അമൃതാനന്ദമയി അമ്മ

ഇന്ന് വിനോദത്തിനും ഉല്ലാസത്തിനും നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും വലിയ ക്ഷാമം അനുഭവപ്പെടുന്നത് ഹൃ‌ദയത്തില്‍ വിടര്‍ന്ന ഒരു പുഞ്ചിരിക്കും പ്രേമത്തിന്റെ‍ മണമൂറുന്ന ഒരു വാക്കിനും മറ്റുമാണ്. ഇന്ന് യുവാക്കളില്‍ മിക്കവര്‍ക്കും പ്രേമത്തിന്റെ‍ മുഖംമൂടി അണിഞ്ഞ കാമമാണ് കണ്ടുവരുന്നത്. ഇന്ന് പുഞ്ചിരിപോലും ഏറ്റവും വിലപിടിപ്പുള്ള അലങ്കാരവസ്തുവായി തീര്‍ന്നിരിക്കുന്നു.എങ്ങനെ ചിരിക്കണം എന്നു പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ വരെ ഉണ്ട്. പക്ഷേ, പ്രേമത്തിന്റെ ഗുണമൂറുന്ന വാക്കിനോ അല്ലെങ്കില്‍ ചിരിക്കോ തരാന്‍ കഴിയുന്ന ശാന്തിയും സമാധാനവും ഈ സ്ഥാപനങ്ങള്‍ നമുക്ക് തരില്ല.

ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍മവരികയാണ്.കുത്തിയൊഴുകുന്ന നദിയുടെ മുകളിലൊരു പാലത്തില്‍ ഒരാള്‍ നില്‍ക്കുകയാണ്. ജീവിതം മുഴുവന്‍ തിക്താനുഭവങ്ങളും പരാജയങ്ങളും ഏറ്റുവാങ്ങിയ ആളായിരുന്നു അത്. ജീവിതത്തെ തന്നെ അയാള്‍ വെറുത്തു കഴിഞ്ഞിരുന്നു. നദിയില്‍ ചാടി മരിച്ചാലോ എന്ന് അയാള്‍ ചിന്തിച്ചു. അടുത്ത നിമിഷം മറ്റൊരു ചിന്ത അയാളില്‍ ഉദിച്ചു. ശരിയാണ്, ഈ ജീവിതത്തില്‍ എന്നെ ആരും സ്നേഹിച്ചിട്ടില്ല. ഇനി വരുന്ന ഒരു ആളിനെ കൂടിനോക്കാം. ഒരു പുഞ്ചിരിയോ ഒരു നല്ല വാക്കോ കിട്ടുമെങ്കില്‍ പ്രതീക്ഷയോടെ ജീവിക്കാം എന്നു ഉറപ്പിക്കാം. മറിച്ചാണെങ്കില്‍ ഈ നദിയില്‍ ചാടി മരിക്കാം. ഈ കഥയുടെ ബാക്കി പറയേണ്ടത് നാം ഓരോരുത്തരുമാണ്. അടുത്തതായി അയാള്‍ കണ്ടുമുട്ടാന്‍ പോകുന്ന വ്യക്തി നമ്മളാണെങ്കില്‍ അദ്ദേഹം എടുക്കുന്ന തീരുമാനം എന്തായിരിക്കും? നമ്മുടെ ഒരു പുഞ്ചിരിക്ക്, ഒരു വാക്കിന് അയാളെ ആത്മഹത്യയില്‍ നിന്ന് പിന്തിരിപ്പിക്കുവാന്‍ കഴിയണം.

ഒരു നേരത്തെ ആഹാരത്തിനു പോലും വഴിമുട്ടുന്നവരുണ്ട്. താങ്ങാന്‍ പറ്റാത്ത സ്വകാര്യ പ്രശ്നങ്ങള്‍ ഉള്ളവരുണ്ട്. അവര്‍ക്ക് താങ്ങാനും സാന്ത്വനം നല്കാനും കരുത്തേകാനും ചുറ്റുമുള്ളവര്‍ വരുന്നില്ലെന്നതാണ് കഷ്ടം. നമ്മുടെ പൂര്‍വികര്‍ ഇങ്ങനെ അല്ലായിരുന്നു. ഇന്ന് നമ്മുടെ മനുഷ്യബന്ധങ്ങള്‍ നഷ്ടപ്പെട്ടു കൊണ്ടുവരിയാണ്. അങ്ങനെ ആശ നശിച്ച മനുഷ്യന്‍ ആത്മഹത്യയില്‍ അഭയം തേടുകയാണ്. ആത്മഹത്യ ഒന്നിനും പരിഹാരമല്ല ​എന്ന് മക്കള്‍ അറിയണം. ജീവിതവൈഷമ്യങ്ങള്‍ കൊണ്ട് അങ്ങനെ തോന്നിയാലും മക്കള്‍‍ അതില്‍ നിന്ന് പിന്തിരിഞ്ഞ് വരണം. ഇങ്ങനെ ആത്മഹത്യ ചെയ്തവരുടെ കുട്ടികള്‍ അനാഥരായി കഴിയുന്നത് അമ്മ കണ്ടിട്ടുണ്ട് ഈ കുട്ടികളെ കുറിച്ച് ഓര്‍ത്തങ്കിലും മാതാപിതാക്കള്‍ ആത്മഹത്യയില്‍ നിന്ന് പിന്തിരിയണം. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവരുടെ കുട്ടികള്‍ വിദ്യാഭ്യാസം ഇല്ലാതെ, നല്ല ഭക്ഷണം കഴിക്കാതെ അലയുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്.ഇങ്ങനെ അനാഥരായ, ആലംബഹീനരായ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കുവാന്‍ അമ്മ ഒരു പദ്ധതി തുടങ്ങിവെയ്ക്കുന്നുണ്ട്.

പല മക്കളും അമ്മയോടു വന്നു പറയും. അമ്മേ, ഈ ജന്മം ഞങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. ഞങ്ങളുടെ അയലത്തുകാരാണെങ്കില്‍ ‍ധാരാളം തെറ്റു ചെയ്യുന്നു. ഈശ്വര ഭജനം ചെയ്യാത്ത അവര്‍ പനപോലെ വളരുന്നു. ഞങ്ങള്‍ കഷ്ടപ്പെടുകയും ചെയ്യുന്നു. ഞങ്ങളുടെ ഈശ്വരവിശ്വാസം നഷ്ടപ്പെട്ടു. മക്കള്‍ ഇങ്ങനെ ചിന്തിക്കരുത്. അവര്‍ പൂര്‍വ ജന്‍മത്തിലെ ഡിപ്പോസിറ്റ് എടുത്ത് വന്നവരായിരിക്കും. നമ്മള്‍ ലോണെടുത്ത് വന്നവരായിരിക്കും. എന്നുവെച്ച് അവര്‍ എടുത്തുചാടാന്‍ പാടില്ല. ഒരു ജന്മം കൊണ്ട് ജീവിതം അവസാനിക്കുന്നില്ല. മരണം അടുത്തതിന്റെ‍ തുടക്കമാണ്. ഒരു വാചകം എഴുതി നമ്മള്‍ കുത്തിടുന്നത് അടുത്തവാചകം എഴുതാന്‍ വേണ്ടിയാണ്.

ജീവിച്ചിരിക്കുമ്പോള്‍ സുഖവും ദുഃഖവും ഉണ്ടാകും.ക്ലോക്കിന്റെ‍ പെന്‍ഡുലം പോലെയാണ് ജീവിതം. സുഖത്തില്‍നിന്ന് ഉള്ള ആയമെടുപ്പ് ദുഃഖത്തില്‍ വന്നു നില്‍ക്കുവാനാണ്. അതിനെ സന്തുലനം ചെയ്തു നിര്‍ത്തുന്നതാണ് ആദ്ധ്യാത്മികം. നമ്മുടെ മനസ്സ് ഒരു പഴയ ക്ലോക്ക് പോലെയാണ്. ഇടയ്ക്ക് കീ കൊടുത്തു ഓടിക്കേണ്ട ക്ലോക്ക്. നമ്മുടെ മനസ്സിന് ഇടയ്ക്ക് സത് സംഗം കൊടുക്കണം. എങ്കിലേ നമ്മുടെ മനസ്സില്‍ വിവേകബുദ്ധി ഉദിക്കുകയുള്ളു.

രണ്ടു തരത്തിലുള്ള വളര്‍ച്ച ജീവിതത്തില്‍ ഉണ്ട്. ഒന്ന്: പ്രായം കൊണ്ടുള്ള വളര്‍ച്ച. രണ്ട്: പക്വത കൊണ്ടുള്ള വളര്‍ച്ച. പ്രായം കൊണ്ടുള്ള വളര്‍ച്ചയ്ക്ക് പ്രത്യേകം പ്രയത്നം വേണ്ട. അത് മൃഗങ്ങള്‍ക്ക് പോലും ഉണ്ട്. പക്ഷേ, പക്വത കൊണ്ടുള്ള വളര്‍ച്ച മനുഷ്യന് മാത്രം ഉള്ള ഗുണമാണ്. പ്രായം കൊണ്ടുള്ള വളര്‍ച്ച മരണത്തിലേക്കും പക്വത കൊണ്ടുള്ളവളര്‍ച്ച അമരത്വത്തിലേക്കുമാണ് നമ്മെ നയിക്കുന്നത്. ഉള്ളില്‍ നടക്കേണ്ട പ്രക്രിയയാണത്. ആത്മീയമായ അറിവാണ് ആ വഴി നമുക്ക് തെളിയിച്ചുതരുന്നത്. പക്വത കൊണ്ട് വളര്‍ച്ച നേടിയാല്‍ ജീവിതം ഒടുക്കുവാന്‍ നമുക്ക് തോന്നില്ല.ആത്മീയ ജ്ഞാനത്തിന്റെ‍ ബലത്തില്‍ മക്കള്‍ പക്വത നേടണം എന്നാണ് അമ്മയ്ക്ക് പറയുവാനുള്ളത്.

കടപ്പാട്: മാതൃഭൂമി