ശ്രീ രമണമഹര്‍ഷിയുടെ ജീവചരിത്രം

ജ. ലാലാജി : – “ദൈവമേ ! എനിക്ക് ധനവും രാജ്യാവകാശവും വേണ്ടാ. അങ്ങയെ സേവനം ചെയ്‌താല്‍ മതി. എനിക്കുള്ള അപാരമായ സമ്പാദ്യം അതാണ്‌ ” എന്ന് അര്‍ത്ഥമുള്ള ഒരു സംസ്കൃതപദ്യം ചൊല്ലി . ഈ മാര്‍ഗ്ഗം ശരിയല്ലയോ എന്ന് ചോദിച്ചു.

ശ്രീ മഹര്‍ഷികള്‍ : – ശരിയാണ് ; തന്നില്‍ നിന്ന് അന്യമായ ഒരു വസ്തുവുണ്ടെന്നു തോന്നുന്നതുവരെ മനുഷ്യനില്‍ ആശയും തുടര്‍ന്നു നില്‍ക്കുന്നു. വിഭിന്നമായ വസ്തുവില്ലെന്നു വരുമ്പോള്‍ ആശ ഇല്ലാതാകുന്നു. ആശ നശിക്കുന്ന അവസ്ഥ തന്നെ ബന്ധവിമോചനം അഥവാ മോക്ഷം. നിദ്രയില്‍ അന്യമായ ഒരു വസ്തുവെക്കുറിച്ച് ചിന്തയില്ല; തന്മൂലം ആശയുമില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ അതെപ്പറ്റി വിചാരവും അതിനെത്തുടര്‍ന്ന് ആശയും ജനിക്കുന്നു. വസ്തു, അന്യമാണെന്നു ധരിക്കുന്നതുകൊണ്ടാണ് വസ്തുവെ സ്വന്തപ്പെടുത്തുവാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. ഇങ്ങിനെ മനസ്സ്‌, ആശകളെ തുടര്‍ച്ചയായി അനുഗമിച്ചു പുറത്തേക്ക് വ്യാപിക്കുന്നു. ദൈവികാനന്ദം തന്നില്‍ തന്നെ സ്ഥിതി ചെയ്യുന്നു. എന്ന് അറിയുന്ന ഒരുവന്‍ തന്റെ പൂര്‍ണ്ണരൂപം അറിയുവാന്‍ മനസ്സിനെ അന്തര്‍മ്മുഖമായി നയിക്കുന്നു തന്നെപ്പറ്റി അങ്ങിനെ അറിഞ്ഞാല്‍ എല്ലാ ആശകളും നിര്‍വഹിക്കപ്പെട്ടു..

ജ. ലാലാജി :- ‘സദ്‌ബുദ്ധി’ എന്ന പ്രയോഗം എനിക്ക് സുഗ്രാഹ്യമാകുന്നില്ല. അതുതന്നെയല്ലേ ‘ബുദ്ധി’ എന്ന സംജ്ഞ. നന്മയും സത്യവും ലക്ഷ്യപ്പെടുത്തി ഉത്തമജീവിതം നയിക്കുക എന്നല്ലേ ഇതിന്റെ വിവക്ഷ. ‘സദ്‌ബുദ്ധി’ യെ എങ്ങിനെ കര്‍ശനപൂര്‍വ്വം പ്രായോഗികമാക്കാമെന്നും മനസ്സിലാകുന്നില്ല.

ശ്രീ മഹര്‍ഷികള്‍ : – വ്യക്തിത്വം (ദേഹബുദ്ധി) നശിക്കുന്നതാണ് സനാതനമായ സത്യത്തെ അറിയുന്ന അവസ്ഥ. ബുദ്ധി വ്യക്തിത്വത്തോടുകൂടി വര്‍ത്തിക്കുന്നു. തന്മൂലം വ്യക്തിത്വബോധം ഉളവാകുന്നു. ഈ ബോധം – എത്തി സദ്‌ ബുദ്ധിയോ അസത് ബുദ്ധിയോ ആയിക്കൊള്ളട്ടെ – ഇല്ലാതായാ ലേ വ്യക്തിത്വവും ഇല്ലാതാകുകയുള്ളൂ.

ജ.ലാലാജി : – എന്നിരുന്നാലും, ശരിയായ കാര്യങ്ങള്‍ അറിഞ്ഞു, ശരിയായ മാര്‍ഗ്ഗത്തില്‍കൂടി ചരിച്ചു, ശരിയായ ധര്‍മ്മം അനുഷ്ഠിക്കാതിരുന്നാല്‍ മനുഷ്യന്‍ അധഃപതിക്കുമല്ലോ .

