സ്വാമി വിവേകാനന്ദന്‍

നാം കാണുന്ന കുസുമങ്ങള്‍ മനോഹരങ്ങള്‍, ഉഷസ്സിലെ സൂര്യോദയം മനോഹരം, പ്രകൃതിയുടെ നാനാനിറപ്പകിട്ടുകള്‍ മനോഹരങ്ങള്‍. വിശ്വമാകെ മനോഹരംതന്നെ, മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചതു മുതല്‍ ഈ മനോഹരതയെ ആസ്വദിച്ചുപോരുന്നു. വന്‍മലകള്‍, അവയില്‍നിന്നുറന്നു സമുദ്രത്തിലേക്കു തള്ളിക്കുതിച്ചൊഴുകുന്ന മഹാനദികള്‍, മഹാസമുദ്രങ്ങള്‍. മാര്‍ഗ്ഗരഹിതങ്ങളായ മരുസ്ഥലങ്ങള്‍, നക്ഷത്രഗണാകീര്‍ണ്ണമായ നഭസ്ഥലം. ഇവയെല്ലാം മനോഹരങ്ങളും ഗംഭീരങ്ങളും ഭയഭക്തിജനകങ്ങളുംതന്നെ. ഈ ദൃശ്യപ്രപഞ്ചം, ഈ പ്രകൃതി, അനാദികാലം മുതല്‍ മനുഷ്യമനസ്സിനെ സ്പര്‍ശിച്ചുപോന്നു. അതു മനുഷ്യന്റെ വിചാരശക്തിയെ ഉണര്‍ത്തി. അതിന്റെ ഫലമായി ഒരു ചോദ്യമുളവായി. “ഇതെല്ലാമെന്ത്? എവിടെനിന്ന്?” മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രാചീനതമസാഹിത്യമായ വേദങ്ങളില്‍ ഏറ്റവും പ്രാചീനമായ ഭാഗത്തിന്റെ കാലത്തുപോലും ഈ ചോദ്യം ചോദിച്ചുകാണുന്നു. “ഇത് എവിടെനിന്ന്? സത്തോ അസത്തോ ഇല്ലാതെയും ഇരുളില്‍ ഇരുള്‍മറഞ്ഞുമിരുന്നപ്പോള്‍ ഇത് ആര്‍ ചമച്ചുവിട്ടു? എങ്ങനെ? രഹസ്യം ആര്‍ക്കറിയാം!” ഈ ചോദ്യം ഇന്നു നമ്മുടെ സമീപത്തും വന്നെത്തിയിരിക്കുന്നു. ഇതിനൊരു സമാധാനം കിട്ടാന്‍ ലക്ഷോപലക്ഷം ശ്രമങ്ങളുണ്ടായിട്ടുണ്ട്. ഇനിയും ലക്ഷോപലക്ഷം പ്രാവശ്യം സമാധാനം പറയേണ്ടിയും വരും. ഉണ്ടായ സമാധാനം ഓരോന്നും പാഴായി എന്നില്ല, ഓരോന്നിലും തത്ത്വാംശമുണ്ട്: ആ തത്ത്വത്തിനു കാലക്രമത്തില്‍ ശക്തികൂടിവരികയാണ്. ഇതിന് ഇന്ത്യയിലെ പുരാതനതത്ത്വശാസ്ത്രങ്ങളില്‍നിന്ന് ഞാന്‍ ശേഖരിച്ച സമാധാനം ആധുനികശാസ്ത്രജ്ഞാനത്തോടു യോജിപ്പിച്ച് സാമാന്യനിലയില്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാം.

ഈ ഏറ്റവും പഴയ ചോദ്യത്തില്‍ ചില സംഗതികള്‍ തീര്‍ച്ചപ്പെട്ടതായി കാണാം. ഒന്നാമത് “സത്തോ അസത്തോ ഇല്ലാത്ത” കാലമുണ്ടായിരുന്നു എന്ന്: അന്ന് ഈ ലോകമുണ്ടായിരുന്നില്ല: സാഗരനദീപര്‍വ്വതങ്ങളും പുരഗ്രാമങ്ങളും മനുഷ്യവര്‍ഗ്ഗങ്ങളും മൃഗപക്ഷിസസ്യങ്ങളുമടങ്ങിയ നമ്മുടെ ഭൂമിയും ഗ്രഹങ്ങളും ജ്യോതിര്‍ഗോളങ്ങളും ഈ അനന്തവിധസൃഷ്ടിയും അന്നുണ്ടായിരുന്നില്ല. അതു തീര്‍ച്ചതന്നെയോ? നമുക്ക് ആ തീര്‍പ്പുണ്ടായ വഴി തേടിനോക്കുക. നാം നമുക്കു ചുറ്റും കാണുന്നതെന്ത്? ഒരു ചെടിയെ നോക്കാം. നാം ഒരു വിത്തു നിലത്തിടുന്നു: അതില്‍നിന്ന് ഒരു ചെടി എത്തിനോക്കുന്നു. അതു നിലത്തുനിന്നു മെല്ലെ പൊന്തി വളര്‍ന്നുവളര്‍ന്നു വന്‍മരമാകുന്നു. പിന്നീടു വിത്തുമാത്രം വിട്ടുംവെച്ച് മരം നശിക്കുന്നു. അങ്ങനെ ഒരു വൃത്തം തികയുന്നു. അതു ബീജത്തില്‍നിന്നുണ്ടായി, മരമായി, ബീജമായി ശേഷിച്ചു. പക്ഷികളെ നോക്കുക. അവ അണ്ഡത്തില്‍ നിന്നുദ്ഗമിച്ചു ജീവിച്ച് സന്തതിക്ക് അണ്ഡങ്ങളിട്ടുംവെച്ചു മരിച്ചുപോകുന്നു. അതുപോലെ മൃഗങ്ങളും മനുഷ്യരും. പ്രകൃതിയില്‍ ഏതൊന്നും ചില ബീജങ്ങളിലോ ധാതുക്കളിലോ സൂക്ഷ്മരൂപങ്ങളിലോ നിന്നുദ്ഭവിക്കുന്നു: പിന്നീട് അധികമധികം സ്ഥൂലരൂപമായി പുഷ്ടിപ്പെടുന്നു, അങ്ങനെ ഒട്ടുകാലം കഴിഞ്ഞു സൂക്ഷ്മാവസ്ഥയില്‍ ശേഷിച്ച് അടങ്ങുന്നു. സുന്ദരമായ സൂര്യരശ്മി കളിയാടുന്ന വെള്ളത്തുള്ളി സമുദ്രത്തില്‍നിന്ന് ആവിയായി മേലേ്പാട്ടു പൊന്തി ആകാശത്തില്‍ ബഹുദൂരം ചെന്ന് ജലമായി പരിണമിക്കുന്ന ഒരു സ്ഥാനത്തെത്തി, ആ ജലകണരൂപത്തില്‍ താഴെ വീണു, വീണ്ടും ആവിയായി പോകുവാന്‍തന്നെ. പ്രകൃതിയില്‍, നമുക്കു ചുറ്റുമുണ്ടാകുന്നതെന്തും ഈ നിലയിലാണ്. വന്‍മലകളുടെ കാര്യവും നമുക്കറിയാം: അതുകളിന്‍മേല്‍ ഹിമസംഹതികളും നദികളും ഉരസിയുരസി പതുക്കെയെങ്കിലും നിശ്ചയമായിട്ടും അവയെ പൊടിച്ചു മണല്‍ത്തരിയാക്കുന്നു: അവ സമുദ്രത്തില്‍ ഒലിച്ചെത്തി തടത്തില്‍ അടുക്കടുക്കായിക്കൂടി കല്ലിച്ചു കഠിനമായി, കൂമ്പാരമായി, ഭാവിതലമുറയിലെ പര്‍വ്വതങ്ങളാകുന്നു. അതുകള്‍ പിന്നെയും പൊടിഞ്ഞു മണല്‍ത്തരിയാകും. അങ്ങനെ നടക്കുന്നു. മല മണലില്‍നിന്നുണ്ടാകുന്നു. മണലായിത്തീരുകയും ചെയ്യുന്നു.

