സ്വാമി വിവേകാനന്ദന്‍

നമുക്കു കണ്ണുണ്ടെന്നുള്ള വസ്തുത അതിന്റെ ഫലംകൊണ്ടല്ലാതെ അറിയാനാവാത്തതുപോലെ, ആത്മാവിനെ അതിന്റെ ഫലംകൊണ്ടല്ലാതെ നമുക്കു കാണാന്‍ സാധിക്കയില്ല. ഇന്ദ്രിയങ്ങള്‍ക്കു ഗോചരമാകുമാറ് ഒരു താഴ്ന്ന മേഖലയിലേക്ക് അതിനെ ആനയിക്കാവതല്ല, അതു സ്വയം അഹേതുകമെങ്കിലും ജഗത്തിലുള്ള സകലത്തിന്റേയും ഹേതുവത്രേ. നാം ആത്മാവാണെന്നു സ്വയം അറിയുമ്പോള്‍ നാം സ്വതന്ത്രരായി ആത്മാവിനൊരിക്കലും മാറ്റമുണ്ടാകയില്ല. അതിന്മേല്‍ ഒരു കാരണവസ്തുവിന്റെ പ്രവര്‍ത്തനമുണ്ടാവാന്‍ നിവൃത്തിയില്ല. എന്തെന്നാല്‍, അതുതന്നെയാണ് (സകലതിന്റേയും) കാരണം. അതു സ്വയംഭൂവാണ്. ഒരു കാരണവസ്തുവിന്റേയും പ്രവര്‍ത്തനമില്ലാത്ത ഒന്നിനെ നമ്മില്‍ത്തന്നെ നമുക്കു കണ്ടെത്താന്‍ സാധിക്കുന്നുവെങ്കില്‍, അപ്പോള്‍ നാം ആത്മാവിനെ അറിഞ്ഞുകഴിഞ്ഞു.

സ്വാതന്ത്ര്യം അമൃതത്വവുമായി അഭേദ്യമാംവണ്ണം ബന്ധപ്പെട്ടിരിക്കുന്നു. സ്വതന്ത്രനാവാന്‍ ഒരുവന്‍ പ്രകൃതിനിയമങ്ങള്‍ക്കതീതനാവണം. നമ്മില്‍ അജ്ഞാനം സ്ഥിതിചെയ്യുന്നിടത്തോളം നിയമം നിലവിലുണ്ട്. ജ്ഞാനമുദിക്കുമ്പോള്‍ നമ്മിലുള്ള സ്വാതന്ത്ര്യമാണ് നിയമമെന്നു നമുക്കറിയാറാകും. ഇച്ഛ ഒരിക്കലും സ്വതന്ത്രമാവാന്‍ വയ്യ; എന്തെന്നാല്‍ അതു കാരണകാര്യങ്ങളുടെ ദാസനാണ്. എന്നാല്‍ ഇച്ഛയുടെ പിന്നിലുള്ള ‘ഞാന്‍’ സ്വതന്ത്രനാണ്- അതാത്മാവല്ലാതെ മറ്റൊന്നുമല്ലതാനും. ‘‘ഞാന്‍ സ്വതന്ത്രനത്രേ’’- ഈ അടിത്തറയിലാണ് നാം ജീവിതസൌധം പണിയേണ്ടത്; സ്വാതന്ത്ര്യത്തിന്റെ പൊരുള്‍ അമൃതത്വമെന്നുമാണ്.