ഭൂത്യൈ ന പ്രമദിതവ്യം എന്ന വിഷയത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ.

വിഷയം‍ വലുപ്പം / നീളം ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
ഭൂത്യൈ ന പ്രമദിതവ്യം 18.2 MB (80 മിനിറ്റ്) ഡൗണ്‍ലോഡ്‌

കൃഷ്ണയജൂര്‍വേദീയതൈത്തിരീയ ശാഖയില്‍ അന്തര്‍ഗതമായ തൈത്തിരീയാരണ്യകത്തിന്റെ ഏഴ്, എട്ട്, ഒന്‍പത് അദ്ധ്യായങ്ങളെ തൈത്തിരീയോപനിഷത്ത് എന്നുപറയുന്നു. തൈത്തിരീയോപനിഷത്തിന്റെ മൂന്നുവല്ലികളില്‍ ആദ്യത്തെ വല്ലിയായ ശിക്ഷാവല്ലിയിലെ ഏകാദശാനുവാകത്തിലാണ് “ഭൂത്യൈ ന പ്രമദിതവ്യം” എന്ന മന്ത്രം വരുന്നത്.ശിക്ഷാവല്ലിയിലെ ഏകാദശാനുവാകത്തിലെ ശ്ലോകങ്ങളും അര്‍ത്ഥവും താഴെ കൊടുക്കുന്നു.

വേദമനൂച്യാര്യോഽന്തേവാസിനമനുശാസ്തി. സത്യം വദ. ധര്‍‍മ്മം ചര. സ്വാധ്യായാന്മാ പ്രമദഃ ആചാര്യായ പ്രിയം ധനമാഹൃത്യ പ്രജാതന്തും മാ വ്യവച്ഛേത്സീഃ സത്യാന്ന പ്രമദിതവ്യം. ധര്‍മ്മാന്ന പ്രമദിതവ്യം. ഭൂത്യൈ ന പ്രമദിതവ്യം. ദേവപിതൃകാര്യാഭ്യാം ന പ്രമദിതവ്യം.

ഗൃഹസ്ഥന്‍ തന്റെ ജീവിതം എങ്ങനെ ആവിഷ്ക്കരിക്കണം; ഇക്കാര്യം ഗ്രഹിപ്പിക്കുന്നതിനുവേണ്ടി ഈ അനുവാകം ആരംഭിക്കുന്നു. ആചാര്യന്‍ ശിഷ്യനെ വേദത്തിന്റെ അദ്ധ്യയനം നല്ലതുപോലെ നടത്തിച്ചു സമാവര്‍ത്തന സംസ്കാരസമയം ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിപ്പിച്ച് ഗൃഹസ്ഥധര്‍മ്മങ്ങളെ പാലിക്കുന്നതിനുള്ള വിദ്യ നല്കുന്നു.

പുത്ര, നീ എപ്പോഴും സത്യം സംസാരിക്കണം, ആപത്തു സംഭവിച്ചാല്‍പ്പോലും കള്ളത്തെ ഒരിക്കലും ശരണം പ്രാപിക്കരുത്. തന്റെ വര്‍ണ്ണാശ്രമത്തിനനുകൂലമായി ശാസ്ത്രസമ്മതങ്ങളായ ധര്‍മ്മങ്ങളെ അനുഷ്ടിക്കുക. സ്വാധ്യായത്തോടെ അതായത് വേദാഭ്യാസത്തോടുകൂടി സന്ധ്യാവന്ദനവും ഗായത്രീജപവും ഭഗവന്നാമ ഗുണകീര്‍ത്തനങ്ങളും നടത്തി നിത്യകര്‍മ്മങ്ങളില്‍ ഒരിക്കലും പ്രമാദം വളര്‍ത്താതിരിക്കുക – അതായത് ഒരിക്കലും അവയെ അനാദരവോടുകൂടി നടത്താതിരിക്കുക. ആലസ്യം മൂലം നടത്താതിരിക്കുകയും ചെയ്യരുത്. ഗുരുവിനു ദക്ഷിണാരുപത്തില്‍ അദ്ദേഹത്തിന്റെ രുചിക്കനുസരണമായ ധനം കൊണ്ടുവന്ന് പ്രേമപൂര്‍വ്വം നല്കുക. പിന്നെ അദ്ദേഹത്തിന്റെ ആജ്ഞയോടുകൂടി ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിച്ചു സ്വധര്‍മ്മങ്ങളെ പാലിച്ചുകൊണ്ട് സന്താനപരമ്പരകളെ സംരക്ഷിക്കുക. ഇതിനു ലോപം വരുത്തരുത്. അതായത് ശാസ്ത്രവിധിപ്രകാരം വിവാഹം കഴിച്ച ധര്‍മ്മപത്നിയോടുകൂടി ഋതുകാലത്തില്‍ നിയമപ്രകാരമുള്ള സഹവാസം അനുഷ്ടിച്ചു സന്താനോല്‍പ്പാദനകര്‍മ്മം അനാസക്തിപൂര്‍വ്വം നടത്തുക.

നീ ഒരിക്കലും സത്യത്തില്‍ നിന്നും വ്യതിചലിക്കരുത്; അതായത് കളിതമാശയിലും വ്യര്‍ത്ഥമായ കാര്യങ്ങളിലും വാണിയുടെ ശക്തിയെ നഷ്ടപ്പെടുത്തരുത്. പരിഹാസമെന്ന നാട്യത്തില്‍ ഒരിക്കലും കളവു പറയരുത്. ഇപ്രകാരം തന്നെ ധര്‍മ്മപാലനങ്ങളില്‍ തെറ്റു പ്രവര്‍ത്തിക്കരുത്; അതായത് എന്തെങ്കിലും നാട്യത്തിലോ അലസതയാലോ ധര്‍മ്മത്തെ അവഹേളിക്കരുത്. ലൗകികവും ശാസ്ത്രീവും ആയി കര്‍ത്തവ്യരൂപത്തില്‍ ലഭ്യമാക്കുന്ന എത്രയെത്ര ശുഭകര്‍മ്മങ്ങളുണ്ടോ അവയെ ഒരിക്കലും ത്യജിക്കുകയോ അവയില്‍ ഉപേക്ഷ വിചാരിക്കുകയോ ചെയ്യരുത്. മറിച്ച് യാഥായോഗ്യം അവയെ അനുഷ്ഠിച്ചുകൊണ്ട് ജീവിക്കണം. ധനസമ്പത്തു വര്‍ദ്ധിപ്പിക്കുന്നവ ലൗകികോന്നതികളുടെ സാധനകളെ സംബന്ധിച്ചും ഉദാസീന മനോഭാവം സ്വീകരിക്കരുത്. ഇതിനുവേണ്ടിയും വര്‍ണ്ണാശ്രമാനുകൂലങ്ങളായ പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കണം. മുഖ്യ വിഷയങ്ങളായ പഠിക്കലും പഠിപ്പിക്കലും – അവയെ ഒരിക്കലും അവഹേളിക്കുകയോ മടികൊണ്ട് ഉപേക്ഷിക്കുകയോ ചെയ്യരുത്. ഇപ്രകാരം തന്നെ അഗ്നിഹോത്രവും യജ്ഞാദികളുടെ അനുഷ്ഠാനരൂപങ്ങളായ ദേവകാര്യങ്ങളും ശ്രാദ്ധതര്‍പ്പണാദി പിതൃകാര്യങ്ങളും നടത്തുന്നതില്‍ ആലസ്യമോ അവഹേളനപരമായ പ്രമാദമോ സംഭവിക്കരുത്.

മാതൃദേവോ ഭവ. പിതൃദേവോ ഭവ. ആചാര്യദേവോ ഭവ. അഥിതി ദേവോ ഭവ. യാന്യനവാദ്യാനി കര്‍മാണി താനി സേവിതവ്യാനി. നോ ഇതരാണി. യാന്യസ്മാകം സുചരിതാനി താനി ത്വയോപാസ്യാനി. നോ ഇതരാണി. യേ കേ ചാസ്മച്ഛ്റേയാംസോ ബ്രാഹ്മണാഃ. തേഷാം ത്വയാഽഽസനേ ന പ്രശ്വസിതവ്യം. ശ്രദ്ധയാ ദേയം. അശ്രദ്ധയാഽദേയം. ശ്രിയാ ദയം. ഹ്റിയാ ദേയം. ഭിയാ ദേയം. സംവിദാ ദേയം.

പുത്ര, നീ മാതാവിനേയും പിതാവിനേയും ഗുരുവിനേയും അതിഥിയേയും ദേവതുല്യം കരുതണം. ഈ നാലുപേരേയും ഈശ്വരന്റെ പ്രതിമൂര്‍ത്തിയെന്നു കരുതി ശ്രദ്ധയോടും ഭക്തിയോടും ഇവരുടെ ആജ്ഞയെ പരിപാലിച്ചും നമസ്ക്കരിച്ചും ജീവിക്കുക. ഇവരെ എപ്പോഴും തന്റെ വിനയപൂര്‍ണ്ണമായ നടപടികളാല്‍ പ്രസന്നമാക്കിത്തീര്‍ക്കുക. ലോകത്തിലുള്ള നിര്‍ദ്ദോഷങ്ങളായ എല്ലാകര്‍മ്മങ്ങളേയും നീ സേവിക്കണം. അവയില്‍ നിന്നും വിശുദ്ധമായി ദോഷയുക്തങ്ങളും നിഷിദ്ധങ്ങളുമായ കര്‍മ്മങ്ങളെ മറന്നിട്ട് – സ്വപ്നത്തില്‍പ്പോലും അവയെ ആചരിക്കരുത്. നമ്മുടെ സ്വന്തം ഗുരുജനങ്ങളുടെ ആചാരവ്യവഹാരങ്ങളില്‍ ഉത്തമങ്ങളും മഹാത്മക്കളാല്‍ അനുമോദിക്കപ്പെട്ടിട്ടുള്ളവയുമായ ആചരണങ്ങളെ സംബന്ധിച്ച് യാതൊരുവിധത്തിലുമുള്ള ശങ്കകള്‍ക്കിടമില്ലാത്തവയെ നിങ്ങള്‍ അനുകരിക്കണം. യാതൊന്നിനെ സംബന്ധിച്ച് അല്പമെങ്കിലും ശങ്കയുണ്ടാകുന്നുവോ അതിനെ ഒരിക്കലും അനുകരിക്കുവാന്‍ പാടില്ല.

യാതൊരുത്തന്‍ ആരെങ്കിലും ശ്രേഷ്ഠന്‍ – വയസ്സിലും വിദ്യയിലും തപസ്സിലും ആചരണങ്ങളിലും ഉന്നതന്‍ ആയിട്ടുള്ളവന്‍ – തഥാ ബ്രാഹ്മണാദി പൂജ്യന്‍, വീട്ടില്‍ ആഗതനാകുകയാണെങ്കില്‍ ആ ആളിനെ പാദ്യം, അര്‍ഘ്യം, ആസനം മുതലായവ നല്കി എല്ലാപ്രകാരത്തിലും ബഹുമാനിക്കുകയും യഥായോഗ്യം സേവനം ചെയ്യുകയും വേണം. തന്റെ ശക്തിക്കനുസരണമായ ദാനം ചെയ്യുന്നതിനും നിങ്ങള്‍ ഉദാരപൂര്‍വ്വകമായി തല്‍പ്പരരായിരിക്കണം. എന്തെങ്കിലും നല്കുകയാണെങ്കില്‍ അത് ബഹുമാനത്തോടുകൂടിയായിരിക്കണം. ശ്രദ്ധാപൂര്‍വ്വമല്ലാതെ യാതൊന്നും നല്കുവാന്‍ പാടില്ല. എന്തുകൊണ്ടെന്നാല്‍ അശ്രദ്ധയോടെ നല്‍കപ്പെടുന്ന ദാനാദികര്‍മ്മങ്ങള്‍ അസത്തായി പരിഗണിക്കപ്പെടുന്നു. വിനയത്തോടെ ദാനം ചെയ്യണം; അതായത് എല്ലാ സമ്പത്തുകളും ഭഗവാന്റേതാകുന്നു. ഞാനതിനെ എന്റേതെന്നു കരുതുന്നു എങ്കില്‍ അത് അത്യധികം അപരാധമാകുന്നു. അതിനെ എല്ലാജീവികളുടേയും ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഭഗവാന്റെ സേവനത്തിനായി ചിലവഴിക്കേണ്ടത് എന്റെ കര്‍ത്തവ്യമാകുന്നു. ഞാനെന്തുമാത്രം കൊടുത്താലും അത് അല്പമാത്രമേ ആകുന്നുള്ളൂ. ഇപ്രകാരം ചിന്തിച്ചു വളരെ എളിമയോടുകൂടി നല്‍കണം. മനസ്സില്‍ ദാനിയാണെന്ന അഹങ്കാരം വരുവാന്‍ അനുവദിക്കുന്നത്. എല്ലായിടത്തും ഭഗവാന്‍ സ്ഥിതിചെയ്യുന്നു. അതിനാല്‍ ദാനം സ്വീകരിക്കുന്നതു തന്നെ അദ്ദേഹത്തിന്റെ കൃപയൊന്നുമാത്രം എന്നു വിചാരിച്ചു ഭഗവാനോടു ഭയാന്വിതനായി ദാനം നല്കണം. “ഞങ്ങള്‍ ചിലര്‍ക്കെല്ലാം ഉപകാരം ചെയ്യുന്നു” എന്നുള്ള ഭാവത്തോടുകൂടി, അവിനയമായി യാതൊരു ദാനവും ചെയ്യരുത്. എന്നാല്‍ യാതൊന്ന് നാം ദാനരൂപത്തില്‍ നല്‍കുന്നുവോ അത് വിവേകത്തോടും അതിന്റെ പരിണാമത്തെ മനസ്സിലാക്കിയും നിഷ്കാമഭാവത്തോടുകൂടിയ കര്‍ത്തവ്യമെന്നുകരുതിയും ആയിരിക്കണം. ഇപ്രകാരം നല്കണപ്പെടുന്ന ദാനം ഭഗവല്‍ പ്രീതിക്കായി മംഗളത്തിന്റെ സാധനയായിത്തീരുവാന്‍ ഇടയാകുന്നു. അതുതന്നെ അക്ഷയഫലത്തെ പ്രദാനം ചെയ്യുന്നതാകുന്നു.

അഥ യദി തേ കര്‍മ്മവിചിത്സാ വാ വൃത്തവിചികിത്സാ വാ സ്യാത് യേ തത്ര ബ്രാഹ്മണാഃ സമ്മര്‍ശിനഃ.  യുക്താഃ ആയുക്താഃ. അലുക്ഷാ ധര്‍മ്മകാമാഃ സ്യു; യഥാ തേ തത്ര വര്‍ത്തരേന്‍. തഥാ തത്ര വര്‍ത്തേഥാഃ. ഏഷ ആദേശഃ. ഏഷ ഉപദേശഃ ഏഷാ വേദോപനിഷത്. ഏതദനുശാസനം. ഏവമുപാസിതവ്യം! ഏവമുചൈതദുപാസ്യം.

ഇവയെല്ലാം ചെയ്തുകൊണ്ടിരുന്നിട്ടും നിങ്ങള്‍ക്ക് ഏതെങ്കിലും ഒരവസരത്തില്‍ സ്വകര്‍ത്തവ്യത്തെ നിശ്ചയിക്കുന്നതിന് വിഷമം നേരിടുകയോ സ്വന്തം ബുദ്ധിയില്‍ ഒരു തീരുമാനത്തിലെത്തുന്നതിനു സാധിക്കാതെ വരികയോ നിങ്ങള്‍ കിംകര്‍ത്തവ്യവിമൂഢനായിത്തീരുകയോ ആണെങ്കില്‍ അങ്ങനെയുള്ള അവസ്ഥയില്‍ നല്ല ചിന്താഗതിയോടുകൂടിയവനും ഉചിതങ്ങളായ നല്ല ഉപദേശങ്ങള്‍ നല്‍കുവാനും സല്‍ക്കര്‍മ്മത്തിലും സദാചാരങ്ങളിലും തല്‍പ്പരതയോടുകൂടി വ്യാപൃതനായിരിക്കുന്നവനും എല്ലാവരോടും സ്നേഹമയമായ പെരുമാറ്റത്തോടുകൂടിയവനും അതുപോലെ ഏകമാത്രമായ ധര്‍മ്മപാലനത്തില്‍ ആഗ്രഹമുള്ളവനും വിദ്വാനുമായ ബ്രാഹ്മണന്‍ എപ്രകാരം ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അതുപോലെതന്നെ നിങ്ങളും ആചരിക്കണം. അങ്ങനെയുള്ള അവസരത്തില്‍ അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചും അദ്ദേഹത്തിന്റെ ആദര്‍ശമനുസരിച്ചും അവയെ അനുഗമിക്കണം. ഇതു കൂടാതെ ഒരുവന്‍ ഏതെങ്കിലും ദോഷത്താല്‍ കളങ്കപ്പെട്ടുപോയെങ്കില്‍ അവനോട് എങ്ങനെ പെരുമാറണം – എന്ന വിഷയത്തിലും നിങ്ങള്‍ക്ക് ഒരു വിഷമാവസ്ഥ ഉണ്ടാകുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വന്തം ബുദ്ധിയാല്‍ ഒരു തീരുമാനത്തിലെത്തുവാന്‍ സാധിക്കുന്നില്ലെങ്കില്‍ മുകളില്‍ പറ‍ഞ്ഞിരിക്കുന്ന വിധത്തിലുള്ള മഹാന്മരായ ആളുകള്‍ അവനോടു എങ്ങനെ പെരുമാറുന്നുവോ അങ്ങനെത്തന്നെ നിങ്ങളും പ്രവര്‍ത്തിക്കണം. അവരുടെ നടപടികള്‍ ഇക്കാര്യത്തില്‍ പ്രമാണമാകുന്നു.

ശാസ്ത്രത്തിന്റെ ആ‍ജ്ഞ – ശാസ്ത്രം പിഴിഞ്ഞെടുത്ത സത്ത് ഇതുതന്നെയാകുന്നു. ഗുരുക്കന്മാരും മാതാപിതാക്കളും തങ്ങളുടെ ശിഷ്യന്മാര്‍ക്കും സന്താനങ്ങള്‍ക്കും നല്‍കുന്ന ഉപദേശങ്ങള്‍ എല്ലാം വേദങ്ങളുടേയും രഹസ്യമായ ഇതുതന്നെയാകുന്നു. ഈശ്വരന്റെ ആജ്ഞയും പരമ്പരാഗതമായ ഉപദേശങ്ങളുടെ നാമവും ഈ നിയമം തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ഇതുപോലെയുള്ള കര്‍ത്തവ്യങ്ങളും സദാചാരങ്ങളും പാലിച്ചുകൊള്ളണം.

[കടപ്പാട് : 108 ഉപനിഷത്‌ (ഉപനിഷത്‌ പ്രപഞ്ചം), ശ്രീ ഡോ. എന്‍. പി. ഉണ്ണി]