സ്വാമി വിവേകാനന്ദന്‍

ഈ പ്രത്യക്ഷജ്ഞാനമെല്ലാം അടിഞ്ഞുകൂടിക്കിടക്കുന്ന കേന്ദ്രത്തെ മൂലാധാരമെന്നും ചുരുണ്ടുകിടക്കുന്ന ബോധകശക്തിയെ കുണ്ഡലിനി എന്നും പറയുന്നു. ഈ കേന്ദ്രത്തില്‍ത്തന്നെ കാരകശക്തിയും അടിഞ്ഞുകൂടിക്കിടക്കുന്നു എന്നതു വളരെ സംഭാവ്യമാകുന്നു. എന്തുകൊണ്ടെന്നാല്‍ ബാഹ്യവിഷയങ്ങളെപ്പറ്റി ഗാഢമായാലോചിക്കയോ ധ്യാനിക്കയോ ചെയ്താല്‍ അതിനുശേഷം മൂലാധാരമിരിക്കുന്ന ആ ഭാഗം ചൂടുപിടിച്ചതായി കാണാം. ഈ കുണ്ഡലിതശക്തിയെ ഉണര്‍ത്തി, ഇളക്കി, ബോധപൂര്‍വ്വം സുഷുമ്‌നാനാളത്തില്‍ക്കൂടെ മേലേ്പാട്ടു സഞ്ചരിപ്പിച്ചാല്‍ അത് ഓരോ കേന്ദ്രത്തിലും ചെന്നുതട്ടുമ്പോള്‍ അതിശക്തിമത്തായ പ്രതികരണമുണ്ടാകും. ശക്തിയുടെ ലേശാംശം, നാഡീമാര്‍ഗ്ഗം സഞ്ചരിച്ച്, ഓരോ കേന്ദ്രത്തില്‍ പ്രതികരണമുണ്ടാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രത്യക്ഷജ്ഞാനമാണ് സ്വപ്നവും ഭാവനയും. അങ്ങനെയിരിക്കെ ദീര്‍ഘകാലത്തെ അന്തര്‍ധ്യാനബലത്താല്‍ സംഭൃതമായ മഹാശക്തിരാശി സുഷുമ്‌നാമാര്‍ഗ്ഗം സഞ്ചരിച്ച് കേന്ദ്രങ്ങളില്‍ ചെന്നടിക്കുമ്പോള്‍ ഉണ്ടാകുന്ന തിരിച്ചടി അത്യുത്ക്കടമായിരിക്കും: അതു സ്വപ്നരൂപപ്രതികരണങ്ങളെക്കാള്‍ എത്രയോ ഗംഭീരമായിരിക്കും: ഇന്ദ്രിയപ്രത്യക്ഷമെന്ന പ്രതികരണത്തെക്കാളും എത്രയോ അധികം ഉജ്ജ്വലമായിരിക്കും. അതാണ് അതീന്ദ്രിയപ്രത്യക്ഷം. അങ്ങനെ സഞ്ചരിച്ചു ആ ശക്തി സര്‍വ്വബോധതലസ്ഥാനമായ തലച്ചോറിലെത്തുമ്പോള്‍ മസ്തിഷ്‌കം ആകമാനം പ്രതിസ്ഫുരിക്കുന്നു; അതിന്റെ ഫലം പൂര്‍ണ്ണജ്ഞാനപ്രകാശം, ആത്മദര്‍ശനം ആണ്. ഈ കുണ്ഡലിനീശക്തി ഓരോ കേന്ദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിന്റെ അടുക്കുകള്‍ ഓരോന്നായി തുറക്കുന്നു: അപ്പോള്‍ യോഗിക്കു ജഗത്തിനെ അതിന്റെ സൂക്ഷ്മമായ കാരണ രൂപത്തില്‍ കാണാറാകയും ചെയ്യുന്നു. ഇന്ദ്രിയപ്രത്യക്ഷം, മാനസ പ്രത്യക്ഷം എന്നീ രണ്ടു രൂപത്തിലും ജഗത്കാരണങ്ങള്‍ അപ്പൊഴേ ഉള്ളതിന്‍വണ്ണം അറിയപ്പെടൂ. അതില്‍നിന്നു സര്‍വ്വജ്ഞാനവും കൈവരികയും ചെയ്യും. കാരണജ്ഞാനത്തെത്തുടര്‍ന്നു കാര്യജ്ഞാനം അവശ്യം ഉണ്ടാകുമല്ലോ.

ഇപ്രകാരം കുണ്ഡലിനിയെ ഉണര്‍ത്തുക എന്ന ഒറ്റ മാര്‍ഗ്ഗമേയുള്ളു. ദിവ്യജ്ഞാനം – അതീന്ദ്രിയപ്രത്യക്ഷം – ആത്മാസാക്ഷാത്ക്കാരം – പ്രാപിക്കുവാന്‍ ഈ പ്രബോധനം പല വഴിക്കുമുണ്ടാകാം. ഈശ്വരനോടുള്ള പരാനുരക്തിയോ, സിദ്ധപുരുഷന്മാരുടെ കാരുണ്യമോ, തത്ത്വജ്ഞാനിയുടെ (നിത്യാനിത്യവസ്തു) വിവേകശക്തിയോ അതിനു വഴിയാകാം. അതിമാനുഷമെന്നു സാധാരണയായി പറയുന്ന ശക്തിയോ ജ്ഞാനമോ എവിടെയൊക്കെ പ്രകാശിപ്പിച്ചിട്ടുണ്ടോ അവിടെയൊക്കെ കുണ്ഡലിനീശക്തിയുടെ ഒരു ലേശം സുഷുമ്‌നയില്‍ ഒഴുകിക്കയറിയിരിക്കണം. എന്നാല്‍ ആവക മിക്ക സംഗതികളിലും കുണ്ഡലിതമായ ശക്തിയുടെ ഒരു കണികയെ സ്വതന്ത്രമാക്കി വിടുന്ന ഒരഭ്യാസത്തില്‍ അവര്‍ അറിയാതെ ചെന്നു വീഴുകയാണുണ്ടായിട്ടുള്ളത്. ആരാധനകളെല്ലാം അറിഞ്ഞോ അറിയാതെയോ ഈ അന്തിമസ്ഥാനത്തേക്കാണു വഴികൂട്ടുന്നത്. ഒരാള്‍ തന്റെ പ്രാര്‍ത്ഥനകള്‍ ഫലിച്ചുവരുന്നതായി കരുതുന്നു. എന്നാല്‍, ആ സാഫല്യം തന്റെ പ്രകൃതിയില്‍നിന്നുതന്നെയാണു വരുന്നതെന്ന്, തന്നില്‍ കുണ്ഡലിതമായിക്കിടക്കുന്ന അനന്തശക്തിയുടെ ലേശാംശത്തെ പ്രാര്‍ത്ഥനാത്മകമായ മനോഭാവംകൊണ്ട് ഉണര്‍ത്തി വിടാന്‍ സാധിച്ചതാണെന്ന്, അയാള്‍ അറിയുന്നില്ല. അങ്ങനെ, പേടിച്ചോ ദുഃഖിച്ചോ, മനുഷ്യന്‍ പല പേരുകള്‍ പറഞ്ഞ്, അറിവില്ലാതെ ആരാധിച്ചിരുന്നത് ഏതിനെയോ അതു സര്‍വ്വജീവിയിലും കുണ്ഡലിതമായിക്കിടക്കുന്ന യഥാര്‍ത്ഥ ശക്തിയാകുന്നു, വഴിപോലെ ഉപാസിച്ചാല്‍ നിത്യാനന്ദദായിനിയായ മാതാവാകുന്നു, എന്നു യോഗി ലോകസമക്ഷം പ്രഖ്യാപിക്കുന്നു. രാജയോഗമാകട്ടെ, മതത്തിന്റെ ശാസ്ത്രമാണ്: അതായത്, എല്ലാ ആരാധനകളുടെയും പ്രാര്‍ത്ഥനകളുടെയും പ്രതീകങ്ങളുടെയും കര്‍മ്മകലാപങ്ങളുടെയും അലൗകിക സംഭവങ്ങളുടെയും യുക്തിദര്‍ശനമത്രേ രാജയോഗം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 4. പേജ് 199-201]