വേഷം മാറിയെത്തുന്ന കാമത്തെ തിരിച്ചറിയണം (10)

ന‍ാം നമ്മോടുതന്നെ നടത്തുന്ന ധര്‍മ്മയുദ്ധത്തില്‍ ജയിക്കേണ്ടത് നമ്മില്‍ നിന്നു തന്നെ ജനിച്ച കാമാദികളെയാണ്. പലവിധ വേഷത്തിലാകും ഈ കാമം അവതരിക്കുക. ഇതിനെ സൂക്ഷ്മ വിശകലനത്തിലൂടെ കണ്ടെത്തി നിഗ്രഹിക്കണം. നമ്മിലെ കാമം പലവിധ മൂല്യഭാവങ്ങളും കൈക്കൊള്ളും. ഭര്‍ത്താവ് മരിച്ച അയല്‍ക്കാരിക്ക് സഹായവും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നയാളില്‍ പ്രകടമാകുന്നത് പിതൃഭാവമായിരിക്കും. വഴിയില്‍ നിരാലംബയായ സ്ത്രീക്ക് തുണയേകുമ്പോള്‍ ജ്യേഷ്ഠഭാവമായിരിക്കും പ്രകടമാവുക. പക്ഷെ അതിസൂക്ഷ്മ വിശകലനത്തില്‍ നമ്മുടെയുള്ളിലെ കാമം പ്രച്ഛന്നവേഷം ധരിച്ചെത്തിയതാണ് പിതൃ_ജ്യേഷ്ഠ ഭാവങ്ങളെന്ന് തിരിച്ചറിയാന്‍ കഴിയും. ഇങ്ങനെ നമ്മുടെയുള്ളിലുണരുന്ന സഹാനുഭൂതികളെയും മറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇവ എങ്ങോട്ടാണ് നമ്മെ നയിക്കുന്നതെന്നു തിരിച്ചറിഞ്ഞാല്‍മതി.

മുത്തച്ഛന്‍മാര്‍, പിതാക്കന്മാര്‍, തനിക്കൊപ്പമുള്ള സുഹൃത്തുക്കള്‍, മക്കള്‍, പേരക്കുട്ടികള്‍ തുടങ്ങിയ അഞ്ച് തലമുറയെയാണ് യുദ്ധഭൂമിയില്‍ അര്‍ജുനന്‍ കാണുന്നത്. ഇവയെല്ല‍ാം വ്യക്തിക്കുള്ളിലെ വിവിധ ഭാവങ്ങളുടെ പ്രതിനിധികളാണ്. നമുക്ക് പ്രിയപ്പെട്ട ഇത്തരം ഭാവങ്ങളെ ഇല്ലായ്മ ചെയ്യാന്‍ പലപ്പോഴും ന‍ാം തയ്യാറാകില്ല. നമ്മെ രമിപ്പിക്കുന്നവയെ നിഗ്രഹിക്കാന്‍ ന‍ാം സന്നദ്ധത കാട്ടാതെ ‘അതൊഴിച്ചുള്ള പുണ്യം മതി’ എന്ന നിലപാടാകും സ്വീകരിക്കുക. നമുക്ക് ചേരാത്തതിനെ നമ്മുടെയുള്ളില്‍ നിന്നു ചെത്തിക്കളയാന്‍ ന‍ാം തയ്യാറാകണം. ശിലയില്‍ ശില്പി ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. അതിനിണങ്ങാത്ത ഭാവങ്ങള്‍ കൊത്തിക്കളയുമ്പോള്‍ ആരാധനായോഗ്യമായ ദേവരൂപം അതിനു സിദ്ധിക്കുന്നു. നമുക്കിണങ്ങാത്ത കാമനകള്‍ നിഗ്രഹിച്ച് കഴിയുമ്പോള്‍ നാമും ആരാധനക്കിണങ്ങിയവരാകും

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം