യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 162 [ഭാഗം 4. സ്ഥിതി പ്രകരണം]

ശൂന്യ ഏവ ശരീരേന്തര്‍ബദ്ധോസ്മിതി ഭയം തഥാ
ശൂന്യ ഏവ കുസൂലെ തു പ്രേക്ഷ്യ സിംഹോ ന ലഭ്യതേ (4/21/50)

വസിഷ്ഠന്‍ തുടര്‍ന്നു: മനസ്സിന്റെ വിവിധതലങ്ങളെക്കുറിച്ച് ഞാന്‍ വിശദീകരിച്ചത് മനസ്സിന്റെ സ്വഭാവങ്ങളെക്കുറിച്ച് മനസ്സിലാക്കുവാന്‍ മാത്രമാണ്‌. മറ്റൊരുപയോഗവും ഈ ചര്‍ച്ചകൊണ്ടില്ല. കാരണം, മനസ്സ്, എന്തിനെ തീവ്രമായി ധ്യാനിക്കുന്നുവോ അതിന്റെ രൂപഭാവങ്ങള്‍ ആര്‍ജ്ജിക്കുകയാണ്‌. സ്ഥിതി, സ്ഥിതിനിരാസം, നേടല്‍, ത്യജിക്കല്‍, എല്ലാം മനസ്സിന്റെ ഭാവങ്ങള്‍ മാത്രം.

രാമന്‍ ചോദിച്ചു: മനസ്സ് ഈ പറഞ്ഞതുമാത്രമാണെങ്കില്‍ അതെങ്ങിനെ കളങ്കിതമായി?

വസിഷ്ഠന്‍ പറഞ്ഞു: അതൊരു നല്ല ചോദ്യമാണു രാമാ. എന്നാല്‍ അതു ചോദിക്കാന്‍ ഉചിതമായ സമയമല്ല ഇത്. കാരണം എനിയ്ക്കു പറയാനുള്ളതു കേട്ടു കഴിഞ്ഞാല്‍പ്പിന്നെ നിനക്ക് ഈ സംശയം ഉണ്ടാവുകയില്ല. എല്ലാം നിന്റെയുള്ളില്‍ സംശയലേശമില്ലാതെ തെളിയും. മുക്തിയാഗ്രഹിക്കുന്ന, അതിനായി പരിശ്രമിക്കുന്ന, എല്ലാവരുടേയും അനുഭവമാണ്‌ തന്റെ മനസ്സ് അശുദ്ധമാണ്‌ എന്ന തോന്നല്‍. ഓരോരുത്തരും അവരവരുടെ വീക്ഷണത്തിനനുസരിച്ച് അതിനെ വിവിധതരത്തില്‍ വിവരിക്കുന്നു. വൈവിദ്ധ്യമാര്‍ന്ന സുഗന്ധപുഷ്പങ്ങളുമായി സമ്പര്‍ക്കത്തിലാവുന്ന കാറ്റ് അതാത് പുഷ്പഗന്ധങ്ങള്‍ വഹിക്കുന്നതുപോലെ മനസ്സ് വിവിധ ഭാവങ്ങളെ ആവഹിച്ച് അവയെ സാക്ഷാത്ക്കരിക്കാനുചിതമായ ശരീരങ്ങളെ സൃഷ്ടിക്കുന്നു. അവയ്ക്കനുയോജ്യമായ കര്‍മ്മോര്‍ജ്ജവും ചൈതന്യവും ഇന്ദ്രിയങ്ങളില്‍ നിറയ്ക്കുന്നു. തത്കര്‍മ്മ- ധാരണാ- ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്യുന്നു. ഈ മനസ്സാണ്‌ കര്‍മ്മേന്ദ്രിയങ്ങള്‍ക്ക് ചലിക്കാന്‍ കരുത്തേകുന്നത്. മനസ്സാണ്‌ കര്‍മ്മം. കര്‍മ്മമാണ്‌ മനസ്സ്. പൂവും അതിന്റെ സുഗന്ധവുമെന്നതുപോലെയാണത്, അവ രണ്ടല്ല.

മനസ്സിലെ തീരുമാനങ്ങളുടെ ദൃഢതയാണ്‌ കര്‍മ്മങ്ങള്‍ക്ക്‌ ശക്തിനല്കുന്നത്. കര്‍മ്മങ്ങള്‍ ഈ തീരുമാനങ്ങള്‍ക്ക് സാധുതയും നല്കുന്നു. എല്ലാവരുടേയും മനസ്സ് ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയിലേയ്ക്ക് ഉന്മുഖമായാണിരിക്കുന്നത്. എന്നാല്‍ ഓരോരുത്തര്‍ക്കും ഈ പുരുഷാര്‍ത്ഥങ്ങളെപ്പറ്റി വൈവിദ്ധ്യമായ കാഴ്ച്ചപ്പാടും നിര്‍വ്വചനങ്ങളുമാണുള്ളത്. ഒരോരുത്തര്‍ക്കും അവരുടേതാണു ശരി എന്നുറപ്പുമാണ്‌. എങ്കിലും കപില മുനിയുടെ സിദ്ധാന്തം പിന്തുടരുന്നവരും, വേദാന്തികളും, വിജ്ഞാനവാദികളും, ജൈനന്മാരും മറ്റുള്ളവരും അവരുടെ പാത മാത്രമാണ്‌ മുക്തിയിലേയ്ക്കുള്ള ഏകമാര്‍ഗ്ഗമെന്നു ശഠിക്കുന്നു. അവരുടെ തത്വചിന്തകളും അനുഭവകഥനങ്ങളും അവരുടെ സ്വന്തം അനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തില്‍, മനോദാര്‍ഢ്യത്തോടെ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതാണ്‌.

രാമാ, ബന്ധനം എന്നത് വിഷയത്തെപ്പറ്റിയുള്ള ധാരണ തന്നെയാണ്‌. ഈ ധാരണയാണ്‌ മായ, അല്ലെങ്കില്‍ അജ്ഞാനം. ഇത് സത്യത്തെ മറയ്ക്കുന്ന തിമിരമാണ്‌. അജ്ഞാനം സംശയത്തെ ഉണ്ടാക്കുന്നു. അതുണ്ടാക്കുന്ന ധാരണ വൈകൃതമായ തെറ്റിദ്ധാരണയാകുന്നു. “അജ്ഞാനിക്ക് ഇരുട്ടത്ത് ഒരൊഴിഞ്ഞ സിംഹക്കൂടിനടുത്തുകൂടിപ്പോകാന്‍ പേടിയാണ്‌. അതുപോലെ അജ്ഞാനി, താന്‍ ഈ ശൂന്യ ശരീരത്തില്‍ ബന്ധിതനാണെന്ന തെറ്റിദ്ധാരണയില്‍ കഴിയുകയാണ്‌.”

‘ഞാന്‍’, ‘ഈ ലോകം’, എന്നീ ധാരണകള്‍ വെറും നിഴലുകളാണ്‌. സത്യമല്ല. ഇത്തരം ധാരണകളാണ്‌ വസ്തുക്കളെ (വിഷയങ്ങളെ) സൃഷ്ടിക്കുന്നത്. ഈ വസ്തുക്കളാകട്ടെ സത്യമെന്നോ അല്ലെന്നോ പറയാന്‍ വയ്യ. ഒരമ്മ, വീട്ടിലെ ജോലിക്കാരിയായി സ്വയം വിചാരിച്ചാല്‍ അങ്ങിനെയായിത്തീരുന്നു. എന്നാല്‍ അവര്‍ തന്റെ ഭര്‍ത്താവിന്റെ അമ്മയായി സ്വയം വിചാരിച്ചാല്‍ തല്‍ക്കാലം അങ്ങിനെ പെരുമാറുന്നു. അതുകൊണ്ട് രാമാ, ‘ഞാന്‍’, ‘ഇത്’, എന്നൊക്കെയുള്ള ധാരണകള്‍ ഉപേക്ഷിച്ച് സത്യത്തില്‍ മനസ്സുറപ്പിച്ചാലും.