സത്യവ്രതം സത്യപരം ത്രിസത്യം സത്യസ്യ യോനിം നിഹിതം ച സത്യേ
സത്യസ്യ സത്യമൃതസത്യനേത്രം സത്യാത്മകം ത്വാം ശരണം പ്രപന്നാഃ (10-2-26)
ത്വയ്യം ബുജാക്ഷാഖിലസത്ത്വധാമ്നി സമാധിനാവേശിതചേത സൈകേ
ത്വത്പാദ പോതേന മഹത്കൃതേന കുര്‍വ്വന്തി ഗോവത്സപദം ഭവാബ്ധിം (10-2-30)
മഝ്യാശ്വകച്ഛപനൃസിംഹവരാഹഹംസ രാജന്യവിപ്രവിബുധേഷു കൃതാവതാരഃ
ത്വം പാസി നസ്ത്രിഭുവനം ച യഥാധുനേശഭാരം ഭുവോ ഹര യദൂത്തമ വന്ദനം തേ (10-2-40)

ശുകമുനി തുടര്‍ന്നു:

ദേവന്‍മാരും മാമുനിമാരും ഭഗവാന്‍ പരമശിവന്റെ നേതൃത്വത്തില്‍ ദേവകിയും വസുദേവനും തടങ്കലിലുളള കാരാഗൃഹത്തില്‍ ചെന്ന് ഇനിയും ജനിച്ചിട്ടില്ലാത്ത ഭഗവാനെ ഇങ്ങനെ വര്‍ണ്ണിച്ചു പ്രാര്‍ത്ഥിച്ചു:

“ഭഗവന്‍ , അങ്ങ്‌ എപ്പോഴും അവിടുത്തെ വാക്കു പാലിക്കുന്നു. അവിടുന്നു സത്യത്തെ മാത്രം പരമമെന്നു കണക്കാക്കുന്നു. അവിടുന്നു ഭൂത ഭാവി വര്‍ത്തമാനങ്ങളിലെ സത്യമത്രെ. അതിസൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങളുടെ മൂലം അവിടുന്നത്രെ. അവയുടെ ഉണ്മയും മറ്റാരുമല്ല. അവിടുത്തെ കണ്ണുകള്‍ സത്യവും ധര്‍മ്മവുമത്രെ. സത്യത്തിന്റെ ആത്മാവും അവിടുന്നുതന്നെ. ഞങ്ങള്‍ അങ്ങയെ അഭയം പ്രാപിക്കുന്നു. സൃഷ്ടിയെന്നറിയപ്പെടുന്ന വൃക്ഷം ദിവ്യതയെന്ന ഒരേ ഒരു ഭൂമിയിലാണ്‌ നില കൊളളുന്നത്‌. നന്മതിന്മകള്‍ തുടങ്ങിയ ഫലങ്ങളാണതില്‍. ത്രിഗുണങ്ങളാകുന്നു വേരുകള്‍. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളാകുന്ന പുരുഷാര്‍ത്ഥങ്ങള്‍ ആ വൃക്ഷത്തിന്റെ രസങ്ങള്‍. പഞ്ചേന്ദ്രിയങ്ങള്‍ അതിന്റെ ഭാഗങ്ങളത്രെ. ആറ് അവസ്ഥകള്‍ഃ ജനനം, ജീവിതം, വളര്‍ച്ച, പക്വത, വാര്‍ദ്ധക്യം, മരണം എന്നിവയാണ്‌. തൊലി, മാംസം, രക്തം, മേദസ്‌, മജ്ജ, അസ്ഥി, ശുക്ലം എന്നീ ഏഴു തോലുകളാണ്‌ മരത്തിന്‌. എട്ടു ചില്ലകള്‍: പഞ്ചേന്ദ്രിയങ്ങള്‍, മനസ്സ്‌, ബുദ്ധി, അഹങ്കാരം എന്നിവ. നവദ്വാരങ്ങള്‍ ‍- കണ്ണുകള്‍, ചെവികള്‍, നാസികകള്‍, രണ്ട്‌ വിസര്‍ജ്ജനാവയവങ്ങള്‍, വായ്‌ എന്നിവ – മരത്തിലെ പൊത്തുകളത്രെ. ആ മരത്തിലെ രണ്ടു പക്ഷികളിലൊന്നു ജീവാത്മാവും മറ്റേത്‌ പരമാത്മാവും തന്നെയാണ്‌. അതിലെ പത്തിലകള്‍ ഇവയാണ്‌: അഞ്ച്‌ പ്രധാന പ്രാണന്മാരും അഞ്ച്‌ ഉപപ്രാണന്മാരും. അതായത്‌ പ്രാണന്‍ , അപാനന്‍ , വ്യാനന്‍ , ഉദാനന്‍ , സമാനന്‍ , നാഗന്‍ , കൂര്‍മന്‍ , കൃകലന്‍ , ദേവദത്തന്‍ , ധനജ്ഞയന്‍ എന്നിവര്‍ . അവിടുന്നാണ്‌ ഈ വൃക്ഷത്തിന്റെ പ്രഭവസ്ഥാനം. അവിടുന്നതിനെ പരിരക്ഷിക്കുന്നു. എന്നിലും അവിടുന്ന് എല്ലായ്പ്പോഴും ഒരു സാക്ഷി മാത്രമായി നിലകൊളളുന്നു. അങ്ങയില്‍ ഭക്തരായിട്ടുളളവര്‍ ജനനമരണങ്ങളുളള സംസാരസാഗരത്തെ ഗോഷ്പദത്തെയെന്നപോല്‍ തരണം ചെയ്യുന്നു. അവരുടെ ജീവിതോദാഹരണം മറ്റുളളവര്‍ക്ക്‌ ഈ സംസാരസാഗരതരണത്തിന്‌ വഴികാട്ടിയായി വര്‍ത്തിക്കുന്നു. ഭഗവല്‍സാക്ഷാത്ക്കാരപാതയില്‍ നിന്നു്‌ അവര്‍ വ്യതിചലിക്കുന്നില്ല. ഓരോരോ തടസ്സങ്ങളും ബുദ്ധിമുട്ടുകളും സ്വയം തരണം ചെയ്ത്‌ അവര്‍ ലക്ഷ്യം പ്രാപിക്കുന്നു. അവിടുത്തെ നാമം ശ്രവിക്കുകയോ അവിടുത്തെ നാമമഹിമകള്‍ കേള്‍ക്കുകയോ പറയുകയോ ചെയ്യുന്നു ഭക്തന്‌ പുനര്‍ജന്മം ഇല്ല തന്നെ.

ഭഗവാനേ അവിടുന്ന് ധര്‍മ്മസംസ്ഥാപനത്തിനായി ഭൂമിയില്‍ വീണ്ടും വീണ്ടും അവതരിച്ചിട്ടുണ്ട്‌. മത്സ്യമായും കുതിരയായും ആമയായും നരസിംഹമായും പന്നിയായും ഹംസമായും രാജകുമാരനായും ബ്രാഹ്മണനായും മറ്റനേകരൂപങ്ങളിലും അങ്ങ്‌ അവതാരമെടുത്തിട്ടുണ്ട്‌. അവിടുന്ന് എല്ലായ്പ്പോഴും ഞങ്ങളെ സംരക്ഷിക്കുന്നു. ഇപ്പോഴും ഭഗവാനേ അവിടുന്ന് ഭൂമീദേവിയെ ഈ അമിതഭാരത്തിന്റെ ദുരിതത്തില്‍ നിന്നു മോചിപ്പിച്ചാലും.”

ഇങ്ങനെ പ്രാര്‍ത്ഥിച്ച്‌ ദേവവൃന്ദം സ്വര്‍ഗ്ഗത്തിലേക്ക്‌ മടങ്ങി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF