ബ്രഹ്മന്‍ യമനുഗൃഹ്ണാമി തദ്വിശോ വിധുനോമ്യഹം
യന്മദഃ പുരുഷഃ സ്തബ്ധോ ലോകം മാം ചാവമന്യതേ (8-22-24)
യദാ കദാചിജ്ജീവാത്മാ സംസരന്‍ നിജകര്‍മ്മഭിഃ
നാനായോനിഷ്വനീശോഽയം പൌരുഷീം ഗതിമാവ്രജേത്‌ (8-22-25)
ജന്മ കര്‍മ്മവയോരൂപവിദ്യൈശ്വര്യധനാദിഭിഃ
യദ്യസ്യ ന ഭവേത്‌ സ്തംഭസ്തത്രായം മദനുഗ്രഹഃ (8-22-26)

ബലി പറഞ്ഞു:
ഭഗവന്‍, മൂന്നാമത്തെ ചുവട്‌ എന്റെ ശിരസ്സില്‍ വച്ചുകൊളളൂക. ഒരാളുടെ ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യം സ്വന്തം ശിരസ്സാണല്ലോ. ദിവ്യനും ഉന്നതനുമായ ഒരാളുടെ പക്കല്‍നിന്നും കിട്ടുന്ന ശിക്ഷപോലും അനുഗ്രഹമത്രെ. ശത്രുപോലെ വന്ന അവിടുന്ന് വാസ്തവത്തില്‍ എനിക്ക്‌ ഏറ്റവും വലിയ ഉപകാരിയായിരിക്കുന്നു. കാരണം അവിടുത്തെ പ്രവൃത്തികൊണ്ട്, അധികാരം കൈയാളുന്നതിലുളള ദുസ്സാദ്ധ്യതകള്‍ ക്ഷണനേരം കൊണ്ട്‌ ഞങ്ങള്‍ക്ക്‌ നേരിട്ട്‌ മനസ്സിലായി. എന്റെ മുത്തഛന്‍ പ്രഹ്ലാദന്‍ അങ്ങയുടെ പാദങ്ങളിലഭയം തേടി. തന്നെ ഉപേക്ഷിക്കുന്ന ശരീരത്തോട്‌ പ്രേമം തോന്നിയിട്ട്‌ പ്രയോജനമില്ലെന്നു് ആ മഹാനുഭാവന്‍ അറിഞ്ഞിരുന്നു. ബന്ധുക്കള്‍ മരണശേഷം സ്വത്ത്‌ തട്ടിയെടുക്കാന്‍ വെമ്പലുളളവരും, ഭാര്യ തന്നോടുളള മായാമതിഭ്രമം കാരണം ദേഹാന്തരപ്രാപ്തിക്കിടവരുത്തുന്നവളും, ഗൃഹം ലൗകികബന്ധത്തെ തീവ്രമാക്കുന്നതുമത്രെ. അങ്ങയുടെ സാന്നിദ്ധ്യം ഞാന്‍ ഭാഗ്യമായി കരുതുന്നു.

ആ സമയത്ത്‌ പ്രഹ്ലാദന്‍ പ്രത്യക്ഷപ്പെട്ട്‌ പറഞ്ഞു:
ഭഗവന്‍, അവിടുന്നാണല്ലോ ബലിക്ക്‌ രാജാധികാരം നല്‍കിയതും ഇന്ദ്രപദവിയും അധികാരങ്ങളും നേടാനിടയാക്കിയതും. ഇപ്പോള്‍ അങ്ങതു തിരിച്ചെടുക്കുന്നു. അങ്ങയുടേതു തന്നെയായ ഇവയില്‍ നിന്നു്‌ മുക്തനായി ബലി, അഹങ്കാരത്തില്‍ നിന്നും മോഹവലയത്തില്‍ നിന്നും രക്ഷനേടുമല്ലോ.

ബലിയുടെ ഭാര്യയായ വിന്ധ്യാവലി പറഞ്ഞു:
ഈ വിശ്വം മുഴുവനും അവിടത്തെ സൃഷ്ടിയാണല്ലോ. അജ്ഞാനികള്‍ മാത്രമെ വിശ്വത്തിലെ ഓരോ ഭാഗങ്ങള്‍ തിരിച്ച്‌ അധികാരികളെന്നു നടിക്കുകയുളളു. എല്ലാം അവിടുത്തേതു തന്നെയാവുമ്പോള്‍ അവിടുത്തേക്ക്‌ എന്തെങ്കിലും ദാനം ചെയ്യാന്‍ ആരേക്കൊണ്ട്‌ കഴിയും?

ബ്രഹ്മാവ്‌ പ്രാര്‍ത്ഥിച്ചു:
അവിടുത്തെ പൂജിച്ച ബലിക്ക്‌ ദുഃഖമുണ്ടാക്കുന്നതെങ്ങനെ? അദ്ദേഹത്തെ മുക്തനാക്കിയാലും.

ഭഗവാന്‍ പറഞ്ഞു:
ഞാന്‍ ആരെയെങ്കിലും അനുഗ്രഹിക്കുമ്പോള്‍ ആദ്യം അവരുടെ ഭാഗ്യങ്ങളും സ്വത്തുക്കളും അവരില്‍ നിന്നുകറ്റുന്നു. അവ ഒരുവന്‌ മറ്റുളളവരെ നിന്ദിക്കാനും എന്നെപ്പോലും അപഹസിക്കാനും ഇടവരുത്തുന്നു. എന്നാല്‍ ഏതൊരുവന്‍ സ്വത്തുകൊണ്ടോ, കുലമഹിമയാലോ, പുണ്യകര്‍മ്മങ്ങളാലോ, യുവത്വംകൊണ്ടോ, വിദ്യ, ശക്തി, ധനം എന്നിവയാലോ ചഞ്ചലപ്പെടാതേയും, അഹങ്കാരിയോ ധിക്കാരിയോ ആവാതേയും ഇരിക്കുന്നുവോ, അവന്റെ അത്തരത്തിലുളള ഭാഗ്യവും എന്റെ അനുഗ്രഹമാണ്‌. ബലി എന്റെ മായയെ അതിജീവച്ചിരിക്കുന്നതിനാലാണ്‌ ഈ ദുര്‍ഘട സന്ധിയിലും പതറാതിരിക്കുന്നത്‌. തന്റെ ബന്ധുമിത്രാദികള്‍ ഉപദേശിച്ചിട്ടും തന്റെ പ്രതിജ്ഞ നിറവേറ്റാന്‍ ബലി തയ്യാറായി. എന്റെ സാമ്രാജ്യത്തിലൊരു സ്ഥാനത്തിന്‌ ബലി സര്‍വ്വഥാ അര്‍ഹനത്രെ. ഇന്ദ്രപദവി കിട്ടുക എന്നൊരാഗ്രഹം മനസ്സില്‍ ഇപ്പോഴും ഉളളതിനാല്‍ അടുത്ത മന്വന്തരത്തില്‍ ബലിക്ക്‌ ഇന്ദ്രപദവി ലഭിക്കും. അതുവരെ ബലി നരകങ്ങള്‍ ഭരിക്കും. ആ പദവി ദേവന്മാര്‍ക്കു പോലും പ്രിയങ്കരമത്രെ. എന്റെ ചക്രം ബലിയെ രാക്ഷസവാസനകളില്‍ നിന്നും രക്ഷിക്കുന്നതാണ്‌. ഗദാധാരിയായി ഞാന്‍ സ്വയം ബലിയുടെ അധോലോകങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്നതുമാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF