ന വൈ മഹാരാജ ഭഗവതോ മായാഗുണവിഭൂതേഃ കാഷ്ഠാം മനസാ വചസാ
വാധിഗന്തുമലം വിബുധായുഷാപി പുരുഷസ്തസ്മാത്‌ പ്രാധാന്യേനൈവാ
ഭൂഗോളകവിശേഷം നാമരൂപമാണലക്ഷണതോ വ്യാഖ്യാസ്യാമഃ (5-16-4)

പരീക്ഷിത്ത്‌ പറഞ്ഞുഃ ഭൂതലത്തിന്റെ വിസ്താരത്തെപ്പറ്റിയും അത്‌ തരംതിരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ എന്നും എനിക്ക്‌ വിശദമായി അറിഞ്ഞാല്‍ കൊളളാമെന്നുണ്ട്‌. അതിനെ ധ്യാനിച്ച്‌ ഭഗവാന്റെ സ്ഥൂലരൂപമായ ദ്രവ്യശരീരത്തെക്കുറിച്ച്‌ അറിവുണ്ടാവുന്നതിലൂടെ അവിടത്തെ സ്ഥായിസ്വഭാവത്തെക്കുറിച്ച്‌ എനിക്ക്‌ അറിവുണ്ടാവും എന്ന തോന്നുന്നു.

ശുകമുനി പറഞ്ഞുഃ മഹാരാജന്‍, വളരെയേറേക്കാലം ആയുസ്സോടെ ജീവിച്ചവനുപോലും തന്റെ ചിന്തയാലോ വാക്കുകളാലോ ഭഗവല്‍മായയുടെ വിപുലത പ്രകടമായി വര്‍ണ്ണിക്കുക അസാദ്ധ്യമത്രേ. അതുകൊണ്ട്‌ ഭൂതലത്തിലെ ചില സുപ്രധാന കാര്യങ്ങളെപ്പറ്റി മാത്രം, അവയുടെ നാമം, രൂപം, വ്യാപ്തി സ്വഭാവസവിശേഷതകള്‍ എന്നിവയടക്കം, നമുക്ക്‌ വിവരിക്കാം.

നാം ജീവിക്കുന്ന ഈ ദ്വീപ്, ഏഴ്‌ ദ്വീപുകളുടെ മദ്ധ്യത്തിലായി നിലകൊളളുന്നു. സകലവും ചേര്‍ന്ന് ഒരു താമരയായി സങ്കല്‍പ്പിച്ചാല്‍ അതിന്റെ മദ്ധ്യത്തിലെ മൊട്ടായി ഇതിനെ കണക്കാക്കാം. ഈ ദ്വീപില്‍ എട്ട്‌ പര്‍വ്വതനിരകളാല്‍ തിരിക്കപ്പെട്ട ഒന്‍പത്‌ വര്‍ഷങ്ങളുണ്ട്‌. അവയുടെ മദ്ധ്യത്തിലായുളളത്‌ ഇലവ്രതവര്‍ഷം. ഇലവ്രതത്തിന്റെ നടുവിലായി സുവര്‍ണ്ണമായ മേരുപര്‍വ്വതം സ്ഥിതി ചെയ്യുന്നു. ഇലവ്രതത്തിന്റെ വടക്കായി നീലം, ശ്വേതം, ശൃംഗവനം ഇങ്ങനെ മൂന്നു പര്‍വ്വതനിരകളുണ്ട്‌. കൂടാതെ രമ്യകം, ഹിരണ്മയം, കുരു ഇങ്ങനെ മൂന്നു ഭൂഖണ്ഡങ്ങള്‍. പുറത്തുളള നിരകള്‍ അകത്തുളളവയേക്കാള്‍ നീളത്തില്‍ അല്‍പ്പം ചെറുതായി കാണപ്പെടുന്നു. ഇലവ്രതത്തിന്റെ തെക്ക്‌ മൂന്നു പര്‍വ്വതനിരകളാണ്‌. നിഭാദം, ഹേമകൂടം, ഹിമാലയം, കൂടാതെ ഹരിവര്‍ഷം, കിമ്പുരുഷവര്‍ഷം, ഭാരതവര്‍ഷം എന്നിങ്ങനെ മൂന്നു ഭൂഖണ്ഡങ്ങള്‍. ഇലവ്രതത്തിന്റെ പടിഞ്ഞാറ് മാല്യവാന്‍ എന്ന പര്‍വ്വതനിര. കിഴക്ക്‌ നീലപര്‍വ്വതം വരെ നീണ്ടുകിടക്കുന്ന ഗന്ധമാദനം. തെക്കായി നിഷാദ പര്‍വ്വതം. ഇവ കേതുമാലം, ഭദ്രാശ്വം എന്നീ ഭൂഖണ്ഡങ്ങളുടെ അതിര്‍നിരകളത്രേ.

മേരുപര്‍വ്വതത്തിനു ചുറ്റും മന്ദര, മേരു, സുപാര്‍ശ്വ, കുമുദ എന്നിങ്ങനെ നാലു മലകള്‍. ഇവകളില്‍ നാലു വലിയ മരങ്ങള്‍. മാവ്, നെല്ലി, കദംബം, അരയാല്‍ കൂടാതെ പാല്‍, തേന്‍, കരിമ്പുനീര്‍, വെളളം എന്നിവ നിറഞ്ഞിരിക്കുന്നു നാലു തടാകങ്ങളും അവിടെയുണ്ട്‌. ഇതിലെ വെളളം കുടിക്കുന്ന ദേവതകള്‍ക്കും മറ്റുളളവര്‍ക്കും അതിഭൗതികസിദ്ധികള്‍ സ്വായത്തമാണ്‌. നന്ദനം, ചൈക്രരഥം, വൈഭ്രാജം, മര്‍വ്വതോഭദ്രം എന്നീ പേരുകളോടു കൂടിയ നാല്‌ അലൌകീകങ്ങളായ ഉദ്യാനങ്ങളും അവിടെയുണ്ട്‌. മാമ്പഴത്തില്‍ നിന്നുമിറ്റുവീഴുന്ന, പഴച്ചാറ് അവിടത്തെ ഭൂമിയെ നനച്ച്‌ സംപുഷ്ടമാക്കുന്നു. നദിക്കരയിലെ നെല്ലിമരങ്ങളില്‍ നിന്നും വീഴുന്ന പഴച്ചാറ് മണ്ണും ചെളിയുമായി രാസപ്രവര്‍ത്തനം നടത്തി സ്വര്‍ണ്ണമുണ്ടാക്കുന്നു. കദംബമരത്തിന്റെ അഞ്ചു ശാഖകളില്‍ നിന്നും തേനൊഴുകുന്നു. ആല്‍മരത്തില്‍ നിന്നും അനേകം നദികള്‍ ഉത്ഭവിക്കുന്നു. ഈ നദികളില്‍ നിന്നുളള പ്രസാദമധുരമായ തീര്‍ത്ഥമാചമിക്കുന്നവര്‍ക്ക്‌ ആയുരാരോഗ്യവും സമ്പത്തും സന്തോഷവും ലഭ്യമത്രേ.

മേരുപര്‍വ്വതത്തിന്റെ അടിത്തട്ടിലായി ഇരുപതു മലകള്‍ കൂടിയുണ്ട്‌. കിഴക്ക്, തെക്ക്, വടക്ക്, പടിഞ്ഞാറ് ദിക്കുകളിലെല്ലാം ഈരണ്ടു മലകള്‍. മേരുപര്‍വ്വതത്തിന്റെ ഏറ്റവും മുകളിലായി സൃഷ്ടികര്‍ത്താവായ ബ്രഹ്മദേവന്റെ നഗരം. അതിനുചുറ്റും മറ്റുദേവതകളുടെ നഗരങ്ങള്‍ ഓരോ ദിക്കിനേയും പരിപാലിച്ചു നിലകൊളളുന്നു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF