ശ്രീ രമണമഹര്‍ഷി
ആഗസ്റ്റ്‌ 29, 1936

ചോ: മനസ്സ് പ്രവര്‍ത്തിക്കാത്ത നിദ്ര മോശമാണെന്നാണ് ഞാന്‍ കരുതുന്നത്.
മഹര്‍ഷി: എന്നാല്‍ ആരും നിദ്രയെ കാംക്ഷിക്കുന്നതെന്തിനാണ്?

ചോ: ശരീരത്തിന്‍റെ തളര്‍ച്ചയാറ്റാന്‍.
മഹര്‍ഷി: നിദ്ര ശരീരത്തിനാണോ?

ചോ: അതെ ശരീരക്ലാന്തിയെ തീര്‍ക്കുന്നു അത്.
മഹര്‍ഷി: ഇരിക്കട്ടെ ശരീരം സ്വതന്ത്രമായി ഉറങ്ങുകയും ഉണരുകയും ചെയ്യുകയാണോ? അല്‍പംമുമ്പ് നിങ്ങള്‍ പറഞ്ഞില്ലേ, നിദ്രയില്‍ മനസ്സു ചേഷ്ടിക്കുന്നില്ല എന്ന്. അവസ്ഥാത്രയങ്ങളും മനസിന്‍റെതാകുന്നുവെന്നറിയുക.

ചോ: അവസ്ഥകള്‍ മൂന്നും ഇന്ദ്രിയസഹിതനായ ആത്മാവിന്‍റെ അല്ലയോ?
മഹര്‍ഷി: ആത്മാവിന്‍റെയും അല്ല ദേഹത്തിന്‍റെയുമല്ല. ആത്മാവ് നിഷ്ക്കളങ്കനായിരിക്കുന്നു. അതീ മൂന്നവസ്ഥകള്‍ക്കും അധിഷ്ടാനമായിരിക്കുന്നു. ആത്മാവാകുന്ന സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് അവസ്ഥകള്‍. മൂന്നവസ്ഥകളിലും താനുണ്ട്. താന്‍ അവസ്ഥാ ഭേദങ്ങള്‍ ഒന്നിനാലും ബന്ധിക്കപ്പെടാതെ നിര്‍വ്വികാര ചൈതന്യവസ്തുമാത്രമായി ആത്മാവിരിക്കുന്നു. അതു താനേ താനായി വിളങ്ങുന്നു. ശരീരമാണ് ഉറങ്ങുന്നതെന്നു നിങ്ങള്‍ ഉറക്കത്തില്‍ അറിയുന്നോ?

മഹര്‍ഷി: ഉറക്കത്തില്‍ ശരീരമുണ്ടെന്നുപോലും അറിയാതെ അതാണുറങ്ങിയതെന്നെങ്ങനെ പറയുന്നു.

ചോ: ഉണര്‍ന്നപ്പോള്‍ അതിനെ കണ്ടതുകൊണ്ട്.
മഹര്‍ഷി: ദേഹം ഉണ്ടെന്നതു ഒരു വിചാരം മാത്രം. വിചാരം മനസ്സിന്‍റെതുമാണ്. മനസ്സ് അഹന്തയില്‍ നിന്നും ജനിക്കുന്നു. അഹന്തയാണു ചിന്തയ്ക്കാദികാരണം. അതിനെ അടക്കിയാല്‍ മറ്റു വിചാരങ്ങളോഴിയുന്നു. അപ്പോള്‍ ദേഹവുമില്ല, മനസ്സുമില്ല. അഹന്തപോലുമില്ല.

ചോ: പിന്നീടെന്തുണ്ട്?
മഹര്‍ഷി: ആത്മാവ്, അതിന്‍റെ നിര്‍മ്മലാവസ്ഥയില്‍.

ചോ: മനസ്സിനെ ഒഴിക്കുന്നതെങ്ങനെ?
മഹര്‍ഷി: യാതൊരു ശ്രമവും ചെയ്യേണ്ട. എങ്ങനെ എന്നു ചിന്തിക്കുന്നതും മനസ്സാണ്. ചിന്തിക്കുന്നവനെ പറ്റിനിന്നാലേ ചിന്ത ഒഴിയൂ.

ചോ: അതു സ്വയം ഒഴിയുമോ, ബുദ്ധിമുട്ടാണെന്നു തോന്നുന്നല്ലോ.
മഹര്‍ഷി: ഒഴിയും, കാരണം അതു സത്യമല്ല. ബുദ്ധിമുട്ടെന്നു വിചാരിക്കുന്നതാണ് പ്രതിബന്ധം. താന്‍ താനായിരിക്കുന്നതു ബുദ്ധിമുട്ടല്ല.

ചോ: ബാഹ്യ ലോകത്ത് ഈശ്വരനെപ്പറ്റി ചിന്തിക്കാനെളുപ്പമാണ്. പക്ഷേ ചിന്ത വിട്ടിരിക്കാന്‍ ബുദ്ധിമുട്ടാണ്.
മഹര്‍ഷി: അതു ഭോഷത്തമാണ്. മറ്റുള്ളവയെ വെളിയില്‍ കാണാന്‍ എളുപ്പം, ഉള്ളില്‍ കണാന്‍ ബുദ്ധിമുട്ടുപോലും! അതു മറിച്ചുവരണം.

ചോ: മനസ്സിലാകുന്നില്ല.
മഹര്‍ഷി: ബുദ്ധിമുട്ടാണ് എന്ന ചിന്തയാണ് തടസ്സം, ഈ തടസ്സം മാറ്റാന്‍ അല്‍പ്പം അഭ്യസിച്ചാല്‍ മതി.

ചോ: എന്തഭ്യാസം?
മഹര്‍ഷി: തന്‍റെ ആദിയെ കാണുന്നതിനുള്ളത്.

ചോ: ആ അവസ്ഥ ജനിക്കുന്നതിനുമുന്‍പുള്ളതല്ലേ?
മഹര്‍ഷി: ജനനമരണങ്ങളെപ്പറ്റി പറയുന്നതെന്തിന്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനിച്ചിട്ടുണ്ടോ? മനസ്സിന്‍റെ ഉണര്‍ച്ചയാണ് ജനനം. മനസ്സിനോടോത്തുള്ള ദേഹബോധം ജനിക്കുന്നു. ദേഹത്തെ കാണുകയും ചെയ്യുന്നു. ആ സ്ഥിതിക്ക് ജനനം ആര്‍ക്ക്?

ചോ: ഞാനിപ്പോള്‍ ജനിച്ചിട്ടില്ലേ?
മഹര്‍ഷി: ദേഹത്തെ ആസ്പദമാക്കിയിട്ടാന്നെങ്കില്‍ ജനനം ശരിതന്നെ. എന്നാല്‍ ദേഹം ‘ഞാ’ നല്ലല്ലോ. ആത്മാവിനാണെങ്കില്‍ ജനിച്ചിട്ടുമില്ല. മരിക്കുന്നുമില്ല, ജ്ഞാനികള്‍ എല്ലാത്തിനെയും ആത്മാവിനകത്തും പുറത്തും കാണുന്നുണ്ട്. അതുകൊണ്ട് ജനനമോ മരണമോ അവര്‍ക്കില്ലത്തതാണ്.

ചോ: ഉറക്കം നല്ല അവസ്ഥയാണെങ്കില്‍ എല്ലാവരും അതില്‍ തന്നെ ഇരിക്കാത്തതെന്ത്?

മഹര്‍ഷി: എല്ലാവരും ഉറങ്ങിയിരിക്കുക തന്നെയാണ്. ഇപ്പോഴത്തെ ജാഗ്രത്ത്‌ കടുത്ത സ്വപ്നമാണ്. ഉറക്കത്തിലേ സ്വപ്നമുള്ളൂ. ഉറക്കം മറ്റു രണ്ടവസ്ഥകളെയും സ്പര്‍ശിച്ചു നില്‍ക്കുന്നു.ഇതിന്‍റെ സ്ഥൂലഭാവം വീണ്ടും ഒരു സ്വപ്നമായിത്തീരുന്നു. അതിനിരിക്കാനുള്ള സുഷുപ്തി വേറെയുണ്ട്. ഇതനുസരിച്ചുള്ള സുഷുപ്തിയും ജാഗ്രത്തും അന്തമില്ലാത്തതായിരിക്കും.

ഈ മൂന്നവസ്ഥയുംപോലെ ജനനമരണങ്ങളും ഈ ജാഗ്രത്തും ഒരു മുന്‍ സുഷുപ്തിയിലെ സ്വപ്നങ്ങളാണ്. സത്യം പറഞ്ഞാല്‍ ജനനമോ മരണമോ ഇല്ല.