ഭരദ്വാജാശ്രമപ്രവേശം

വൈദേഹി തന്നോടു കൂടവേ രാഘവന്‍
സോദരനോടുമൊരുമൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദളാഢ്യതല്‍പ്പസ്ഥലേ
മാര്‍ത്താണ്ഡദേവനുദിച്ചോരനന്തരം
പാര്‍ത്ഥിവനര്‍ഘ്യാദി നിത്യകര്‍മ്മം ചെയ്തു
ചെന്നുഭരദ്വാജനായ തപോധനന്‍
തന്നാശ്രമപദത്തിന്നടുത്താദരാല്‍
ചിത്തമോദത്തോടിരുന്നോരു നേരത്തു
തത്ര കാണായിതൊരുവടു തന്നെയും
അപ്പോളവനോടരുള്‍ ചെയ്തു രാഘവന്‍:
‘ഇപ്പൊഴേ നീ മുനിയോടുണര്‍ത്തിക്കണം
രാമന്‍! ദശരഥനന്ദനനുണ്ടു തന്‍
ഭാമിനിയോടുമനുജനോടും വന്നു
പാര്‍ത്തിരിയ്ക്കുന്നജുടജാന്തികേയെന്ന
വാര്‍ത്ത വൈകാതെയുണര്‍ത്തിക്ക‘യെന്നപ്പോള്‍
താപസശ്രേഷ്ഠനോടാബ്രഹ്മചാരി ചെ-
ന്നാഭോഗസന്തോഷമോടു ചൊല്ലീടിനാന്‍:
‘ആശ്രമോപാന്തെ ദശരഥപുത്രനു-
ണ്ടാശ്രിത വത്സല! പാര്‍ത്തിരുന്നീടുന്നു’
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്തേ
സമാദായ സാര്‍ഘ്യ പാദ്യാദിയും
ഗത്വാ രഘുത്തമ സന്നിധൌ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹലക്ഷ്മണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൌ മുഴുകിനാന്‍
ദാശരഥിയും ഭരദ്വാജപാദങ്ങ-
ളാശു വണങ്ങിനാന്‍ ഭാര്യാനുജാന്വിതം
ആശിര്‍വചനപൂര്‍വ്വം മുനിപുംഗവ-
നാശയാനന്ദമിയന്നരുളിച്ചെയ്തു:
‘പാദരജസാ പവിത്രയാക്കീടു നീ
വേദാത്മക! മമ പര്‍ണശാലാമിമാ’
ഇത്ഥമുക്ത്വോടജമാനീയ സീതയാ
സത്യസ്വരൂപം സഹാനുജം സാദരം
പൂജാവിധാനേന പൂജിച്ചുടന്‍ ഭര-
ദ്വാജതപോധനശ്രേഷ്ഠനരുള്‍ ചെയ്തു:
‘നിന്നോടു സംഗമമുണ്ടാകകാരണ-
മിന്നുവന്നു തപസ്സാഫല്യമൊക്കവേ
ജ്ഞാതം മയാ തവോദന്തം രഘുപതേ!
ഭൂതമാഗാമികം വാ കരുണാനിധേ!
ഞാനറിഞ്ഞേന്‍ പരമാത്മാ ഭവാന്‍ കാര്യ-
മാനുഷനായിതു മായയാ ഭൂതലേ
ബ്രഹ്മണാ പണ്ടു സംപ്രാര്‍ത്ഥിതനാകയാല്‍
ജന്മമുണ്ടായതു യാതൊന്നിനെന്നതും
കാനനവാസാവകാശമുണ്ടായതും
ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ!
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ
ജ്ഞാനമൂര്‍ത്തേ! സകലത്തേയും കണ്ടു ഞാന്‍
എന്തിനു ഞാന്‍ വളരെപ്പറഞ്ഞീടുന്നു
സന്തുഷ്ടബുദ്ധ്യാ കൃതാര്‍ത്ഥനായേനഹം
ശ്രീപതി രാഘവന്‍ വന്ദിച്ചു സാദരം
താപസശ്രേഷ്ഠനോടേവമരുള്‍ ചെയ്തു”:
ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ-
ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!‘
ഇത്ഥമന്യോന്യമാഭാഷണവും ചെയ്തു
തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്.