ശ്രീ മഹര്‍ഷികള്‍ : – വാസ്തവം ; ശരിയായ മാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിക്കാതെ മനസ്സിനെ നിയന്ത്രിക്കുമ്പോള്‍ സ്വശക്തി ഉത്ഭവിക്കുന്നു.

ജ.ലാലാജി : – ഈ മാര്‍ഗ്ഗത്തിലും ക്ലേശങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നുവല്ലോ, പ്രതിബന്ധങ്ങള്‍ ജയിക്കത്തക്ക ശക്തി എങ്ങിനെ സമ്പാദിക്കാം?

ശ്രീ മഹര്‍ഷികള്‍ : – ഭക്തികൊണ്ടും അറിവുള്ളവരോടുള്ള സഹവാസം (സത്സംഗം) കൊണ്ടും ഇത് സാധിക്കും.

ജ. ലാലാജി : – വ്യക്തിത്വം നശിക്കുന്നതാണ് മോക്ഷമെന്നു അങ്ങ് പറഞ്ഞുവല്ലോ. ഇപ്പോള്‍ ഭക്തിയും സത്സംഗവുമാണ് മോക്ഷത്തിനുള്ള പന്ഥാവെന്നും പറയുന്നു. ഒരുവന്‍ ഭക്തനും സത്സംഗതനുമാകുമ്പോള്‍ അവനില്‍ വ്യക്തിത്വം സ്ഥിതി ചെയ്യുന്നില്ലേ ?

ശ്രീ മഹര്‍ഷികള്‍ : – ജിജ്ഞാസുവായ അന്വേഷകന്നു ഇതൊരു മാര്‍ഗ്ഗം മാത്രം. ഈ പന്ഥാവ് ആശ്രയിച്ചിരിക്കുന്നവന്റെ വ്യക്തിത്വം നശിച്ചിട്ടില്ല. വ്യക്തിത്വം നശിച്ചിരുന്നുവെങ്കില്‍ ഈ ചോദ്യം ഉണ്ടാകുകയില്ലായിരുന്നു. ഒരു അന്വേഷകനു ഈ മാര്‍ഗ്ഗം വ്യക്തിത്വബോധം ഇല്ലായ്മ ചെയ്യാന്‍ ഉപകരിക്കുന്നതാണ് . ഈ ദൃഷ്ട്യാ , പ്രസ്തുത മാര്‍ഗ്ഗം വളരെ ശരിയാണ്.

ജ.ലാലാജി : – സ്വരാജ് സമ്പാദിക്കുവാനുള്ള മോഹം ശരിയായിട്ടുള്ളതല്ലേ ?

ശ്രീ മഹര്‍ഷികള്‍ : – ഇങ്ങിനെയുള്ള അഭിലാഷങ്ങള്‍ സ്വാശ്രയ ബോധത്തിന്റെ സന്താനങ്ങളാണ്. തന്റെ സ്വന്തം രൂപത്തെ പ്രാപിക്കുവാനുള്ള ദീര്‍ഘപരമായ പ്രായോഗിക യത്നങ്ങള്‍ ഒരു വ്യക്തിയുടെ വീക്ഷണ ഗതിയെ വിസ്തൃതപ്പെടുത്തുമ്പോള്‍ അയാള്‍ ദേശീയ ബോധത്തില്‍ ലയിക്കുന്നു. ഈ ബോധം അയാളെ കര്‍മ്മത്തിലേക്ക് നയിക്കുന്ന ആശയായി മാറുന്നു. ആ കര്‍മ്മം നിഷ്കാമമായും മാറുന്നു.

ജ.ലാലാജി : – ദീര്‍ഘകാലത്തെ സമരം കൊണ്ടും ഉഗ്രമായ ത്യാഗം കൊണ്ടും “സ്വരാജ്” ലഭിക്കുന്ന പക്ഷം, ഈ പ്രസ്ഥാനത്തിന്റെ ജനയിതാവിന്ന് അതില്‍ സന്തോഷത്തിന്നും അഭിമാനത്തിന്നും അവകാശമില്ലേ ?

ശ്രീ മഹര്‍ഷികള്‍ : – പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ ഒരു അതീതശക്തിയില്‍ മുകഴുകുന്നു ; ആ ശക്തിയാണ് തന്നെ പ്രവര്‍ത്തിപ്പിക്കുന്നതെന്നും അറിയുന്നു. പ്രവര്‍ത്തിക്കുക എന്ന ധര്‍മ്മം അനുഷ്ഠിക്കുകയല്ല്ലാതെ ഫലം കാംക്ഷിക്കരുത്. അപ്പോള്‍ കര്‍മ്മം നിഷ്കാമമായി തീരുന്നു. ഇവിടെ സന്തോഷത്തിനും അഭിമാനത്തിനും സ്ഥലമില്ല.

ജ.ലാലാജി : – ഒരു പ്രവര്‍ത്തകന്റെ മാര്‍ഗ്ഗം അക്ഷേപരഹിതമാണെന്നു അവന്നു എങ്ങിനെ തീര്‍ച്ചപ്പെടുത്തുവാന്‍ കഴിയും ?

ശ്രീ മഹര്‍ഷികള്‍ : – പ്രവര്‍ത്തകന്‍, തന്നില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മശക്തിയാലോ, ഒരു ആദ്ധ്യാത്മികാചാര്യനിലോ ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവന്‍ തീര്‍ച്ചയായും ശരിയായ മാര്‍ഗ്ഗത്തില്‍ത്തന്നെ നയിക്കപ്പെടുന്നതാണ് . ആചാര്യന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമ്പോഴാണ് സംശയങ്ങള്‍ ഉത്ഭവിക്കുന്നത്.

ജ. ലാലാജി : – രാജ്യത്തിനു വേണ്ടി യത്നിക്കുന്നവര്‍ക്ക് തക്കതായ ആരോഗ്യവും ശക്തിയും നല്‍കി അനുഗ്രഹിക്കുന്ന ഏതെങ്കിലും ദിവ്യശക്തി ലോകത്തിലുണ്ടോ ?

ഈ ചോദ്യം വന്നപ്പോള്‍ ശ്രീ മഹര്‍ഷികള്‍ മൌനം അവലംബിച്ചു . ജമന്‍ലാലാജി ചോദ്യം തുടര്‍ന്നു: –

“പുരാതനന്മാരായ മഹാത്മാക്കളുടെ അന്യാദൃശ്യമായ തപോബലം , അവരുടെ പാരമ്പര്യത്തിന്റെ അഭിവൃദ്ധിക്ക് ഉപകരിക്കുന്നില്ലേ ?

ശ്രീ മഹര്‍ഷികള്‍ : – ഉവ്വ്, ഉപകരിക്കുന്നു. എന്നാല്‍ അത് പാരമ്പര്യത്തിന് മാത്രം പ്രയോജനപ്പെടുകയുള്ളൂ എന്ന് അവകാശപ്പെട്ടുകൂടാ. എല്ലാവരും അതിന്റെ ഫലത്തെ തുല്യമായി അനുഭവിക്കേണ്ടവരാണ് . അങ്ങിനെയുള്ള അനുഗ്രഹശക്തി കൂടാതെയാണോ ഇന്നത്തെ യത്നങ്ങള്‍ നടക്കുന്നത് എന്ന് മന്ദഹാസപൂര്‍വ്വം ചോദിച്ചു.

ജമന്‍ ലാലാജിയും ശ്രീ മഹര്‍ഷികളെ അനുകരിച്ചു മന്ദസ്മിതം ചെയ്തു തുടര്‍ന്നു പറയുന്നു :-

ശ്രീമത് ബാബു രാജേന്ദ്രപ്രസാദ്‌ , രാജ്യത്തിനുവേണ്ടി വളരെ ത്യാഗങ്ങള്‍ സഹിക്കുന്ന ഉല്‍കൃഷ്ടനും സ്വാര്‍ത്ഥത്യാഗിയുമായ ഒരു പ്രവര്‍ത്തകനാണ്. അദ്ദേഹത്തെപ്പോലെയുള്ള വളരെപ്പേരെ രാജ്യത്തിന് വളരെ ആവശ്യമാണ്‌. എന്നിട്ടും അദ്ദേഹത്തിനു പൂര്‍ണ്ണാരോഗ്യമില്ല ; ദേഹം മെലിഞ്ഞു വരുന്നു ; ക്ഷീണം വര്‍ദ്ധിക്കുന്നു. മാതൃഭൂമിയുടെ ഒരു അരുമസന്താനം ഇങ്ങിനെയുള്ള നിര്‍ദ്ദയ പരിചരണത്തിന് വിധേയപ്പെടേണ്ടിവരുന്നത് എന്തുകൊണ്ടാണ് ?

ശ്രീ മഹര്‍ഷികള്‍ , ഇതിനു സമാധാനമായി അനുഭാവപൂര്‍വ്വം മന്ദഹസിക്കുക മാത്രം ചെയ്തു.