പ്രകൃതി സര്‍വ്വത്ര സമരൂപമാണെന്നുള്ളതു നേരാണെങ്കില്‍, ഒരു കൊച്ചുമണല്‍ത്തരിയുടെ സൃഷ്ടിവിധമേതോ അതാണ് ബൃഹദ്രൂപങ്ങളായ സൂര്യന്‍മാരുടേയും നക്ഷത്രങ്ങളുടേയും മുഴുവന്‍ പ്രപഞ്ചത്തിന്റേയും സൃഷ്ടിവിധം എന്നതു നേരാണെങ്കില്‍, അണുവിനെ സൃഷ്ടിച്ച രീതിയില്‍ത്തന്നെയാണ് പ്രപഞ്ചസൃഷ്ടിയും എന്നതു നേരാണെങ്കില്‍ – ബ്രഹ്മാണ്ഡമാസകലം ഒരേ നിയമത്തിന്നധീനമാണെന്നതു നേരാണെങ്കില്‍ അല്ലെന്നു മനുഷ്യന്റെ ഒരനുഭവവും ഇന്നേവരെ തെളിയിച്ചിട്ടില്ല–, വേദങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ. “ഒരു മണ്‍കട്ടയുടെ മട്ടറിഞ്ഞാല്‍ പ്രപഞ്ചത്തിലുള്ള മുഴുവന്‍ മണ്ണിന്റേയുംമട്ടറിഞ്ഞു.” ഒരു കൊച്ചുചെടിയുടെ ജീവിതം മനസ്സിലാക്കിയാല്‍ ബ്രഹ്മാണ്ഡരഹസ്യം മനസ്സിലായി. ഒരു തരി മണലിന്റെ കാര്യമറിയാമെങ്കില്‍ ബ്രഹ്മാണ്ഡകാര്യം അറിവായി. ഈ യുക്തി വഴിക്കു ദൃശ്യവസ്തുക്കളെപ്പറ്റി ആലോചിച്ചാല്‍ എല്ലാറ്റിന്റേയും ആദിയും അവസാനവും ഏതാണ്ട് ഒരുപോലെയാണെന്നു കാണാം. മല മണലില്‍നിന്നുളവാകുന്നു, വീണ്ടും മണലാകുന്നു. നദി നീരാവിയില്‍നിന്നുളവാകുന്നു, നീരാവിയായി കലാശിക്കുന്നു. സസ്യം ബീജത്തില്‍നിന്നുളവാകുന്നു, ബീജമായി അവസാനിക്കുന്നു. മനുഷ്യന്‍ മനുഷ്യബീജത്തില്‍നിന്നുളവാകുന്നു, മനുഷ്യബീജമായി അവശേഷിക്കുന്നു. ഗ്രഹനക്ഷത്രങ്ങളടങ്ങിയ ദൃശ്യപ്രപഞ്ചം അഭ്രാവസ്ഥയില്‍ നിന്നുളവായി, അതിലേക്കുതന്നെ തിരിക്കുന്നു. ഇതില്‍നിന്ന് എന്തു മനസ്സിലാക്കാം? ദൃശ്യം അഥവാ സ്ഥൂലമായിട്ടുള്ളതു കാര്യവും, അതിന്റെ സൂക്ഷ്മാവസ്ഥ കാരണവുമാണെന്നുതന്നെ.

നാശമെന്നത് കാരണാവസ്ഥയിലേക്കു മടങ്ങിച്ചെല്ലലാണെന്ന് അനേകായിരം സംവല്‍സരങ്ങള്‍ക്കു മുമ്പു സര്‍വ്വദര്‍ശനോപജ്ഞാതാവായ കപിലമഹര്‍ഷി തെളിയിച്ചു. ഇവിടെ ഈ മേശയെ നശിപ്പിച്ചാല്‍ അത് അതിന്റെ കാരണരൂപത്തിലേക്കു മടങ്ങിച്ചെല്ലും. അതായത് ഏതെല്ലാം സൂക്ഷ്മരൂപങ്ങളും അണുക്കളും കൂടിച്ചേര്‍ന്ന് മേശയെന്നു നാം പറയുന്ന രൂപത്തിലായോ അതുകളായിത്തീരും. മനുഷ്യന്‍ മരിച്ചാല്‍ ശരീരം അതിനു കാരണഭൂതമായ മൂലപദാര്‍ത്ഥങ്ങളായിത്തീരും. ഈ ഭൂമി നശിച്ചാല്‍ അതിന് ഈ രൂപം നല്‍കിയ മൂലപദാര്‍ത്ഥങ്ങളായി പരിണമിക്കും. ഇങ്ങനെ കാരണരൂപത്തിലേക്കുള്ള പ്രതിനിവര്‍ത്തനമത്രേ മരണം അഥവാ നാശം, അതുകൊണ്ട് കാര്യവും കാരണവും ഒന്നുതന്നെ, വ്യത്യസ്തങ്ങളല്ല, രൂപാന്തരമെന്ന ഭേദമേ ഉള്ളൂ എന്നു മനസ്സിലാക്കാം. ഈ ഗ്ലാസ് കാര്യഭൂതമാണ്, അതിനു കാരണമുണ്ട്: ആ കാരണം ഈ കാര്യരൂപമായ ഗ്ലാസ്സിലുണ്ട്. സ്ഫടികമെന്ന പദാര്‍ത്ഥവും അതെടുത്തു വ്യാപരിച്ച കൈകളിലെ ശക്തിയും ചേര്‍ന്നു നിമിത്തോപാദാനകാരണങ്ങളായി ഈ ഗ്ലാസ്സെന്ന കാര്യരൂപമുണ്ടായി. ഇതിന്റെ നിര്‍മ്മാതാവിന്റെ കൈകളിലെ ശക്തി ഈ ഗ്ലാസ്സില്‍ പ്രസക്തി (അണുക്കളുടെ ചേര്‍ച്ച) എന്ന രൂപത്തിലുണ്ട്; അതില്ലായിരുന്നുവെങ്കില്‍ അണുക്കള്‍ ചിന്നിച്ചിതറിപ്പോയേനേ: സ്ഫടികപദാര്‍ത്ഥവും അതിലുണ്ട്. ഈ സൂക്ഷ്മകാരണങ്ങള്‍ കൂടിച്ചേര്‍ന്ന് പുതിയ രൂപം പ്രാപിച്ചതാണ് ഈ ഗ്ലാസ്. അതു നശിക്കുമ്പോള്‍ അതിലെ അണുക്കളെ സംഘടിപ്പിച്ച ശക്തി മടങ്ങിപ്പോകുന്നു. സ്ഫടികാണുക്കള്‍ പുതിയ രൂപം കൈക്കൊള്ളുംവരെ അതേ നിലയിലിരിക്കുന്നു.

ഇങ്ങനെ കാര്യഭൂതം കാരണത്തില്‍നിന്നു ഭിന്നമല്ലെന്ന്, അതു കാരണത്തിന്റെ രൂപാന്തരം, സ്ഥൂലരൂപം, മാത്രമാണെന്നു മനസ്സിലാക്കാം. മറ്റൊരു സംഗതിയും മനസ്സിലാക്കാം; സസ്യമൃഗമനുഷ്യാദിരൂപങ്ങള്‍ വന്നുംപോയും അറുതിയില്ലാതെ തുടരെത്തുടരെയുണ്ടാകുന്നു. ബീജത്തില്‍നിന്നു വൃക്ഷം, വൃക്ഷത്തില്‍നിന്നു ബീജം, ആ ബീജത്തില്‍നിന്നു പിന്നെയും വൃക്ഷം: ഇങ്ങനെ പോകുന്നു. അതിനറുതിയില്ല. വെള്ളത്തുള്ളികള്‍ മലയില്‍ക്കൂടെ കീഴ്‌പോട്ടൊഴുകി കടലിലെത്തുന്നു. അവിടെനിന്ന് ആവിയായി പൊങ്ങി വീണ്ടും മലമുകളില്‍ എത്തി വീണ്ടും