സ്വാമി വിവേകാനന്ദന്‍

പ്രേമം സ്വയം പ്രകാശിക്കുന്ന ചില രൂപങ്ങള്‍; ഒന്നാമത് ബഹുമാനം. ക്ഷേത്രങ്ങളോടും തീര്‍ത്ഥസ്ഥാനങ്ങളോടും ജനങ്ങള്‍ ബഹുമാനം കാണിക്കുന്നതെന്തുകൊണ്ട്? അവിടെ ഈശ്വരനെ ആരാധിക്കുന്നതുകൊണ്ടും ഈശ്വരസാന്നിദ്ധ്യമുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടും. മതോപദേഷ്ടാക്കളെ സര്‍വ്വരാജ്യക്കാരും ബഹുമാനിക്കുന്നതെന്തുകൊണ്ട്? അവര്‍ ഈശ്വരനെപ്പറ്റി പറയുന്നതുകൊണ്ട്. അങ്ങനെ ബഹുമാനിക്കുന്നത് മനുഷ്യഹൃദയത്തിനു സ്വാഭാവികമാകുന്നു. ബഹുമാനഭാവം ഉദിക്കുന്നത് പ്രേമമെന്ന മൂലത്തില്‍നിന്നാണ്: സ്നേഹിക്കാത്തവരെ ബഹുമാനിപ്പാന്‍ നമുക്കാര്‍ക്കും സാധിക്കയില്ല.

പിന്നത്തെ രൂപം പ്രീതി – അത് ഈശ്വരനില്‍. ഇന്ദ്രിയ വിഷയങ്ങളില്‍ മനുഷ്യര്‍ക്ക് എന്തുമാത്രം പ്രീതിയാണ്! തങ്ങള്‍ സ്നേഹിക്കുന്നതിനെ, അതായത് തങ്ങളുടെ ഇന്ദ്രിയങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ, സമ്പാദിപ്പാന്‍ അവര്‍ എവിടെയും പോകും, എന്തപകടവും നേരിടും, ഇതേവിധം തീവ്രപ്രീതിയാണ് ഭക്തനു വേണ്ടത്: അത് ഈശ്വരങ്കലേയ്ക്കായിരിക്കണമെന്നുമാത്രം.

പിന്നെ വിരഹം, വേദനകളില്‍വെച്ച് അത്യന്തം മധുരം: പ്രിയവിരഹം നിമിത്തമുണ്ടാകുന്ന കഠിനസങ്കടം, ഈശ്വരനെ പ്രാപിച്ചില്ലല്ലോ, അറിയേണ്ടുന്ന ഒന്നേ ഒന്ന് അറിഞ്ഞില്ലല്ലോ എന്ന പരമസങ്കടം. അതുകൊണ്ട് സര്‍വ്വത്ര നീരസം തോന്നി മിക്കവാറും ഭ്രാന്താകുന്ന അവസ്ഥ. ഇതത്രേ വിരഹം. ഈ അവസ്ഥയില്‍ പ്രിയവസ്തുവല്ലാത്ത മറ്റേതിന്റെയും സാന്നിദ്ധ്യം മനസ്സിനു അസ്വസ്ഥതയുണ്ടാക്കും (ഏകരതിവിചികിത്‌സാവസ്ഥ) ലൗകിക പ്രേമവിഷയത്തിലും ഇതു പലപ്പോഴും സംഭവിക്കുന്നതു കാണാം. പുരുഷന് സ്ത്രീയോടോ സ്ത്രീക്കു പുരുഷനോടോ യഥാര്‍ത്ഥമായ ഗാഢപ്രേമമുള്ളപ്പോള്‍ അന്യന്മാര്‍ അടുത്തുണ്ടാകുന്നുതന്നെ അവര്‍ക്ക് ശല്യമായി തോന്നും. അനിഷ്ടവസ്തു സാന്നിദ്ധ്യത്തില്‍ ഉണ്ടാകുന്ന ഇതേ പൊറുതികേട് പരഭക്തിഭാവം മനസ്സില്‍ പ്രബലമായിരിക്കുമ്പോഴും ഉണ്ടാകും. അപ്പോള്‍ ഈശ്വരനൊഴിച്ച് മറ്റു വിഷയങ്ങളെക്കുറിച്ചു സംസാരിക്കുന്നതേ അസഹ്യമാകും, ‘പ്രേമരൂപനെപ്പറ്റി വിചാരിക്കുക, അതുമാത്രം വിചാരിക്കുക, മറ്റു പാഴ്ചിന്തകളും പാഴ്‌വാക്കുകളും വിട്ടുകളയുക.’ ഭക്തന് ഭഗവത്കഥമാത്രം പറയുന്നവര്‍ മിത്രങ്ങളും അന്യകഥകള്‍ പറയുന്നവര്‍ അമിത്രങ്ങളും ആയിരിക്കും.

ഇനി ഇതിനേക്കാള്‍ മീതെ ഒരവസ്ഥയുള്ളതിന് തദര്‍ത്ഥപ്രാണസംസ്ഥാനം എന്നുപറയും. അതില്‍ ജീവിതസന്ധാരണംതന്നെ പ്രേമാര്‍ത്ഥമാണ്. ജീവിതത്തിനു വിലയും യോഗ്യതയുമുണ്ടെന്നു തോന്നുന്നത് പ്രേമം നിമിത്തം മാത്രം. അതില്ലാതെ ഒരുനിമിഷം നേരം ജീവിച്ചിരിക്കുക സാദ്ധ്യമല്ല. പ്രിയധ്യാനം ഒന്നുമാത്രമാണ് ജീവിതത്തെ മധുരമാക്കുന്നത്.

അങ്ങനെ ഭക്തി പരിപക്വമായി ഭക്തന്‍ അനുഗൃഹീതനായി, ഈശ്വരദര്‍ശനം സിദ്ധിച്ച്, ഈശ്വരപദാരവിന്ദങ്ങളെ സ്പര്‍ശിച്ചതു പോലാകുമ്പോള്‍ തദീയതാ (ഈശ്വരന്റെത്) എന്ന അവസ്ഥ വന്നുചേരുന്നു. ആ അവസ്ഥയില്‍ ഭക്തന്റെ പ്രകൃതി നിശ്ശേഷം പരിശുദ്ധമായി തീരെ മാറിപ്പോകുന്നു: ജന്‌മോദ്ദേശ്യം മുഴുവനും സഫലമാകുന്നു. എങ്കിലും പിന്നെയും ആവിധം ഭക്തന്മാര്‍ ജീവിതം ധരിക്കുന്നു, ഈശ്വരനെ ആരാധിപ്പാന്‍വേണ്ടിമാത്രം. ആ ആനന്ദം, ജീവിതത്തിലെ ആ ഏകസുഖം, അവര്‍ പരിത്യജിക്കുകയില്ല. ‘യം സര്‍വേ ദേവാ നമസ്യന്തി മുമുക്ഷവോ ബ്രഹ്മവാദിനശ്ച’ ‘യാതൊരുവനെ സര്‍വ്വദേവന്മാരും മുമുക്ഷുക്കളും ബ്രഹ്മവാദികളും നമിക്കുന്നുവോ’ ആ ദേവനില്‍, ‘ആശ്ചര്യലീലാമയനായ ആ ദേവനില്‍, ആത്മാരാമന്മാരും സര്‍വബന്ധവിനിര്‍മ്മുക്തരുമായ മുനികള്‍പോലും ഉദ്ദേശ്യമോ ഫലേച്ഛയോ കൂടാതെ ശുദ്ധഭക്തിയെ വെച്ചുകൊണ്ടിരിക്കുന്നു. ആ വിധം ഗുണമാഹാത്മ്യത്തോടു കൂടിയവനത്രേ ശ്രീഹരി. ഇതാണ് പ്രേമപ്രഭാവം. തന്നെത്താന്‍ തീരെ വിസ്മരിച്ചും തന്റേതാണെന്ന് ഒരു വസ്തുവിലും തോന്നലില്ലാതെയും ഇരിക്കുന്ന ഭക്തന് തദീയത എന്ന അവസ്ഥ സിദ്ധിച്ചിരിക്കുന്നു. അപ്പോള്‍ അവന് എല്ലാം പാവനമായിത്തീരുന്നു, ഒക്കെയും പ്രിയതമന്റെതാകയാല്‍. ഈ ഭാവം ലൗകികപ്രേമകാര്യത്തിലും കാണാം. ലൗകികന് സ്വപ്രേമഭാജനത്തിന്റെതായ സര്‍വസാധനങ്ങളും പ്രിയവും അതുകൊണ്ടു പാവനവുമാകുന്നു: ഹൃദയേശ്വരിയുടെ ഒരു തുണിക്കഷണംപോലും അയാള്‍ക്കു പ്രിയപ്പെട്ടതായി തോന്നും. ആ വിധം പ്രേമം ഈശ്വരനോടാകുമ്പോള്‍ ജഗത്താസകലം ഭക്തനു പ്രിയപ്പെട്ടതായി തോന്നും: എന്തുകൊണ്ടെന്നാല്‍ അതു മുഴുവനും ഈശ്വരന്റേതാണല്ലോ.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 14 പ്രേമപ്രകാശത്തിന്റെ രൂപഭേദങ്ങള്‍. പേജ് 492-494]