ആനന്ദമാണ് നമ്മുടെ സ്വരൂപം (48)

ഈശ്വരന്‍ അവിടെയില്ല; ഇവിടെയാണ്; അതല്ല ഇതാണ് എന്നൊക്കെ പറയുന്നത് ഈശ്വരനെ വിഭജിക്കലാണ്.

ചഞ്ചലമായ വ്യവസ്ഥയില്ലാത്ത മനസ്സ് ഏതേതു വിഷയങ്ങളില്‍ വ്യാപരിക്കുന്നുവോ അതിനെ നിയമനം ചെയ്ത് ആത്മാവിലേക്ക് മനസ്സിനെ കൊണ്ടുവരണം എന്ന് ഗീത പറയുന്നു. ഇന്ദ്രിയ വിഷയങ്ങളില്‍ നിന്നടര്‍ത്തി ഈശ്വരോന്മുഖമാക്കണം മനസ്സ് എന്നു സാരം.

ഈശ്വരനെന്നുകേള്‍ക്കുമ്പോള്‍ പൂജാമുറിക്കകത്തേക്കോ ക്ഷേത്രത്തിലേക്കോ ആണ് ചിന്ത പോകുക. ഇദം സര്‍വം ഈശാവാസ്യം എന്നറിഞ്ഞവന് എല്ല‍ാം ഈശ്വരനാണ്. മനസ്സ് എവിടേക്കെങ്കിലും പോകട്ടെ അതൊക്കെ ഈശ്വരനാണെന്നറിയുക എന്നാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഇത് ഇന്നതാണ് എന്നറിയുക. ഉപയോഗിക്കുന്നവയിലെ അനുഭവിക്കുന്നതിലെ നിത്യതയെ അറിയുക. അവിടെ ഉപയോഗം കുറയുന്നില്ല, അനുഭവത്തെ ഉപേക്ഷിക്കുന്നില്ല.

ആനന്ദമാണ് നമ്മുടെ സ്വരൂപം. എനിക്ക് സന്തോഷമില്ലെന്ന് പറയുന്നത് വീട്ടിലിരുന്ന് ഞാനിവിടെയില്ലെന്ന് പറയുന്നതുപോലെയാണ്. ഞാന്‍ ബ്രഹ്മാവല്ല എന്നു പറയാന്‍ യോഗിക്ക് സാധ്യമല്ല. പ്രശാന്തമായ, രജോഗുണങ്ങളടങ്ങിയ, അല്പം പോലും അഹങ്കാരമില്ലാത്ത മനസ്സ് നിത്യമായ ആനന്ദം അനുഭവിക്കുന്നു.

പലവിധത്തിലുള്ള മക്കളെ അമ്മ ഒരേ പോലെ കാണുന്നപ്രകാരം എല്ലായിടത്തും പരമമായ സത്യത്തെ കാണണം. സമദര്‍ശിയാകണം. എല്ലാറ്റിലുമുള്ള ഒന്നിനെ കാണുക. തന്നെ എല്ലാറ്റിലും കാണുക. എല്ലാറ്റിലും തന്നേയും കാണുക. എല്ലാറ്റിലും എന്നേയും എന്നില്‍ എല്ലാറ്റിനേയും കാണുന്നവന് ഞാന്‍ നശിക്കുന്നില്ലെന്നും അവന്‍ എനിക്കും നശിക്കുന്നില്ലെന്നും ഭഗവാന്‍ പറയുന്നു. നമ്മില്‍ ഈശ്വരന്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിനടിസ്ഥാനം ഈ ദര്‍ശനമാണ്. എന്നാല്‍ ഇന്ന് എല്ലാവര്‍ക്കും ഈശ്വരനില്‍ നിന്നു വേണം, ആര്‍ക്കും ഈശ്വരനെ വേണ്ട എന്നതാണ് സ്ഥിതി. സകലജീവികളിലും നിലകൊള്ളുന്ന ഭഗവദ് ചൈതന്യത്തെ സമബുദ്ധിയോടെ സേവിക്കുന്നവന്റെ എല്ലാ പ്രവൃത്തികളും ഈശ്വരോന്മുഖമാണ്. അവന്‍ എന്തുചെയ്താലും ഭഗവാനിലാണ് ചെയ്യുന്നത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം