സ്വാമി വിവേകാനന്ദന്‍

പരമാത്മാവുമായി ഐക്യം പ്രാപിപ്പാനുള്ള ഭക്തിയുടെ ക്രമവത്പദ്ധതിയാണ് ഭക്തിയോഗം. ആത്മസാക്ഷാല്‍ക്കാരത്തിലേക്കു നയിക്കുന്ന മാര്‍ഗ്ഗങ്ങളില്‍വെച്ച് ഏറ്റവും എളുപ്പവും ഉറപ്പായാശ്രയിക്കാവുന്നതുമായ മാര്‍ഗ്ഗം ഇതത്രേ. ഈശ്വരപ്രേമമൊന്നുമാത്രമാണ് ഈ മാര്‍ഗ്ഗത്തില്‍ക്കൂടി പൂര്‍ണ്ണതയിലെത്തുവാന്‍ അത്യന്താപേക്ഷിതമായത്.

ഭക്തിക്ക് അഞ്ചു പടികളുണ്ട്.
1. മനുഷ്യന്‍ സഹായാര്‍ത്ഥിയാണ്. പക്ഷേ, അല്പം ഭയവുമുണ്ട്.
2. ഈശ്വരനെ പിതാവായി കാണുന്നു.
3. ഈശ്വരനെ മാതാവായി കാണുന്നു. അപ്പോള്‍ സകല സ്ത്രീകളേയും ജഗദംബികയുടെ പ്രതിബിംബങ്ങളായി കരുതുന്നു. ഈശ്വരന്റെ മാതൃഭാവനയോടെ യഥാര്‍ത്ഥപ്രേമം ആരംഭിക്കുന്നു.
4. പ്രേമത്തിനുവേണ്ടിയുള്ള പ്രേമം. ഇതു എല്ലാ ഗുണവിശേഷങ്ങളേയും അതിക്രമിക്കുന്നു.
5. ഈശ്വരനുമായി ഐക്യം പ്രാപിച്ചിരിക്കുന്ന പ്രേമം, അത് ഏകസാക്ഷാല്‍ക്കാരത്തിലേക്ക് അഥവാ ബോധാതീതാവസ്ഥയിലേക്കു നയിക്കുന്നു.

നാംതന്നെ സഗുണവും നിര്‍ഗുണവുമായിരിക്കുംപോലെ, ഈശ്വരനും സഗുണനും നിര്‍ഗുണനുമാണ്. പ്രാര്‍ത്ഥനയും സ്തുതിയും വളര്‍ച്ചയ്ക്കു വേണ്ടിയുള്ള ഒന്നാമത്തെ ഉപായങ്ങളാണ്. ഈശ്വരനാമജപത്തിന് അത്ഭുതശക്തിയുണ്ട്.

മന്ത്രം ശിഷ്യനു ജപിക്കാനും ധ്യാനിക്കാനുമായി ഗുരു തെരഞ്ഞെടുക്കുന്ന ഒരു വിശേഷശബ്ദമോ ശാസ്ത്രവാക്യമോ ഈശ്വരനാമമോ ആണ്. പ്രാര്‍ത്ഥനയ്ക്കും സ്തുതിക്കുമായി ശിഷ്യന്‍ ഒരു ദിവ്യവ്യക്തിയില്‍ തന്റെ മനസ്സ് ഏകാഗ്രമാക്കണം. അതാണ് അയാളുടെ ഇഷ്ടദേവന്‍. ഈ മന്ത്രങ്ങള്‍ കേവലം ശബ്ദങ്ങളല്ല. അവ ഈശ്വരന്‍തന്നെയാണ്.

ഈ മന്ത്രങ്ങള്‍ നമ്മുടെ ഉള്ളിലുണ്ടുതാനും. അവനെ സ്മരിക്കുക, അവനെപ്പറ്റി സംസാരിക്കുക. ‘ലൌകികതൃഷ്ണകള്‍ വെടിയുക, ബുദ്ധന്റെ ഗിരിപ്രഭാഷണം ‘നിങ്ങളുടെ വിചാരംപോലെയാകും നിങ്ങള്‍’ എന്നാണ്.

ബോധാതീതാവസ്ഥയെ പ്രാപിച്ചശേഷം ഭക്തന്‍, പ്രേമിക്കാനും ആരാധിക്കാനും വേണ്ടി, വീണ്ടും തിരിച്ചുവരുന്നു. ശുദ്ധമായ ഭക്തിക്കു മറ്റുദ്ദേശ്യമൊന്നുമില്ല. അതിനു യാതൊന്നും നേടാനില്ല.

പ്രാര്‍ത്ഥനയ്ക്കും സ്തുതിക്കും ശേഷം ധ്യാനം-സാധകന്റെ ഇഷ്ടദേവമന്ത്രത്തേയും ഇഷ്ടദേവനേയും കുറിച്ചുള്ള മനനവും ധ്യാനവും ‘നമ്മുടെ പിതാവും മാതാവുമായി അഭിവ്യക്തനായ ഈശ്വരന്‍ നമ്മുടെ ബന്ധങ്ങളെ വിച്ഛേദിക്കുമാറാകട്ടെ’ എന്നു പ്രാര്‍ത്ഥിക്കുക.

‘അച്ഛന്‍ മകനെ വീഴാതെ പിടിച്ചിരിക്കുംപോലെ, ഞങ്ങളുടെ കൈകള്‍ പിടിച്ചുകൊള്ളേണമേ, ഒരിക്കലും ഞങ്ങളെ കൈവെടിയരുതേ1 എന്നു പ്രാര്‍ത്ഥിക്കുക.

‘അല്ലയോ നാഥ, പ്രഭോ, എനിക്കു ധനം വേണ്ടാ, അഴകുവേണ്ടാ, ഇഹലോകവും പരലോകവും വേണ്ട-അങ്ങയെമാത്രം മതി. ഞാന്‍ പരിക്ഷീണനായിരിക്കുന്നു. അങ്ങ് എന്റെ കൈയ്ക്കു പിടിച്ചുകൊള്ളണമേ, ഞാന്‍ അങ്ങയെ ശരണം പ്രാപിക്കുന്നു. എന്നെ അങ്ങയുടെ ദാസനാക്കിയാലും. അങ്ങ് എന്റെ അഭയസ്ഥാനമായി ഭവിച്ചാലും’ എന്നു പ്രാര്‍ത്ഥിക്കുക.

‘ഞങ്ങളുടെ പിതാവും മാതാവും ഏറ്റവും പ്രിയമുള്ള സുഹൃത്തുമാണ് അങ്ങ്. ഈ വിശ്വത്തിന്റെ ഭാരം വഹിക്കുന്ന അങ്ങ്, ഞങ്ങളുടെ ഈ ചെറിയ ജീവിതഭാരം വഹിക്കുവാന്‍ ഞങ്ങളെ സഹായിക്കണേ. ഞങ്ങളെ കൈവെടിയരുതേ. അങ്ങയെ വേര്‍പിരിയാന്‍ ഒരിക്കലും ഞങ്ങള്‍ക്കിടയാകാതിരിക്കണേ. ഞങ്ങള്‍ എപ്പോഴും അങ്ങയില്‍ നിവസിക്കണമേ’ എന്നു പാര്‍ത്ഥിക്കുക.

ഈശ്വരപ്രേമം പ്രകാശിതമാവുകയും അതു സര്‍വ്വവുമായിത്തീരുകയും ചെയ്യുന്നതോടെ ഈ ലോകം ഒരു നിസ്സാരവസ്തുവായി തോന്നും. അസത്തില്‍നിന്നു സത്തിലേക്കും തമസ്സില്‍നിന്നു ജ്യോതിസ്സിലേക്കും കടക്കുക.