യുക്തിവാദികളോ യുക്തിരഹിതവാദികളോ?


നമ്മുടെ സമൂഹത്തിലും ഈ ബ്ലോഗ് ലോകത്തിലും യുക്തിവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ ധാരാളം ഉണ്ട്. സമൂഹത്തില്‍ പണ്ടുമുതലേ നിലനില്ക്കുന്ന എന്തിനേയും തള്ളിപ്പറയുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് യുക്തിവാദം എന്ന വാക്ക് ഉപയോഗിച്ച് കാണുന്നത്. അതായത് യുക്തിവാദി എന്നാല്‍ നിഷേധി എന്ന അര്‍ത്ഥത്തില്‍.

നമുക്കു ഈ വാക്കുകളുടെ അര്‍ത്ഥം നോക്കാം.

യുക്തി എന്നാല്‍
•   കാര്യകാരണബന്ധം;
•   കാര്യകാരണബന്ധം കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന പ്രക്രിയ.
•   കാര്യകാരണബന്ധത്തോടുകൂടി വസ്തുക്കളെ ക്രമീകരിക്കുകയോ സമര്‍ത്ഥിക്കുകയോ ചെയ്യുന്ന മനോവ്യാപാരം;
•   കാര്യകാരണബന്ധത്തോടുകൂടിയുള്ള ചിന്ത.

യുക്തിവാദം എന്നാല്‍
•   കാര്യകാരണബന്ധത്തോടുകൂടിയ വാദം;
•   കാര്യകാരണബന്ധത്തെ പ്രമാണമാക്കിക്കൊണ്ടുള്ള ചിന്താപദ്ധതി, തര്‍ക്കശാസ്ത്രപദ്ധതി.

യുക്തിവാദി എന്നാല്‍
•   കാര്യകാരണബന്ധത്തെ പ്രമാണമാക്കിക്കൊണ്ടു ചിന്തിക്കുകയും വാദിക്കുകയും ചെയ്യുന്നവന്‍;
•   കാര്യകാരണബന്ധത്തെ മാത്രം പ്രമാണമായി അംഗീകരിക്കുന്നവന്‍.

പഴമയെ യുക്തി ഉപയോഗിച്ചു ശരിയേത്, തെറ്റേത് എന്ന് മനസ്സിലാക്കി, ശരിയെ അംഗീകരിക്കുകയും തെറ്റിനെ തിരുത്തുകയും അല്ലേ യുക്തി?

യുക്തിവാദികളുടെ തലതൊട്ടപ്പനായ ശ്രീ ജോസഫ് ഇടമറുക് എഴുതിയ ‘ഉപനിഷത്ത് ഒരു വിമര്‍ശനപഠനം’ എന്ന പുസ്തകം ഈയിടെ വായിച്ചു. ഈ പുസ്തകം വാങ്ങുമ്പോള്‍ ഈയുള്ളവന് നല്ല പ്രതീക്ഷയുണ്ടായിരുന്നു, കാരണം യുക്തി ഉപയോഗിച്ചു ഒന്നിനെ വിമര്‍ശിക്കുന്നതാണ് അതിനെ കൂടുതല്‍ പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. പക്ഷെ, ഉപനിഷത്ത് എന്തെങ്കിലും നല്ല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാന്‍ അദ്ദേഹം തയ്യാറല്ല. എന്തൊക്കെ കുറ്റങ്ങളുണ്ട്‌ പറയാന്‍ എന്ന് മാത്രം നോക്കിയാല്‍ അത് വിമര്‍ശനം ആവും എന്നാണോ? തൊണ്ണൂറ്റൊമ്പത്‌ ശതമാനം ശരിയും കാണാതെ ഒരു ശതമാനം തെറ്റായി വ്യാഖ്യാനിച്ചാല്‍ ഉപനിഷത്ത് തെറ്റാവുമോ? വ്യാഖ്യാനിക്കുന്ന ആള്‍ക്കാര്‍ വരുത്തുന്ന തെറ്റിന് ആര് സമാധാനം പറയും? അല്ലെങ്കില്‍തന്നെ ഉപനിഷത്ത് അല്ലെങ്കില്‍ നമ്മുടെ പൈതൃകം തെറ്റാണെന്ന് സ്ഥാപിച്ചാല്‍ നാം യുക്തിയുള്ളവര്‍ ആവുമോ? അതായിരിക്കുമോ ഒരു വികസിത സമൂഹത്തിന്‍റെ ലക്ഷണം?

മുന്‍ രാഷ്ട്രപതി ശ്രീ അബ്ദുല്‍കലാം കഴിഞ്ഞ ദിവസം പറഞ്ഞു – ഐന്‍സ്റ്റീന്‍റെ തിയറികളും ഉപനിഷത്തുക്കളും ശങ്കരാചാര്യരുടെ വിവേകചൂഡാമണി തുടങ്ങിയവയും ചേര്‍ത്ത് ഗവേഷണം നടത്തണം എന്ന്. ഭാരതത്തിന്‍റെ പൈതൃകം ഉള്‍ക്കൊണ്ട് അദ്ദേഹം പറഞ്ഞ ഈ വാക്കുകള്‍ വളച്ചോടിക്കാനേ പലര്‍ക്കും കഴിയൂ. ഒരു മിസ്സൈല്‍ ശാസ്ത്രജ്ഞന്‍ അങ്ങനെ പറയാമോ?! അതൊക്കെ സയന്‍സിനെ അവഹേളിക്കലല്ലേ എന്നാണ് അവരുടെ ചോദ്യം! ചോദിക്കുന്നവര്‍ ഒന്നുകില്‍ പൈതൃകം പഠിച്ചിട്ടു പറയണം അല്ലെങ്കില്‍ ഒരു നല്ല ശാസ്ത്രജ്ഞന്‍ ആയിരിക്കണം, അല്ലാതെ വായില്‍ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയല്‍ തുടങ്ങിയാല്‍ എന്തെങ്കിലും പ്രയോജനമുണ്ടോ?

നമ്മള്‍ എല്ലാവരും ഈ ജീവിതകാലത്ത് യുക്തിവാദികള്‍ ആയിരിക്കണം എന്നാണ് ഈയുള്ളവന്‍റെ മതം. എന്തിനേയും യുക്തി ഉപയോഗിച്ച്, സ്വന്തം ചിന്താശേഷി ഉപയോഗിച്ച്, വിവേകം ഉപയോഗിച്ച് നേരിടുക, മനസിലാക്കുക. മുന്‍വിധികള്‍ മാറ്റിവയ്ക്കുക. അതുതന്നെയാണ് യഥാര്‍ത്ഥ ആത്മീയം എന്നും ഈയുള്ളവന്‍ വിശ്വസിക്കുന്നു.

ഓര്‍ക്കുക, കണ്ണടച്ച് ഇരുട്ടാക്കിയാല്‍ തനിക്കുള്ള വെളിച്ചം മാത്രം നഷ്ടപ്പെടും, മറ്റുള്ളവര്‍ക്ക് ഒരു നഷ്ടവും സംഭവിക്കുകയുമില്ല. വാദിക്കാനും ജയിക്കാനുമല്ലാതെ അറിയാന്‍വേണ്ടി നിങ്ങളുടെ യുക്തി ഉപയോഗിക്കൂ.

November 11th, 2008|വിഭാഗം: ശ്രീയുടെ ലേഖനങ്ങള്‍
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 6 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 12th, 2008 11:23 am IST യ്ക്ക് paarppidam:

    നനനയിരിക്കുന്നു.ഭാരതീയമായതിനെ പഠിക്കുന്നത് യുക്തിവാദത്തിനു ചേർന്നതല്ല എന്ന് കരുതുന്നവർ ഉണ്ട്.കലാമിനെപ്പോളെ മഹാനായ ആളുകൾ കാര്യങ്ങൾ അറിഞ്ഞ് അതിലെ നെല്ലും പതിരും തിരിച്ചറിയുന്നു.നമ്മുടെ പാരമ്പര്യത്തെ തള്ളി പടിഞ്ഞാറിനെ പിന്തുടരണം എന്ന് കരുതുന്ന പലരും ഉണ്ട്, അവർകിടയിൽ കലാം എന്ന ശാസ്ത്രഞ്ജൻ തികച്ചും വ്യത്യസ്ഥനാകുന്നന്ത് അവിടെ ആണ്.

  2. November 12th, 2008 11:54 am IST യ്ക്ക് ഭൂമിപുത്രി:

    അബ്ദുൾക്കലാം പറഞ്ഞ ‘ഗവേഷണ’ത്തിനു പുറപ്പടണമെങ്കിൽ,ഒരന്വേഷാത്മക ബുദ്ധി എല്ലാത്തിനേയും പറ്റി ആദ്യമേ വേണം.അതല്ലേ യഥാർത്ഥ ശാസ്ത്രാഭിമുഖ്യം?

  3. November 12th, 2008 12:02 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    @ശ്രീ ഭൂമിപുത്രി,
    അതെ, അന്വേഷാത്മകബുദ്ധി – അതുതന്നെയല്ലേ ഒരു ശാസ്ത്രജ്ഞനും സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവനും വേണ്ടത്? Seekers.
    അപ്പോള്‍ നമ്മുടെ വേദങ്ങളും ഉപനിഷത്തുക്കളും ഒക്കെ എഴുതിയവര്‍ അക്കാലത്തെ അന്വേഷകര്‍ അഥവാ ശാസ്ത്രജ്ഞര്‍ തന്നെയല്ലേ.

  4. November 12th, 2008 2:31 pm IST യ്ക്ക് ബഷീര്‍ വെള്ളറക്കാട്‌ / pb:

    read

  5. June 30th, 2009 11:48 pm IST യ്ക്ക് മനസ്:

    yukthi vadam endanenn viakthamakunna nalla lekhanam

  6. September 4th, 2009 10:28 am IST യ്ക്ക് Abdul Latheef:

    ‘’അന്ന് ഘടികാരം ഉണ്ടായിരുന്നിരിക്കില്ല, അതല്ല ഉണ്ടായിരുന്നെങ്കിലും പണിയെടുക്കുന്ന പാവങ്ങള്‍ക്ക് വാച്ച് ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ കടുത്ത മരുഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് സൂര്യനെ ആധാരമാക്കി ഒരു സമ്പ്രദായം ആണ് നല്ലത്. …….
    മനുഷ്യന് യുക്തി തന്നിരിക്കുന്നതും അല്ലാഹു ആണെങ്കില്‍, ആ യുക്തി ഉപയോഗിച്ചു അല്ലാഹുവിനെ നമസ്കരിച്ചു കൂടെ?’’

    ജബ്ബാര്‍മാഷിന്റെ ബ്ളോഗില്‍ താങ്കളിട്ട മേല്‍കൊടുത്ത മിതമായ യുക്തിപൂര്‍ണമായ അഭിപ്രായമാണ് താങ്കളുടെ ബ്ളോഗിലേക്ക് എന്നെ നയിച്ചത്. അധികം വായിച്ചിട്ടില്ലെങ്കിലും വിഷയങ്ങളില്‍ കാണിക്കുന്ന താങ്കള്‍ സത്യസന്ധത എനിക്കിഷ്ടപ്പെട്ടു. മതങ്ങളെ അല്‍പം യുക്തിപൂര്‍ണമായി സമീപിക്കുന്നത് നല്ലകാര്യമാണ് എന്ന് കരുതുന്നവനാണ് ഞാന്‍.
    പക്ഷേ ഇന്ന് നിലവില്‍ യുക്തിവാദത്തിന്റെ ബാനറില്‍ നടത്തപ്പെടുന്നത് മനുഷ്യസ്നേഹത്തിലധിഷ്ഠിതമാമെന്നതിനെക്കാള്‍ മറ്റുചില താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ളതാണ് എന്നാണ് എന്റെ അഭിപ്രായം. താങ്കളുടെ ശ്രമങ്ങള്‍ക്ക് പിന്തുണയറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/atheist-yukhtivaadi
ഇമെയില്‍ : sree@sreyas.in