വിവേകമാര്‍ജ്ജിച്ച ബുദ്ധികൊണ്ട് മനസ്സിനെ ഉണര്‍ത്തണം (43)

മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയാകരുത് നിങ്ങള്‍. യുവത്വം നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ളതല്ല. മുഴുവന്‍ സര്‍ഗശേഷിയും പുറത്തുകൊണ്ടുവന്ന് ലോകത്തിനും തനിക്കും അനുഗ്രഹത്തെ നല്‍കാനുള്ളതാണ്. അത് ബസ്സിനു കല്ലെറിഞ്ഞും കോലം കത്തിച്ചും റാഗ് ചെയ്തും നശിപ്പിക്കരുത്. നിങ്ങളുടെ യുവത്വത്തെ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രാഷ്ട്രീയവും മതവും ഉപയോഗിക്കുന്നത്.

യുവത്വം ആല്‍വൃക്ഷത്തെപ്പോലെയാകണം. ആശാരിക്കോ അടുപ്പിനോ ഉപയോഗിക്കാന്‍ പറ്റരുത്. എന്നാല്‍, എല്ലാവരേയും അനുഗ്രഹിക്കുന്ന സ്വന്തമായ നിലനില്‍പ്പ് വേണം. യുവത്വത്തിന് അസാധാരണമായ ഊര്‍ജമുണ്ട്. അതിനെ നേര്‍വഴിക്ക് നയിക്കണം. യൂത്ത് Useless ഉപയോഗശൂന്യമായവര്‍) അല്ല, used less (അല്പം മാത്രം ഉപയോഗിക്കപ്പെട്ടവര്‍) ആണ്. ഇപ്പോള്‍ യൂസ് ചെയ്യുന്നത് യൂസ് ലെസ്സുകള്‍ ആണ്.

ഒരുത്തന്റെ കാല്‍ക്കീഴിലും നമ്മുടെ സര്‍ഗശേഷിയെ അടിയറവയ്ക്കരുത്. ന‍ാം നമ്മുടെ ശത്രുവാണ്, ബന്ധുവുമാണ്. സ്വയം ഉയര്‍ത്തുമ്പോള്‍, ഉണര്‍ത്തുമ്പോള്‍, ബന്ധുവാണ്. അധമവികാരങ്ങളെ താലോലിക്കുമ്പോള്‍ ആ മനസ്സിനൊപ്പം യാത്ര ചെയ്യുമ്പോള്‍ ശത്രുവാണ്.

വിവേകമാര്‍ജ്ജിച്ച ബുദ്ധികൊണ്ട് തളര്‍ന്നു കിടക്കുന്ന മനസ്സിനെ ഉണര്‍ത്തണം. സ്വാത്മാവിനെ ഒരിക്കലും താഴ്ത്തരുത്. നിനക്ക് ഞാനുണ്ട് എന്നു പറയാന്‍ ബുദ്ധിമുട്ടാണെന്ന് ഭഗവാന്‍ പറയുന്നു. നിനക്ക് നീ മാത്രമേയുള്ളൂ. നീ അനുവദിക്കാതെ ഒന്നിനും സാധ്യമല്ല. ഉയര്‍ത്തുന്നതും താഴ്ത്തുന്നതും അവനവന്‍ തന്നെ. കര്‍മ്മമാണ് യോഗാവസ്ഥയെ പ്രാപിക്കാന്‍ നിമിത്തമാകുന്നത്.

ഒരു നിമിഷം, ഒരു ചലനം മതി അറിവിന് കാരണമാകാന്‍. അതുണ്ടായാല്‍ നിയന്ത്രിതമായ മനസ്സുകൊണ്ട് യോഗപ്രാപ്തി നേടാനാകും. കര്‍മ്മഫലത്തില്‍ ചിന്ത വയ്ക്കാതെ, ചെയ്യേണ്ട കര്‍മ്മം ചെയ്യുന്നവന്‍ സന്ന്യാസിയാണ്. അവന്‍ നിമിഷംപ്രതി ജീവിക്കുന്നവനാണ്. ശത്രുപാളയത്തില്‍ കടന്നുചെന്ന യോദ്ധാവിനെപ്പോലെ ജാഗ്രതയുള്ളവനാണ്. വിജനമായ തെരുവുപോലെ നിസ്സംഗനാണ്. കര്‍മ്മം ചെയ്യാത്തവന്‍ യോഗിയോ സന്ന്യാസിയോ അല്ല. പുറമെയുള്ളതിനെ പുറത്തുതന്നെവയ്ക്കണം.

ഗീത പറയുന്നത് പുറത്തേക്ക് നോക്കാനല്ല, മറ്റുള്ളവരെത്ര യോഗ്യരാണ് എന്നാണ് നാമിപ്പോള്‍ നോക്കുന്നത്. കൃഷ്ണനെ ധ്യാനിച്ചു തുടങ്ങിയാല്‍ കൃഷ്ണന്‍ നായരിലും അയാള്‍ തരാനുള്ള പണത്തിലുമാണ് എത്തുക. അല്ലെങ്കില്‍ നിദ്രാവസ്ഥയിലെത്തും.

ധ്യാനം ശ്വാസോച്ഛ്വാസത്തെ സമമാക്കി ശ്രദ്ധയെ ഏക ബിന്ദുവില്‍ കേന്ദ്രീകരിക്കലാണ്. അങ്ങനെയാണ് എല്ലാറ്റിനും പ്രിയങ്കരനായ ഈശ്വരനെ അറിയുന്നതും ഈശ്വരനായി തീരുന്നതും. ഈശ്വരനെ ചൂണ്ടി പേടിപ്പിക്കരുത്. പേടിക്കേണ്ടത്തതായി എന്തെങ്കിലുമുണ്ടെങ്കില്‍ അത് എല്ലാ പ്രാണികള്‍ക്കും സുഹൃത്തായ ഈശ്വരനാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം