ഒരു കര്‍മ്മവും ആത്മാവിനെ ബാധിക്കുന്നില്ല (79)

ഒരു കര്‍മ്മവും ആത്മാവിനെ ബാധിക്കുന്നതല്ലെന്ന് സ്വാമി സന്ദീപ് ചൈതന്യ വിശദീകരിച്ചു. സത്കര്‍മ്മവും ദുഷ്കര്‍മ്മവുമൊക്കെ മനസ്സിനെ ബാധിക്കുന്നതാണ്. എല്ല‍ാം സ്ഥിതി ചെയ്യുന്ന ആകാശം (ഇടം) ഒന്നിനാലും ബാധിക്കപ്പെടാത്തതുപോലെയാണത്. ഏകനായ സൂര്യന്‍ എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നതുപോലെ ആത്മാവ് എല്ലാ ശരീരങ്ങളേയും പ്രകാശിപ്പിക്കുന്നു.

പലതായുള്ളത് ഒന്നാണ്. സ്വര്‍ണ്ണത്തിന്റെ വിവിധ ഭാവങ്ങളാണ് കമ്മല്‍, മാല, വള തുടങ്ങിയ ആഭരണങ്ങള്‍ എന്ന പോലെയാണ്.എല്ലാ കര്‍മ്മവും പ്രകൃത്യാ (പ്രകൃതിയാല്‍) ചെയ്യുന്നതാണ്. പ്രകൃതിഗുണത്തിനനുസൃതമായി എല്ല‍ാം എപ്പോഴും കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കുന്നു. എന്നാല്‍ ആത്മാവ് ഒന്നും ചെയ്യുന്നില്ല. എല്ലായിടത്തും ഒരു വ്യത്യാസവുമില്ലാതെ തുല്യമായി സ്ഥിതി ചെയ്യുന്ന ഈശ്വരനെ കാണുന്നവര്‍ ആത്മാവിനാല്‍ ആത്മാവിനെ (സ്വയം) ഹിംസിക്കുന്നില്ല. ചിലര്‍ എപ്പോഴും എവിടേയും മരണത്തെക്കാണുന്നു. ഭയപ്പെടുന്നു. ചിലര്‍ എല്ല‍ാം ഈശ്വരനെന്നറിഞ്ഞ് പരമാനന്ദത്തിലിരിക്കുന്നു.

‘ഞാന്‍ ഓറഞ്ചിന്റെ ഓരോ തുള്ളിയും ആസ്വദിക്കുന്നുവെന്ന് വിവേകാനന്ദന്‍ പറയുന്നു. ‘ഞാന്‍ ഒന്നിനും എതിരല്ല, എല്ല‍ാം ഭഗവനാണ്’. നശ്വര വസ്തുക്കളില്‍ അനശ്വരനായി ഈശ്വര ചൈതന്യത്തെ കാണണം. വിത്തിന്റെ മരണമാണ് വൃക്ഷത്തിന്റെ ജനനം. വിത്ത് മരിക്കുന്നില്ല. ആ മുളയെ കാണുന്നവന്‍ പരമേശ്വരനെ കാണുന്നു.

ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാ സൃഷ്ടികളും ക്ഷേത്ര ക്ഷേത്രജ്ഞ സംയോഗം കൊണ്ടുണ്ടായതാണ്. വിചാരങ്ങളടക്കം എല്ല‍ാം. ധ്യാനം കൊണ്ടോ സ‍ാംഖ്യം കൊണ്ടോ (വിചാരം) കര്‍മ്മയോഗം കൊണ്ടോ ഇവയറിയാത്തവര്‍, അറിയുന്നവരില്‍ നിന്ന് കേട്ടിട്ടുള്ള ഉപാസനയിലൂടെയും ആത്മചൈതന്യത്തെ സാക്ഷാത്കരിക്കുന്നു.

ധ്യാനം മനനമാണ്. മനഃശക്തി നല്‍കുന്നു, സ‍ാംഖ്യം ബുദ്ധിശക്തിയും കര്‍മ്മയോഗം നിഷ്ഠയും നല്‍കുന്നു. ഈ സമര്‍പ്പണത്തിന്റെ അഭാവത്തിലാണ് പരാജയമുണ്ടാകുന്നത്. ജീവന്റെ വ്യത്യസ്ത ഗുണങ്ങളോടുള്ള സംഗമാണ് ഭാവി ജന്മം (ജീവിതം) ഉത്കൃഷ്ടമോ നികൃഷ്ടമോ ആക്കുന്നത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം