ന തദ്വാക്യം ജഗൃഹതുര്‍ബ്ബദ്ധവൈ‍രൗ നൃപാര്‍ത്ഥവത്‌
അനുസ്മരന്താവന്യോന്യം ദുരുക്തം ദുഷ്കൃതാനി ച (10-79-28)
ദിഷ്ടം ബതദനുമന്വാനോ രാമോ ദ്വാരവതീം യയൗ
ഉഗ്രസേനാഭിഃ പ്രീതൈര്‍ജ്ഞാതിഭിഃ സമുപാഗതഃ (10-79-29)

ശുകമുനി തുടര്‍ന്നു:
അതു കഴിഞ്ഞുളള പൗര്‍ണ്ണമിയില്‍ മാമുനിമാരുടെ യാഗശാലയില്‍ ബല്വലന്റെ കുസൃതികള്‍ വീണ്ടും കാണായി. എല്ലാത്തരത്തിലുമുളള മാലിന്യങ്ങള്‍ ഹോമകുണ്ഡത്തെ അശുദ്ധമാക്കി. ഭീമാകാരനായ ഒരു രാക്ഷസന്‍ ആകാശത്തു പ്രത്യക്ഷപ്പെട്ടു. ബലരാമന്‍ ആ പറക്കും ഭീമാകാരനെ താഴെയിറക്കി. തന്റെ കലപ്പകൊണ്ട്‌ അവനെ ആകാശത്തു നിന്നും താഴെ വീഴ്ത്തി മുസലം (ഉലക്ക) കൊണ്ട്‌ അവനെയിടിച്ച്‌ കഥ കഴിച്ചു. ദേവന്‍മാരും മാമുനിമാരും ബലരാമനെ അനുഗ്രഹിച്ചു.

ബലരാമന്‍ ഉടനേ തന്നെ പ്രായശ്ചിത്തതീര്‍ത്ഥാടനത്തിനു പുരപ്പെട്ടു. അദ്ദേഹം പ്രയാഗയിലേക്ക്‌ പോയി. പുലസ്തന്റെ ആശ്രമത്തില്‍ പോയി. ഗോമതി, ഗണ്ഡകി, വിപാശം, ശോണം എന്നീ നദികളില്‍ മുങ്ങി. ഗയയില്‍ പോയി പിതൃക്കള്‍ക്ക്‌ തര്‍പ്പണം നടത്തി. ഗംഗയും സമുദ്രവും സംഗമിക്കുന്നയിടത്തും മഹേന്ദ്രപര്‍വ്വതത്തിലും പോയി. അവിടെ പരശുരാമനെ ദര്‍ശിച്ചു. ഗോദാവരിയിലും വേനത്തിലും ഭീമരഥിയിലും പമ്പാതടാകത്തിലും മുങ്ങിക്കുളിച്ചു. കാര്‍ത്തികേയനെ പൂജിച്ച ശേഷം പരമശിവന്റെ ആസ്ഥാനമായ ശ്രീശൈലത്തു പോയി. ദ്രാവിഡപ്രവിശ്യയിലെ അതിപാവനമായ വെങ്കിടപര്‍വ്വതത്തിലും കാഞ്ചി, കാവേരി എന്നിവിടങ്ങളിലും ബലരാമന്‍ ദര്‍ശനം നടത്തി. ഹരി നിവസിക്കുന്ന ശ്രീരംഗത്തും, ഋഷഭപര്‍വ്വതത്തിലും മഥുരയിലും പാപമൊഴുക്കിക്കളയാന്‍ പര്യാപ്തമായ രാമേശ്വരത്തും ദര്‍ശനം നടത്തി. കൃതമാല, താമരപര്‍ണി എന്നീ നദികളില്‍ കുളിച്ച്‌ മലയപര്‍വ്വതത്തില്‍ പോയി അഗസ്ത്യമുനിയെ ദര്‍ശിച്ചു. എന്നിട്ട്‌ കന്യാകുമാരി, ഫല്‍ഗുനതീര്‍ത്ഥം, പഞ്ചാപ്സരസ്സ്‌ എന്നിവിടങ്ങളിലും കേരളനാട്ടിലും തൃഗര്‍ത്തത്തിലും സഞ്ചരിച്ച്‌ ബലരാമന്‍ ഗോകര്‍മ്മത്തും ശൂരപാര്‍ക്കത്തും പോയി. തപ്തി, പയോശ്നി, നിര്‍വിന്ധ്യ എന്നീ നദികളില്‍ സ്നാനം ചെയ്ത്‌ അദ്ദേഹം ദണ്ഡകാരണ്യം പൂകി. നര്‍മ്മദയിലും മനുതീര്‍ത്ഥത്തിലും മുങ്ങി. അവിടെനിന്നു്‌ അദ്ദേഹം പ്രഭാസത്തിലേക്കു മടങ്ങവേ പാണ്ഡവന്മാരും കൗരവന്മാരും തമ്മില്‍ ഉഗ്രയുദ്ധം നടക്കുന്നു എന്നറിഞ്ഞു.

ഭീമനും ദുര്യോധനനും തമ്മില്‍ നടന്ന അവസാനയുദ്ധത്തിന്റെയന്നു ബലരാമന്‍ കുരുക്ഷേത്രത്തില്‍ ചെന്ന് ഈ ദ്വന്ദ്വയുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവരെ ഉപദേശിച്ചു. എന്നാല്‍ പരസ്പരം രണ്ടാളും ചെയ്തിട്ടുളള അക്രമങ്ങളും അധിക്ഷേപങ്ങളും ഓര്‍മ്മിച്ച്‌ യുദ്ധത്തില്‍ നിന്നു പിന്മാറാന്‍ അവര്‍ തയ്യാറായില്ല. യുദ്ധം ചെയ്യല്‍ അവരുടെ വിധിവിഹിതമാണെന്നു കരുതി ബലരാമന്‍ അവിടം വിട്ട്‌ ദ്വാരകയിലേക്ക്‌ മടങ്ങി.

ബലരാമന്‍ നൈമിഷാരണ്യത്തില്‍ ചെന്നപ്പോള്‍ മാമുനിമാര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തു. അവര്‍ അദ്ദേഹത്തിന്‌ ആത്മവിദ്യ നല്‍കി അനുഗ്രഹിച്ചു. എല്ലാറ്റിന്റെയും സര്‍വ്വചരാചരങ്ങളുടെയും നിലനില്‍പ്പിലുളള ഏകത്വം അവര്‍ സ്വയം സാക്ഷാത്കരിച്ചു. പരീക്ഷിത്തേ, ബലരാമന്‍ ആ പരംപൊരുള്‍ തന്നെയാണ്‌. അദ്ദേഹത്തിന്റെ മഹിമയോ വര്‍ണ്ണനാതീതം. ബലരാമന്റെ മഹിമയേറിയ ചെയ്തികളെ ധ്യാനിക്കുന്നവര്‍ക്ക്‌ ഭഗവാനില്‍ അതീവഭക്തിയുണ്ടാവുന്നതാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF