ശ്രീരമണ തിരുവായ്മൊഴി ലേഖാവലി – ശ്രീമതി സൂരിനാഗമ്മ

‘ആത്മസ്വരൂപന്റെ സേവ ആത്മസേവ’ (ശ്രീരമണ തിരുവായ്മൊഴി)

കഴിഞ്ഞ സെപ്തംബര്‍-ഒക്ടോബര്‍മാസത്തില്‍ ഭഗവാന് കാലിന്നു വേദന കാരണം തൈലം തടവുകയാണ് സേവകന്മാര്‍. അരമണിക്കൂര്‍ വീതം ഓരോരുത്തര്‍ ചെയ്തു കൊണ്ടിരുന്നു. ഭഗവാന്നു വിരാമമില്ലാത്ത ശുശ്രൂഷയായിത്തീര്‍ന്നു അത്. സേവകന്മാരോട്‍സഹിതം വരുവിന്‍ പോകുവിന്‍ എന്ന എന്ന ഉപചാരവാക്കുകള്‍ ഉപയോഗിക്കുന്ന ശ്രീഭഗവാന്നു ഈ പ്രവൃത്തി സഹിക്കാതെയായി. ആരോടും ‘അരുത്’ എന്നു പറയുന്ന സ്വഭാവം ഭഗവാനില്ല. അതുകൊണ്ട് “നിങ്ങള്‍ അല്പം നിര്‍ത്തുവിന്‍. ഞാനും ഈ കാലു അല്പം തടവട്ടെ എനിക്കുമാത്രം ആ പുണ്യം അല്പം വേണ്ടയോ ? “എന്നുപറഞ്ഞു അവരുടെ കയ്യ് നീക്കം ചെയ്തു താന്‍ തന്നെ തടവാന്‍ തുടങ്ങി. എനിക്ക് വളരെ ആശ്ചര്യം തോന്നിയതുമല്ലാതെ ഏതു തരമെങ്കിലും തൊട്ടു പാദത്തില്‍ നമസ്കരിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നതു ഭഗവദ്വാക്യം കേട്ട മാത്രയില്‍ നശിച്ചുപോയി. ഭഗവാന്റെ വാര്‍ത്തവിചിത്രമായ് തോന്നി. “ആ പുണ്യം അല്പം ഭഗവാനും വേണമത്രെ” അല്പമെങ്കിലും സൂക്ഷ്മതയുള്ളവര്‍ക്കു ഇതിലധികം ഉപദേശമെന്തുണ്ട് ?

ആ ദിവസം തന്നെ ഒരു പെന്‍ഷ്യന്‍ജഡ്ജ് “സ്വാമീ! ഇനിക്കും ഗുരുപാദസേവയില്‍ ഭാഗം തരണം” എന്നു പറഞ്ഞു. “ഓ! ഹോ! ശരി; ആത്മാവാണ് ഗുരു” എന്നരുളി ഭഗവാന്‍. ആത്മസേവ ചെയ്തു കൊണ്ടിരുന്നാല്‍ ഗുരുസേവചെയ്ത ഫലമാണ്. എഴുപതു വയസ്സു കഴിഞ്ഞ നിങ്ങളാണോ ഇനിക്ക് സേവ ചെയ്യേണ്ടത് ? മതി, മതി, ഇനിയെങ്കിലും ആത്മസേവ ചെയ്യുവിന്‍‍! മിണ്ടാതെ വെറുതെ ഇരുന്നാല്‍ മതി” എന്നു പറഞ്ഞു ഭഗവാന്‍.

ശരിക്കാലോചിച്ചാല്‍ ഇതിനേക്കാള്‍ വലിയ ഉപദേശമെന്തുണ്ട് ? മിണ്ടാതെ വെറുതെയിരുന്നാല്‍ മതിയത്രെ. അങ്ങനെയിരിക്കുക ഭഗവാനു സഹജമായിരിക്കാം, നമുക്ക് സാധ്യമാണൊ ? എത്ര പണീപെട്ടാലും ആ സ്ഥിതി വരുന്നില്ലല്ലോ. ശ്രീഭഗവാനെ ആധാരമായി വസിക്കയല്ലാതെ ചെയ്യേണ്ടതെന്താണുള്ളത് ?

29-11-’45