കിം വിദ്യയാ കിം തപസാ കിം ത്യാഗേന ശ്രുതേന വാ
കിം വിവിക്തേന മൗനേനസ്ത്രീഭിര്‍യസ്യ മനോ ഹൃതം (11-26-12)
സ്വാര്‍ത്ഥസ്യാകോവിദം ധിങ്മാം മൂര്‍ഖം പണ്ഡിതമാനിനം
യോഽഹമീശ്വരതാം പ്രാപ്യ സ്ത്രീഭിര്‍ഗ്ഗോഖരവജ്ജിതഃ (11-26-13)
കിമേതയാ നോഽപകൃതം രജ്ജ്വാ വാ സര്‍പ്പചേതസഃ
രജ്ജുസ്വരൂപാവിദുഷോ യോഽഹം യദജിതേന്ദ്രിയഃ (11-26-17)
പിത്രോ കിം സ്വം നു ഭാര്യായാഃ സ്വാമിനോഽഗ്നേഃ ശ്വഗൃധ്രയോഃ
കിമാത്മനഃ കിം സുഹൃദാമിതി യോ നാവസീയതേ (11-26-19)

ഭഗവാന്‍ കൃഷ്ണന്‍ തുടര്‍ന്നു:
എന്നില്‍ ഭക്തനായുളള ഒരു ജ്ഞാനി എന്നില്‍ നിന്നും ‘പുറത്തേക്ക്‌ പോവുകയില്ല’. അയാള്‍ക്ക്‌ മായാമൂടുപടം മാറ്റാനുളള അറിവും വസ്തുവകകളിലുളള ആസക്തിയും സുഖാന്യേഷണബോധവും വെറും പൊളളയാണെന്ന അറിവുണ്ടായിരിക്കും. അപ്രകാരമുളള ഭക്തിയുണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ സത്രീകളുടെയും ഇന്ദ്രിയസുഖാന്വേഷികളുടെയും സംഗം ഉപേക്ഷിക്കേണ്ടതാണ്‌. കാരണം, അവര്‍ സത്യത്തെ മറയ്ക്കുന്ന ഇരുട്ടാണ്‌. അവരോടു കൂട്ടുചേരുന്നവരെക്കൂടി അവര്‍ അന്ധതയിലാഴ്ത്തുന്നു. നിങ്ങള്‍ക്കറിയാം പുരൂരവസ്സ്‌ ഉര്‍വ്വശിയുമായി ജീവിച്ച കഥ. ഉര്‍വ്വശി പുരൂരവസ്സിനെ ഉപേക്ഷിച്ചു പോയിക്കഴിഞ്ഞപ്പോള്‍ അവളെ തിരിച്ചു കിട്ടാന്‍ അയാള്‍ ഓടിയലഞ്ഞു നടന്നു. ‘നില്‍ക്കൂ, ഒരു നിമിഷം നില്‍ക്കൂ’ എന്നു പറഞ്ഞ് നഗ്നനായി അയാള്‍ അവള്‍ക്കു പിറകേ ഓടിച്ചെന്നു. അവസാനം ഹതാശനായി സ്വയം ഇങ്ങനെ പറഞ്ഞു: ‘ഭയങ്കരവും ശക്തിമത്തുമാണീ മതിഭ്രമം. അതിന്റെ സ്വാധീനത്തില്‍ പ്പെട്ട്‌ ഞാന്‍ വര്‍ഷങ്ങള്‍ വൃഥാവിലാക്കി. എന്റെ ജീവിതത്തിന്റെ നല്ലൊരുകാലം അറിയാതെ കടന്നുപോയി. എന്നെ നോക്കൂ. വലിയ ചക്രവര്‍ത്തിയും പ്രതാപവാനുമാണെങ്കിലും ഞാന്‍ ഒരു സ്ത്രീക്കു പിറകേ നഗ്നനായി ഭ്രാന്തുപിടിച്ചു നടന്നു. വിരക്തി, സന്ന്യാസം, വൈദികപഠനം, മൗനം ഇവകൊണ്ടൊക്കെ സ്ത്രീക്കടിമപ്പെട്ട ഹൃദയമുളളവന്‌ എന്താണു പ്രയോജനം? എന്റെ അവസ്ഥ പരിതാപകരം തന്നെ. എന്റെ ശരിയായ താത്പര്യങ്ങളെപ്പറ്റി എനിക്കറിയില്ല. ഞാന്‍ സ്വയം പഠിച്ചവനും വിവേകിയുമാണെന്ന് അഭിമാനിക്കുന്നു. എന്നാല്‍ ഞാനൊരു പടുവിഡ്ഢി. ഞാന്‍ പലേ ശക്തികളും ആര്‍ജ്ജിച്ചിട്ടുണ്ടെങ്കിലും സ്ത്രീയാല്‍ പരാജിതനത്രെ. ഇത്രകാലത്തെ ആസ്വാദനത്തിനുശേഷവും എന്റെ സുഖാന്വേഷണത്വര മാറിയിട്ടില്ല. ഇന്ദ്രിയാസ്വാദനത്വര കൂടിയിട്ടേയുളളു. ഭഗവാനുമാത്രമേ എന്നെ ഈ നരകത്തില്‍ നിന്നു കരകയറ്റുവാന്‍ കഴിയൂ. ഒരു സ്ത്രീയെ കുറ്റപ്പെടുത്തുന്നതില്‍ എന്താണു കാര്യം? കയറിന്റെ കുഴപ്പമാണോ ഒരുവന്‍ അതിനെ പാമ്പായി കാണുന്നത്‌? മനുഷ്യന്റെ ആസക്തി തന്നെയാണ്‌ അവന്റെ പതനത്തിനു കാരണം.’

‘എല്ലാം ഈ ശരീരത്തിനുവേണ്ടി എന്നാണെങ്കില്‍ ആരുടേതാണീ ശരീരം? ആര്‍ക്കറിയാം? ഇത്‌ അച്ഛനമ്മമാര്‍ക്ക്‌ സ്വന്തമാണോ? ഭാര്യക്കോ? തൊഴിലുടമയ്ക്കോ? അഗ്നിക്കോ? നായയ്ക്കോ? കഴുകനോ? ആത്മാവിനോ? സുഹൃത്തുക്കള്‍ക്കോ? ആര്‍ക്കറിയാം? ശരീരത്തെ താനെന്നു കരുതി മനുഷ്യന്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സുഖസംവേദനത്തിനുതകുന്ന വസ്തുവകകള്‍ അന്വേഷിക്കുന്നു. ഇന്ദ്രിയലാളനാക്ഷമമായ വസ്തുക്കളോട്‌ മനസ്സു തിരിക്കാതിരിക്കുമ്പോള്‍ അതു ശാന്തമാവുന്നു. എന്നാല്‍ അറിവുളളവന്‍ മനസ്സിനെയും ഇന്ദ്രിയങ്ങളെയും വിശ്വസിക്കരുത്‌. അയാള്‍ സ്ത്രീകളെയും സ്ത്രീകളെ ഇഷ്ടപ്പെടുന്നവരേയും അവഗണിക്കണം., എന്നിങ്ങനെ തീരുമാനമെടുത്ത്‌ പുരൂരവസ്സ്‌ ഹൃദയം എന്നിലുറപ്പിച്ച്‌ എന്നെ പ്രാപിച്ചു. അറിവുളളവന്‍ എല്ലാവിധ ദുഷ്ടസംഗവും ഉപേക്ഷിച്ച്‌ ഭക്തരുടെയും മഹര്‍ഷിമാരുടെയും സത്സംഗം തേടണം. കാരണം, അവരുമായുളള സഹവാസം സംസാരസാഗരം കടക്കുവാനുളള തോണിയത്രെ. ജീവികള്‍ക്ക്‌ ആഹാരം അവശ്യം. കഷ്ടത അനുഭവിക്കുന്നവര്‍ക്ക്‌ ഏകാശ്രയം ഞാനാകുന്നു. മനുഷ്യന്റെ ഏക സമ്പത്ത്‌ ധര്‍മ്മം. എന്നാല്‍ മോക്ഷമാഗ്രഹിക്കുന്നവര്‍ക്കുളള ഏക ആശ്രയം സാത്വികരുമായുളള സംഗം മാത്രമത്രെ.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF