ശ്രീ രമണമഹര്‍ഷി

ജൂണ്‍ 9, 1936

196. രമണഗീത, രണ്ടാമദ്ധ്യായത്തില്‍ പറയുന്ന മൂന്നു മാര്‍ഗ്ഗങ്ങളെപ്പറ്റി ഒരു ഭക്തന്‍ ചോദിച്ചതിനുത്തരം.

ശ്വാസനിയന്ത്രണം മനോനിയന്ത്രണത്തിനു മാര്‍ഗ്ഗമാണ്‌. രേചക, പൂരക, കുംഭക പ്രാണായാമത്തെയോ കേവല കുംഭകത്തെയോ ഒരാള്‍ അഭ്യസിക്കാം. നേരിട്ടുള്ള മനോനിഗ്രഹത്താല്‍ പ്രാണനിഗ്രഹം സാധിക്കാം. ഉച്ഛ്വാസനിശ്വാസങ്ങളെ ശ്രദ്ധിക്കുന്നതും ഒരുതരം പ്രാണായാമമാണ്‌. രമണഗീതയില്‍ പറയുന്ന മൂന്നു മാര്‍ഗ്ഗങ്ങളും ഒന്നുതന്നെ. ഒരേ സ്ഥാനത്തെത്തുന്നവതന്നെ. അധികാരി ഭേദത്താല്‍ വെവ്വേറെന്നു വിചാരിച്ച്‌ ഒരോരുത്തര്‍ ഒരോ മാര്‍ഗ്ഗത്തെ കൈക്കൊള്ളുന്നു. പ്രധാനമായി ധ്യാനവും ഭക്തിയും എന്ന രണ്ട്‌ മാര്‍ഗ്ഗങ്ങളെപ്പറയാം. അവ രണ്ടും പരസ്പരം ചേര്‍ന്നിരിക്കുന്നു.

ചോ: ‘ഞാന്‍’ എന്നതിനെ നോക്കുമ്പോള്‍ മറ്റൊന്നും കാണാനില്ലാതാകുന്നു.

ഉ: ദേഹമാണ്‌ ഞാന്‍ എന്ന കണ്ണുകളാല്‍ കാണുന്നതാണ്‌ കാഴ്ചയെന്നു ധരിച്ച്‌ ഒന്നിനെയും കാണുന്നില്ല എന്നു കരുതുകയാണ്‌. ഏതിനെയാണ്‌ കാണേണ്ടത്‌? കാണുന്നവന്‍ ആര്‌? കാണേണ്ടതേതിനെ? ഉള്ളത്‌ അഖണ്ഡബോധമൊന്നു മാത്രമാണ്‌. അതുതന്നെ ചുരുങ്ങി അഹന്തയാവുന്നു. ദേഹമാണ്‌ ഞാനെന്നു കരുതുന്നു. സ്ഥൂല ചക്ഷുസ്സില്‍ ഈ ലോകത്തെ കാണുകയും ചെയ്യും. ഇപ്രകാരം നമ്മെത്തന്നെ നാം കുടുസ്സായി വച്ചുകൊണ്ട്‌ നമുക്കന്യമായി ഏതിനെയോ അന്വേഷിക്കുന്നു. ഇന്ദ്രിയങ്ങള്‍ക്കു വിഷയമാവുന്നവയെല്ലാം സത്യമാണെന്നു ബോധിക്കുന്നു. ഇപ്രകാരം ദ്രഷ്ടാവ്‌, ദൃക്‌, ദൃശ്യങ്ങളായി കാണുന്നവയെല്ലാം ഒരേ അഖണ്ഡബോധത്തിന്റെ പ്രകടനങ്ങളാണെങ്കിലും നാമതു സമ്മതിക്കുന്നില്ല. ധ്യാന ഫലത്താല്‍ മാത്രമേ ഈ കുഴപ്പങ്ങള്‍ പരിഹരിക്കപ്പെടുകയുള്ളൂ. അപ്പോള്‍ ഏതോ ഒന്നിനെ പ്രത്യക്ഷത്തില്‍ കാണണമെന്ന് ആഗ്രഹിക്കുകയില്ല. തനിക്കെതിരേ കാണാനെന്തിരിക്കുന്നു? അജ്ഞാനദശയിലും നമുക്കു നമ്മെക്കാണാന്‍ കണ്ണാടിയില്‍ നോക്കണോ? അറിവിന്റെ സത്യം തന്നെ നമ്മുടെ സത്യം, അതാണ്‌ പരമാര്‍ത്ഥസത്യം.

ചോ: ചിന്തയുടെ ആദിയെപ്പറ്റി അന്വേഷിച്ചപ്പോള്‍ ‘ഞാന്‍’ എന്ന ഒന്നിന്റെ ദര്‍ശനം ഉണ്ടാകുന്നു. പക്ഷേ എന്നെ അത്‌ തൃപ്തിപ്പെടുത്തുന്നില്ല.

ഉ: വളരെ ശരി. ‘ഞാനി’ന്റെ ദര്‍ശനം ഒരു രൂപത്തോടുകൂടിയുണ്ടാവും. അത്‌ പക്ഷേ ദേഹമായിരിക്കാം. യഥാര്‍ത്ഥ ‘ഞാന്‍’ എന്നതില്‍ കലര്‍പ്പൊന്നുമില്ല. ഇതിന്റെ പ്രകാശത്തില്‍ ദേഹവും അഹന്തയുമെല്ലാം വിളങ്ങുന്നു. വിചാരം മാറുമ്പോള്‍ ശുദ്ധ ബോധം തെളിഞ്ഞനുഭവപ്പെടുന്നു. നിദ്രയില്‍ നിന്നുണര്‍ന്ന്‌ ഈ ലോക വിചാരമേര്‍പ്പെടുന്നതിനു മുന്‍പായി ‘ഞാന്‍’ എന്ന ശുദ്ധബോധം നേരിയ രീതിയില്‍ അവിടെ ഉണ്ട്‌. വീണ്ടും ഉറങ്ങാതെയും വിചാരം നമ്മെ കടന്നാക്രമിക്കാന്‍ അനുവദിക്കാതെയുമിരുന്നാല്‍ ആ സന്ദര്‍ഭത്തില്‍ വിളങ്ങുന്ന (യഥാര്‍ത്ഥ) ‘ഞാന്‍'(ശുദ്ധ) ബോധത്തിന്റെ അനുഭവമുണ്ടാകും. അതിനെ മുറുകെപ്പിടിക്കുക. പിന്നീട്‌ ഈ പ്രപഞ്ചദര്‍ശനം തോന്നിയാലും തരക്കേടില്ല. ദ്രഷ്ടാവ്‌ പ്രപഞ്ചക്കാഴ്ചയാല്‍ ബദ്ധനാവുന്നില്ല.

197. ‘ഗുല്‍നാര്‍’ ‘ഷിറിന്‍ ബൈരാംജി’ എന്ന രണ്ടു പാര്‍സി സ്ത്രീകള്‍ അഹമ്മദാബാദില്‍ നിന്നും വന്നിരുന്നു. സംഭാഷണം രാത്രിയിലായിരുന്നു. ചെറുപ്പത്തില്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ തല്‍പരരായിരുന്നുവെന്നും തല്‍സംബന്ധമായി ധാരാളം ഗ്രന്ഥങ്ങള്‍ പഠിച്ചിട്ടും പുരോഗതി തോന്നുന്നില്ലെന്നും ഭഗവാന്‍ സഹായിക്കണമെന്നും അവരഭ്യര്‍ത്ഥിച്ചു.

ഉ: നിങ്ങളെങ്ങനെയാണ്‌ ധ്യാനിക്കുന്നത്‌?

ചോ: ‘ഞാന്‍’ ആരെന്ന അന്വേഷണത്തോടുകൂടി, ദേഹം, ശ്വാസം, മനസ്സ്‌ ഇവയെ ഞാനല്ലെന്ന്‌ നേതി ചെയ്യുന്നു. പിന്നീട്‌ മുന്‍പോട്ട്‌ നീങ്ങാന്‍ കഴിയുന്നില്ല.

ഉ: അതെ, ഇത്രയും ബുദ്ധിയുടെ വൃത്തിയാണ്‌. സത്യത്തെ തൊട്ടുകാണിക്കാന്‍ കഴിയാത്തതിനാല്‍ ഗ്രന്ഥങ്ങള്‍ ഈ വിധം ബുദ്ധിവൃത്തികളെ ഉപദേശിക്കുന്നു.

ഉ: മറ്റെല്ലാത്തിനെയും തള്ളിക്കളയുന്ന താന്‍ തന്നെത്തള്ളാനാവുന്നില്ല. ഒന്നു താനല്ലെന്നും ഇനിയൊന്നു താനാണെന്നും പറയാന്‍ ഒരു താന്‍ വേണം. ഈ ‘താന്‍’ അഹന്തയാണ്‌. വിചാരങ്ങള്‍ക്കെല്ലാമിതാണാദി. അഹന്തക്കു ശേഷമാണ്‌ വിചാരങ്ങളുടെ ഉദയം. ഈ (ആദി) അഹന്ത എവിടെ നിന്നുമുദിക്കുന്നു എന്നു ശ്രദ്ധിക്കണം. ഈ അന്തര്‍മുഖ വൃത്തിയാല്‍ അഹന്ത തന്റെ ആദിയില്‍ മറയുമ്പോള്‍ ശുദ്ധ ആത്മസ്വരൂപം തെളിയും.

ചോ: ഇതെങ്ങനെ സാധിക്കാന്‍?

ഉ: ജാഗ്രത്‌, സ്വപ്നം, സുഷുപ്തി, മൂന്നവസ്ഥകളിലും നാം തുടര്‍ന്നുണ്ട്‌. ഇങ്ങനെ എപ്പോഴുമുള്ള തന്നെ താനുണരണം.