യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 436 – ഭാഗം 6 നിര്‍വാണ പ്രകരണം.

മൌര്‍ഖ്യം ഹി ബന്ധനമവേഹി പരം മഹാത്മ-
ന്നബ്ധോ ന ബദ്ധ ഇതി ചേതസി തദ്വിമുക്തൈ
ആത്മോദയം ത്രിജഗദാത്മമയം സമസ്തം
മൌര്‍ഖ്യം സ്ഥിതസ്യ സഹസാ നനു സര്‍വഭുമിഃ (6/89/31)

ബ്രാഹ്മണന്‍ കഥ തുടര്‍ന്നു: രാജന്‍, ഇനി മറ്റൊരു കഥ കേട്ടാലും. അതിനും അങ്ങയുടെ ജീവിതവുമായി സാമ്യമുണ്ട്. വിന്ധ്യാപര്‍വ്വതത്തിന്റെ അടിവാരത്തില്‍ ബലമേറിയ രണ്ടു കൊമ്പുകളുള്ള അതിശക്തനായ ഒരാനയുണ്ടായിരുന്നു. എന്നാല്‍ അതിന്റെ ആനക്കാരന്‍ ആനയെ ചങ്ങലയ്ക്കിട്ട് ഒരു കൂട്ടിലടച്ചിരുന്നു. തോട്ടികൊണ്ടുള്ള ഉപദ്രവവും മറ്റും തുടര്‍ച്ചയായി അനുഭവിക്കുക മൂലം ആനയ്ക്ക് ജീവിതം വേദന നിറഞ്ഞതായിരുന്നു. ഒരിക്കല്‍ ഉടമസ്ഥന്‍ അടുത്തില്ലാത്തപ്പോള്‍ ആന കൂടു പൊട്ടിച്ചു പുറത്തുപോകാന്‍ ശ്രമിച്ചു.

മൂന്നു ദിവസം മുഴുവന്‍ ആനയുടെ ഈ പ്രവൃത്തി തുടര്‍ന്നു. അവസാനം കൂടു തകര്‍ന്ന് ആന രക്ഷപ്പെട്ടു. അപ്പോഴാണ് ഉടമസ്ഥന്‍ ആന ചെയ്ത ഈ കൃത്യം കണ്ടുപിടിച്ചത്. ആന ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ആനക്കാരന്‍ ഒരു മരക്കൊമ്പില്‍ കയറി അതിന്റെ പുറത്തേയ്ക്ക് ചാടാന്‍ പദ്ധതിയിട്ടു. അങ്ങനെ ആനയെ വീണ്ടും തളയ്ക്കാമല്ലോ. എന്നാല്‍ അയാളുടെ ചാട്ടം പിഴച്ചു. ആനയുടെ മസ്തകത്തില്‍ ചെന്നിരിക്കുന്നതിനു പകരം അയാള്‍ വന്നു വീണത് ആനയുടെ മുന്നിലാണ്. ആന തന്റെ ശത്രുവിനെ തൊട്ടുമുന്നില്‍ പകയോടെ കണ്ടുവെങ്കിലും പെട്ടെന്നതിന് ദയവുതോന്നി. ആ മനുഷ്യനെ ഉപദ്രവിക്കാതെ വെറുതെ വിട്ടു. മൃഗങ്ങളില്‍പ്പോലും അത്തരം ദയാവായ്പ്‌ പലപ്പോഴും കാണാം.

ആന അതിന്റെ വഴിയ്ക്ക് പോയി. ആനക്കാരന് പരിക്കൊന്നും അധികം പറ്റിയിരുന്നില്ല. അയാള്‍ക്ക് ആനയെ നഷ്ടപ്പെട്ടത്തില്‍ കുണ്ഠിതമായി. ദുഷ്ടരുടെ മനസ്സ് പെട്ടെന്ന് കീഴടങ്ങുകയില്ലല്ലോ. അയാള്‍ ആനയെത്തേടി വനങ്ങളില്‍ അലഞ്ഞു നടന്നു. അവസാനം, നാളേറെക്കഴിഞ്ഞപ്പോള്‍ ആന ഒരു ഘോരവനത്തില്‍ നില്‍ക്കുന്നതായി അയാള്‍ കണ്ടു. അയാള്‍ മറ്റ് ആനക്കാരെ സംഘടിപ്പിച്ച്‌ ഒരാനക്കുഴിയുണ്ടാക്കി. ആനയെ കുഴിയില്‍ വീഴിച്ച് പിടിക്കാന്‍ അതിനുള്ളില്‍ ഇലകളും മറ്റും നിറച്ചു. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആന കുഴിയില്‍ വീണു. ഇപ്പോള്‍ ദുഷ്ടനായ ആനക്കാരന്റെ വരുതിയില്‍, അയാളുടെ ബന്ധനത്തിലാണ് ആ പ്രബലനായ ആന.

ആന അസ്ഥാനത്ത് ദയവു കാണിച്ചതു കൊണ്ട് ആനക്കാരനെ കൊന്നില്ല. അത്, അതിനുതന്നെ വിനയായി. സന്ദര്‍ഭം സമാഗതമാവുമ്പോള്‍ തിരിച്ചറിഞ്ഞു തടസ്സങ്ങളെ നീക്കി ഉചിതമായി പ്രവര്‍ത്തിക്കാത്തവര്‍ സ്വയം ദുരിതങ്ങളെ വിളിച്ചുവരുത്തുന്നു.

‘ഞാന്‍ സ്വതന്ത്രന്‍’ എന്ന മിഥ്യാസന്തുഷ്ടി അതിനെ വീണ്ടും ബന്ധനത്തിന്റെ കുഴിയില്‍ വീഴ്ത്തി. മൂഢത്വം ദുരിതങ്ങളെ ആകര്‍ഷിക്കുന്നു.

മൂഢത്വമാണ് ബന്ധനം, മഹാത്മാവേ. ബന്ധനത്തില്‍ ഇരിക്കുന്നവന്‍ തന്റെ മൂഢത കൊണ്ട് സ്വയം സ്വതന്ത്രനാണെന്ന് ചിന്തിക്കുന്നു. സത്യത്തില്‍ മൂന്നു ലോകങ്ങളിലും നിലകൊള്ളുന്നത് സര്‍വ്വവ്യാപിയായ ആത്മാവ് മാത്രമാണെങ്കിലും മൂഢന്‍ തന്റെതന്നെ മൂഢത്വത്തിന്റെ വികസ്വരസത്തയായി വിശ്വത്തെ കാണുന്നു.