ഓം നമോ ഭഗവതേ മുഖ്യതമായ നമഃ സത്വായ
പ്രാണായൌജസെ സാഹസേ ബലായ മഹാമത്സ്യായ നമ ഇതി (5-18-25)
ഓംനമോ ഭഗവതേ അകൂപാരായ സര്‍വ്വസത്ത്വഗുണവിശേഷണായാനുപലക്ഷിതസ്ഥാനായ
നമോ വര്‍ഷ്മണേ നമോ ഭുമ്നേ നമോ നമോഽവസ്ഥാനായ നമസ്തേ (5-18-8)
ഓം നമോ ഭഗവതേ മന്ത്രതത്ത്വലിംഗായ യജ്ഞക്രതവേ
മഹാധ്വരാവയവായ മഹാപുരുഷായ നമഃ കര്‍മ്മശുക്ലായ ത്രിയുഗായ നമസ്തേ (5-18-8 )
ഓം നമോ ഭഗവതേ ഉത്തമശ്ലോകായ നമഃ ആര്യലക്ഷണശീലവ്രതായ നമ ഉപശിക്ഷിതാത്മന
ഉപാസിത ലോകായ നമഃ സാധുവാദനികഷണായ നമോ
ബ്രഹ്മണ്യദേവായ മഹാപുരുഷായ മഹാരാജായ നമ ഇതി (5-19-3)
ഓം നമോ ഭഗവതേ ഉപശമശീലായോപരതാനാത്മ്യായ നമോഽകി‍ഞ്ചനവിത്തായ
ഋഷിഋഷഭായ നരനാരായണായ പരമഹംസപരമഗുരവേ
ആത്മാരാമാധിപതയേ നമോ നമ ഇതി (5-19-11)

ശുകമുനി തുടര്‍ന്നുഃ രമണ്യകവര്‍ഷത്തില്‍ സത്യവ്രതന്‍ മത്സ്യാവതാരരൂപത്തില്‍ ഭഗവാനെ സ്തുതിക്കുന്നു. ‘പരമവും നിര്‍മ്മലവുമായ സാത്വികതയുടെ പരംപൊരുളും, ജീവശക്തിയും ഓജസ്സും, ശരീരമനോബുദ്ധികളുടെ ഊര്‍ജ്ജസ്രോതസ്സുമായ അങ്ങേക്കു നമസ്കാരം.’ ഹിരണ്‍മയവര്‍ഷത്തില്‍ ആര്യമന്‍, കൂര്‍മ്മാവതാരരൂപത്തില്‍ ഭഗവാനെ വാഴ്ത്തുന്നു. കൂര്‍മ്മരൂപത്തിലുളള അവിടുന്ന് സംശുദ്ധമായ സാത്വികത തന്നെയാണ്‌. എല്ലാത്തിനും അടിസ്ഥാനമായി വിളങ്ങി, വിശ്വസത്വമായി പുരാതനവും അജ്ഞാതവുമായി വിരാജിക്കുന്ന അവിടേക്ക്‌ നമസ്കാരം., വടക്കേ കുരുദേശത്ത്‌ ഭൂമി ഭഗവാനെ വരാഹാവതാരരൂപത്തില്‍ സ്തുതിക്കുന്നു. ‘മന്ത്രസിദ്ധിയാല്‍ അറിയാന്‍ കഴിയുന്ന ആ ഭഗവാനു നമസ്കാരം. യാഗവും, പരമപുരുഷനുമായ അവിടുത്തെ കര്‍മ്മങ്ങള്‍ സംശുദ്ധമത്രേ. അവിടുന്ന് ത്രിയുഗനായും അറിയപ്പെടുന്നു., കിംപുരുഭൂഖണ്ഡത്തില്‍ ഭക്തോത്തമനായ ഹനുമാന്‍ ശ്രീരാമനെ ആരാധിക്കുന്നു. ആകാശദേവതകള്‍ പാടുന്ന ശ്രീരാമസ്തുതിയും രാമകഥയും കേട്ട്‌ ഹനുമാനും മന്ത്രം ജപിക്കുന്നു. സുശിക്ഷതനും, ഉത്തമഗുണങ്ങളുമുളള ഭഗവാനു നമോവാകം. പ്രജാക്ഷേമതല്‍പ്പരനും ഭക്തപ്രിയനും,നന്മയുടെ പ്രതീകവും ഉത്തമനായ മഹാരാജാവും ആയ അവിടുന്ന് ദിവ്യപുരുഷന്മ‍ാരേയും മഹാത്മാക്കളേയും ദൈവതുല്യരായി കണക്കാക്കുന്നു., ഹനുമാന്‍ വീണ്ടും ഭഗവാനെ ഇങ്ങനെ സ്തുതിച്ചു വാഴ്ത്തുന്നു. ഭഗവാന്റെ ഭൂലോകവാസം രാക്ഷസനിഗ്രഹത്തിന്‌ മാത്രമായിരുന്നില്ല, മറിച്ച്‌ മനുഷ്യര്‍ക്ക്‌ ഒരു പാഠമായിരിക്കാന്‍ കൂടിയാണ്‌. സീതാദേവിയോടുളള സ്നേഹത്താല്‍ അദ്ദേഹം ഒരുത്തമഭര്‍ത്താവായി ജീവിച്ചു. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും രാജകീയവൃത്തികളും ഒരുത്തമപുരുഷന്‍റേതുമായിരുന്നു. തന്നില്‍ ഭക്തരായ മൃഗങ്ങളോടുപോലും സ്നേഹവാത്സല്യം പ്രകടിപ്പിച്ച്‌ ഭക്തിമാത്രമാണ്‌ തന്നിലേക്കുളള വഴിയെന്ന് അദ്ദേഹം പഠിപ്പിച്ചു.’

ഭാരതവര്‍ഷത്തില്‍ ഭഗവാന്‍ നരനാരായണനായി നിതാന്തമായ തപശ്ചര്യകളിലേര്‍പ്പെട്ട്‌ ആളുകളെ അനുഗ്രഹിച്ചും ധാര്‍മ്മികജീവിതത്തിനുദാഹരണമായി ജീവിച്ചും വിളങ്ങുന്നു. അവിടുന്ന് മനുഷ്യര്‍ക്കു ബോധമുണ്ടാക്കിക്കൊടുത്ത്, ദൈവീകത, ‘ആത്മനിയന്ത്രണം, നിസ്വാര്‍ത്ഥത, നിഷ്പക്ഷത എന്നീ പെരുമാറ്റച്ചട്ടങ്ങള‍ിലൂടെ നിര്‍വ്വാണപദം പ്രാപിക്കുന്നതിനെപ്പറ്റിയുളള അറിവുണ്ടാകുന്നു. നാരദമുനിയും മറ്റുളളവരും ഭഗവാനെ ഇങ്ങനെ വാഴ്ത്തി സ്തുതിക്കുന്നു.ആത്മനിയന്ത്രണാധിഷ്ഠിതനും, ശരീരമാണ്‌ ആത്മാവ്‌ എന്ന തെറ്റിദ്ധാരണയില്ലാത്തവനും, പാവങ്ങളുടെ ഏകാശ്രയവും, മാമുനിമാരിലഗ്രഗണ്യനും പരമഹംസനും, എല്ലാവര്‍ക്കും ഗുരുവുമായ അവിടേക്കു നമസ്ക്കാരം.’ ഭഗവന്‍, യോഗമാര്‍ഗ്ഗത്തിന്റെ മഹിമ ശരീരബുദ്ധിയില്‍നിന്നു മോചനം കിട്ടുന്നതിലൂടെയാണ്‌ വെളിപ്പെടുന്നത്‌. അതുകൊണ്ട്‌ ഈ ശരീരാസക്തിയെ ഉപേക്ഷിക്കാതെ എന്തെല്ലാം ആത്മീയകാര്യങ്ങളില്‍ഏര്‍പ്പെട്ടാലും പ്രയോജനമില്ലതന്നെ. ആ ഭയത്തില്‍ നിന്നുളള ഏക മോചനമാര്‍ഗ്ഗം അവിടുത്തെ പാദാരവിന്ദങ്ങളെ പ്രാപിക്കുക മാത്രമാണ്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF