MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ.

ലക്ഷ്മണോപദേശം

ലക്ഷ്മണനൊരുദിനമേകാന്തേ രാമദേവന്‍
തൃക്കഴല്‍ കൂപ്പി വിനയാനതനായിച്ചൊന്നാന്‍:
“മുക്തിമാര്‍ഗ്ഗത്തെയരുള്‍ചെയ്യേണം ഭഗവാനേ!
ഭക്തനാമടിയനോടജ്ഞാനം നീങ്ങുംവണ്ണം.
ജ്ഞാനവിജ്ഞാനഭക്തിവൈരാഗ്യചിഹ്‌നമെല്ല‍ാം
മാനസാനന്ദം വരുമാറരുള്‍ചെയ്‌തീടേണം.
ആരും നിന്തിരുവടിയൊഴിഞ്ഞില്ലിവയെല്ല‍ാം
നേരോടെയുപദേശിച്ചീടുവാന്‍ ഭൂമണ്ഡലേ.”
ശ്രീരാമനതു കേട്ടു ലക്ഷ്‌മണന്‍തന്നോടപ്പോ-
ളാരുഢാനന്ദമരുള്‍ചെയ്‌തിതു വഴിപോലെഃ
“കേട്ടാലുമെങ്കിലതിഗുഹ്യമാമുപദേശം
കേട്ടോളം തീര്‍ന്നീടും വികല്‍പഭ്രമമെല്ല‍ാം.
മുമ്പിനാല്‍ മായാസ്വരൂപത്തെ ഞാന്‍ ചൊല്ലീടുവ-
നമ്പോടു പിന്നെ ജ്ഞാനസാധനം ചൊല്ലാമല്ലോ.
വിജ്ഞാനസഹിതമ‍ാം ജ്ഞാനവും ചൊല്‍വന്‍ പിന്നെ
വിജ്ഞേയമാത്മസ്വരൂപത്തെയും ചൊല്ലാമെടോ!
ജ്ഞേയമായുളള പരമാത്മാനമറിയുമ്പോള്‍
മായാസംബന്ധഭയമൊക്കെ നീങ്ങീടുമല്ലോ.
ആത്മാവല്ലാതെയുളള ദേഹാദിവസ്‌തുക്കളി-
ലാത്മാവെന്നുളള ബോധം യാതൊന്നു ജഗത്ത്രയേ
മായയാകുന്നതതു നിര്‍ണ്ണയമതിനാലെ
കായസംബന്ധമാകും സംസാരം ഭവിക്കുന്നു.
ഉണ്ടല്ലോ പിന്നെ വിക്ഷേപാവരണങ്ങളെന്നു
രണ്ടുരൂപം മായയ്‌ക്കെന്നറിക സൗമിത്രേ! നീ.
എന്നതില്‍ മുന്നേതല്ലോ ലോകത്തെക്കല്‍പിക്കുന്ന-
തെന്നറികതിസ്ഥൂലസൂക്ഷ്‌മഭേദങ്ങളോടും
ലിംഗാദി ബ്രഹ്‌മാന്തമാമവിദ്യാരൂപമേതും
സംഗാദി ദോഷങ്ങളെ സംഭവിപ്പിക്കുന്നതും.
ജ്ഞാനരൂപിണിയാകും വിദ്യയായതു മറ്റേ-
താനന്ദപ്രാപ്തിഹേതുഭൂതയെന്നറിഞ്ഞാലും.
മായാകല്‍പിതം പരമാത്മനി വിശ്വമെടോ!
മായകൊണ്ടല്ലോ വിശ്വമുണ്ടെന്നു തോന്നിക്കുന്നു.
രജ്ജൂഖണ്ഡത്തിങ്കലെപ്പന്നഗബുദ്ധിപോലെ
നിശ്ചയം വിചാരിക്കിലേതുമൊന്നില്ലയല്ലോ.
മാനവന്മാരാല്‍ കാണപ്പെട്ടതും കേള്‍ക്കായതും
മാനസത്തിങ്കല്‍ സ്‌മരിക്കപ്പെടുന്നതുമെല്ല‍ാം
സ്വപ്‌നസന്നിഭം വിചാരിക്കിലില്ലാതൊന്നല്ലോ
വിഭ്രമം കളഞ്ഞാലും വികല്‍പമുണ്ടാകേണ്ട.
ജന്മസംസാരവൃക്ഷമൂലമായതു ദേഹം
തന്മൂലം പുത്രകളത്രാദി സംബന്ധമെല്ല‍ാം.
ദേഹമായതു പഞ്ചഭൂതസഞ്ചയമയം
ദേഹസംബന്ധം മായാവൈഭവം വിചാരിച്ചാല്‍.
ഇന്ദ്രിയദശകവും മഹങ്കാരവും ബുദ്ധി
മനസ്സും ചിത്തമൂലപ്രകൃതിയെന്നിതെല്ല‍ാം
ഓര്‍ത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം.
എന്നിവറ്റിങ്കല്‍നിന്നു വേറൊന്നു ജീവനതും
നിര്‍ണ്ണയം പരമാത്മാ നിശ്ചലന്‍ നിരാമയന്‍.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊള്‍വാനുളള
സാധനങ്ങളെക്കേട്ടുകൊളളുക സൗമിത്രേ! നീ.
ജീവാത്മാവെന്നും പരമാത്മാവെന്നതുമോര്‍ക്കില്‍
കേവലം പര്യായശബ്‌ദങ്ങളെന്നറിഞ്ഞാലും.
ഭേദമേതുമേയില്ല രണ്ടുമൊന്നത്രേ നൂനം
ഭേദമുണ്ടെന്നു പറയുന്നതജ്ഞന്മാരല്ലോ.
മാനവും ഡംഭം ഹിംസാ വക്രത്വം കാമം ക്രോധം
മാനസേ വെടിഞ്ഞു സന്തുഷ്‌ടനായ്‌ സദാകാലം
അന്യാക്ഷേപാദികളും സഹിച്ചു സമബുദ്ധ്യാ
മന്യുഭാവവുമകലെക്കളഞ്ഞനുദിനം
ഭക്തി കൈക്കൊണ്ടു ഗുരുസേവയും ചെയ്‌തു നിജ
ചിത്തശുദ്ധിയും ദേഹശുദ്ധിയും ചെയ്‌തുകൊണ്ടു
നിത്യവും സല്‍ക്കര്‍മ്മങ്ങള്‍ക്കിളക്കം വരുത്താതെ
സത്യത്തെസ്സമാശ്രയിച്ചാനന്ദസ്വരൂപനായ്‌
മാനസവചനദേഹങ്ങളെയടക്കിത്ത-
ന്മാനസേ വിഷയസൗഖ്യങ്ങളെച്ചിന്തിയാതെ
ജനനജരാമരണങ്ങളെച്ചിന്തിച്ചുളളി-
ലനഹങ്കാരത്വേന സമഭാവനയോടും
സര്‍വാത്മാവാകുമെങ്കലുറച്ച മനസ്സോടും
സര്‍വദാ രാമരാമേത്യമിതജപത്തൊടും
പുത്രദാരാര്‍ത്ഥാദിഷു നിസ്നേഹത്വവും ചെയ്‌തു
സക്തിയുമൊന്നിങ്കലും കൂടാതെ നിരന്തരം
ഇഷ്‌ടാനിഷ്‌ടപ്രാപ്തിക്കു തുല്യഭാവത്തോടു സ-
ന്തുഷ്‌ടനായ്‌ വിവിക്തശുദ്ധസ്ഥലേ വസിക്കേണം
പ്രാകൃതജനങ്ങളുമായ്‌ വസിക്കരുതൊട്ടു-
മേകാന്തേ പരമാത്മജ്ഞാനതല്‍പരനായി
വേദാന്തവാക്യാര്‍ത്ഥങ്ങളവലോകനം ചെയ്‌തു
വൈദികകര്‍മ്മങ്ങളുമാത്മനി സമര്‍പ്പിച്ചാല്‍
ജ്ഞാനവുമകതാരിലുറച്ചു ചമഞ്ഞീടും
മാനസേ വികല്‍പങ്ങളേതുമേയുണ്ടാകൊല്ലാ.
ആത്മാവാകുന്നതെന്തെന്നുണ്ടോ കേളതുമെങ്കി-
ലാത്മാവല്ലല്ലോ ദേഹപ്രാണബുദ്ധ്യഹംകാരം
മാനസാദികളൊന്നുമിവറ്റില്‍നിന്നു മേലേ
മാനമില്ലാത പരമാത്മാവുതാനേ വേറേ
നില്‍പിതു ചിദാത്മാവു ശുദ്ധമവ്യക്തം ബുദ്ധം
തല്‍പദാത്മാ ഞാനിഹ ത്വല്‍പദാര്‍ത്ഥവുമായി
ജ്ഞാനംകൊണ്ടെന്നെ വഴിപോലെ കണ്ടറിഞ്ഞീട‍ാം
ജ്ഞാനമാകുന്നതെന്നെക്കാട്ടുന്ന വസ്‌തുതന്നെ.
ജ്ഞാനമുണ്ടാകുന്നതു വിജ്ഞാനംകൊണ്ടുതന്നെ
ഞാനിതെന്നറിവിനു സാധനമാകയാലെ.
സര്‍വത്ര പരിപൂര്‍ണ്ണനാത്മാവു ചിദാനന്ദന്‍
സര്‍വസത്വാന്തര്‍ഗ്ഗതനപരിച്ഛേദ്യനല്ലോ.
