ശ്രീ രമണമഹര്‍ഷി
സെപ്റ്റംബര്‍ 30,1936

ചോദ്യം: ശ്രീരാമകൃഷ്ണന്‍റെ സ്പര്‍ശംകൊണ്ട് വിവേകാനന്ദന് സാക്ഷാല്‍ക്കാര ജ്ഞാനമുണ്ടായി. അതു സാദ്ധ്യമാണോ?
മഹര്‍ഷി: രാമകൃഷ്ണന്‍ എല്ലാവരെയും അങ്ങനെ സ്പര്‍ശിച്ചില്ല. മുമ്പിനാലേ ഇല്ലാത്ത ആത്മാവിനേയോ അതിന്‍റെ അനുഭവത്തെയോ ഉണ്ടാക്കിയതുമില്ല. വിവേകാനന്ദന്‍ മുമ്പിനാലേ ആത്‌മജ്ഞാനവും പക്വതയുമുള്ളവനായിരുന്നു. സാക്ഷാല്‍ക്കാരത്തിലാഗ്രഹമുള്ളവനുമായിരുന്നു.

ചോദ്യം: അങ്ങനെ ഇപ്പോഴും ചെയ്യാനൊക്കുമോ?
മഹര്‍ഷി: ആഹാ! പക്വന്മാര്‍ക്കെളുപ്പത്തില്‍ സമാധി ലഭിക്കും. ജ്ഞാനികളുടെ അത്മശക്തിക്ക് ആരെയും തന്മയമാക്കാനൊക്കും. എന്നാല്‍ അത് സ്ഥിരമായിരിക്കുന്നത് പക്വതയനുസരിച്ചായിരിക്കും. ശക്തി കൂടുതലുള്ളവന് ശക്തി കുറഞ്ഞവനെ നിയന്ത്രിക്കാനൊക്കും. പക്ഷേ അത് താല്‍ക്കാലികം മാത്രം. നിങ്ങള്‍ പറഞ്ഞയാളിന്‍റെ കാര്യത്തിലെന്തു സംഭവിച്ചു. ഫലം താല്‍ക്കാലികമായിരുന്നു. അദ്ദേഹം തന്‍റെ ശാന്തിയിലിരുന്നോ? ഈ സിദ്ധി ലഭിച്ചതിനുശേഷം അലഞ്ഞുനടന്നതെന്തിന്? സിദ്ധിയുടെ അനുഭവം താല്‍കാലികമായിരുന്നതുകൊണ്ട്.

ചോദ്യം: മനസ്സ് അത്മാവോടൈക്യപ്പെടുന്നതെങ്ങനെ?
മഹര്‍ഷി: മനസ്സ് തന്നെത്തന്നെ നാനാരൂപപ്രപഞ്ചമായി ദര്‍ശിക്കുന്നു. ദര്‍ശിക്കപ്പെടാതെപോയാല്‍ ആ പ്രതിഫലനം തന്‍റെ ഉറവിടമായ ഹൃദയത്തിലിരിക്കുകയേയുള്ളൂ. ആത്മസ്വരൂപത്തില്‍ നില്‍ക്കുന്നു എന്നു പറഞ്ഞാല്‍ മനസ്സ് ഹൃദയത്തില്‍ ശമിച്ചിരിക്കുന്നു എന്നര്‍ത്ഥം. ഒരാള്‍, ദേഹമാണ് താനെന്നു കരുതുമ്പോള്‍ ഈ പ്രപഞ്ചം അവനന്യമായി നില്‍ക്കും. സ്വസ്ഥാനത്തു നിന്നും വ്യതിചലിക്കുന്നതിനാലാണ് ഇപ്പറഞ്ഞ തെറ്റായ ബോധമുളവാക്കുന്നത്. ആ വ്യക്തിക്കു ഇനി കൊടുക്കുന്ന ഉപദേശം സ്വസ്ഥാനത്തു തിരിച്ചു പോകാന്‍ വേണ്ടി തെറ്റായ ബോധത്തെ വിടാനാണ്. സ്വസ്ഥാനമറിയുമ്പോള്‍ ചോദ്യങ്ങളൊന്നും ഉദിക്കുകയില്ല. ശാസ്ത്രങ്ങളെല്ലാം മനുഷ്യനെ അവന്‍റെ ആദിയിലോട്ടുതിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുകയാണ്. അവിടെ അവന്‍ ഒന്നും പുത്തനായിട്ടു നേടുന്നില്ല. തെറ്റായ അറിവിനെ മാറ്റുന്നുവെന്നേയുള്ളൂ. ഇതു ചെയ്യേണ്ടതിനു പകരം അവന്‍ തന്‍റെ നിജാനന്ദ സ്വരൂപം മറ്റെവിടെയോ ആണെന്നു കരുതി വിചിത്രങ്ങളായ അല്‍ഭുതങ്ങളെ പ്രതീക്ഷിക്കുന്നു. ഇതാണ് തെറ്റ്.

ചോദ്യം: കാമ, ക്രോധാദികളെ തടയുന്നതെങ്ങനെ?
മഹര്‍ഷി: ഇവ ആരുടെ വകയാണ്? കണ്ടുപിടിക്കൂ. നീ ആത്മാവായിട്ടിരുന്നാല്‍ ഇവയൊന്നും നിന്നെ വിട്ടിരിക്കുന്നില്ല എന്നു മനസ്സിലാവും. നിയന്ത്രിക്കേണ്ട ആവശ്യം നേരിടുന്നില്ലെന്നും ബോധ്യമാവും.

ചോദ്യം: നമ്മുക്കു സ്നേഹമുള്ള ഒരാള്‍ മരിക്കുമ്പോള്‍ ദുഖമുണ്ടാവുന്നു. ഇതു മാറ്റാന്‍ നാം എല്ലാവരെയും ഒന്നുപോലെ സ്നേഹിക്കുകയോ അതോ ആരെയും സ്നേഹിക്കാതിരിക്കുകയോ വേണ്ടത്?
മഹര്‍ഷി: ഒരാളിന്‍റെ മരണം മരിക്കാതിരിക്കുന്നവര്‍ക്ക് ദുഖകരം തന്നെ. അതൊഴിവാക്കാന്‍ ആരെയും സ്നേഹിക്കാതിരിക്കുകയല്ല വേണ്ടത്. ദുഖിക്കുന്ന മമത(അഹന്ത)യെ മാറ്റിയാല്‍ പിന്നെ ദുഖിക്കാനാരുണ്ട്

ചോദ്യം: സൂര്യ, ചന്ദ്രമാര്‍ഗ്ഗങ്ങളെന്താണ്?
മഹര്‍ഷി: സൂര്യമാര്‍ഗം ജ്ഞാനവും ചന്ദ്രമാര്‍ഗം യോഗവുമാണ്. 72000 നാഡികളെ ശുദ്ധി ചെയ്‌താല്‍ മനസ്സ് സുഷുമ്നാമാര്‍ഗ്ഗം സഹസ്രാരം വരെ ചെല്ലുമെന്നും അവിടെ അമൃതധാരയുണ്ടാവുമെന്നും യോഗികള്‍ പറയുന്നു. ഏതായാലും ഇവ മനസ്സില്‍ തോന്നപ്പെടുന്നവയാണ്.എത്രയോ ഭാവനകളും സങ്കല്‍പ്പങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്ന മനസില്‍ യോഗത്തിന്‍റെ പേരും പറഞ്ഞ് പുതിയ അനര്‍ത്ഥങ്ങളെക്കേറ്റിവയ്ക്കുന്നതെന്തിന്?