സ്വാമി വിവേകാനന്ദന്‍

വര്‍ത്തമാനഭാരതം – ഭാരതവും ഭാരതീയരും – തുടര്‍ച്ച
സമഷ്ടിയുടെ ജീവിതത്തിലാണ് വ്യക്തിയുടെ ജീവിതം. സമഷ്ടിയുടെ സുഖത്തിലാണ് വ്യക്തിയുടെ സുഖം. സമഷ്ടിയെ വിട്ടാല്‍ വ്യക്തിക്കു നിലനില്പ് അസാദ്ധ്യമാണ് – അനശ്വരമായ ഈ സത്യമാണ് പ്രപഞ്ചത്തിന്റെ അടിത്തറ. വ്യക്തിയുടെ ഒരേയൊരു കര്‍ത്തവ്യം ഇതാണ്; കണക്കറ്റ സമഷ്ടിയോടുള്ള സഹാനുഭൂതിയിലൂടെ അവരുടെ സുഖത്തില്‍ സുഖവും ദുഃഖത്തില്‍ ദുഃഖവും അനുഭവിച്ച് ക്രമേണ പുരോഗമിക്കുക. ഇതു കര്‍ത്തവ്യംമാത്രമല്ല: ഇതു പാലിച്ചില്ലെങ്കില്‍ മരണവും പാലിച്ചാല്‍ അമരതയുമത്രേ ഫലം. പ്രകൃതിയുടെ കണ്ണില്‍ മണ്ണിടാന്‍ ആര്‍ക്കു കഴിയും? സമുദായത്തിന്റെ കണ്ണില്‍ മണ്ണെറിയുകയും നീണാള്‍ നടപ്പുള്ളതല്ല. സമുദായത്തിന്റെ മേല്‍ത്തട്ടില്‍ എത്രയേറെ മലിനതകള്‍ കൂമ്പാരം കൂടിക്കിടന്നാലും, ചോട്ടില്‍ സ്നേഹമയവും നിസ്സ്വാര്‍ത്ഥവുമായ ജീവിതത്തിന്റെ പ്രാണസ്പന്ദം ഉണ്ടുതന്നെ. സര്‍വംസഹയായ ഭൂമീദേവിയെപ്പോലെ സമുദായം ഒട്ടേറെ സഹിക്കും. എന്നാല്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അതുണരുകതന്നെ ചെയ്യും. ആ ഉണര്‍ച്ചയുടെ വീര്യത്തില്‍, പല യുഗങ്ങളായി കുന്നുകൂടിക്കിടന്ന മലിനതകളും സ്വാര്‍ത്ഥതകളും ദൂരെ തെറിച്ചുവീഴുകയും ചെയ്യും.

തമോഗുണം മൂടിയിട്ടുള്ള പശുപ്രകൃതികളായ മനുഷ്യരാണ് നാം. ഒരായിരം പ്രാവശ്യം തട്ടേറ്റിട്ടും മഹത്തായ ഈ സത്യത്തില്‍ നമുക്കു വിശ്വാസം വരുന്നില്ല. ആയിരം പ്രാവശ്യം വഞ്ചിതരായിട്ടും വീണ്ടും വഞ്ചിതരാകാന്‍ നാം തയ്യാറാണ്. പ്രകൃതിയെ വഞ്ചിക്കാമെന്നു നാം ഭ്രാന്തന്മാരെപ്പോലെ കരുതുന്നു. അത്യന്തം ഹ്രസ്വദൃഷ്ടികളാണ് നാം. നാം വിചാരിക്കുന്നു, ഏതെങ്കിലും മട്ടില്‍ നേടിവെയ്ക്കുകയാണ് ജീവിതത്തിന്റെ അവസാനലക്ഷ്യമെന്ന്.

വിദ്യ, ബുദ്ധി, ധനം, ബലം, വീര്യം – എന്തൊക്കെ നമുക്കു പ്രകൃതി സമ്പാദിച്ചുതന്നിട്ടുണ്ടോ അതൊക്കെ വീണ്ടും പ്രചരിപ്പിക്കുവാനുള്ളവയത്രേ. നാം ഇതു മറക്കുന്നു. സംരക്ഷണത്തിനുവെച്ചിട്ടുള്ള നിക്ഷേപം, ‘സ്വന്തമാണ്’ എന്നു തോന്നിയാല്‍ മതി, ഉടനടി സ്വയം നശിച്ചുതുടങ്ങുകയായി.

പ്രജാസമൂഹത്തിന്റെ ശക്തികേന്ദ്രമായ രാജാവ് അതിവേഗം മറക്കുന്നു, തന്നില്‍ നിക്ഷിപ്തമായ ശക്തി, സഹസ്രഗുണമുത്സ്രഷ്ടും ”ആയിരം മടങ്ങു മടക്കിക്കൊടുക്കുവാന്‍വേണ്ടിമാത്ര”മാണെന്ന്. വേനനെപ്പോലെ രാജാവ് തന്നില്‍ത്തന്നെ സര്‍വദേവമയത്വം ആരോപിച്ച് മറ്റുള്ളവരെ ഹീനരായിമാത്രം കണ്ടുതുടങ്ങുന്നു. നല്ലതായാലും ശരി ചീത്തയായാലും ശരി, തന്റെ ഇച്ഛയ്ക്കു വിഘ്‌നം വരുത്തുന്നതു മഹാപാപം. പാലനത്തിനുപകരം നടക്കുന്നതു പീഡനമാണ്: രക്ഷണത്തിനുപകരം ഭക്ഷണവും. സമുദായത്തിനു വീര്യമില്ലെങ്കില്‍, എല്ലാം മിണ്ടാതെ സഹിച്ചുകൊള്ളും. രാജാവും പ്രജകളും ഹീനമായ നിലയില്‍ നിന്ന് ഹീനതരമായ നിലയിലേക്കു വഴുതി വീഴുന്നു: വീര്യമുള്ള മറ്റൊരു വര്‍ഗ്ഗക്കാര്‍ വന്ന് അവരെ ആക്രമിച്ചുകീഴടക്കുകയും ചെയ്യുന്നു. സമുദായഗാത്രം ബലപ്പെട്ടതാണെങ്കില്‍ സുശക്തമായ പ്രതിവിധികള്‍ ഉടനടി തുടരുകയായി. ഇവയുടെ തട്ടേറ്റു കൊടിയും വടിയും വെഞ്ചാമരവുമൊക്കെ ദൂരെ തെറിച്ചുവീഴുകയും, സിംഹാസനാദികള്‍ കാഴ്ച ബംഗ്ലാവില്‍ സൂക്ഷിക്കാനുള്ള വസ്തുക്കള്‍പോലാവുകയും ചെയ്യുന്നു.

മുന്‍സൂചിപ്പിച്ച പ്രത്യാഘാതത്തിന്റെ ഫലമായിട്ടാണ് ആ വൈശ്യ ശക്തിയുടെ വികാസമുണ്ടായത്. മഹത്തായ ആ ശക്തി നെറ്റി ചുളിച്ചാല്‍ ”ലങ്കയിലെ രാക്ഷസേശ്വരന്‍പോലും വിറകൊള്ളും.” അതിന്റെ കൈയില്‍ പെട്ടിട്ടുള്ള സ്വര്‍ണ്ണഭാണ്ഡത്തില്‍ വൃഥാ കൊതിപൂണ്ട് മഹാരാജാക്കന്മാര്‍മുതല്‍ ഇരപ്പാളിവരെയുള്ളവര്‍ അതിനെ പിന്‍തുടരുകയാണ്.

ബ്രാഹ്മണന്‍ പറഞ്ഞു; ”വിദ്യയാണ് ബലത്തിനൊക്കെ ബലം. ആ വിദ്യ എന്നെ ആശ്രയിച്ചുകഴിയുന്നു. എന്റെ ആജ്ഞയ്‌ക്കൊത്തു വേണം സമുദായം നടക്കുക.” കുറേ നാളുകള്‍ അങ്ങനെ നടന്നു. ക്ഷത്രിയന്‍ പറഞ്ഞു; ”ഹേ ബ്രാഹ്മണ, എന്റെ ആയുധബലമില്ലെങ്കില്‍ വിദ്യാബലമുള്ള താങ്കള്‍ എവിടെയാകും? ഞാന്‍തന്നെ ശ്രേഷ്ഠന്‍.” ഉറയില്‍നിന്ന് തിളങ്ങുന്ന വാള്‍ വെളിയിലേക്കു ചാടി. സമുദായം തല കുനിച്ച് അതു വകവെച്ചുകൊടുത്തു. എല്ലാവര്‍ക്കും മുമ്പ്, വിദ്യോപാസകന്‍തന്നെ രാജോപാസകനായി മാറി. വൈശ്യന്‍ പറഞ്ഞു; ”ഭ്രാന്ത്! ‘അഖണ്ഡമണ്ഡലാകാരം വ്യാപ്തം യേന ചരാചരം’ എന്ന് ആരെക്കുറിച്ച് നിങ്ങള്‍ പറയുന്നുവോ അതാണ് ഈ എന്റെ കൈയിലുള്ളതും അനന്തശക്തിമത്തുമായ സ്വര്‍ണ്ണനാണയം. നോക്കൂ: ഇതിന്റെ കൃപകൊണ്ടു ഞാനും സര്‍വശക്തന്‍തന്നെ. ഹേ ബ്രാഹ്മണ, അങ്ങയുടെ തപസ്സും ജപവും വിദ്യയും ബുദ്ധിയും, ഇതിന്റെ കൃപ കൊണ്ട് ഞാനിതാ വിലയ്‌ക്കെടുക്കുന്നു. മഹാരാജാവേ, അങ്ങയുടെ ശസ്ര്താസ്ര്തങ്ങളും തേജോവീര്യങ്ങളും ഇതിന്റെ കൃപകൊണ്ട് എന്റെ ആഗ്രഹസിദ്ധിക്കു പ്രയോഗിച്ചേ മതിയാവൂ. അതിവിശാലവും അത്യുന്നതവുമായ ഈ വ്യാപാരശാലകളില്ലേ, ഇവയത്രേ എന്റെ തേന്‍കൂട്, തേനീച്ചകളെപ്പോലെ അസംഖ്യം ശൂദ്രര്‍ ഇതില്‍ സദാ തേന്‍ സഞ്ചയിച്ചുപോരുന്നു. പക്ഷേ ആരാണ് ആ തേന്‍ നുകരുന്നത്? ഞാനാണ് യഥാകാലം ഉള്ള തേന്‍ പിഴിഞ്ഞെടുക്കുന്നത്.”

ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും ആധിപത്യകാലത്ത് വിദ്യയും പരിഷ്‌കാരവും കുന്നിച്ചതുപോലെ, വൈശ്യരുടെ ആധിപത്യത്തില്‍ ധനവും കുന്നിക്കുന്നു. എന്തിന്റെ ഝണഝണശബ്ദമാണോ നാലു ജാതിക്കാരുടെയും ഹൃദയം കവരുന്നത് ആ നാണയമത്രേ വൈശ്യന്റെ ബലം. ഒടുവില്‍ ബ്രാഹ്മണന്‍ ഈ ധനം സൂത്രത്തില്‍ കൈയ്ക്കലാക്കും, ക്ഷത്രിയന്‍ അതു ബലാത്കാരമായി കവര്‍ന്നെടുക്കും – ഇതാണ് വൈശ്യന് എപ്പോഴുമുള്ള ഭയം. കച്ചവടക്കാരുടെ ഐക്യം ആത്മരക്ഷയെ പുരസ്‌കരിച്ചുള്ളതാണ്. പലിശ എന്ന ചാട്ട ആഞ്ഞു വീശുന്ന വൈശ്യന്‍ എല്ലാവരുടെയും ഹൃദയത്തെ നടുക്കുന്നു. വൈശ്യന്‍ സദാ പണത്തിന്റെ കരുത്തുകൊണ്ടു രാജശക്തിക്ക് അങ്കുശമിടുന്നതില്‍ വ്യാപൃതനാണ്. അയാള്‍ക്ക് എപ്പോഴുമുള്ള പരിശ്രമം വൈശ്യവര്‍ഗ്ഗത്തിന്റെ ധനധാന്യാദികള്‍ക്ക് രാജശക്തി ഒരു തരത്തിലും തകരാറു വരുത്താതെ കാക്കാനാണ്. എന്നാല്‍ രാജശക്തി ശൂദ്രജാതിക്കുണ്ടാകട്ടെ എന്നൊരാഗ്രഹം വൈശ്യനു തെല്ലുമില്ല.

”ഏതു ദേശമുണ്ട് കച്ചവടക്കാരന്‍ പോകാത്തതായി!” കച്ചവടക്കാരനായ വൈശ്യന്‍ സ്വയം അജ്ഞനെങ്കിലും, വ്യാപാരത്തിനുവേണ്ടി, വിദ്യയും ബുദ്ധിയും കലയും ശാസ്ര്തവുമൊക്കെ മറുനാടുകളില്‍ കൊണ്ടെത്തിക്കുന്നു. ബ്രാഹ്മണന്റെയും ക്ഷത്രിയന്റെയും മേല്‌ക്കോയ്മക്കാലത്ത് സമുദായത്തിന്റെ ഹൃദയത്തില്‍ തളംകെട്ടിനിന്ന രക്തം പോലെ വര്‍ത്തിച്ച വിദ്യയും പരിഷ്‌കാരവും കലാഭംഗികളുമൊക്കെ, വൈശ്യന്റെ കച്ചവടസ്ഥലങ്ങളിലേക്കുള്ള പാതകളെന്ന ധമനികളിലൂടെ സര്‍വ്വത്ര വ്യാപിക്കുന്നു. ഇങ്ങനെ വൈശ്യശക്തി ആവിര്‍ഭവിക്കാഞ്ഞെങ്കില്‍ ലോകത്തൊരിടത്തുമുള്ള ഭക്ഷണസാമഗ്രികളും പരിഷ്‌കാരവും കലകളും ശാസ്ര്തവുമൊക്കെ മറ്റൊരിടത്തേക്ക് ആരു കൊണ്ടുപോകുമായിരുന്നു?

പിന്നെ, ബ്രാഹ്മണരുടെ ആധിപത്യവും ക്ഷത്രിയരുടെ ഐശ്വര്യവും വൈശ്യരുടെ ധനധാന്യാദികളും ആരുടെ ദേഹായാസ ഫലമോ, അവരെവിടെ? എല്ലാ ദേശത്തും കാലത്തും സമുദായശരീരമായിട്ടുള്ളതും, എന്നാല്‍ ”ജഘന്യപ്രഭവോ ഹി സഃ” (അവന്‍ നീചജാതിയില്‍ പിറന്നവനാണ്) എന്നു വര്‍ണ്ണിക്കപ്പെട്ടവരുമായ കൂട്ടരുടെ കഥയെന്ത്? വിദ്യാലയം ആഗ്രഹിച്ചുപോയി എന്ന കടുത്ത കുറ്റത്തിന് ”നാവറക്കുക: തടിതട്ടുക” തുടങ്ങിയ മൃദുലശിക്ഷകള്‍ ആരെ ഉദ്ദേശിച്ചോ ഭാരതത്തില്‍ പ്രചരിച്ചിരുന്നത്, ഭാരതത്തിലെ ആ ‘ജംഗമശ്മശാനങ്ങള്‍’ക്ക്, ‘ഭാരം ചുമക്കുന്ന ജന്തുക്കള്‍’ക്ക്, ശൂദ്രജാതിക്കാര്‍ക്ക്, ഗതിയെന്ത്? ഈ നാടിനെക്കുറിച്ച് എന്തു പറയട്ടെ! ശൂദ്രരുടെ കാര്യം വിടുക. ഭാരതത്തില്‍ ഇന്നുള്ള ബ്രാഹ്മണ്യം വെള്ളക്കാരായ അദ്ധ്യാപകര്‍ക്കും, ക്ഷത്രിയത്വം ഭരണം നടത്തുന്ന ഇംഗ്ലീഷുകാര്‍ക്കും, വൈശ്യത്വം ജന്മനാ കച്ചവടക്കാരായ ഇംഗ്ലീഷുകാര്‍ക്കുമാണുള്ളത്. ഭാരതീയര്‍ക്കു ചുമടു ചുമക്കുന്ന വെറും ജന്തുക്കളുടെ നിലയാണ്, വെറും ശൂദ്രത്വമാണ് ഉള്ളത്.

കീറാനാവാത്ത ഇരുള്‍മറ ഇപ്പോള്‍ എല്ലാവരെയും ഒരുപോലെ മൂടിയിരിക്കയാണ്. ഇപ്പോള്‍ പ്രവൃത്തിക്ക് ഓജസ്സില്ല: പരിശ്രമത്തിനു ചുണയില്ല: മനസ്സിനു ബലമില്ല: അപമാനത്തില്‍ ലജ്ജയില്ല: അടിമത്തത്തില്‍ അറപ്പില്ല: ഹൃദയത്തില്‍ സ്നേഹമില്ല: ജീവിതത്തില്‍ ആശയില്ല. ഉള്ളതു പ്രബലമായ ഈര്‍ഷ്യയും സ്വജാതീയരോടു ദ്വേഷവുമാണ്: ദുര്‍ബ്ബലരെ ഏതെങ്കിലും തരത്തില്‍ മുച്ചൂടും നശിപ്പിക്കാനും. പട്ടിയെപ്പോലെ ബലവാന്റെ കാലുനക്കാനുമുള്ള ഉത്കടമായ ആഗ്രഹമാണ്. ഇപ്പോള്‍ തൃപ്തി ഐശ്വര്യം കാണിക്കുന്നതിലും, ഭക്തി സ്വാര്‍ത്ഥം നേടുന്നതിലും, ജ്ഞാനം അനിത്യവസ്തുക്കള്‍ സംഭരിക്കുന്നതിലും, യോഗം പൈശാചികാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിലും, കര്‍മ്മം മറ്റുള്ളവരെ ദാസഭാവത്തില്‍ പരിചരിക്കുന്നതിലും, പരിഷ്‌കാരം വൈദേശികരെ അനുകരിക്കുന്നതിലും, വാഗ്മിതപരുഷഭാഷണത്തിലും, ഭാഷാ പ്രൗഢി പണക്കാരെ സ്തുതിക്കുന്നതിലും, അഥവാ അശ്ലീലപ്രചരണത്തിലുമാണ്. ശൂദ്രര്‍ നിറഞ്ഞ ഈ നാട്ടിലെ ശൂദ്രരെപ്പറ്റി എന്താണ് പറയുക! ഭാരതമൊഴിച്ചുള്ള നാടുകളിലെ ശൂദ്രജാതിക്കാര്‍ അല്പം ഒന്നുണര്‍ന്നിട്ടുണ്ട്. പക്ഷേ അവര്‍ക്കു വിദ്യയില്ല: ശൂദ്രസഹജമായ സ്വജാതിവിരോധം ഉണ്ടുതാനും. സംഖ്യയില്‍ വലുപ്പമുണ്ടെന്നുവെച്ച് ഫലമെന്ത്? ഏതൊന്നിലൂടെയാണോ പത്തുപേര്‍ക്ക് ലക്ഷം പേരുടെ ശക്തി കൈവരുന്നത്, ആ ഐക്യം ശൂദ്രരില്‍നിന്ന് ഇന്നു വളരെ ദൂരെയാണ്. ഇതുകൊണ്ട്, സ്വാഭാവികമായ നിയമമനുസരിച്ച് ശൂദ്രജാതിക്കാര്‍ പരാധീനരത്രേ.

പക്ഷേ ആശയ്ക്കു വകയുണ്ട്. കാലവൈഭവംകൊണ്ട്, ബ്രാഹ്മണാദികള്‍ ശൂദ്രന്റെ കീഴ്‌നിലയിലേക്കു താഴുകയും, ശൂദ്രജാതിക്കാര്‍ മുകള്‍നിലയിലേക്ക് ഉയരുകയും ചെയ്തിരിക്കുന്നു. റോമക്കാരുടെ അടിമയും, ശൂദ്രര്‍ നിറഞ്ഞതുമായ യൂറോപ്പില്‍ ഇന്നു ക്ഷാത്രവീര്യം തുളുമ്പുകയാണ്. നമ്മുടെ കണ്‍മുമ്പില്‍ ഇതാ വന്‍ശക്തിയായ ചൈന അതിവേഗം ശൂദ്രതയിലേക്കു നടന്നുചെല്ലുന്നു. നിസ്സാരമായ ജപ്പാന്‍ ശൂദ്രത്വം വലിച്ചെറിഞ്ഞിട്ട്, വാണംപോലെ ഉയര്‍ന്ന്, ഉച്ചജാതിക്കാരുടെ അധികാരങ്ങള്‍ ആക്രമിച്ചെടുക്കയാണ്. ഇന്നത്തെ ഗ്രീസിന്റെയും ഇറ്റലിയുടെയും ക്ഷാത്രിയത്വലാഭവും, തുര്‍ക്കിയുടെയും സ്‌പെയിനിന്റെയും അധഃപതനവും ഈ പ്രകൃതത്തില്‍ പരാമര്‍ശിക്കേണ്ടവയാണ്.

ഇതൊക്കെയിരുന്നാലും, ശൂദ്രത്വത്തോടുകൂടിയ ശൂദ്രര്‍ക്കു പ്രാധാന്യമുള്ള ഒരു കാലം വരുകതന്നെ ചെയ്യും. എന്നുവെച്ചാല്‍, വൈശ്യത്വവും ക്ഷത്രിയത്വവും നേടിയ ശൂദ്രവര്‍ഗ്ഗം ഏറിയ തോതില്‍ ബലവും വീര്യവും കാട്ടുന്നതുപോലല്ലാതെ, ശൂദ്രരുടെ ധര്‍മ്മവും കര്‍മ്മവുംതന്നെ അനുസരിക്കുന്ന ശൂദ്രര്‍ക്ക് എല്ലാ നാട്ടിലും ആധിപത്യം കൈവരുമെന്നര്‍ത്ഥം. അതിന്റെ മുന്നോടി ഇന്നുതന്നെ പടിഞ്ഞാറന്‍നാടുകളില്‍ പയ്യെപ്പയ്യെ കണ്ടുതുടങ്ങിയിട്ടുമുണ്ട്. അതിന്റെ ഫലാഫലങ്ങളെച്ചൊല്ലി എല്ലാവര്‍ക്കും വിഷാദമുണ്ടുതാനും. സോഷ്യലിസം, അനാര്‍ക്കിസം, നൈഇലിസം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ വിപ്ലവത്തിന്റെ മുന്നേറുന്ന കൊടിക്കൂറകളത്രേ. പല യുഗങ്ങളായി നീണ്ടുനിന്ന നിപീഡനത്തിനു വിധേയരായ ശൂദ്രര്‍ ഒന്നുകില്‍ പട്ടികളെപ്പോലെ കാലു നക്കുന്നു: അല്ലെങ്കില്‍, ഹിംസ്രജന്തുക്കളെപ്പോലെ ക്രൂരത കാട്ടുന്നു. വളരെക്കാലമായി അവരുടെ വാസനകള്‍ സാഫല്യം വരാതെ കിടക്കയാണ്. അതിനാല്‍ അവര്‍ക്ക് ഉറപ്പോ ഒന്നിലുമൊരുതിട്ടമോ ഇല്ല.

പടിഞ്ഞാറ് വിദ്യാഭ്യാസം പരന്നിട്ടുണ്ടെങ്കിലും, അവിടെ ശൂദ്രജാതിയുടെ ഉയര്‍ച്ചക്ക് വമ്പിച്ച ഒരു തടസ്സമുണ്ട്: അവിടെ ജാതിഗുണനിഷ്ഠമാണ്. ഭാരതത്തിലും പണ്ട് ഗുണനിഷ്ഠമായ ഈ ജാതിയാണ് പ്രചരിച്ചിരുന്നത്. അതാണ് ശൂദ്രരെ കടുത്ത കെട്ടുപാടുകളില്‍ കുരുക്കിയിട്ടത്. ഒന്നാമത്, ശൂദ്രര്‍ക്ക് വിദ്യാഭ്യാസത്തിനോ ധനാര്‍ജ്ജത്തിനോ വളരെ കുറച്ചേ സൗകര്യമുണ്ടായിരുന്നുള്ളു. പിന്നെ, ശൂദ്രകുലത്തില്‍ എപ്പോഴെങ്കിലും അസാധാരണരായ ഒന്നോ രണ്ടോ ആളുകള്‍ ജനിച്ചാല്‍ ഉടനടി ഉയര്‍ന്നവര്‍ഗ്ഗക്കാര്‍ അവരെ ബിരുദങ്ങള്‍ നല്കി തങ്ങളുടെ മണ്ഡലത്തിലേക്ക് ഉയര്‍ത്തിവന്നു. അങ്ങനെ അവരുടെ വിദ്യാശക്തിയും ധനത്തിന്റെ ഒരു ഭാഗവും മറ്റു ജാതിക്കാര്‍ക്കുപകരിച്ചു. അവരുടെ വിദ്യ ബുദ്ധി ധനം എന്നിവ ഒന്നുകൊണ്ടും സ്വജാതിയില്‍പ്പെട്ടവര്‍ക്ക് ഒരു പ്രയോജനവുമുണ്ടായില്ല. ഇത്രമാത്രവുമല്ല, മേല്‍ജാതിക്കാര്‍ തങ്ങളുടെ ഇടയിലുള്ള കൊള്ളരുതാത്ത ചവറുപോലുള്ളവരെ ശൂദ്രരുടെ ഇടയിലേക്കു വലിച്ചെറിഞ്ഞുംവന്നു.

വേശ്യാപുത്രരായ വസിഷ്ംന്‍ നാരദന്‍, ദാസീപുത്രനായ സത്യകാമജാബാലന്‍, മുക്കുവനായ വ്യാസന്‍, അച്ഛനാരെന്നു തിട്ടമില്ലാത്ത ദ്രോണന്‍ കൃപന്‍ കര്‍ണ്ണന്‍ തുടങ്ങിയവര്‍, ഇവരൊക്കെ വിദ്യകൊണ്ടോ വീരത്വംകൊണ്ടോ ബ്രാഹ്മണ്യത്തിലേക്കോ ക്ഷത്രിയത്വത്തിലേക്കോ ഉയര്‍ത്തപ്പെട്ടവരാണ്. അതിനാല്‍ വേശ്യ, ദാസി, മുക്കുവര്‍, സൂതര്‍ എന്നിവരുടെ കുലങ്ങള്‍ക്ക് എന്തു ലാഭമാണുണ്ടായത് എന്നു തിരക്കിയറിയേണ്ടിയിരിക്കുന്നു. പിന്നെ, ബ്രാഹ്മണര്‍ ക്ഷത്രിയര്‍ വൈശ്യര്‍ എന്നിവരുടെ കുലങ്ങളില്‍നിന്ന് അധഃപതിച്ചവര്‍ സദാ ശൂദ്രകുലത്തില്‍ ചെന്നുകൂടുകയും ചെയ്തുവന്നു.

ഇന്നത്തെ ഭാരതത്തില്‍ ശൂദ്രകുലത്തില്‍ ജനിച്ച മഹാപണ്ഡിതനാകട്ടെ കോടീശ്വരനാകട്ടെ സ്വന്തം സമുദായം വിട്ടുപോകാന്‍ അവകാശമില്ല. ഫലത്തില്‍, അവരുടെ വിദ്യ ബുദ്ധി ധനം എന്നിവയുടെ പ്രഭാവം സ്വജാതിയില്‍ത്തന്നെ ചെന്നെത്തുകയും അതില്‍പ്പെട്ടവരുടെ ഉയര്‍ച്ചയ്ക്ക് ഉപകരിക്കയും ചെയ്യുന്നു. ഈ മട്ടില്‍ ഭാരതത്തില്‍ ജന്മസിദ്ധമായ ജാതിവ്യവസ്ഥയുടെ അതിരുകള്‍ കടക്കാന്‍ കഴിയാതെ വരുന്നതുകൊണ്ട്, അതാതു ജാതിയില്‍പ്പെട്ടവര്‍ പതുക്കെ ഉത്കര്‍ഷപ്പെട്ടുവരുകയുമാണ്. ജാതിഭേദം വകവെയ്ക്കാതെ ശിക്ഷയും രക്ഷയും നല്കുന്ന ഒരു രാജവാഴ്ച ഭാരതത്തിലുള്ളിടത്തോളം കാലം ഈ മട്ടില്‍ താഴ്ന്ന ജാതിക്കാരുടെ ഉന്നതി ഉണ്ടായിക്കൊണ്ടിരിക്കും.

സമുദായത്തിന്റെ നേതൃത്വം വിദ്യാബലമുള്ളവരിലോ ബാഹുബലമുള്ളവരിലോ ധനബലമുള്ളവരിലോ ഇരിക്കട്ടെ: അതിന്റെ അടിത്തറ സാമാന്യജനമാണ്. ഈ ശക്തിക്ഷേത്രത്തില്‍നിന്നു നേതാക്കന്മാര്‍ എത്രത്തോളം സ്വയം അകന്നുനില്ക്കുന്നുവോ അത്രത്തോളം അവര്‍ ദുര്‍ബ്ബലരായിത്തീരുന്നു. എന്നാല്‍ വിചിത്രമായ ലീല എന്നു പറയട്ടെ, ആരുടെ അടുക്കല്‍നിന്നു പരോക്ഷമായോ പ്രത്യക്ഷമായോ കപടത കൊണ്ടോ ബലംകൊണ്ടോ കൗശലത്താലോ പണത്താലോ മേല്‍ച്ചൊന്ന ശക്തി കൈയ്ക്കലാക്കുന്നുവോ, അവര്‍ താമസിയാതെ നേതാക്കന്മാരുടെ ശ്രദ്ധയില്‍നിന്ന് വളരെ ദൂരം അകന്നുപോകുന്നു. കുറേക്കാലം ചെന്നപ്പോള്‍ ശക്തിയുടെ ഇരിപ്പിടമായ സാമാന്യജനത്തില്‍ നിന്നു പുരോഹിതര്‍ തികച്ചും അകന്നുപോയതുകൊണ്ടാണ് അവര്‍ക്കു തത്ക്കാലം പൊതുജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്ന രാജാവിന്നു കീഴടങ്ങേണ്ടിവന്നത്. രാജാവും താന്‍ സര്‍വ്വഥാ സ്വതന്ത്രനാണെന്നു കരുതി, പൊതുജനങ്ങളുടെയും തന്റെയുമിടയ്ക്കു ദുസ്തരമായ ഒരു കിടങ്ങു സൃഷ്ടിച്ചു. അങ്ങനെ, അദ്ദേഹം പൊതുജനങ്ങളുടെ പിന്തുണ കൂടുതലുണ്ടായിരുന്ന വൈശ്യരുടെ കൈയില്‍ പാവയായിത്തീരുകയോ സ്വയം നാശമടയുകയോ ചെയ്തു. ഇപ്പോള്‍ വൈശ്യര്‍ സ്വന്തം കാര്യം നേടിയിരിക്കയാണ്. അതുകൊണ്ട് ഇനി, പൊതുജനപിന്തുണ ആവശ്യമില്ലെന്നു കരുതി, അവരില്‍നിന്നു സ്വയം വേര്‍തിരിയാന്‍ ശ്രമിക്കയുമാണ്. ഇവിടെയാണ് വൈശ്യശക്തിയുടെയും മുടിവിന്റെ ബീജാവാപം.

ശക്തിക്കെല്ലാം ഇരിപ്പിടമായിട്ടും, പൊതുജനങ്ങള്‍ തമ്മില്‍ത്തമ്മില്‍ ചേരിതിരിഞ്ഞ് അധികാരമൊന്നും കിട്ടാതെ കഴിഞ്ഞുകൂടുകയാണ്. ഈ ചേരിതിരുവുകള്‍ തുടരുന്നിടത്തോളം, ഇവരുടെ ഈ നിലയും തുടരും. പൊതുവായിട്ടുള്ള ആപത്ത്, വെറുപ്പ്, അടുപ്പം ഇവയത്രേ സഹാനുഭൂതിക്കുള്ള കാരണങ്ങള്‍. ഹിംസ്രജന്തുക്കള്‍ ഏതു നിയമത്തിനധീനരായിട്ടാണോ ഒന്നിച്ചുകൂടുന്നത്, അതേ നിയമത്തിനൊത്തത്രേ മനുഷ്യരും ഒരു ജാതിയിലോ ദേശത്തിലോ ഉള്‍പ്പെട്ടു ജീവിക്കുന്നത്. സ്വജാതീയരോടുള്ള തികഞ്ഞ വാത്‌സല്യവും പാഴ്‌സികളോടുള്ള കടുത്ത രോഷവുമാണ് ഗ്രീക്കുകാരുടെ ഔന്നത്യത്തിനു പ്രധാന കാരണമായതെന്നു നിശ്ചയം. ഇതുപോലെ കാര്‍ത്തേജിനോടുള്ള വിദ്വേഷം റോമക്കാരുടെയും, കാഫിര്‍വിദ്വേഷം അറേബ്യക്കാരുടെയും, മൂര്‍വിദ്വേഷം സ്‌പെയിന്‍കാരുടെയും, സ്‌പെയിന്‍വിദ്വേഷം ഫ്രഞ്ചുകാരുടെയും, ഫ്രഞ്ചുവിദ്വേഷം ഇംഗ്ലീഷുകാരുടെയും ജര്‍മ്മന്‍കാരുടെയും, ഇംഗ്ലീഷുവിദ്വേഷം അമേരിക്കക്കാരുടെയും ഉന്നതിക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായിരുന്നു. ഈ വിദ്വേഷത്താല്‍ ആഭ്യന്തരമത്‌സരങ്ങള്‍ ഒതുങ്ങിപ്പോകുന്നു.

സ്വാര്‍ത്ഥമത്രേ സ്വാര്‍ത്ഥത്യാഗമുപദേശിക്കുന്ന ഒന്നാമത്തെ ഗുരു. വ്യക്തിയുടെ സ്വാര്‍ത്ഥം ഭദ്രമാക്കാനാണ് സമഷ്ടിയുടെ നന്മയില്‍ ആദ്യമായി ശ്രദ്ധ തോന്നുന്നത്. ജനതയുടെ സ്വാര്‍ത്ഥമാണ് അവനവന്റെ സ്വാര്‍ത്ഥം. സ്വജനതയുടെ നന്മയാണ് സ്വന്തം നന്മ. ബഹുജനങ്ങളുടെ തുണയില്ലെങ്കില്‍ മിക്ക കാര്യങ്ങളും മുടങ്ങും: സ്വന്തം രക്ഷപോലും അസാദ്ധ്യമാണ്. സ്വാര്‍ത്ഥരക്ഷയ്ക്കുവേണ്ടിയുള്ള ഈ സഹകരണം എല്ലാ ദിക്കിലും എല്ലാ വര്‍ഗ്ഗത്തിലും ഉണ്ടുതന്നെ. എന്നാല്‍ സ്വാര്‍ത്ഥത്തിന്റെ അതിരുകള്‍ക്ക് ഏറ്റക്കുറച്ചിലുകളുണ്ട്. പ്രജോത്പാദനത്തിനും വല്ലപാടും വയറു നിറയ്ക്കുവാനും അവസരം കിട്ടിയാല്‍ ഭാരതീയന്റെ സ്വാര്‍ത്ഥസിദ്ധി പൂര്‍ണ്ണമായി. ഇതിനുപരിയായി, മേല്‍ജാതിക്കാര്‍ക്ക് മതാനുഷ്ഠാനത്തിനു തടസ്സവുമരുത്. ഇന്നത്തെ ഭാരതത്തില്‍, ഇതിനപ്പുറം മറ്റു ദുരാഗ്രഹമൊന്നുമില്ല. ഭാരതീയ ജീവിതത്തിന്റെ പതിനെട്ടാം പടിയാണിത്.

ഇന്നത്തെ ഭാരതത്തിലെ ഭരണകൂടത്തില്‍ കുറേ ദോഷങ്ങളും ശക്തിമത്തായ കുറെ ഗുണങ്ങളുമുണ്ട്. ഏറ്റവും വലിയ നന്മ ഇതാണ്; മഗധസാമ്രാജ്യത്തിന്റെ അധഃപതനത്തിനുശേഷം ഇന്നുവരെ ഇത്ര ശക്തിമത്തും വ്യാപകവുമായ ഒരു ഭരണയന്ത്രം നമ്മുടെയിടയില്‍ ഉണ്ടായിട്ടില്ല. വൈശ്യശക്തിയുടെ കീഴില്‍ ഒരറ്റത്തുള്ള ക്രേയവസ്തുക്കള്‍ മറ്റേയറ്റത്ത് എത്തുന്നതുപോലെ, ഇതരദേശങ്ങളിലുള്ള ആശയങ്ങളും, ബലാത്കാരമായിത്തന്നെ, ഭാരതത്തിന്റെ അസ്ഥിയിലും മജ്ജയിലും കടന്നുകൂടിയിരിക്കുന്നു. ഈ ആശയങ്ങളുടെ കൂട്ടത്തില്‍ ചിലതു വളരെ നല്ലതും, ചിലതു ചീത്തയും, മറ്റു ചിലത് ഈ നാട്ടിനു നല്ലതെന്തെന്നു തീര്‍ച്ചപ്പെടുത്താന്‍ വൈദേശികര്‍ക്കുള്ള കഴിവില്ലായ്മയുടെ തനിരൂപം കാട്ടിത്തരുന്നതുമാണ്.

എന്നാല്‍, നന്മതിന്മകളുടെ ഈ കൂട്ടത്തെ പിളര്‍ന്ന് ഒരു ഭാവി ശ്രേയഃ സൂചന ഉയര്‍ന്നുകാണുന്നതിതാണ്; വൈദേശികവും പണ്ടു മുതല്‍തന്നെ ഇവിടെ നിലനിന്നുവന്നതുമായ ആശയങ്ങളുടെ സംഘട്ടനംകൊണ്ട് ക്രമേണ, നീണാള്‍ ഉറങ്ങിക്കിടക്കുന്ന ഈ ജനത ഉണരുകയാണേ്. തെറ്റുകള്‍ പറ്റട്ടെ, തരക്കേടില്ല. എല്ലാ കാര്യങ്ങളിലും പറ്റിപ്പോകുന്ന തെറ്റുകുറ്റങ്ങള്‍മാത്രമാണ് നമ്മെ പഠിപ്പിക്കുന്നത്. തെറ്റു പറ്റുന്നവനേ ശരിയായ വഴി കണ്ടെത്തൂ. മരത്തിനു തെറ്റുപറ്റില്ല: കല്‍ത്തുണ്ടിനും തെറ്റു പറ്റില്ല. വളരെ കുറച്ചേ ജന്തുക്കള്‍ പ്രകൃതിനിയമത്തിനു വിരുദ്ധമായി പെരുമാറിക്കാണുന്നുള്ള. എന്നാല്‍, തെറ്റുകളും കുറ്റങ്ങളും നിറഞ്ഞ മനുഷ്യരുടെ വര്‍ഗ്ഗത്തിലത്രേ ഭൂദേവന്മാര്‍ ജനിക്കുന്നത്. ചൊട്ടമുതല്‍ ചുടലവരെയുള്ള എല്ലാ പ്രവൃത്തികളും, ഉണര്‍ച്ചമുതല്‍ വീണ്ടും ഉറക്കംവരെയുള്ള നമ്മുടെ ചിന്തകളും അവയുടെ സൂക്ഷ്മാംശങ്ങളില്‍പ്പോലും മറ്റുള്ളവര്‍ നമുക്കുവേണ്ടി തീരുമാനിച്ചുതരുകയാണെങ്കില്‍, ഈവക നിയമങ്ങളുടെ ഉരുക്കുചങ്ങലകൊണ്ടു നമ്മെ വരിഞ്ഞു മുറുക്കാന്‍ രാജശക്തി ചെലുത്തപ്പെട്ടാല്‍, മറ്റെന്താണ് സ്വയം ചിന്തിച്ചു ചെയ്യാന്‍ അവശേഷിക്കുക? മനനം ചെയ്യുന്നതുകൊണ്ടല്ലേ നാം മനുഷ്യരും മനീഷികളും മുനികളുമാകുന്നത്? ചിന്താശീലം കുറയുമ്പോള്‍, അതോടൊപ്പം തമോഗുണത്തിന്റെ മിഴിവും ജഡതയുടെ വരവുമായി. ഇന്നും ഓരോ മതനേതാവും സാമുദായികനേതാവും സമുദായത്തിന്നാകെക്കൂടി നിയമങ്ങള്‍ ഉണ്ടാക്കാന്‍ ഉത്‌സുകനാണ്. നാട്ടില്‍ നിയമങ്ങള്‍ക്കു കുറവുണ്ടോ? നിയമങ്ങള്‍ ഞെക്കിഞെരുക്കുന്നതുകൊണ്ടാണ് സര്‍വനാശത്തിനു സാദ്ധ്യതയുള്ളതെന്ന് ആരാണ് ധരിക്കുക?

തികച്ചും സ്വതന്ത്രനും ഉച്ഛൃംഖലനുമായ രാജാവിന്റെ കീഴില്‍, കീഴടക്കപ്പെട്ട ജാതിക്കാര്‍ക്കു നിന്ദ അനുഭവപ്പെടുകയില്ല. അതിരുമെതിരുമില്ലാത്ത ശക്തിയോടുകൂടിയ ഒരു സമ്രാട്ടിന്റെ കീഴില്‍ എല്ലാ പ്രജകളുടെ അവകാശങ്ങളും ഒരുപോലാണ്; അതായത് ആര്‍ക്കും രാജശക്തിയെ നിയന്ത്രിക്കാന്‍ കഴിവുണ്ടാവില്ല. അപ്പോള്‍ ജാതിയെച്ചൊല്ലിയും മറ്റുമുള്ള വിശേഷാവകാശങ്ങള്‍ അധികമായി കാണുകയില്ല. എന്നാല്‍ പ്രജകള്‍ ഏര്‍പ്പെടുത്തുന്ന രാജാവുള്ളിടത്ത്, അഥവാ പ്രജായത്തഭരണം മറ്റൊരു കൂട്ടരെ കീഴടക്കി ഭരിക്കുന്നിടത്ത്, വിജേതാവിന്നും വിജിതര്‍ക്കുമിടയ്ക്കു വലിയ അന്തരമുണ്ടാകുന്നു. തികച്ചും പ്രയോഗിച്ചിരുന്നെങ്കില്‍, സ്വല്പകാലംകൊണ്ടു വിജിതര്‍ക്കു വളരെ നന്മകള്‍ കൈവരുത്തുമായിരുന്ന ശക്തികളുടെ ഏറിയകൂറും വിജിതരെ തുടര്‍ച്ചയായി കീഴൊതുക്കിവെയ്ക്കാനുള്ള യത്‌നത്തിനും പദ്ധതിക്കുമായി വെറുതെ ചെലവാക്കുന്നു. ഇതുകൊണ്ടാണ് പ്രജാതന്ത്രക്കാരായ റോമക്കാര്‍ ഭരിച്ചപ്പോഴത്തേതിലുമധികം സുഖസൗകര്യങ്ങള്‍ റോമിലെ സമ്രാട്ടുകള്‍ ഭരിച്ചപ്പോള്‍ വൈദേശികപ്രജകള്‍ക്കുണ്ടായത്: ഇതുകൊണ്ടാണ് വിജിതരായ യഹൂദരുടെ ഇടയില്‍ ജനിച്ച് ക്രിസ്തുമതം പ്രചരിപ്പിച്ച പോളിനു സീസര്‍ ചക്രവര്‍ത്തിയുടെ മുമ്പില്‍വെച്ച് തന്നില്‍ ആരോപിച്ച കുറ്റങ്ങളെപ്പറ്റി വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ കഴിഞ്ഞത്. ചില ഇംഗ്ലീഷുകാര്‍ നമ്മെ ‘കറുത്തവര്‍’ അല്ലെങ്കില്‍ ‘നാട്ടുകാര്‍’ എന്നു വിളിക്കുന്നതുകൊണ്ടോ, ബര്‍ബരന്മാര്‍ എന്നു കരുതി പരിഹസിക്കുന്നതുകൊണ്ടോ നമുക്കു ലാഭവുമില്ല നഷ്ടവുമില്ല. നമ്മുടെ ഇടയില്‍ത്തന്നെ നമുക്കു ജാതിയുടെ പേരില്‍ അതിനെക്കാള്‍ വളരെയേറെ അവജ്ഞയുണ്ട്. വിഡ്ഢികളായ ക്ഷത്രിയരാജാക്കന്മാര്‍ സഹായിക്കാനുണ്ടായാല്‍ ശൂദ്രരുടെ ”നാവരിയാനും അംഗച്ഛേദം ചെയ്‌വാനും” മറ്റും ബ്രാഹ്മണന്‍ വീണ്ടും ഒരുങ്ങില്ലെന്ന് ആര്‍ക്കുപറയാം? കിഴക്കേ ആര്യാവര്‍ത്തത്തിലുള്ള ജാതിക്കാരുടെ ഇടയിലെല്ലാം സാമുദായികോത്കര്‍ഷത്തിന്നനുകൂലമായി കാണുന്ന മനോഭാവവവും, മഹാരാഷ്ട്രത്തിലെ ബ്രാഹ്മണര്‍ ‘മറാഠാ’വര്‍ഗ്ഗത്തെ മുഴുവന്‍ സ്തുതിക്കാന്‍തുടങ്ങിയിട്ടുള്ളതും, നിഃസ്വാര്‍ത്ഥതയില്‍ നിന്നുണ്ടായതാണെന്ന് താഴ്ന്ന ജാതിക്കാര്‍ ധരിച്ചിട്ടില്ലതന്നെ. എന്നാല്‍ ഇംഗ്ലണ്ടിലെ പൊതുജനങ്ങളുടെ ഇടയില്‍ ക്രമേണ ഒരു ധാരണ കടന്നുകൂടിയിട്ടുണ്ട്; തങ്ങളുടെ കൈയില്‍ നിന്ന് ഭാരതസാമ്രാജ്യം വഴുതിപ്പോയാല്‍ അത് ഇംഗ്ലീഷുകാര്‍ക്ക് സര്‍വ്വനാശം വരുത്തിവെയ്ക്കുമെന്ന്. അതിനാല്‍ എങ്ങനെയെങ്കിലും ഇംഗ്ലീഷുവാഴ്ച ഭാരതത്തില്‍ പ്രബലമാക്കിവെയ്ക്കണം. ഈ അധികാരരക്ഷണത്തിനു പറ്റിയ പ്രധാനമാര്‍ഗ്ഗം ഇംഗ്ലീഷുകാരുടെ ‘വലുപ്പം’ ഭാരതീയഹൃദയങ്ങളില്‍ ജാഗരൂകമാക്കി വെയ്ക്കയത്രേ. പ്രസ്തുതാശയത്തിന്റെ പ്രബലതയും, അതിനൊത്ത പ്രവൃത്തിയും ക്രമേണ വര്‍ദ്ധിക്കുന്നതു കാണുമ്പോള്‍, ഒന്നിച്ചുതന്നെ ചിരിയും ദയയുമാണുണ്ടാകുന്നത്. ഏതൊരു വീര്യവും ദൃഢനിശ്ചയവും സ്വജാതീയരുടെ പതറാത്ത സഹാനുഭൂതിയുംകൊണ്ടാണോ ഇംഗ്ലീഷുകാര്‍ ഈ നാടു കീഴടക്കിയത്, സദാ ജാഗരൂകമായ ശാസ്ര്തബോധം താങ്ങായുള്ള യാതൊരു കച്ചവടവും ബുദ്ധിശക്തിയുമാണോ ശ്രീമത്തായ ഭാരതത്തെപ്പോലും ഇംഗ്ലണ്ടിന്റെ മികച്ച കമ്പോളമാക്കിത്തീര്‍ത്തത്, അവയൊക്കെ ഇംഗ്ലീഷുകാരുടെ ഇടയില്‍നിന്നു മാഞ്ഞുമറയാത്തിടത്തോളം കാലം അവരുടെ ആധിപത്യം ഇവിടെ സുരക്ഷിതമാണെന്ന് ഭാരതത്തില്‍ പാര്‍ക്കുന്ന ഇംഗ്ലീഷുകാര്‍ മറക്കുന്നു. ഈവക ഗുണങ്ങള്‍ ഉള്ളിടത്തോളം ഇംഗ്ലീഷുകാര്‍ക്ക് ഒരായിരം ഭാരതസാമ്രാജ്യങ്ങള്‍ നഷ്ടപ്പെട്ടാലും, വീണ്ടും അവയൊക്കെ സമ്പാദിക്കാന്‍ കഴിയും. ഈവക ഗുണങ്ങളുടെ പ്രവാഹത്തിനു വേഗം കുറഞ്ഞുതുടങ്ങിയാലോ വൃഥാ ‘വലുപ്പം’ പ്രഖ്യാപിച്ചതുകൊണ്ടു സാമ്രാജ്യഭരണം ഭദ്രമാകുമോ? അതിനാല്‍ മുന്‍ചൊന്ന ഗുണങ്ങളെല്ലാമുള്ളപ്പോള്‍ വ്യര്‍ത്ഥമായ പെരുമ പ്രഖ്യാപിക്കുന്നതില്‍ ഇത്രയേറെ ശക്തി ക്ഷയിപ്പിക്കേണ്ടതില്ല. ഇവയൊക്കെ പ്രജകളുടെ നന്മയ്ക്കുവേണ്ടി ഉപയോഗിച്ചാല്‍ അതുകൊണ്ട് ഭരണകര്‍ത്താക്കള്‍ക്കും ഭരണീയര്‍ക്കും നന്മയാണുണ്ടാകുക.

മുമ്പേ പറഞ്ഞുവല്ലോ, വൈദേശികരോടുള്ള ഏറ്റുമുട്ടല്‍കൊണ്ട് ഭാരതം ക്രമേണ ഉണരുകയാണെന്ന്. സ്വല്പമായ ഈ ഉണര്‍വുകൊണ്ട് സ്വാതന്ത്ര്യചിന്തയും കുറഞ്ഞൊന്നു തെളിഞ്ഞിട്ടുണ്ട്. ഒരു വശത്ത് ഒരു നൂറു സൂര്യന്റെ ജ്യോതിസ്സുപോലുള്ളതും പ്രത്യക്ഷശക്തിയുള്ള പ്രാമാണികവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്നതുമായ ഇന്നത്തെ പാശ്ചാത്യ ശാസ്ര്തത്തിന്റെ കണ്ണു മഞ്ചിക്കുന്ന പ്രഭ: മറുവശത്ത് സ്വദേശീയരും വിദേശീയരുമായ പല പണ്ഡിതന്മാരും പ്രഖ്യാപിച്ചിട്ടുള്ളതും പല യുഗങ്ങളായി തുടര്‍ന്നുവന്നിട്ടുള്ള മഹാനുഭൂതിയിലൂടെ എല്ലാവരെയും ഉടനടി ആകര്‍ഷിക്കുന്നതും ബലപ്രദവും ആശാവഹവും അപൂര്‍വവുമായ സ്വപൂര്‍വികരുടെ വീര്യം, ദിവ്യമായ പ്രതിഭ, ദേവദുര്‍ലഭമായ ആദ്ധ്യാത്മികതത്ത്വങ്ങള്‍ എന്നിവ. ഒരു വശത്തു ഭൗതികവിജ്ഞാനം, പ്രചുരമായ ധനധാന്യാദികള്‍, പ്രഭൂതമായ ബലസഞ്ചയം, തീവ്രമായ ഇന്ദ്രിയസുഖങ്ങള്‍ എന്നിവ വൈദേശികഭാഷയിലൂടെ വളരെ ഒച്ചപ്പാടുണ്ടാക്കിയിരിക്കുന്നു. മറുവശത്ത് ഈ ഒച്ചപ്പാടൊക്കെ താങ്ങിക്കൊണ്ടു ക്ഷീണവും എന്നാല്‍ മര്‍മ്മസ്പൃക്കുമായ സ്വരത്തില്‍ പ്രാചീനദേവതകളുടെ ആര്‍ത്തനാദം ചെവിയില്‍ വന്നലയ്ക്കുന്നുതാനും. പലതരം വാഹനങ്ങള്‍, പാനീയങ്ങള്‍, വെടിപ്പായി തയ്യാറാക്കിയ ഭോജ്യങ്ങള്‍, വിചിത്രവേഷഭൂഷാദികളണിഞ്ഞ നിര്‍ലജ്ജരും വിദുഷികളുമായ മഹിളകള്‍, പുത്തനാശയങ്ങള്‍, പുതുമോടികള്‍ – കണ്‍മുമ്പില്‍ നിരക്കുന്ന ഇവയെല്ലാം മുമ്പെങ്ങുമില്ലാത്ത വാസനകളെ ഉണര്‍ത്തിവിടുന്നു. ഇടയ്ക്കിടയ്ക്ക് ഈ കാഴ്ചകളെല്ലാം മറഞ്ഞ്, വ്രതം ഉപവാസം സീത സാവിത്രി തപോവനം ജടാവല്കലാദികള്‍ കാഷായവസ്ര്തം കൗപീനം സമാധി ആത്മാനുസന്ധാനം മുതലായവ വന്നു നിരക്കുന്നുമുണ്ട്. ഒരു വശത്ത് പാശ്ചാത്യസമുദായത്തിന്റെ സ്വാര്‍ത്ഥപരമായ സ്വാതന്ത്ര്യം: മറുവശത്ത് ആര്യവര്‍ഗ്ഗക്കാരുടെ കഠോരമായ ആത്മാര്‍പ്പണം. ഈ കഠിനസംഘട്ടനത്തില്‍ പെട്ടു ഭാരതീയസമുദായം ഉലയുന്നെങ്കില്‍ അതിലെന്താശ്ചര്യം? പാശ്ചാത്യലക്ഷ്യം വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അവരുടെ ഭാഷ പണമുണ്ടാക്കുന്ന വിദ്യാഭ്യാസമാണ്: ഉപായം രാഷ്ട്രീയവുമാണ്. ഭാരതലക്ഷ്യം മുക്തിയാണ്, ഭാഷ വേദമാണ്: ഉപായം ത്യാഗവും. ഇന്നത്തെ ഭാരതം ചിലപ്പോള്‍ ചിന്തിച്ചുപോകയാണ്, വരാനിരിക്കുന്ന ആദ്ധ്യാത്മികനന്മയില്‍ വൃഥാ ഭ്രമിച്ചു ഞാന്‍ ഐഹി കജീവിതം മുഴുവന്‍ മുടിക്കയാണ്. മന്ത്രംകൊണ്ടു മയങ്ങിയവനെപ്പോലെ വീണ്ടും, ഇതി സംസാരേ സ്ഫുടതരദോഷഃ കഥമിഹ മാനവ തവ സന്തോഷഃ? ”പ്രാപഞ്ചികജീവിതത്തിലുള്ള അനര്‍ത്ഥം ഏറ്റവും വ്യക്തം: മനുഷ്യ, ഇതില്‍ നിനക്കെങ്ങനെ തൃപ്തി വന്നു?” എന്ന വാക്കുകള്‍ കേള്‍ക്കുന്നു.

ഒരു വശത്തു നവഭാരതം പറയുന്നു; ”ഭാര്യയെയും ഭര്‍ത്താവിനെയും തിരഞ്ഞെടുക്കുവാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം വേണം. കാരണം, ഞങ്ങളുടെ ഭാവിജീവിതത്തിലെ സുഖദുഃഖങ്ങള്‍ വിവാഹത്തെയാണാശ്രയിച്ചിരിക്കുന്നത്. ഇതു ഞങ്ങള്‍ക്കു സ്വേച്ഛക്കൊത്തു തീരുമാനി ക്കണം.” മറുവശത്ത് പ്രാചീനഭാരതം ആജ്ഞാപിക്കുന്നു; ”ഇന്ദ്രിയ സുഖത്തിനായിട്ടല്ല വിവാഹം: സന്തതിക്കായിട്ടാണ്.” ഈ നാടിന്റെ ധാരണ ഇതാണ്: സന്തതികളെ ഉളവാക്കിയാണ് നിങ്ങള്‍ സമുദായത്തിന്റെ ഭാവിനന്മയിലും തിന്മയിലും ഭാഗഭാക്കാകുന്നത്. അതിനാല്‍ ഏതു മട്ടില്‍ വിവാഹം നടന്നാലാണോ സമുദായത്തിന് ഏറ്റവുമധികം നന്മയുണ്ടാകുക ആ മട്ടാണ് സമുദായത്തില്‍ നടപ്പുള്ളത്. ബഹുജനങ്ങളുടെ നന്മയെ കരുതി നിങ്ങള്‍ സ്വന്തം സുഖഭോഗങ്ങളിലുള്ള കൊതി വെടിയണം.

ഒരു വശത്തു നവഭാരതം പറയുകയാണ്; ”പാശ്ചാത്യരുടെ ആശയവും ഭാഷയും ആഹാരവും ഉപകരണങ്ങളും ആചാരമുറകളും സ്വീകരിച്ചാലേ പാശ്ചാത്യരെപ്പോലെ നമുക്കും ബലവും വീര്യവുമുണ്ടാകൂ.” മറുവശത്ത് പ്രാചീനഭാരതം പറയുന്നു; ”മടയാ, അനുകരണത്തിലൂടെ പരകീയമായ ആശയങ്ങള്‍ നമ്മുടേതാവില്ല. സ്വയം സമ്പാദിക്കാതെ ഒരു വസ്തുവും, നമ്മുടേതാവില്ല. സിംഹത്തിന്റെ തോലണിഞ്ഞെന്നു വെച്ച് കഴുത സിംഹമാകുമോ?

ഒരു വശത്തു നവഭാരതം പറയുകയാണ്; ‘പാശ്ചാത്യവര്‍ഗ്ഗങ്ങള്‍ ചെയ്യുന്നതെല്ലാം നന്ന്. നന്നല്ലെങ്കില്‍ അവര്‍ ഇത്ര പ്രബലരാകുന്നതെങ്ങനെ?’ മറുവശത്ത് പ്രാചീനഭാരതം പറയുന്നു; ‘കൊള്ളിയാന്റെ വെളിച്ചത്തിനു ശക്തി വളരെയുണ്ട്: പക്ഷേ അതു ക്ഷണികമാണ്: കുട്ടികളേ, നിങ്ങളുടെ കണ്ണു മഞ്ചിപ്പോയിരിക്കയാണ്. സൂക്ഷിക്കണം.’

അപ്പോള്‍ പാശ്ചാത്യലോകത്തില്‍നിന്നു നമുക്കു പഠിക്കേണ്ടതായൊന്നുമില്ലെന്നോ? നമ്മുടെ പ്രയത്‌നത്തിനു പ്രയോജനമൊന്നുമില്ലെന്നോ? നാം പരിപൂര്‍ണ്ണരാണോ? നമ്മുടെ സമുദായത്തിന്റെ നില സര്‍വ്വഥാ ഭദ്രമാണോ? പഠിക്കാന്‍ പലതുമുണ്ട്. നിശ്ചയമായും നാം യത്‌നിക്കണം. പ്രയത്‌നമാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു; ‘എത്ര കാലം ജീവിക്കുന്നുവോ അത്ര കാലവും ഞാന്‍ പഠിക്കയാണ്.’ ഏതു വ്യക്തിക്കും സമാജത്തിനും ഒന്നും പഠിക്കാനില്ലയോ അവര്‍ മരണവക്ത്രത്തില്‍ വീണുകഴിഞ്ഞിരിക്കയാണ്. അതേ, പഠിക്കാനുണ്ട്: ഭയത്തിനും കാരണമുണ്ട്.

അല്പബുദ്ധിയായ ഒരു ബാലന്‍ ശ്രീരാമകൃഷ്ണന്റെ മുമ്പില്‍വെച്ചു സദാ ശാസ്ര്തങ്ങളെ നിന്ദിച്ചുപോന്നു. ഒരിക്കല്‍ അവന്‍ ഗീതയെ നന്നെ പ്രശംസിച്ചു. അപ്പോള്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു; ”മനസ്സിലായി, ഏതോ ഇംഗ്ലീഷുപണ്ഡിതന്‍ ഗീതയെ പ്രശംസിച്ചിരിക്കണം. അതുകൊണ്ട് ഇവനും പ്രശംസിച്ചു.”

ഹേ ഭാരതമേ, ഇതാണ് നിനക്കുള്ള ഏറ്റവും വലിയ ഭീഷണി. പാശ്ചാത്യരെ അനുകരിക്കാനുള്ള ഭ്രമം വളര്‍ന്നു, നന്മതിന്മകള്‍ നിര്‍ണ്ണയിക്കുന്നതു യുക്തിശാസ്ര്തം വിവേകം വിദ്വദ്‌വിധി എന്നിവകൊണ്ടോ ശാസ്ര്തപരാമര്‍ശംകൊണ്ടോ അല്ലെന്നായിരിക്കുന്നു. വെള്ളക്കാര്‍ സ്തുതിക്കുന്ന ചിന്തകളും ആചാരങ്ങളും നല്ലത്: അവര്‍ നിന്ദിക്കുന്നതും ചീത്തയും, കഷ്ടം! വിഡ്ഢിത്തത്തിന് ഇതിലും വലിയ തെളിവു വേണമോ?

പടിഞ്ഞാറന്‍പെണ്ണുങ്ങള്‍ വിലക്കലൊന്നുമില്ലാതെ നടക്കുന്നു: അതുകൊണ്ട് അതാണു നല്ലത്. അവര്‍ ഭര്‍ത്താക്കന്മാരെ സ്വയം തിരഞ്ഞെടുക്കുന്നു. അതുകൊണ്ട് ഉത്കര്‍ഷത്തിലേക്കുള്ള സോപാനമാണത്. പടിഞ്ഞാറുള്ള ആണുങ്ങള്‍ നമ്മുടെ വേഷഭൂഷാദികളെ നിന്ദിക്കുന്നു: അതുകൊണ്ട് ഇതൊക്കെ വളരെ ചീത്ത. വിഗ്രഹാരാധന പാപമെന്നു പാശ്ചാത്യര്‍ പറയുന്നു: അതുകൊണ്ടതു പാപമാണ്: എന്തു സംശയം?

ഒറ്റ ദേവനെ പൂജിക്കുന്നതേ മംഗലകരമാവൂ എന്നു പാശ്ചാത്യര്‍ പറഞ്ഞാല്‍, പിന്നെ അതുകൊണ്ടുതന്നെ നമ്മുടെ ദേവന്മാരെയും ദേവിമാരെയും ഗംഗയില്‍ വലിച്ചെറിയണംപോല്‍! പാശ്ചാത്യര്‍ ജാതിഭേദത്തെ നിന്ദിക്കുന്നു: അതിനാല്‍ വര്‍ണ്ണങ്ങളെല്ലാം ഒന്നാകണം. പാശ്ചാത്യര്‍ ദോഷങ്ങള്‍ക്കെല്ലാം ഇരിപ്പിടം ശൈശവവിവാഹമാണെന്നു പറയുന്നു: അതിനാല്‍ അതു വളരെ ചീത്തയാകണം, നിശ്ചയം.

കീഴ്‌നടപ്പുകളെല്ലാം വെച്ചുപുലര്‍ത്തണമോ തള്ളിക്കളയണമോ എന്നല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്. പാശ്ചാത്യര്‍ ബഹുമാനിക്കാത്തതിനാല്‍ നമ്മുടെ മര്യാദകള്‍ ചീത്തയാകുമെന്നു വന്നാല്‍, എനിക്കത് എതിര്‍ക്കേണ്ടിയിരിക്കുന്നു.

ഈ ലേഖകനു പാശ്ചാത്യരുടെ സമുദായത്തെപ്പറ്റി കുറെയൊക്കെ നേരിട്ടറിയാന്‍ തരപ്പെട്ടിട്ടുണ്ട്. അതില്‍നിന്ന് ഇങ്ങനെയാണ് അയാള്‍ തീരുമാനിക്കുന്നത്: പാശ്ചാത്യദേശത്തും ഭാരതത്തിലുമുള്ള സമുദായങ്ങള്‍ക്കു മൗലികമായ ഗതിയിലും ലക്ഷ്യത്തിലും വ്യത്യാസമുള്ളതുകൊണ്ട്, പാശ്ചാത്യരെ അനുകരിച്ചു പടുത്തുകെട്ടുന്ന ഒരു ഭാരതീയസമു ദായം നിഷ്ര്പയോജനമാകയേയുള്ളു. പാശ്ചാത്യരുടെ സമുദായഘടനയില്‍ ഉള്‍പ്പെട്ട് താമസിച്ചിട്ടില്ലായ്കകാരണം, സ്ര്തീപുരുഷന്മാര്‍ സൈ്വരമായി കൂടിച്ചേര്‍ന്നാലും സ്ര്തീകളുടെ ചാരിത്രം രക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ അവിടത്തെ വ്യവസ്ഥകളൊന്നുമറിയാതെ, ഇവിടെയും സ്ര്തീപുരുഷന്മാര്‍ സ്വച്ഛന്ദം ചേര്‍ന്നുകഴിയട്ടെ എന്നു വാദിക്കുന്നവരോട് ഞങ്ങള്‍ക്ക് ഒരാനുകൂല്യവുമില്ല.

ദുര്‍ബലജാതിക്കാരുടെ സന്തതികള്‍ ഇംഗ്ലണ്ടില്‍ ജനിച്ചുവളര്‍ന്നാല്‍, അവര്‍ സ്വയം സ്പാനിയാര്‍ഡ് പോര്‍ത്തുഗീസ് ഗ്രീക്ക് എന്നും മറ്റും പറയാതെ, ഇംഗ്ലീഷുകാര്‍ എന്നു പറഞ്ഞ് തങ്ങളെ പരിചയപ്പെടുത്തുന്നു എന്നും പാശ്ചാത്യദേശത്തു ഞങ്ങള്‍ കണ്ടു. ബലമുള്ളവരുടെ പക്ഷത്തിലേക്ക് എല്ലാവരും ചായും. ദുര്‍ബലരുടെയെല്ലാം കൊതിയാണ്, പ്രതാപശാലികളുടെ പ്രതാപച്ഛായ തങ്ങളുടെ ദേഹത്തിലും തെല്ലെങ്കിലും വീഴണമെന്ന്. യൂറോപ്യന്മാരുടെ വേഷഭൂഷാദികള്‍ അണിഞ്ഞ ഭാരതീയരെ കാണുമ്പോള്‍, എനിക്കു തോന്നാറുണ്ട്, ഈ കൂട്ടര്‍ ദരിദ്രരും അജ്ഞരും ദലിതരുമായ ഭാരതീയരോട് തങ്ങള്‍ക്കുള്ള ബന്ധം സമ്മതിക്കാന്‍ ഒരുപക്ഷേ ലജ്ജയുള്ളവരാകുമെന്ന്. പതിനാലു ശതകങ്ങളായി ഹിന്ദുക്കള്‍ സംരക്ഷിച്ചുപോരുന്ന പാഴ്‌സികള്‍ ഇപ്പോള്‍ ‘നേറ്റീവ്’ ‘നാട്ടുകാര്‍’ അല്ല. ജാതികെട്ടവരും സ്വയം ബ്രാഹ്മണര്‍ എന്നഭിമാനിക്കുന്നവരുമായ ബ്രാഹ്മണരുടെ മുമ്പില്‍, ധീരന്മാരും കുലീനരുമായ ബ്രാഹ്മണരുടെ വംശമര്യാദകളും വിലയിക്കുന്നു. പിന്നെ, പാശ്ചാത്യര്‍ നമ്മെ പഠിപ്പിച്ചിരിക്കയാണ്, അരമാത്രം മറച്ചുനടക്കുന്ന അജ്ഞരും ബുദ്ധികെട്ടവരും താഴ്ന്നജാതിക്കാരുമായവര്‍ ആര്യ വംശത്തില്‍പെട്ടവരല്ല: അതിനാല്‍ അവര്‍ക്കു നമ്മോട് ഒരു ബന്ധവുമില്ല.

ഹേ ഭാരതമേ, ഈ ഏറ്റുചൊല്ലല്‍, ഈ കുരങ്ങുകളി, ഈ പരാശ്രയം, അടികളുടേതായ ഈ കഴിവുകേട്, അറപ്പുളവാക്കുന്ന ഈ കരള്‍ക്കട്ടി – ഇത്രയുംകൊണ്ടാണോ നീ വലിയ പദവിയിലെത്താന്‍ പോകുന്നത്? ലജ്ജാവഹമായ ഈ പുരുഷത്വംകൊണ്ടാണോ നീ വീര ഭോഗ്യമായ സ്വാതന്ത്ര്യം നേടാന്‍പോകുന്നത്? ഭാരതമേ, ഇവിടത്തെ സ്ര്തീകളുടെ ആദര്‍ശം സീതയും സാവിത്രിയും ദമയന്തിയുമാണെന്ന് നീ മറക്കരുത്. നീ പൂജിക്കുന്നത് എല്ലാം ത്യജിച്ച ഉമാനാഥനായ ശിവനെയാണെന്ന് നീ മറക്കരുത്. നിന്റെ വിവാഹവും നിന്റെ ധനവും നിന്റെ ജീവിതവും ഇന്ദ്രിയസുഖത്തിന്, വ്യക്തിഗതമായ നിന്റെ സുഖത്തിന്, ഉള്ളതല്ലെന്നു നീ മറക്കരുത്. ജനിച്ച ദിനം മുതല്‍ അമ്മയ്ക്കുവേണ്ടി നിന്നെ ഉഴിഞ്ഞുവെച്ചിരിക്കയാണെന്ന് നീ മറക്കരുത്. ഇവിടത്തെ സമുദായം എങ്ങുമുള്ള ആ മഹാമായയുടെ നിഴല്‍മാത്രമാണെന്ന്, താഴ്ന്ന ജാതിക്കാര്‍, മടയന്മാര്‍, പാവങ്ങള്‍ അജ്ഞന്മാര്‍, ചെരുപ്പുകുത്തികള്‍, തോട്ടികള്‍ എന്നിവരിലെല്ലാം ഉള്ളതു നിന്റെ രക്തമാണ്, ഇവര്‍ നിന്റെ സഹോദരന്മാരാണ് എന്നു നീ മറക്കരുത്. ഹേ വീര, ധൈര്യമായി, സ്വാഭിമാനം പറയൂ; ”ഞാന്‍ ഭാരതീയനാണ്: ഭാരതീയരെല്ലാം എന്റെ സഹോദരന്മാരാണ്.” പറയൂ, ”മടയനായ ഭാരതീയന്‍, പാവപ്പെട്ട ഭാരതീയന്‍, ബ്രാഹ്മണനായ ഭാരതീയന്‍, പറയനായ ഭാരതീയന്‍, എന്റെ സഹോദരനാണ്.” അരയില്‍ മാത്രം ഒരു തുണി ചുറ്റിക്കൊണ്ട് നീയും സാഭിമാനം വിളിച്ചുപറയൂ; ”ഭാരതീയന്‍ എന്റെ സഹോദരനാണ്: ഭാരതീയന്‍ എന്റെ ജീവനാണ്: ഭാരതത്തിലെ ദേവതകള്‍ എന്റെ ഈശ്വരനാണ്: ഭാരതീയസമുദായം ശൈശവത്തില്‍ എന്റെ തൊട്ടില്‍: യൗവനത്തില്‍ എന്റെ ഉപവനം: വാര്‍ദ്ധക്യത്തിലെ വാരാണസി.” സഹോദരാ, പറയൂ, ”ഭാരതത്തിലെ മണ്ണാണ് എന്റെ വിണ്ണ്. ഭാരതത്തിന്റെ നന്മയാണ് എന്റെ നന്മ.” രാപകല്‍ പ്രാര്‍ത്ഥിക്കൂ, ”ഹേ ഗൗരീനാഥ, ഹേ ജഗദംബികേ, എനിക്കു പൗരുഷം നല്കുക. അമ്മേ, എന്റെ ദുര്‍ബ്ബലത നീക്കി, എന്റെ ഭീരുത്വം മാറ്റി, എന്നെ പുരുഷനാക്കുക.”