ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 28

അശ്രദ്ധയാ ഹുതം ദത്തം
തപസ്മപ്തം കൃതം ച യത്
അസദിത്യുച്യതേ പാര്‍ത്ഥ!
ന ച തത് പ്രേത്യ നോ ഇഹ.

അല്ലയോ അര്‍ജ്ജുനാ, ശ്രദ്ധ കൂടാതെ ചെയ്യുന്ന യജ്ഞവും ദാനവും തപസ്സും എന്നുവേണ്ട എന്തെല്ലാം ചെയ്യുന്നുവോ അതൊക്കെയും അസത്ത് എന്നു പറയപ്പെടുന്നു. എന്തെന്നാല്‍ പരലോകത്തിലും ഇഹലോകത്തിലും അവയെക്കൊണ്ട് യാതൊരു ഫലവുമില്ല.

മുകളില്‍ വിവരിക്കപ്പെട്ട ബ്രഹ്മനാമമാര്‍ഗ്ഗം ഉപേക്ഷിക്കുകയും ശ്രദ്ധയുടെ ആധാരശിലയെ ദുര്‍ബ്ബലപ്പെടുത്തുകയും ദുരാഗ്രഹം വളര്‍ത്തുകയും ചെയ്‌താല്‍, കോടി അശ്വമേധയാഗം നടത്തിയാലും ഭൂമിയെ നിറയ്ക്കത്തക്കവണ്ണം രത്നങ്ങള്‍ ദാനം ചെയ്താലും ആയിരം സംവത്സരം വിരല്‍തുമ്പില്‍ നിന്നുകൊണ്ട് തപസ്സ് അനുഷ്ഠിച്ചാലും വാരിധിയോളം വിസ്താരത്തില്‍ സരോവരങ്ങള്‍ നിര്‍മ്മിച്ചാലും അതെല്ലാം വ്യര്‍ത്ഥമാണ്. പാറമേല്‍ വീഴുന്ന ജലംപോലെ, ചാരത്തില്‍ അര്‍പ്പിക്കുന്ന ഹവിസ്സുപോലെ, നിഴലിനെ ആശ്ലേഷിക്കുന്നതുപോലെ, ആകാശത്തെ കൈകൊണ്ടു താഡിക്കുന്നതുപോലെ നീ ഏറ്റെടുക്കുന്ന കര്‍മ്മങ്ങളെല്ലാം നിഷ്ഫലങ്ങളാകും. പാറക്കഷണങ്ങള്‍ ചക്കിലിട്ട് ആട്ടിയാല്‍ എണ്ണയോ പിണ്ണാക്കോ കിട്ടുകയില്ല. അപ്രകാരമുള്ള കര്‍മ്മം പ്രയോജനരഹിതമാണ്. അശേഷം വിശ്വാസമില്ലാതെ അശ്രദ്ധയോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍കൊണ്ട് ഈ ലോകത്തില്‍ ആനന്ദത്തിന്റെ ആഹ്ലാദം ഒരിക്കലും ഉണ്ടാവുകയില്ല. അപ്പോള്‍ പിന്നെ പരലോകത്തെപ്പറ്റി പറയാനുണ്ടോ? ആകയാല്‍ ബ്രഹ്മനാമത്തില്‍ വിശ്വാസമില്ലാതെ, ശ്രദ്ധയില്ലാതെ ചെയ്യുന്ന ഏതു യത്നവും വെറും പാഴ്‍വേലയാണ്. അത് ഇഹത്തിലും പരത്തിലും ആധിയുണ്ടാക്കുന്നതിന് കാരണമായിത്തീരുകയേയുള്ളൂ.

വീര നരഹരിയും കലുഷകരിനാശകനായ കേസരിയും താപത്രയങ്ങളാകുന്ന തിമിരാന്ധകാരത്തെ അകറ്റുന്ന അംശുമാനും ലക്ഷ്മീനാഥനുമായ ശ്രീകൃഷ്ണന്‍ ഇപ്രകാരം പറഞ്ഞു. പൌര്‍ണമി നാളില്‍ തന്റെ സ്വന്തം കാന്തിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന പൂര്‍ണ്ണേന്ദുവിനെപ്പോലെ, അര്‍ജ്ജുനന്‍ ആത്മാനന്ദത്തിന്റെ കയങ്ങളില്‍ മുങ്ങിപ്പോയി.

സഞ്ജയന്‍ പറഞ്ഞു: അല്ലയോ രാജാവേ, ഈ യുദ്ധം ഒരു വാര്‍ത്തകനെപ്പോലെയാണ്. കൂര്‍ത്തുമൂര്‍ത്ത ശരങ്ങളാണ് അവന്റെ തൂക്കക്കല്ല്. അതുകൊണ്ട് അവന്‍ പടക്കളത്തില്‍ വീണ ജീവികളെ മാംസത്തെയെന്നപോലെ തൂക്കിനോക്കുന്നു. ഈ ദുസ്സമയത്തുപോലും അര്‍ജ്ജുനന്‍ ആനന്ദരാജ്യം ആസ്വദിക്കുന്നതിനു ഇടയായത് എങ്ങനെയാണ്? അവന്റെ ഭാഗ്യോദയം കൊണ്ടുമാത്രം.

ധൃതരാഷ്ട്രരെ സാകൂതം നോക്കിയിട്ട് സഞ്ജയന്‍ തുടര്‍ന്നു: അല്ലയോ കൌരവരാജാവേ, അര്‍ജ്ജുനന്‍ ശത്രുവാണ്. എങ്കിലും ശത്രുവില്‍ നന്മകാണുമ്പോള്‍ നാം ചില സമയം സന്തോഷിച്ചുപോകും. നമുക്ക് സ്വര്‍ഗ്ഗീയാനന്ദം നല്‍കിയ ഗുരുവിനെപ്പോലെയാണ് അര്‍ജ്ജുനന്‍. എന്തുകൊണ്ടെന്നാല്‍ അര്‍ജ്ജുനന്‍ ഭഗവാനോട് ആവശ്യപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഭഗവാന്‍ ആത്മജ്ഞാനത്തിന്റെ ഭണ്ഡാരം തുറന്നുകാണിക്കുമായിരുന്നില്ല; നമുക്ക് പരമാര്‍ത്ഥലാഭം നേടാനും കഴിയുമായിരുന്നില്ല. അജ്ഞാനതിമിരം ഹേതുവായി നാം ജനനമരണങ്ങളുടെ പാതയില്‍ക്കൂടിയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഭഗവാന്‍ നമ്മെ ആത്മപ്രകാശമന്ദിരത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നിരിക്കുന്നു. അര്‍ജ്ജുനന്‍ അങ്ങേയ്ക്കും എനിക്കും ചെയ്തുതന്നത് വലിയ ഉപകാരമാണ്. ആകയാല്‍ ഗുരുവെന്ന നിലയില്‍ അര്‍ജ്ജുനന്‍ വ്യാസഭ്രാതാവാണ്.

ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ സഞ്ജയന്‍ സ്വയം ചിന്തിച്ചു: ഞാന്‍ ഇപ്രകാരം ക്രമാതീതമായി അര്‍ജ്ജുനനെ സ്തുതിച്ചാല്‍ അത് ധൃതരാഷ്ട്രരുടെ ഹൃദയത്തെ മുറിപ്പെടുത്തും. അതുകൊണ്ട് അതിവിടെ നിര്‍ത്തുകയാണ് നല്ലത്.

സഞ്ജയന്‍ അപ്രകാരം ചെയ്തിട്ട് പാര്‍ത്ഥന്‍ പാര്‍ത്ഥസാരഥിയോടു ചോദിച്ച മറ്റൊരു വിഷയത്തെപ്പറ്റി പറയാനാരംഭിച്ചു. ഞാനും സഞ്ജയന്റെ മാര്‍ഗ്ഗം തുടര്‍ന്ന് അതേപ്പറ്റി നിങ്ങളോട് പറയാം. ശ്രദ്ധിച്ചു കേള്‍ക്കുക. നിവൃത്തിനാഥിന്റെ ശിഷ്യനായ ജ്ഞാനദേവന്‍ പറഞ്ഞു.

ഓം തത് സത്
ഇതി ശ്രീമദ്‌ ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
ശ്രദ്ധാത്രയവിഭാഗയോഗോ നാമ
സപ്തദശോഽധ്യായഃ