യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 214 [ഭാഗം 5. ഉപശമ പ്രകരണം]

ചേത്യേന രഹിതാ യൈഷാ ചിത്തദ്ബ്രഹ്മ സനാതനം
ചേത്യേന സഹിതാ യൈഷാ ചിത്സേയം കലനോച്യതേ (5/13/53)

വസിഷ്ഠന്‍ തുടര്‍ന്നു: നീ എല്ലാറ്റിനേയും അറിയുന്ന ആത്മാവാണ്‌. നീ അജനാണ്‌. പരം പൊരുളാണ്‌. സര്‍വ്വവ്യാപിയായ ആത്മാവില്‍ നിന്നും വിഭിന്നനല്ല നീ. ആത്മാവല്ലാതെ വേറൊരു വിഷയമില്ല എന്ന അറിവുറച്ചവന്‌ സുഖദുഃഖജന്യങ്ങളായ പ്രശ്നങ്ങള്‍ ബാധിക്കുകയില്ല. കളിമണ്ണിനും സ്വര്‍ണ്ണക്കട്ടയ്ക്കും ഒരേ മൂല്യം കല്‍പ്പിക്കുന്നവന്‌ ഒന്നിനോടും ഇഷ്ടാനിഷ്ടങ്ങളില്ല. അങ്ങിനെ, പ്രത്യക്ഷലോകമെന്ന ദൃശ്യത്തെ ന്യായീകരിക്കുന്ന വാസനകള്‍ യാതൊന്നുമില്ലാത്തവന്‍ യോഗിയാണ്‌. അയാള്‍ എന്തൊക്കെ ചെയ്താലും, എന്തൊക്കെ ആസ്വദിച്ചാലും, എന്തൊക്കെ നശിപ്പിച്ചാലും അയാളുടെ ബോധം സര്‍വ്വസ്വതന്ത്രവും സുഖദുഃഖങ്ങളെ ഒരേപോലെ കാണാന്‍ പര്യാപ്തവുമത്രേ. അഭിമതം, അനഭിമതം എന്നിങ്ങനെ കര്‍മ്മങ്ങളെ വേര്‍തിരിക്കാതെ ചെയ്യുന്നവരെ ആ കര്‍മ്മങ്ങള്‍ പിടികൂടുന്നില്ല. അനന്താവബോധമല്ലാതെ മറ്റൊന്നുമില്ല എന്നു ദൃഢമായുറച്ചവനെ സുഖാനുഭവചിന്തകള്‍ അലട്ടുന്നില്ല. അവന്‍ ആത്മനിയന്ത്രണമുള്ളവനും പ്രശാന്തനുമാണ്‌.

മനസ്സിന്റെ സഹജഭാവം ജഢമാണ്‌. അത് അനന്താവബോധത്തില്‍ നിന്നും ബുദ്ധിയെ കൈക്കൊണ്ട് അനുഭവലാഭത്തിയായി പരിശ്രമിക്കുന്നു. ചിത്ശക്തിയുടെ പ്രഭാവത്താല്‍ വന്നുചേരുന്ന വിഷയങ്ങളുമായി മനസ്സിനു സമ്പര്‍ക്കമുണ്ടാവുന്നു. മനസ്സ് അവബോധത്തിന്റെ ദയവിലാണ്‌ പ്രവര്‍ത്തനോന്മുഖമാവുന്നത്. അത് ഈ പ്രപഞ്ചത്തെപ്പറ്റിയുള്ള വൈവിദ്ധ്യമാര്‍ന്ന ധാരണകളെ ചിന്തകളായി നിലനിര്‍ത്തുന്നു. മനസ്സിന്റെ വെളിച്ചം ഈ അവബോധമൊന്നു മാത്രമാണ്‌. അല്ലെങ്കില്‍ ഈ ജഢമനസ്സിന്‌ ബുദ്ധിയോടെ വര്‍ത്തിക്കാനാവുന്നതെങ്ങിനെ? ബോധമണ്ഡലത്തിലെ ചൈതന്യത്തിലുണ്ടാകുന്ന മിഥ്യയായ ചലനമാണ്‌ മനസെന്ന് വേദശാസ്ത്ര വിജ്ഞാനമുള്ളവര്‍ പറയുന്നു. സര്‍പ്പശീല്‍ക്കാരം പോലെ മനസ്സില്‍ നിന്നു വിക്ഷേപിക്കുന്നവയാണ്‌ ചിന്തകളും ആശയങ്ങളും.

“ബോധത്തില്‍നിന്നും സങ്കല്‍പ്പധാരണകള്‍ മാറ്റിയാല്‍ അവശേഷിക്കുന്നതു പരബ്രഹ്മം. ബോധത്തിനോട് സങ്കല്‍പ്പധാരണകള്‍ ചേര്‍ന്നാല്‍ ചിന്തകള്‍.” അവയിലൊരംശമെന്നപോലെ ഹൃദയത്തില്‍ ഉണ്മയായി അതു നിലകൊള്ളൂന്നു. ഇത്‌ പരിമിതബുദ്ധി അല്ലെങ്കില്‍ വ്യക്തിഗത ബോധം എന്നറിയപ്പെടുന്നു. എന്നാല്‍ ഈ പരിമിതബോധം തന്റെ മൂലസ്വഭാവമായ അനന്താത്മകതയെ ‘മറന്ന്’ ജഢമായി തുടരുകയാണ്‌. അതുപിന്നെ ചിന്താശക്തിയായി ഇഷ്ടാനിഷ്ടങ്ങളുടെ പ്രകടനങ്ങളായ ‘തള്ളലും കൊള്ളലും’ സഹജഭാവങ്ങളാക്കുന്നു.

വാസ്തവത്തില്‍ അനന്താവബോധമാണിതൊക്കെ ‘ആയിത്തീര്‍’ന്നത്. എന്നാല്‍ ആ വസ്തുതയിലേയ്ക്ക്, അനന്തതയിലേയ്ക്ക്, ഉണരുംവരെ അതിന്‌ സ്വയം ആത്മാവാണു താനെന്ന അറിവില്ല. അതുകൊണ്ട് മനസ്സിനെ ശാസ്ത്രോക്തങ്ങളായ നിര്‍മമത, ഇന്ദ്രിയനിയന്ത്രണം മുതലായവയുടെ സഹായത്തോടെ ഉണര്‍ത്താനുള്ള പരിശ്രമം ചെയ്യണം. മേധാശക്തി അങ്ങിനെ ഉണര്‍ത്തിയാല്‍ അതു പരബ്രഹ്മമായി തെളിയുകയായി. അല്ലെങ്കില്‍ അതു ലോകാനുഭവങ്ങള്‍ ആര്‍ജ്ജിച്ചുകൊണ്ടേയിരിക്കും.