ശ്രീ രമണമഹര്‍ഷി

മാര്‍ച്ച്‌ 1, 1936.

183. ബോംബെയില്‍ നിന്നും ഒരു ഭക്തന്‍:

‘ഈശ്വരസ്വരൂപത്തെ പ്രത്യക്ഷത്തില്‍ ദര്‍ശിക്കുന്നതിനു വേണ്ടി എന്റെ മനസ്സിനെ വിചാരലേശമെന്യേ ശുദ്ധമാക്കി വച്ചു. എന്നിട്ടും ഞാനൊന്നും കണ്ടില്ല. ഇക്കാര്യം ഞാന്‍ അരവിന്ദാശ്രമത്തിലെ അമ്മയോട്‌ പറഞ്ഞു. എന്റെ മാര്‍ഗ്ഗം ശരിയാണെന്നും മഹാശക്തി മുകളില്‍ നിന്നും ദര്‍ശനം തരുന്നതനുഭവമാകുമെന്നായിരുന്നു മറുപടി. ഇനി ഞാനെന്തു ചെയ്യണം?’.

ഉ: നിങ്ങള്‍ നിങ്ങളില്‍ ഇരിക്കുക. മുകളില്‍ നിന്നും വരാനുമില്ല, പ്രത്യക്ഷപ്പെടാനുമില്ല. ഒന്നേ ചെയ്യേണ്ടിയുള്ളൂ. അഹന്തയെ വിടുക. ഉള്ളത്‌ നിങ്ങളില്‍ തന്നെ എപ്പോഴുമുണ്ട്‌. ഇപ്പോഴും നിങ്ങളതാണ്‌. നിങ്ങളില്‍ നിന്നു അതോ അതില്‍ നിന്നും നിങ്ങളോ വേര്‍പിരിഞ്ഞിരിക്കുന്നില്ല. നിങ്ങള്‍ പരാമര്‍ശിച്ച ശൂന്യത്തെ കാണാന്‍ നിങ്ങള്‍ അവശേഷിച്ചിരുന്നില്ലേ? നിങ്ങളാരെക്കാത്തിരിക്കുന്നു? അത്‌ നിങ്ങള്‍ തന്നെ, ഒന്നും കാണാനില്ല എന്ന നിര്‍വ്വിഷയനിലയ്ക്ക്‌ സാക്ഷിനില്‍ക്കാന്‍ നിങ്ങളുണ്ടായിട്ടും ഏതോ ഒന്നുദയമാകാന്‍ പോകുന്നു എന്നു ഭ്രമിച്ചുപോകുന്നത്‌ അഹന്ത നിമിത്തമാണ്‌. സ്വസ്വരൂപാനുഭവത്തിനിതാണ്‌ തടസ്സമായി നില്‍ക്കുന്നത്‌.

184. ഭഗവാന്‍: താഴെ മൂലാധാരം, മദ്ധ്യത്ത്‌ ഹൃദയം, മുകളില്‍ സഹസ്രാരം എന്നൊന്നും ഭാവിക്കേണ്ടാ. ചുരുക്കത്തില്‍ വിചാരവും ഭാവനയും നിങ്ങളുടെ സാക്ഷാല്‍ പ്രകൃതിയല്ല.

185. ഭഗവാന്‍: ശബ്ദിക്കാതെ പറഞ്ഞു, അനങ്ങാതിരുന്നു കാണിച്ചു എന്നും മറ്റും വേദത്തില്‍ പറയുന്നതെന്ത്‌? അതാണ്‌ മഹാമൗനം. ‘ഒരു മൊഴി’ എന്നും ‘പ്രണവ‌’മെന്നും ‘മഹാവാക്യ’മെന്നും പറയപ്പെടുന്നതതാണ്‌.

186. എല്ലാം അറിയാം, എന്റെ സ്വരൂപത്തെ മാത്രമറിയാന്‍ പാടില്ല എന്നു പറയുന്നത്‌ കടലാസില്‍ എഴുതിയിരിക്കുന്നതെല്ലാമറിയാം, പക്ഷെ കടലാസിനെ അറിയാന്‍ പാടില്ല എന്നു പറയുന്നതുപോലെയാണ്‌.

ചോ: ഏകവസ്തു ആത്മാവെന്നതിനു പ്രമാണമുണ്ടോ?

ഉ: നാം ആരാണെന്ന് ആദ്യം അറിയാം. അത്മാവ്‌ പ്രമാണമുള്ളതാണോ അല്ലയോ എന്നപ്പോഴറിയാം. ഇരിക്കട്ടെ, ആത്മാവെന്നു പറയുന്നതെന്താണ്‌?

ചോ: ആത്മാവ്‌ ജീവനാണ്‌.

ഉ: ശരി, ജീവനെന്താണ്‌? ജീവനാണോ ആത്മാവ്‌? അല്ല, ജീവനും ആത്മാവും വെവ്വേറാണോ? അറിയപ്പെടുന്നവയ്ക്കു അവസാനമുണ്ട്‌. തോന്നുന്നവ മറയും. കാണപ്പെടാത്തത്‌ മറയുകയില്ല. അദൃശ്യമായി എപ്പോഴുമുള്ളതിനെ കാണാന്‍ കഴിയുകയില്ല. ദൃശ്യങ്ങള്‍ക്കെല്ലാമാധാരമായ അഹന്ത ഏതെന്നു നോക്കിയാല്‍ അഹന്തയൊഴിയും.

ചോ: മനുഷ്യരൂപത്തോടുകൂടി ജനിച്ച ജീവന്‌ പിന്നീടെന്തു സംഭവിക്കുന്നു?

ഉ: ദുഃഖിക്കേണ്ടാത്തതില്‍ ദുഃഖി-
ച്ചോതുന്നു ബുദ്ധി വാക്കു നീ
മാഴ്കിടാ പണ്ഡിതന്‍, ചത്തോര്‍,
ചാകാതുള്ളോരെയോര്‍ത്തുമേ (ഭഗവദ്‌ഗീത)

ശരീരമാണോ ജീവന്‍? ശരീരത്തെ ‘ഞാന്‍’ എന്നഭിമാനിക്കുന്നവന്‍ ജീവനാണോ? ചിന്തിക്കുന്നത്‌ നമ്മുടെ സ്വപ്രകൃതിയാണോ? ജാഗ്രത്‌, സ്വപ്ന സുഷുപ്തികളിലും മാറാതിരിക്കുന്നാതാണ്‌ നമ്മുടെ നിജാവസ്ഥ (ആത്മാവ്‌). ദേഹാത്മബുദ്ധിയാണ്‌ ജനന മരണങ്ങളെപ്പറ്റി തെറ്റായ അറിവു തരുന്നത്‌. ഭഗവദ്‌ഗീത II/23 നോക്കുക

നിന്‍ ബുദ്ധിമോഹ വൈഷമ്യം
വിട്ടുമാറും മുതല്‍ക്കു കേള്‍
നീയുദാസീനനാം കേള്‍ക്കാ-
നുള്ളതില്‍, കേട്ടതിങ്കലും
(ഭഗവദ്‌ഗീത II/52)