ഏകനദ്വയന്‍ പരനവ്യയന്‍ ജഗന്മയന്‍
യോഗേശനജനഖിലാധാരന്‍ നിരാധാരന്‍
നിത്യസത്യജ്ഞാനാദിലക്ഷണന്‍ ബ്രഹ്‌മാത്മകന്‍
ബുദ്ധ്യുപാധികളില്‍ വേറിട്ടവന്മായാമയന്‍
ജ്ഞാനംകൊണ്ടുപഗമ്യന്‍ യോഗിനാമേകാത്മന‍ാം
ജ്ഞാനമാചാര്യശാസ്‌ത്രൗഘോപദേശൈക്യജ്ഞാനം.
ആത്മനോരേവം ജീവപരയോര്‍മ്മൂലവിദ്യാ
ആത്മനി കാര്യകാരണങ്ങളും കൂടിച്ചേര്‍ന്നു
ലയിച്ചീടുമ്പോളുളേളാരവസ്ഥയല്ലോ മുക്തി
ലയത്തോടാശു വേറിട്ടിരിപ്പതാത്മാവൊന്നേ.
ജ്ഞാനവിജ്ഞാനവൈരാഗ്യത്തോടു സഹിതമാ-
മാനന്ദമായിട്ടുളള കൈവല്യസ്വരൂപമി-
തുളളവണ്ണമേ പറവാനുമിതറിവാനു-
മുളളം നല്ലുണര്‍വുളേളാരില്ലാരും ജഗത്തിങ്കല്‍.
മത്ഭക്തിയില്ലാതവര്‍ക്കെത്രയും ദുര്‍ലഭം കേള്‍
മത്ഭക്തികൊണ്ടുതന്നെ കൈവല്യം വരുംതാനും.
നേത്രമുണ്ടെന്നാകിലും കാണ്മതിനുണ്ടു പണി
രാത്രിയില്‍ തന്റെ പദം ദീപമുണ്ടെന്നാകിലേ
നേരുളള വഴിയറിഞ്ഞീടാവിതവ്വണ്ണമേ
ശ്രീരാമഭക്തിയുണ്ടെന്നാകിലേ കാണായ്‌ വരൂ.
ഭക്തനു നന്നായ്‌ പ്രകാശിക്കുമാത്മാവു നൂനം
ഭക്തിക്കു കാരണവുമെന്തെന്നു കേട്ടാലും നീ.
മത്ഭക്തന്മാരോടുളള നിത്യസംഗമമതും
മത്ഭക്തന്മാരെക്കനിവോടു സേവിക്കുന്നതും
ഏകാദശ്യാദി വ്രതാനുഷ്‌ഠാനങ്ങളും പുന-
രാകുലമെന്നിയേ സാധിച്ചുകൊള്‍കയുമഥ
പൂജനം വന്ദനവും ഭാവനം ദാസ്യം നല്ല
ഭോജനമഗ്നിവിപ്രാണ‍ാം കൊടുക്കയുമഥ
മല്‍ക്കഥാപാഠശ്രവണങ്ങള്‍ചെയ്‌കയും മുദാ
മല്‍ഗുണനാമങ്ങളെക്കീര്‍ത്തിച്ചുകൊളളുകയും
സന്തതമിത്ഥമെങ്കല്‍ വര്‍ത്തിക്കും ജനങ്ങള്‍ക്കൊ-
രന്തരം വരാതൊരു ഭക്തിയുമുണ്ടായ്‌വരും.
ഭക്തി വര്‍ദ്ധിച്ചാല്‍ പിന്നെ മറ്റൊന്നും വരേണ്ടതി-
ല്ലുത്തമോത്തമന്മാരായുളളവരവരല്ലോ.
ഭക്തിയുക്തനു വിജഞ്ഞാനജ്ഞാനവൈരാഗ്യങ്ങള്‍
സദ്യഃ സംഭവിച്ചീടുമെന്നാല്‍ മുക്തിയും വരും.
മുക്തിമാര്‍ഗ്ഗം താവക പ്രശ്‌നാനുസാരവശാ-
ലുക്തമായതു നിനക്കെന്നാലെ ധരിക്ക നീ.
വക്തവ്യമല്ല നൂനമെത്രയും ഗുഹ്യം മമ
ഭക്തന്മാര്‍ക്കൊഴിഞ്ഞുപദേശിച്ചീടരുതല്ലോ.
ഭക്തനെന്നാകിലവന്‍ ചോദിച്ചീലെന്നാകിലും
വക്തവ്യമവനോടു വിശ്വാസം വരികയാല്‍.
ഭക്തിവിശ്വാസശ്രദ്ധായുക്തന‍ാം മര്‍ത്ത്യനിതു
നിത്യമായ്പാഠം ചെയ്‌കിലജ്ഞാനമകന്നുപോം.
ഭക്തിസംയുക്തന്മാര‍ാം യോഗീന്ദ്രന്മാര്‍ക്കു നൂനം
ഹസ്തസംസ്ഥിതയല്ലോ മുക്തിയെന്നറിഞ്ഞാലും.”