ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 19

അനാദിമദ്ധ്യാന്തമനന്തവീര്യം
അനന്തബാഹും ശശിസൂര്യനേത്രം
പശ്യാമി ത്വം ദീപ്തഹുതാശവക്ത്രം
സ്വതേജസാ വിശ്വമിദം തപന്തം.

ആദിമദ്ധ്യാന്തരഹിതനും അതിരറ്റ പ്രഭാവത്തോടുകൂടിയവനും എണ്ണമറ്റ കൈകളോടുകൂടിയവനും ചന്ദ്രസൂര്യന്മാരാകുന്ന കണ്ണുകളോടുകൂടിയവനും ജ്വലിക്കുന്ന അഗ്നിയാകുന്ന വായോടു കൂടിയവനും ഈ ജഗത്തിനെ തേജസ്സുകൊണ്ടു തപിപ്പിച്ചുകൊണ്ടിരിക്കുന്നവനുമായി വിശ്വരൂപനായ അങ്ങയെ ഞാന്‍ കാണുന്നു.

അങ്ങയ്ക്ക് ആദിയോ മദ്ധ്യമോ അന്തമോ ഇല്ല. അങ്ങയുടെ പ്രഭാവം അളവറ്റതാണ്. അങ്ങയുടെ സഹസ്രകണക്കിലുള്ള കൈകളും കാലുകളും വിശ്വത്തിലാകെ വ്യാപരിച്ചിരിക്കുന്നു. സൂര്യചന്ദ്രന്മാര്‍ അങ്ങയുടെ നേത്രങ്ങളാണ്. അവയില്‍ക്കൂടി അങ്ങ് കാരുണ്യവും കോപവും ചൊരിയുന്നു. ഒന്നില്‍ക്കൂടി കോപകലുഷിതമായ നോട്ടംകൊണ്ട് ഒരുവനെ ശിഷിക്കുമ്പോള്‍ മറ്റേതിലൂടെ ദയാപുരസ്സരമായ കടാക്ഷത്താല്‍ ഒരുവനെ പരിപാലിക്കുന്നു. അല്ലയോ ഭഗവാനേ, പലരീതിയില്‍ ഇശ്ചകള്‍ നടത്തുന്ന വിവിധതരത്തിലുള്ള അങ്ങയുടെ അനേകം രൂപങ്ങള്‍ ഞാന്‍ കാണുന്നു. അങ്ങയുടെ വായില്‍നിന്ന് ഉദ്ഗമിക്കുന്നത് ലോകാവസാനത്തിലുണ്ടാകുന്ന പ്രളയാഗ്നിപോലെയുള്ള തേജസ്സാണ്. തനിക്കെതിരെ വരുന്ന ഏതിനേയും സംഹരിക്കുന്ന കാട്ടുതീയുടെ തീനാളംപോലെ, അങ്ങയുടെ നാക്ക് ദന്തനിരകള്‍ക്കിടയില്‍ക്കൂടി താടിപ്രദേശങ്ങളെ ലേഹനം ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങയുടെ വക്ത്രത്തില്‍നിന്നു വമിക്കുന്ന ഉജ്ജ്വലമായ താപവും രൂപത്തില്‍നിന്നു പ്രസരിക്കുന്ന അവാച്യമായ കാന്തിയും വിശ്വത്തെയൊട്ടാകെ വാട്ടിക്കരിക്കുകയും പരിതപിപ്പിക്കുകയും ചെയ്യുന്നു.