അനുകമ്പാദശകം – ശ്രീ നാരായണഗുരു (36)


ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും.

അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളന്‍പിനെ മാറ്റുമല്ലലിന്‍-
കരുവാകും കരുവാമിതേതിനും.

അരുളന്‍പനുകമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
“അരുളുള്ളവാനാണു ജീവി” യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരി.

അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പുതാനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്‌ഫലഗന്ധപുഷ്‌പമ‍ാം.

വരുമാറുവിധം വികാരവും
വരുമാറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമൂടല്‍വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.

പരമാര്‍ത്ഥമുരച്ചു തേര്‍വിടും
പൊരുളോ? ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യാകാരന‍ാം-
ഗുരുവോയീയനുകമ്പയാണ്ടവന്‍?

പുരുഷാകൃതി പൂണ്ട ദൈവമോ?
നരദിവ്യാകൃതിപൂണ്ട ധര്‍മ്മമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?

ജ്വരമാറ്റി വിഭൂതികൊണ്ടു മു-
ന്നരിത‍ാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമ‍ാം നോവുകെടുത്ത സിദ്ധനോ?

ഹരനന്നെഴുതി പ്രസിദ്ധമ‍ാം-
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലോടുപോയോര-
പ്പരമേശന്റെ പരാര്‍ത്ഥ്യഭക്തനോ?

നരരൂപമെടുത്തു ഭൂമിയില്‍
പെരുമാറീടിന കാമധേനുവോ?
പരമാദ്‌ഭൂതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍?

ഫലശ്രുതി
അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നുതാന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.

[ Malayalam Spiritual EBooks ടൈപ്പ്സെറ്റ് ചെയ്തു സമര്‍പ്പിച്ച ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികളില്‍ (PDF) നിന്ന്. ]

April 26th, 2010|വിഭാഗം: നാരായണഗുരു
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/anukampadashakam-sri-narayana-guru-36
ഇമെയില്‍ : sree@sreyas.in