സ്വാമി വിവേകാനന്ദന്‍

ഈ ശരീരം സ്വയംപ്രകാശമല്ല. ആയിരുന്നുവെങ്കില്‍ ശവശരീരത്തിലും ജ്ഞാനപ്രകാശമുണ്ടാകണം. അതുപോലെ മനസ്സും (ക്രിസ്ത്യന്‍മാര്‍ പറയുന്ന) ആത്മശരീരവും സ്വയം പ്രകാശമല്ല. അവയില്‍ ജ്ഞാനശക്തിയില്ല. സ്വയം പ്രകാശമുള്ളതു ക്ഷയിക്കില്ല. പരപ്രകാശത്തില്‍ വിളങ്ങുന്നതിന്റെ പ്രകാശത്തിനു പോക്കുവരവുണ്ട്. സ്വയം പ്രകാശിക്കുന്നതിന് – പ്രകാശംതന്നെയായിരിക്കുന്നതിന് – ഉല്പത്തിയോ നാശമോ ക്ഷയമോ വൃദ്ധിയോ എങ്ങനെയുണ്ടാകും? ചന്ദ്രനു വൃദ്ധിക്ഷയങ്ങളുണ്ട്: അതു സൂര്യപ്രകാശത്താല്‍ മാത്രം ശോഭിക്കുന്നതുകൊണ്ട് ഒരു കഷണം ഇരുമ്പു തീയിലിട്ടു പഴുപ്പിച്ചാല്‍ അതു തിളങ്ങും. എന്നാല്‍ അതു തണുക്കുംതോറും പ്രകാശം പൊയ്‌പോകയും ചെയ്യും. അതു മറ്റൊന്നിന്റെ പ്രകാശം നിമിത്തമുള്ളതായിരുന്നു. അതുകൊണ്ട് അന്യപ്രകാശം തട്ടി പ്രകാശിക്കുന്നതിനു വൃദ്ധിക്ഷയങ്ങളുണ്ട്: സ്വയം പ്രകാശിക്കുന്നതിന്നില്ല.

അപ്പോള്‍ സ്ഥൂലശരീരം സ്വയം പ്രകാശിക്കുന്നതല്ല, പ്രകാശം അതിന്റെ സ്വഭാവമല്ല, അതിനു തന്നെത്താന്‍ അറിവാന്‍ കഴിവില്ല: ആവിധംതന്നെ മനസ്സും. അതെങ്ങനെ അറിയാം? മനസ്സിനു വൃദ്ധിയും ക്ഷയവുമുണ്ട്. ചിലപ്പോള്‍ അതിനു ബലം, ചിലപ്പോള്‍ ക്ഷീണം, ബാഹ്യപദാര്‍ത്ഥമേതും അതിനെ ബാധിക്കയും ചെയ്യും. അതുകൊണ്ടു മനസ്സു വഴിയായി കാണുന്ന പ്രകാശം മനസ്സിന്റേതല്ല. എങ്കില്‍ അതേതിന്റെ? പ്രകാശം സ്വന്തമായി, സ്വഭാവമായിരിക്കുന്നതേതിന്റേയോ, അതിന്റെ: ക്ഷയനാശങ്ങളോ കൂടുതല്‍ കുറവുകളോ ഇല്ലാതെ നിത്യപ്രകാശസ്വഭാവമായി, പ്രകാശരൂപമായിരിക്കുന്നതേതോ അതിന്റെ – ആത്മാവിന്റെ. ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ: അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ: അത് ഉണ്‍മതന്നെയാണ്. അതിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്: ആനന്ദം ഉള്ളതിന് അതു മറ്റൊന്നില്‍നിന്നു വന്നതാണ്: ജ്ഞാനം ഉള്ളതിന് അതു മറ്റൊന്നില്‍നിന്നു ലഭിച്ചതാണ്: ഉണ്‍മ (സത്ത) ഉള്ളതിന് അതു മറ്റൊന്നില്‍നിന്നു പ്രതിബിംബിച്ചതാണ്. ഇതുകള്‍ ഗുണമായി കാണുന്നതെവിടെയോ, അവിടെ വേറെ വസ്തുവുണ്ട്. അവിടെ നിന്നു പ്രതിബിംബിച്ചവയാണിവ. ആത്മാവില്‍ ഇവ ഗുണങ്ങളായി ചേര്‍ന്നവയല്ല. അവതന്നെയാണ് ആത്മാവ്, ആത്മാവിന്റെ സത്തും സ്വഭാവവും അവയാണ്.

ഇതൊക്കെ സമ്മതിക്കുന്നതെന്തിന് എന്നൊരു ചോദ്യമുണ്ടാകാം: സത്തും ചിത്തും ആനന്ദവും ആത്മസ്വഭാവമാണെന്നും അല്ലാതെ ആത്മാവിനു മറ്റൊരു വസ്തുവില്‍നിന്നു വന്നുചേര്‍ന്ന ഗുണമല്ലെന്നും സമ്മതിക്കുന്നതെന്തിന്? ശരീരത്തിന്റെയും മനസ്സിന്റെയും കാര്യത്തിലെന്നപോലെ ആത്മാവിന്റെ കാര്യത്തിലും ഇവ അന്യഗുണസംക്രമമാണെന്നു പറഞ്ഞുകൂടേ എന്നു ചോദിക്കാം. ആ ചോദ്യത്തിനു നില കിട്ടില്ല എന്നാണ് അതിനു ദോഷം. അവ മറ്റൊന്നില്‍നിന്നാണ് ആത്മാവിനു ലഭിച്ചതെന്നു പറഞ്ഞാല്‍പ്പിന്നെ ആ മറ്റൊന്നിന് അവ എവിടെ നിന്നു കിട്ടി എന്നു ചോദിക്കാം. ആ ചോദ്യം അറുതിയില്ലാതെ തുടര്‍ന്നുപോകാം. ഒടുക്കം ഒരു സ്വയംപ്രകാശവസ്തുവിനെ സ്വീകരിക്കാതെ കഴിയില്ല. അതുകൊണ്ട്, അങ്ങനെ സ്വയംപ്രകാശമുള്ളതിനെ എപ്പോള്‍ സ്വീകരിക്കാമെന്നു കാണുന്നുവോ അപ്പോള്‍ അതു സ്വീകരിച്ച് അന്വേഷണം അവസാനിപ്പിക്കുന്നതാണ് ന്യായം. അപ്പോള്‍ മനുഷ്യന് ആദ്യമായി സ്ഥൂലശരീരമുണ്ട്. രണ്ടാമതു മനോബുദ്ധ്യഹങ്കാരസഹിതമായ സൂക്ഷ്മശരീരം. അതുകള്‍ക്കപ്പുറം ആത്മാവ്. ശരീരത്തിന്റെ ശക്തികളും ഗുണങ്ങളും മനസ്സില്‍നിന്നും, മനസ്സിന്റേത് ആത്മാവില്‍നിന്നും വന്നിട്ടുള്ളതാണെന്നു കണ്ടുവല്ലോ.

ഇനി ആത്മസ്വഭാവത്തെപ്പറ്റി പല സംഗതികളും ആലോചിപ്പാനുണ്ട്. ആത്മാവുണ്ടെന്നത് അതിന്റെ സച്ചിദാനന്ദമയമായ സ്വയം പ്രകാശത്വത്തില്‍നിന്ന് ഊഹിച്ചതാണെങ്കില്‍, അതു സൃഷ്ടിക്കപ്പെട്ടതല്ലെന്നു സിദ്ധം. അന്യനിരപേക്ഷമായി സ്വയം പ്രകാശമാനമായ വസ്തു മറ്റൊന്നില്‍നിന്നുദ്ഭവിക്കുന്നതല്ല. അതു നിത്യമാണ്. അത് ഉണ്ടായിരുന്നില്ലാത്ത കാലം ഉണ്ടായിട്ടില്ല. ആത്മാവില്ലായിരുന്നുവെങ്കില്‍ കാലമെന്നത് എവിടെ? കാലം ആത്മാവിലാണ്. ആത്മാവ് സ്വശക്തികളെ മനസ്സിലേക്ക് പ്രതിഫലിപ്പിച്ച്, മനസ്സ് വിചാരദശയില്‍ പ്രവേശിക്കുമ്പോഴത്രേ കാലമുണ്ടാകുന്നത്. ആത്മാവില്ലാതെ വിചാരമില്ല, വിചാരമില്ലാതെ കാലവുമില്ല. അങ്ങനെ കാലം ആത്മാവിലാണെന്നിരിക്കെ ആത്മാവു കാലാധീനമാകുന്നതെങ്ങനെ? അതിനു ജനനമോ മരണമോ ഇല്ല. എന്നാല്‍ അതു വിവിധാവസ്ഥകളില്‍ക്കൂടെ കടന്നുപോകുന്നു: താണനിലകളില്‍നിന്ന് ഉയര്‍ന്ന നിലകളിലേക്കു പതുക്കെപ്പതുക്കെ സ്വയം പ്രകാശിക്കുന്നു. മനസ്സില്‍ക്കൂടെ ദേഹത്തില്‍ വ്യാപരിച്ച് സ്വമാഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. അതു ദേഹത്തില്‍ക്കൂടെ ബാഹ്യപ്രപഞ്ചത്തെ ഗ്രഹിക്കുകയും മനസ്സിലാക്കുകയുമാണ് ചെയ്യുന്നത്. ഒരു ശരീരം ധരിച്ച് അതുപയോഗിച്ച്, അത് ഉപയോഗശൂന്യമാകുമ്പോള്‍ ത്യജിച്ച്, മറ്റൊന്ന് കൈക്കൊള്ളുന്നു.

ബഹുരസകരമായ ഒരു ചോദ്യമാണ് ഇനി വരുന്നത് – പുനര്‍ജന്‍മവാദം. അതു കേള്‍ക്കുമ്പോള്‍ ചിലര്‍ക്കു ഭയമാകുന്നു. ആത്മാവു സൃഷ്ടിക്കപ്പെട്ടതാണെങ്കിലും അതിനു പിന്നീടൊരിക്കലും നാശമില്ല, നിത്യത്വമുണ്ട് എന്നു വിചാരശീലരായ ജനങ്ങള്‍പോലും വിശ്വസിക്കുകയും നിത്യത്വം സ്ഥാപിപ്പാന്‍ കടന്ന യുക്തികള്‍ പ്രയോഗിക്കുകയും ചെയ്യുന്നു. അത്ര ശക്തിയുണ്ട്, മൂഢവിശ്വാസത്തിന്. ശൂന്യത്തില്‍നിന്നു വന്നതു തീര്‍ച്ചയായും ശൂന്യത്തിലേക്കു മടങ്ങണം. നിങ്ങളോ ഞാനോ ആരും ശൂന്യത്തില്‍നിന്നു വന്നതല്ല, ശൂന്യത്തിലേക്കു മടങ്ങിപ്പോകയും വേണ്ട. നാം ഏതു കാലത്തും ഉണ്ടായിരുന്നു, ഉണ്ടായിരിക്കയും ചെയ്യും. നമ്മെ ഇല്ലാതാക്കുവാനോ ശൂന്യത്തിലേക്ക് അയപ്പാനോ ഇഹത്തിലാവട്ടെ പരത്തിലാവട്ടെ ഒരു ശക്തിക്കും കഴിവില്ല. ഈ പുനര്‍ജന്‍മതത്ത്വം ഭയങ്കരമല്ലെന്നു മാത്രമല്ല, ലോകത്തിന്റെ ധാര്‍മ്മികസ്ഥിതിക്ക് അത്യന്താപേക്ഷിതവുമാണ്. വിചാരശീലന്‍മാര്‍ക്ക് അംഗീകാര്യമായ സമാധാനം അതൊന്നേയുള്ളൂ: അതേ യുക്തിക്കു ചേരൂ. നിങ്ങള്‍ക്ക് ഇനിമേല്‍ നിത്യത്വമുണ്ടാകുമെങ്കില്‍ ഇതിനു മുമ്പും അതുണ്ടായിരുന്നിരിക്കണം: മറിച്ചു വരില്ല.

ഈ പുനര്‍ജന്‍മസിദ്ധാന്തത്തിനെതിരായ ചില വാദങ്ങളും അവയ്ക്കു സമാധാനവും ഞാന്‍ പറയാം. എതിര്‍വാദങ്ങള്‍ നിസ്സാരങ്ങളാണെന്നു തോന്നാം. എങ്കിലും അവയ്ക്കു സമാധാനം പറയേണ്ടിയിരിക്കുന്നു. വലിയ ബുദ്ധിമാന്‍മാരും ചിലപ്പോള്‍ അതിനിസ്സാരമായ വാദങ്ങള്‍ കൊണ്ടുവരാന്‍ ഒരുക്കമാണ്. ഏതൊരബദ്ധത്തെയും സ്ഥാപിപ്പാന്‍ ഒരു തത്ത്വചിന്തകനെങ്കിലും ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞതു നേരാണ്. എതിര്‍വാദങ്ങളില്‍ ആദ്യത്തേതു നമുക്കു പൂര്‍വ്വജന്‍മസ്മരണയില്ലല്ലോ എന്നാണ്. ഈ ഒരു ജന്‍മത്തിലെ മുഴുവന്‍ സംഭവങ്ങളുടെയും സ്മരണ നമുക്കുണ്ടോ? ശൈശവത്തില്‍ ചെയ്തതു നിങ്ങളില്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്? അത് ആര്‍ക്കും ഓര്‍മ്മയില്ല. ഓര്‍മ്മയാണ് ജീവിതത്തിനു തെളിവെങ്കില്‍ നമുക്കാര്‍ക്കും ബാല്യജീവിതം ഉണ്ടായിട്ടില്ലെന്നു തെളിയുന്നു, അത് നമുക്കോര്‍മ്മയില്ലല്ലോ. അപ്പോള്‍ സ്മൃതിയാണ് പൂര്‍വ്വജീവിതപ്രമാണം എന്നു പറയുന്നത് കലര്‍പ്പില്ലാത്ത വിഡ്ഢിത്തംതന്നെ. ആ സ്മൃതികൊണ്ടു കാര്യമെന്ത്? അന്നത്തെ തലച്ചോറ് ഇന്നില്ല, അതു നശിച്ചുപോയി: പുതിയൊരു തലച്ചോറ് ഉണ്ടാക്കപ്പെട്ടിരിക്കുന്നു. ഈ പുതിയ തലച്ചോറിലേക്കു വന്നിട്ടുള്ളതു പൂര്‍വ്വജന്‍മാനുഭവങ്ങളുടെ ഫലമായ സംസ്‌കാരമാണ്. ആ വാസനകളോടുകൂടിയാണ് മനസ്സു പുതിയ ശരീരത്തില്‍ പാര്‍പ്പാക്കിയിരിക്കുന്നത്.

പ്രപഞ്ചം; പിണ്ഡാണ്ഡം (ന്യൂയോര്‍ക്ക്, ജനുവരി 26, 1896) – തുടരും