദ്യം: ആത്മാവിനെ പ്രപിക്കുന്നതെങ്ങനെ?
മഹര്‍ഷി: ആത്മാവിനെ പ്രാപിക്കുക എന്നതേ തെറ്റ്. നീ ആത്മാവു തന്നെയാണെങ്കില്‍ നീ നിന്നെ പ്രാപിക്കേണ്ട കാര്യമുണ്ടോ? നീ ഇതറിയുന്നില്ല എന്ന കുറവേ ഉള്ളൂ. ഈ അജ്ഞതയെ മാറ്റുകയെവേണ്ടിയുള്ളൂ.

ചോദ്യം: ഇതെങ്ങനെ സംഭവിക്കും?
മഹര്‍ഷി: അത്മാന്വഷണം മൂലം.

ചോദ്യം: ഇതു ബുദ്ധിമുട്ടാണ്. എനിക്കതു സാധിക്കുമോ?
മഹര്‍ഷി: നിങ്ങള്‍ അതു തന്നെയാണല്ലോ. എല്ലാവര്‍ക്കും അതൊന്നാണ്. ശിഷ്യന്മാര്‍ക്കു തമ്മില്‍ ഭേദവുമില്ല. ‘എനിക്കു കഴിയുമോ’ എന്നും മറ്റുമുള്ള സംശയങ്ങളാണ് തടസ്സം.

ചോദ്യം: അനുഭവം ഉണ്ടാകണമല്ലോ, എന്നാലല്ലേ വിചാരങ്ങള്‍ ഉപദ്രവിക്കാതിരിക്കുകയുള്ളൂ.
മഹര്‍ഷി: ഈ നിര്‍ണയങ്ങളും മനസിന്‍റെതാണ്. മനസ്സില്‍നിന്നും ഇതു വിട്ടുമാറാത്തത്‌ ആത്മാവു ദേഹമാണെന്നുള്ള ബുദ്ധിമൂലമാണ്.

ചോദ്യം: ഭഗവാന്‍റെ അനുഗ്രഹം ചില ഭക്തര്‍ക്ക്‌ എളുപ്പം സിദ്ധിച്ചിട്ടുണ്ട്. അതുപോലെ എനിക്കും അതുണ്ടാകണമെന്നു പ്രാര്‍ഥിക്കുകയാണ്. ഞാനൊരു സ്ത്രീയാണ്, ദൂരെത്താമസിക്കുന്നവളുമാണ്. അതുകൊണ്ട് ഞാനാഗ്രഹിക്കുന്നിടത്തോളം കൂടുതല്‍ ഭഗവാനുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നിവൃത്തിയില്ല. പക്ഷേ ഞാനിനി ഇവിടെ വന്നില്ലെന്നും വരാം. അങ്ങനുഗ്രഹിക്കൂ. ഞാന്‍ മടങ്ങി വീട്ടില്‍ ചെല്ലുമ്പോള്‍ ഭഗവാനെ ഓര്‍മ്മിക്കണം ഭഗവാനെ കാണണം. എന്‍റെ പ്രാര്‍ത്ഥനയെ അനുവദിക്കണം.
മഹര്‍ഷി: നീ എന്നെ പിരിഞ്ഞെവിടെപ്പോകുന്നു? എങ്ങും പോകുന്നില്ല. പക്ഷേ നീ ദേഹമാണെന്നിരുന്നാല്‍ പോലും ആ ദേഹമാണോ ലക്നൌവില്‍ നിന്നും തിരുവണ്ണാമലക്കു വന്നത്. നീ ഒരു കാറിലിരുന്നതേയുള്ളൂ. സഞ്ചരിച്ചത്‌ വാഹനമാണ്. എന്നിട്ട്‌ പറയുന്നു നീ ഇവിടെ വന്നുവെന്ന്! അതിന്‍റെ അര്‍ത്ഥം തന്നെ നീ ദേഹമല്ലെന്നതാണ് ആത്മാവു ചിരിക്കുന്നില്ല. ലോകം ചിരിക്കുന്നു. നിങ്ങള്‍ എന്താണോ അതു തന്നെയായിട്ടിരിക്കുന്നേയുള്ളൂ. നിങ്ങള്‍ മടങ്ങിപ്പോകുന്നുവെന്നു വ്യവഹരിച്ചാലും നിങ്ങള്‍ക്കു ഭേദമില്ല.രംഗങ്ങള്‍ക്കേ മാറ്റമുള്ളൂ.
മഹര്‍ഷി: അനുഗ്രഹം നിങ്ങള്‍ക്കുള്ളില്‍ തന്നെയുണ്ട്‌. അതന്യമാണെങ്കില്‍ പ്രയോജനമില്ലാത്തതായിരിക്കും. അനുഗ്രഹം എന്നു പറയുന്നതാത്മാവ് തന്നെയാണ്. അതെപ്പോഴുമുണ്ട്. നിങ്ങള്‍ ആ മണ്ഡലത്തിനു വെളിയിലല്ല.

ചോദ്യം: ഞാനങ്ങയെ ഓര്‍മ്മിക്കുമ്പോള്‍ മനസ്സിനു പ്രത്യേകമൊരു ശക്തിയുണ്ടാവണം. അങ്ങയില്‍ നിന്നും എനിക്കതു ലഭിക്കണം. എന്‍റെ സ്വന്തം കഴിവുകളുടെ കൂടെ എന്നെ വിട്ടുകളയരുതേ! എന്‍റെ കഴിവുദുര്‍ബലമല്ലേ?
മഹര്‍ഷി: നിങ്ങള്‍ എന്നെ ധ്യാനിക്കുമ്പോള്‍ നിങ്ങളുടെ ആത്മാവു തന്നെ ഉണരും. നിങ്ങള്‍ എന്നെ ഓര്‍മ്മിക്കുന്നതു തന്നെയും അത്മോദയത്തിന്‍റെ മുന്നോടിയാണ്. ആ പ്രചോദനം പോരേ? അതനുഗ്രഹമാണ്

ചോദ്യം: കുടുംബജീവിതം ആത്മജ്ഞാനസമ്പാദനത്തിന് പ്രതികൂലമല്ലേ?
മഹര്‍ഷി: സംസാര ജീവിതം മാനസികവൃത്തിമാത്രമാണ് . ഈ ലോകം പോലും മനസിലുള്ളതേയുള്ളൂ. നിദ്രയില്‍ ഇപ്പോള്‍ കാണുന്ന ലോകത്തെ കാണുന്നുണ്ടോ? മനോവൃത്തി സ്വതന്ത്രമല്ലാത്തതിനാല്‍ ഇവയെല്ലാം അത്മോദയത്തിലൊഴിഞ്ഞുപോവും. അനാത്മാകാരങ്ങളെ ആത്മാകാരങ്ങളാണെന്ന് ധരിച്ചു ദുഖിക്കാതെയിരിക്കുകയാണ് സന്യാസവും ജ്ഞാനവും.

ചോദ്യം: അങ്ങനെയാണെങ്കില്‍ ഭഗവാന്‍ എന്തിനാണ് ചെറുപ്പത്തില്‍ തന്നെ വീടിനെ ഉപേക്ഷിച്ചുപോന്നു?
മഹര്‍ഷി: അതെന്‍റെ പ്രാരാബ്ദം. ഓരോരുത്തര്‍ക്കും അവരവരുടെ പ്രാരാബ്ധം ഉണ്ട്. എന്‍റെ പ്രാരാബ്ധം ഇങ്ങനെ. നിന്‍റെ പ്രാരാബ്ധം അങ്ങനെ.

ചോദ്യം: ഞാനും കുടുംബജീവിതത്തെ ഉപേക്ഷിക്കുന്നതു നല്ലതല്ലേ?
മഹര്‍ഷി: നിന്‍റെ പ്രാരാബ്ധം അതാണെങ്കില്‍ അതിനെപ്പറ്റി ആലോചിക്കാന്‍ നില്‍ക്കുകയില്ലല്ലോ.

ചോദ്യം: അപ്പോള്‍ ഞാന്‍ കുടുംബജീവിതത്തിലിരുന്നു തന്നെ ആത്മീയപുരോഗതിക്ക് പ്രവര്‍ത്തിക്കണം?
മഹര്‍ഷി: നീ ആത്മാവായിട്ടുതന്നെയാണിരിക്കുന്നത്. ഇതിനെ ബോധിക്കാന്‍ നീ ചെയ്യുന്ന ശ്രമം നിശ്ചയമായും ഫലപ്പെടും.

ചോദ്യം: ഭഗവാന്‍ എന്നെ അങ്ങനെ അനുഗഹിക്കണം.
മഹര്‍ഷി: ആഹാ ! ഭഗവാന്‍ എപ്പോഴും അനുഗ്രഹരൂപിയായിത്തന്നെ ഇരിക്കുന്നു.