അര്‍ദ്ധനാരീശ്വരസ്തവം – ശ്രീനാരായണഗുരു (21)


അയ്യോയീവെയില്‍കൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിന്നു കാണ്‍കിലൊരുവന്‍
കാരുണ്യവാനാരഹോ!
പയ്യാര്‍ന്നീജനമാഴിയില്‍ പതിവതി –
ന്മുന്നേ, പരന്നൂഴിയില്‍
പെയ്യാ‍റാകണമേ ഘന‍ാംബു, കൃപയാ
ഗംഗാനദീധാമമേ!

നാടുംകാടുമൊരേ കണക്കിനു നശി-
ച്ചീടുന്നതും നെക്കി ന-
ക്കീടും നീരുമൊഴിഞ്ഞു നാവുകള്‍ വറ–
ണ്ടീടുന്നതും നിത്യവും.
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി –
ന്നീടും നായകനെന്തു നന്മയരുളാ-
യ്‍വാന‍ര്‍ദ്ധനാരീശ്വരാ?

ഊട്ടിത്തീറ്റിവളര്‍ത്തുമുമ്പര്‍തടിനീ-
നാഥന്നുമിപ്പോളുയിര്‍ -
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെന്ത-
യ്യോ കുഴപ്പത്തിലായ്,
നാട്ടി‍ല്‍കണ്ടതശേഷവും ബത നശി
ച്ചീടുന്നതും കണ്ടു നീ
മുട്ടി‍ല്‍ തന്നെയിരുന്നിടുന്നു, മുറയോ?
മൂളര്‍ദ്ധനാരീശ്വരാ!

ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോര്‍ത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോര്‍ത്തിരുന്നോരിലീ-
ക്രുരത്തീയിടുവാന്‍ തുനിഞ്ഞതഴകോ?
കൂറര്‍ദ്ധനാരീശ്വരാ!

മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയില്‍
ചൊ‌ല്‍പ്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിന്‍-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരര്‍ദ്ധനാരീശ്വരാ!

[ Malayalam Spiritual EBooks ടൈപ്പ്സെറ്റ് ചെയ്തു സമര്‍പ്പിച്ച ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികളില്‍ (PDF) നിന്ന്. ]

April 11th, 2010|വിഭാഗം: നാരായണഗുരു
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/arddhanareeshwara-sthavam-sri-narayana-guru-21
ഇമെയില്‍ : sree@sreyas.in