ആസ്തികനും നാസ്തികനും ഒരു പോലെ തന്നെ (67)


ആസ്തികനും നാസ്തികനും നില്‍ക്കുന്നത് ഒരേ സ്ഥലത്തുതന്നെയാണ്. നാസ്തികന്‍ ലോകത്തെ സ്വീകരിക്കുന്നു. പുറകിലൊരു ചൈതന്യമുണ്ടെന്നത് നിഷേധിക്കുന്നു. ആസ്തികന്‍ ഭഗവാനെ സ്വീകരിക്കുന്നു. ലോകത്തെ നിഷേധിക്കുന്നു. രണ്ടും വിഭജനമാണ്. ലോകത്തിനെതിരായി ചിന്തിക്കുന്നത് ഗീതക്കനുസൃതമല്ല. ലോകത്തേയും ഭഗവാനേയും വിഭജിക്കാതെ ഒന്നിച്ച് അറിയലാണ് ഗീത. ന‍ാം ഇതുവരെ പ്രപഞ്ചത്തെ പഠിച്ചത് പല അളവുകോലുകള്‍ വച്ചാണ്. ഈ അളവുകള്‍ക്കൊന്നും വഴങ്ങാത്തതാണ് പ്രപഞ്ചസത്യം.

സ്ത്രീകളുടെ കീര്‍ത്തി, ശ്രീ, വാക്ക്, ഓര്‍മ, ധൈര്യം, ക്ഷമ എന്നിവ ഭഗവാനാണ്. ഭഗവാനെന്ന വില സ്ത്രീകളുടെ വാക്കിന് നല്‍കണം. പുരുഷന്മാരേക്കാള്‍ ധൈര്യവും ക്ഷമയും സ്ത്രീകള്‍ക്കാണ്. ഛന്ദസ്സുകളില്‍ ഗായത്രിയാണ് ഭഗവാന്‍. ഒരു മതത്തിന്റേതുമല്ലാത്ത മന്ത്രമാണ് ഗായത്രി. സര്‍വ്വതിനും ആധാരമായ പരമസത്യത്തെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ ദേവന്‍ ധര്‍മ്മബോധം വന്ന ഞങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ എന്നാണു പ്രാര്‍ത്ഥന. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ ഗായത്രി ഉപാസന നടത്തിയാല്‍ മക്കള്‍ തേജസ്വികളാകുമെന്ന് ആചാര്യര്‍ പറയുന്നു.

അറിവിനെ പക്വതയില്ലാതെ സ്വീകരിക്കരുത്. അതാണ് പലതെറ്റിദ്ധാരണകള്‍ക്കും കാരണം. ആണവറിയാക്ടറില്‍ മുന്‍കരുതലില്ലാതെ കയറരുതെന്നതു പോലെയാണ് അത്. അതുകൊണ്ടാണ് ക്ഷേത്രങ്ങളില്‍ അറിവുള്ളവരേ പ്രവേശിക്കാവൂ എന്ന് പുരാതന കാലത്ത് പറഞ്ഞ്. എന്നാല്‍ ഇന്ന് പൂജകര്‍ക്കുപോലും ആ യോഗ്യതയുണ്ടോ എന്ന് ചിന്തിക്കണം. പൂജയെക്കാളുപരി ശാസ്ത്രമാണ് അവര്‍ക്കറിയേണ്ടത്. ബ്രഹ്മചൈതന്യത്തെ സാക്ഷാത്കരിച്ച ആര്‍ക്കും പൂജാരിയാക‍ാം, അവര്‍ മാത്രമേ ആകാവൂ. എന്നാലേ ക്ഷേത്രം ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗമാകൂ. അല്ലെങ്കില്‍ മറ്റുപലതുമായി അധഃപതിക്കും.

സാമഗാനങ്ങളില്‍ ബൃഹത്സാമവും മാസങ്ങളില്‍ ധനുവും ഋതുക്കളില്‍ വസന്തവും തേജസ്വികളുടെ തേജസ്സും ജയവും പരിശ്രമവും സജ്ജനങ്ങളുടെ സത്വഗുണവും വൃഷ്ണികളില്‍ വാസുദേവനും പാണ്ഡവരില്‍ അര്‍ജുനനും മുനികളില്‍ വ്യാസനും കവികളില്‍ ശുക്രനും ജയേച്ഛുക്കളുടെ നീതിയും രഹസ്യങ്ങളിലെ മൌനവും ജ്ഞാനികളുടെ ജ്ഞാനവും ഭഗവനാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 4 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. February 24th, 2010 11:25 am IST യ്ക്ക് കാട്ടിപ്പരുത്തി:

    ശ്രേയസ്-
    ഇതെല്ലാം വാക്കുകൾ കൊണ്ടുള്ള ഒരു മാന്ത്രികതയിലപ്പുറം എന്താണു വിഷയവുമായി സംവദിക്കുന്നത്

    നാസ്തികന്‍ ലോകത്തെ സ്വീകരിക്കുന്നു. പുറകിലൊരു ചൈതന്യമുണ്ടെന്നത് നിഷേധിക്കുന്നു. ആസ്തികന്‍ ഭഗവാനെ സ്വീകരിക്കുന്നു. ലോകത്തെ നിഷേധിക്കുന്നു.

    എന്നു പറയുമ്പോൾ അതെങ്ങിനെ ഒന്നാകും. രണ്ടു തന്നെയല്ലെ.

    അറിവിനെ പക്വതയില്ലാതെ സ്വീകരിക്കരുത്. അതാണ് പലതെറ്റിദ്ധാരണകള്‍ക്കും കാരണം. ആണവറിയാക്ടറില്‍ മുന്‍കരുതലില്ലാതെ കയറരുതെന്നതു പോലെയാണ് അത്. അതുകൊണ്ടാണ് ക്ഷേത്രങ്ങളില്‍ അറിവുള്ളവരേ പ്രവേശിക്കാവൂ എന്ന് പുരാതന കാലത്ത് പറഞ്ഞ്.-

    ഇത് ചരിത്രവുമായി ഒത്ത് പോകുന്നില്ലല്ലോ- ജന്മം കൊണ്ട് കുറഞ്ഞവര്‍ ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത് എന്നായിരുന്നു മുമ്പ് പറഞ്ഞത്, ഇപ്പോൾ ഒരു വ്യഖ്യാനത്തിലൂടെ ബ്രാഹ്മണൻ മാത്രമാണു വിവരമുൾലവൻ എന്നു സമര്‍ത്ഥിക്കാം. പക്ഷെ മന്ദബുദ്ധിയുള്ള ബ്രാഹ്മണനെ ആരും ക്ഷേത്രങ്ങളിൽ നിന്നും തടഞ്ഞിരുന്നില്ല, മാത്രമല്ല അറിവ് ഒരു മതിൽ കെട്ടിനകത്തല്ലല്ലോ? മനസ്സിലല്ലേ ഉണ്ടാകുന്നത്. ഒരു പണ്ഡിതന്റെ സാമിപ്യം മാത്രം അറിവ് പകരില്ലല്ലോ? ചില വായനകൾ അവസാനം വരെ നമ്മെ കൊണ്ട് പോകും, ഒരു മാസ്മരികതയിൽ, പക്ഷെ ഒന്നും ബാക്കി തരില്ല, ഖേദകരമെന്ന് പറയട്ടെ ഈ പോസ്റ്റ് അങ്ങിനെ എനിക്കനുഭവപ്പെടുന്നു, എന്റെ കുറവായിരിക്കാം.

  2. February 24th, 2010 12:12 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ കാട്ടിപ്പരുത്തി:

    താങ്കള്‍ക്കു ഈ പോസ്റ്റ്‌ ഉപയോഗപ്പെട്ടില്ല എന്നതില്‍ സങ്കടം ഉണ്ട്, ക്ഷമിക്കുക.

    അറിവ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നാം സാധാരണ ഉപയോഗിക്കുന്ന അര്‍ത്ഥത്തിലല്ല. (ഈ വെബ്സൈറ്റിലെ PDF അല്ലെങ്കില്‍ ഓഡിയോ ശ്രവിച്ചാല്‍ കൂടുതല്‍ നല്ലതായിരിക്കും.)

    താങ്കളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഈ വാക്യങ്ങള്‍ക്കു ശേഷം, അടുത്തുതന്നെയുണ്ടല്ലോ.

    1. രണ്ടും വിഭജനമാണ്. (അതിനാല്‍ വ്യത്യാസമില്ല.) ലോകത്തിനെതിരായി ചിന്തിക്കുന്നത് ഗീതക്കനുസൃതമല്ല. ലോകത്തേയും ഭഗവാനേയും വിഭജിക്കാതെ ഒന്നിച്ച് അറിയലാണ് ഗീത.

    2. ബ്രഹ്മചൈതന്യത്തെ സാക്ഷാത്കരിച്ച ആര്‍ക്കും പൂജാരിയാകാം, അവര്‍ മാത്രമേ ആകാവൂ. (അങ്ങനെയുള്ളവര്‍ മാത്രമേ ക്ഷേത്ര ശ്രീകോവിലില്‍ കയറാവൂ എന്നാണര്‍ത്ഥം.)

    സന്ദര്‍ശിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും വളരെ നന്ദി.

  3. February 24th, 2010 6:37 pm IST യ്ക്ക് രാജേഷ്‌ ക r:

    ശ്രേയസേ…ഒരു മുമുക്ഷു ആണെന്നറിയുന്നതില്‍ സന്തോഷം. പക്ഷെ ബ്രഹ്മചൈതന്യത്തെ സാക്ഷാത്കരിച്ചവന്‍ എന്തിന് പൂജാരിയാകണം….പി എച്ച് ഡി കാരന്‍ പ്യൂണ്‌ന്റെ പണിചെയ്യേണ്ട കാര്യമുണ്ടോ….

  4. February 24th, 2010 7:01 pm IST യ്ക്ക് ശ്രീ (sreyas.in):

    @ശ്രീ രാജേഷ്‌: വളരെ നല്ല ചോദ്യം, ഉത്തരം അറിയില്ല!
    എന്നിരുന്നാലും, വല്ലപ്പോഴും പി എച്ച് ഡി കാരന്‍ ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നത്‌ നല്ലതാണ്. അതിനായി ഡീപീഈപീ ഫോളോ ചെയ്യേണ്ടി വരുമല്ലോ.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/astika-nastika-are-same-gita-67
ഇമെയില്‍ : sree@sreyas.in