കടലിലേയ്‌ക്കൊഴുകുന്നു. ഇങ്ങനെ താണും പൊന്തിയും ചക്രം ചുറ്റുന്നു. സര്‍വ്വജീവിതാവസ്ഥയും ഇതത്രേ. പഞ്ചേന്ദ്രിയങ്ങള്‍ക്കും മനസ്സിനും ഗോചരമായ സര്‍വ്വത്തിന്റെയും സ്ഥിതി ഇതത്രേ. മനുഷ്യശരീരത്തിലെ ശ്വാസോച്ഛ്വാസങ്ങള്‍ക്കു സമമായിട്ടാണ് നമുക്കറിയാവുന്ന സകലകാര്യങ്ങളും നടക്കുന്നത്. സൃഷ്ടിയിലെല്ലാംതന്നെ, ഒരു തിര പൊന്തി ഒന്നു വീണ്, ഒന്നു പൊന്തി, ഒന്ന് വീണ് – ഇങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുന്നു. ഓരോ തിരയ്ക്കും ഓരോ താഴ്ചയുണ്ട്. ഓരോ താഴ്ചയ്ക്കും ഓരോ ഉയര്‍ച്ചയുമുണ്ട്. ബ്രഹ്മാണ്ഡം ഒന്നായെടുത്തുനോക്കിയാല്‍ ഈ നിയമം ഒട്ടുക്കും വ്യാപിക്കുന്നതു കാണാം. നിയമം സാര്‍വ്വത്രികമാണ്. ഈ പ്രപഞ്ചം അതിന്റെ കാരണങ്ങളിലേക്കു ചെന്നു വിലയം പ്രാപിക്കും. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, ഭൂമി, ദേഹം, മനസ്സ്, ഉള്ളതെല്ലാം അതുകളുടെ സൂക്ഷ്മകാരണങ്ങളിലേക്കു തിരിച്ചു മാഞ്ഞുമറഞ്ഞു നശിച്ചതുപോലാകും. എന്നാല്‍ അവ കാരണങ്ങളായി സൂക്ഷ്മരൂപത്തില്‍ നിലനില്‍ക്കും. ഈ സൂക്ഷ്മരൂപങ്ങളില്‍നിന്നു പിന്നീട് അവ പുതിയ സൂര്യചന്ദ്രനക്ഷത്രഭൂമികളായി ആവിര്‍ഭവിക്കും.

ഈ ആരോഹാവരോഹങ്ങളെപ്പറ്റി ഒരു സംഗതികൂടി ധരിപ്പാനുണ്ട്. ബീജത്തില്‍നിന്നു വൃക്ഷമുണ്ടാകുന്നു, ശരി. എന്നാല്‍ അതു പെട്ടെന്നു വൃക്ഷമാകുന്നില്ല. അതിനു കുറഞ്ഞൊരു നിഷ്‌ക്രിയാസ്ഥ, അഥവാ സൂക്ഷ്മപ്രവൃത്തിയുടെ അവ്യക്താവസ്ഥ, ഉണ്ട്. ബീജത്തിനു മണ്ണിനടിയില്‍ കുറച്ചുനേരം പ്രവൃത്തിയുണ്ട്. അതു ഭേദിച്ച് വികൃതി പിണയുന്നതുപോലാകും. ആ ഹീനാവസ്ഥയില്‍നിന്നാണ് അതിനുല്‍ക്കര്‍ഷം. അതുപോലെ ഈ ബ്രഹ്മാണ്ഡത്തിനും കുറേക്കാലം അതിസൂക്ഷ്മരൂപത്തില്‍ അദൃശ്യമായി അവ്യക്തമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനാണ് അവ്യക്തം എന്നു പറയുന്നത്. അതില്‍നിന്നു സൃഷ്ടി തുടങ്ങുന്നു. ഒരു പ്രപഞ്ചത്തെ – പ്രപഞ്ചം സൂക്ഷ്മകാരണാവസ്ഥയില്‍ ലയിച്ചു കുറേക്കാലം അവിടെക്കിടന്നു വീണ്ടും പ്രപഞ്ചമായി പ്രകാശിക്കുന്ന കാലത്തെ – സംസ്‌കൃതഭാഷയില്‍ കല്പമെന്നു പറയുന്നു.

പ്രപഞ്ചം; ബ്രഹ്മാണ്ഡം (ന്യൂയോര്‍ക്ക്, ജനുവരി 19, 1896) – തുടരും