ശ്രീ രമണമഹര്‍ഷി

ജനുവരി 3, 1936

125 ഡോക്ടര്‍ സയ്യദ്‌:
സന്നിധിയിലിരിക്കുമ്പോള്‍ എന്റെ മനസ്സ്‌ ശാന്തിയനുഭവിക്കുന്നു. മാറിയപ്പോള്‍ എത്രയോ കാര്യങ്ങളുടെ പിറകെ ഓടുന്നു.

ഉ: നമുക്കന്യമായി വിഷയങ്ങളിരിക്കുന്നോ? വിഷയജ്ഞനെ വേര്‍പ്പിരിഞ്ഞു വിഷയങ്ങള്‍ക്കിരിക്കാനാവില്ല.

ചോ: വിഷയജ്ഞനെ ഞാനെങ്ങനെ അറിയും?

ഉ: നാം അതായിത്തന്നെ ഇരിക്കവെ അതിനെ എന്തിനറിയണം. പരസ്പരം അറിയാന്‍ രണ്ടു ഞാനുണ്ടോ?

ചോ: ഞാന്‍ വീണ്ടും ചോദിക്കുകയാണ്‌. ഭഗവാന്‍ ഇപ്പറഞ്ഞതിന്റെ രഹസ്യമെന്താണ്‌? അനുഭവിക്കാതെ അറിയുന്നതെങ്ങനെ?

ഉ: നാം പുത്തനായിട്ടൊന്നിനെയും പ്രാപിക്കേണ്ട. അറിയുകയും വേണ്ട. അറിയാന്‍ പാടില്ല എന്നവയെ മറക്കണം. അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം.

ചോ: ഇനിയും എനിക്കു മനസ്സിലാകുന്നില്ല. ഭഗവാന്‍ തന്നെ ശരണം. ഭഗവദനുഗ്രഹത്തിനു വേണ്ടിയാണ്‌ ഞങ്ങള്‍ ഇവിടെ കാത്തു കിടക്കുന്നത്‌. ഭഗവാനുണ്ടായ അനുഭവം ഞങ്ങള്‍ക്കും ലഭ്യമാകണം.

ഇവിടെ വരണമെന്ന എന്റെ മുന്‍പേയുള്ള കടുത്ത ആഗ്രഹം ഇന്നാണ്‌ ഫലിച്ചത്. അതും അങ്ങയുടെ അനുഗ്രഹം മൂലം തന്നെ. ഭഗവാന്‍ തന്നെ എന്നെ ഇവിടെക്കൊണ്ടുവന്നതെന്നു വിശ്വസിക്കുന്നു.

ഭഗവാനെ സമീപിച്ചു സംസാരിക്കന്‍ ഒക്കുമോ ഇല്ലയോ എന്നു ഞാന്‍ സംശയിച്ചു. ആ സംശയം മാറി. ഇവിടെ അതിശയകരമായ സമത്വം നടമാടുന്നു. മഹാത്മാഗാന്ധിയാലും നേടാന്‍ കഴിഞ്ഞിട്ടില്ലാ‍ത്ത സമത്വം ഇവിടെ സഹജമായിരിക്കുന്നു. ഞാന്‍ ഭഗവാനോടും മറ്റെല്ലാവരോടും ചേര്‍ന്ന്‌ ആഹാരം കഴിച്ചു. ഇതെല്ലാം യു.പി യിലെ എന്റെ ആളുകളോട്‌ പറഞ്ഞാല്‍ അവര്‍ വിശ്വസിക്കുകയില്ല. എനിക്കാനന്ദം പെരുകുന്നു. ഇതാണീശ്വരസന്നിധി.

‘ആര്‌ ആരെ പൂജിച്ചാലും അതെന്നെ പൂജിക്കുന്നതായിരിക്കും. അന്യനെ പൂജിക്കുന്നവരെയും ഞാന്‍ കാത്തുരക്ഷിക്കുന്നു” എന്നു പറഞ്ഞ കൃഷ്ണനാണ്‌ ദൈവം. മറ്റുള്ളവര്‍ പറയുന്നത്‌ അവരെ പൂജിച്ചാലെ മോക്ഷമുള്ളൂ എന്നാണ്‌. കൃഷ്ണന്റെ സമത്വം തന്നെ ഇവിടെ പരിലസിക്കുന്നതും.