സ്വാമി വിവേകാനന്ദന്‍

ഒരിക്കല്‍ക്കൂടി ഞാന്‍ ആവര്‍ത്തിച്ചുപറയാം. വേദാന്തമതം സുഖവാദിയല്ല. ദുഃഖവാദിയുമല്ല. ലോകം സുഖമയമെന്നോ ദുഃഖമയമെന്നോ അതു പറയുന്നില്ല. ലോകം ആ രണ്ടിന്റേയും കലര്‍പ്പായിത്തന്നെ ഇരിക്കും. നന്‍മയ്ക്കുള്ളതിനേക്കാള്‍ ഒട്ടും കുറയാത്ത വില തിന്‍മയ്ക്കുണ്ട്. തിന്‍മയ്ക്കുള്ളതിനെക്കാള്‍ കൂടുതല്‍ വില നന്‍മയ്ക്കില്ല. അവ രണ്ടും പരസ്പരം ബദ്ധമായിരിക്കുന്നു. അതാണ് ലോകം. അതറിഞ്ഞാല്‍ ക്ഷമയോടുകൂടി കര്‍മ്മം ചെയ്യാം. എന്തിനു കര്‍മ്മം ചെയ്യണം? ലോകസ്വഭാവം ഇതായിരിക്കെ നമുക്കെന്തു ചെയ്‌വാനുണ്ട്? നമുക്ക് അജ്ഞേയവാദികളായിക്കൂടേ? ഈ വിഷമതയ്ക്കു നിവാരണമില്ല, മായയ്ക്കപ്പുറം കടപ്പാന്‍ നിര്‍വ്വാഹമില്ല; അതിനാല്‍ ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ട്, ഉള്ള സുഖം അനുഭവിക്കുക എന്നാണ് അജ്ഞേയവാദികള്‍ പറയുന്നത്. ഇതില്‍ ഒരു പിഴവുണ്ട് ഒരു വലിയ ഗംഭീരമായ പിഴവ്, യുക്തിശൂന്യമായ പിഴവ് എന്നുതന്നെ പറയാം. അതായത്; ജീവിതമെന്നാലെന്തെന്നാണ് നിങ്ങള്‍ പറയുന്നത്? ഇന്ദ്രിയപരമായ ജീവിതം എന്നു മാത്രമോ? അതു മാത്രമാണെങ്കില്‍ നാം മൃഗങ്ങളില്‍നിന്ന് ഏറെ അകന്നവരല്ല. ഇന്ദ്രിയങ്ങളില്‍ മാത്രമായി ജീവിക്കുന്ന ഒരാളും ഈ സദസ്സിലില്ലെന്ന് എനിക്കു നിശ്ചയമുണ്ട്. ഈ ജീവിതം ഇന്ദ്രിയപരിധിയെക്കാള്‍ അധികം പരപ്പുള്ളതാണ്. നമ്മുടെ വികാരങ്ങള്‍, വിചാരങ്ങള്‍, ഉല്‍ക്കര്‍ഷേച്ഛകള്‍ ഇവയെല്ലാം ജീവിതാംശങ്ങളല്ലേ? മഹത്തായ ഒരാദര്‍ശം പ്രാപിപ്പാന്‍ പരിപൂര്‍ണ്ണത സിദ്ധിപ്പാന്‍, നാം ചെയ്യുന്ന കംിനയത്‌നം നമ്മുടെ ജീവിതമെന്നു പറയുന്നതിന്റെ അതിപ്രധാനമായ ഒരു ഭാഗമല്ലേ? ജീവിതത്തിന്റെ സ്വാഭാവികനിലയില്‍ വര്‍ത്തിച്ച് നമുക്കു സുഖിക്കുക എന്നതാണല്ലോ അജ്ഞേയവാദികളുടെ ഉപദേശം. ഒരുത്കൃഷ്ടലക്ഷ്യത്തെ അന്വേഷിക്കുക എന്നുള്ളത് ഈ സ്വാഭാവികനിലയില്‍പ്പെട്ടതല്ലേ? ജീവിതസാരംതന്നേയും പരിപൂര്‍ണ്ണതയിലേക്കുള്ള പ്രയാണമല്ലേ? അതു വിട്ടൊഴിപ്പാന്‍ നമുക്കു കഴിവില്ല. അതുകൊണ്ട് അജ്ഞേയവാദികളായിരിപ്പാനും നമുക്കു സാദ്ധ്യമല്ല. ഇന്നു കാണുന്നതെപ്രകാരമോ അപ്രകാരം മാത്രമാണ് ലോകസ്വഭാവം എന്നു വിചാരിപ്പാനും ന്യായമില്ല. ജീവിതത്തില്‍ ആദര്‍ശങ്ങളെന്നു പറയുന്ന അംശമൊഴിച്ചു ശേഷിപ്പുള്ളതേ സത്തായുള്ളു എന്നും, ആദര്‍ശാംശം അപ്രാപ്യമായതുകൊണ്ട് അതു കയ്യൊഴിക്കയല്ലാതെ അന്വേഷിക്കേണ്ടതില്ലെന്നുമാകുന്നു അജ്ഞേയവാദികളുടെ മതം. (ഇതു സ്വീകാര്യമോ? അല്ല) ഇതാകുന്നു മായ, പ്രകൃതി, പ്രപഞ്ചം. അതിനെ കടപ്പാന്‍ ഏറെക്കുറെയുള്ള യത്‌നമത്രേ മതം ഓരോന്നും. ഏറ്റവും അപരിഷ്‌കൃതമോ, അത്യന്തമുത്കൃഷ്ടമോ, പുരാണകഥാരൂപമോ, ദേവദൈത്യാദികളുടെയോ മഹാപുരുഷന്‍മാരുടെയോ കഥയുടെ രൂപത്തിലോ, ഏതു വിധമുള്ള മതമായാലും അതിന് ഈ ഉപാധികളെയെല്ലാം ഭേദിച്ച് അപ്പുറം കടക്കുക എന്ന ഒരുദ്ദേശ്യമേയുള്ളു. ചുരുക്കിപ്പറഞ്ഞാല്‍ ഏതൊരു മതവും മുക്തിയെ ലക്ഷ്യമാക്കിയിരിക്കുന്നു.

ഞാന്‍ ബദ്ധനാണ്, സ്വേച്ഛയ്‌ക്കൊത്ത നിലയല്ല എനിക്കുള്ളത് എന്നൊരു തോന്നല്‍ മനുഷ്യന് അറിഞ്ഞോ അറിയാതെയോ ഉണ്ട്. കണ്ണു മിഴിച്ചു നോക്കാന്‍ തുടങ്ങിയ നിമിഷത്തിലേ അതു പഠിക്കുന്നു: ബദ്ധനായിരിക്കുന്നു എന്ന് ആ നിമിഷം അവന്‍ പഠിച്ചു. ഇതു വിട്ടു പറന്നുപോവാന്‍ ഉല്‍സുകമായി ഏതോ ഒന്ന് തന്റെ ഉള്ളിലുണ്ട്, അതിനൊപ്പം പോവാന്‍ ശരീരത്തിനു കഴിവില്ല: ഏതെല്ലാമോ പരിമിതികള്‍ അതിനെ ചങ്ങലയ്ക്കിട്ടിരിക്കുന്നു എന്നും ആ നിമിഷത്തിലേ മനുഷ്യനു മനസ്സിലാകുന്നു. ഏറ്റവും താണതരം മതഭാവനകളില്‍പ്പോലും – അതായത് ഉഗ്രമൂര്‍ത്തികളായി ക്രൂരന്‍മാരായി രക്തത്തിലും മദ്യത്തിലും സന്തോഷിക്കുന്നവരായി സ്വജനഗൃഹങ്ങളില്‍ ചുറ്റിക്കൂടുന്ന പ്രേതങ്ങളെ ആരാധിക്കുന്നവയില്‍പ്പോലും – ഈ സ്വാതന്ത്ര്യഭാവന കാണാം. അതു സര്‍വ്വമതസാധാരണമാകുന്നു. ദേവന്‍മാരെ ആരാധിക്കുന്നവന്‍ ആ ദേവന്‍മാര്‍ക്ക് തങ്ങളെക്കാളേറെ സ്വാതന്ത്ര്യമുണ്ടെന്ന് സര്‍വ്വോപരി ഭാവന ചെയ്യുന്നു: വാതിലടച്ചാലും ദേവന്‍മാരുടെ ഗതിക്കു തടസ്സമില്ല. ചുമരുകളും അവരെ തടയുന്നില്ല. ഈ സ്വാതന്ത്ര്യബോധമാണ് വളര്‍ന്ന് സഗുണേശ്വരഭാവനയില്‍ എത്തുന്നത്. ഈ ജഗത്തിനെല്ലാം മീതെ, മായാതീതമായി ഏകനായ പുരുഷന്‍ എന്നാണ് അതിലെ പ്രധാന ഭാവം: ഇന്ത്യയില്‍ അരണ്യാശ്രമങ്ങളില്‍വെച്ച് പുരാതനമഹര്‍ഷിമാര്‍ ഈ സംഗതിയെപ്പറ്റി ചര്‍ച്ച ചെയ്യുന്നതായും, അവരില്‍വെച്ചു തപോവയോവൃദ്ധന്‍മാര്‍പോലും തൃപ്തികരമായ സമാധാനം കണ്ടെത്താതിരിക്കെ ഒരു യുവാവ് എഴുന്നേറ്റു മുമ്പോട്ടു വന്ന് ”അല്ലയോ അമൃതസന്താനങ്ങളേ! ദിവ്യധാമങ്ങളില്‍ നിവസിക്കുന്നവരേ! കേള്‍പ്പിന്‍, മാര്‍ഗ്ഗം തെളിഞ്ഞിരിക്കുന്നു, ആദിത്യവര്‍ണ്ണനും തമസ്സിനപ്പുറമുള്ളവനുമായ അവനെ അറിഞ്ഞു നമുക്കു മൃത്യുവിനെ ജയിക്കാം” എന്ന് ഉദ്‌ഘോഷിക്കുന്നതായും ഞാനെന്റെ കണ്‍മുമ്പില്‍ കാണുന്നതുപോലിരിക്കുന്നു.

ഈ മായ സര്‍വ്വവ്യാപി, ഭയങ്കരം: അതില്‍ക്കൂടെ വേണംതാനും കര്‍മ്മം ചെയ്യുക. ഈ ലോകത്തില്‍ നന്‍മമാത്രം ശേഷിക്കുമ്പോള്‍ കര്‍മ്മംചെയ്തു സുഖിക്കാമെന്നു പറയുന്നതും, ഗംഗാതീരത്തിരുന്ന് ഈ ജലം മുഴുവന്‍ സമുദ്രത്തിലെത്തിയശേഷം നദി കടക്കാമെന്നു പറയുന്നതും തുല്യം. മായയെ അനുസരിക്കുന്നതല്ല, എതിര്‍ക്കുന്നതാണ് മാര്‍ഗ്ഗം. അറിയേണ്ട മറ്റൊരു സംഗതിയാണിത്. നാം മായയോട് സഹകരിപ്പാനല്ല ജനിച്ചത്, പൊരുതുവാനാണ്. നാം അതിന് അധിപന്‍മാരാണ്, എങ്കിലും സ്വയം ബദ്ധര്‍. ഇവിടെ ഈ ‘ഗൃഹമെന്തിന്? അതു പ്രകൃതി കെട്ടിയതല്ല. ”നീ പോയി കാട്ടിലിരി!” എന്നു പ്രകൃതി കല്പിക്കുന്നു. അപ്പോള്‍ മനുഷ്യന്‍ ‘നീ പോ, ഞാനൊരു വീടുണ്ടാക്കും’ എന്നു പറയുന്നു, ഉണ്ടാക്കുകയും ചെയ്യുന്നു. മനുഷ്യചരിത്രം ആകെ നോക്കിയാല്‍ അതു പ്രകൃതിനിയമങ്ങളെ – നിയമങ്ങളെന്നാണ് പറയുക – അതിക്രമിപ്പാനുള്ള നിരന്തരശ്രമമാണെന്നും ഒടുവില്‍ മനുഷ്യന്‍ വിജയിയാകുന്നുവെന്നും കാണാം. അന്തര്‍ലോകത്തിലും അതുന്നെ. മൃഗസ്വഭാവവും ദിവ്യസ്വഭാവവും തമ്മില്‍, ഇരുട്ടും വെളിച്ചവും തമ്മില്‍, യുദ്ധം നടക്കുന്നു. അവിടേയും മനുഷ്യന്‍ വിജയിക്കുന്നു. പ്രകൃതിയെ വെട്ടിത്തുറന്ന് മനുഷ്യന്‍ വിമുക്തനാകുന്നു. ഇങ്ങനെ വേദാന്തികള്‍ മായയ്ക്കപ്പുറത്തു മായാബദ്ധമല്ലാതെ ഒന്നുണ്ടെന്നു കണ്ടിരിക്കുന്നു. അതിനെ പ്രാപിച്ചാല്‍പ്പിന്നെ മായാബന്ധമില്ല. ഈ സംഗതി ഏതെങ്കിലും രൂപത്തില്‍ എല്ലാ മതത്തിലുമുണ്ട്. വേദാന്തത്തില്‍ അതു മതത്തിന്റെ ആരംഭമാണ്, അവസാനമല്ല എന്നേ വ്യത്യാസമുള്ളു. സ്രഷ്ടാവും ജഗത്പാലകനും മായാധീശനുമായ ഈശ്വരന്‍ എന്നു പറയുന്നത് വേദാന്തദര്‍ശനത്തിന്റെ പരിസമാപ്തിയല്ല, ആരംഭമേ ആകുന്നുള്ളു. ഈ ആശയം വളര്‍ന്നുവളര്‍ന്ന്, മുമ്പു ബഹിഃസ്ഥിതനെന്നു കരുതിയ ആ ഈശ്വരന്‍ അന്തഃസ്ഥനാണെന്നും, അതു തന്റെ സ്വന്തം ആത്മാവുതന്നെയാണെന്നും വേദാന്തി കണ്ടെത്തുന്നു. സ്വതവേ മുക്തനായവന്‍ ഉപാധികള്‍ നിമിത്തം താന്‍ ബദ്ധനാണെന്നു തെറ്റിദ്ധരിച്ചു എന്നേ ഉള്ളു.