യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 559 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

തസ്മാത്സ്വഭാവ: പ്രഥമം പ്രസ്ഫുരന്‍വേത്തി സംവിദം
വാസനാകാരണം പശ്ചാദ്‌ബുദ്ധ്വാ സംപശ്യതി ഭ്രമം (6.2/79/33)

വസിഷ്ഠന്‍ തുടര്‍ന്നു: അവിടെ ആകാശമൊന്നും ഉണ്ടായിരുന്നില്ല. ദിക്കുകളും, ‘താഴെ’, ‘മുകളില്‍’ എന്നിത്യാദി തരംതിരിവുകളും പഞ്ചഭൂതങ്ങളും സൃഷ്ടിജാലങ്ങളും ഒന്നും വാസ്തവത്തില്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് പരിമിതികളില്ലാത്ത ബോധസമുദ്രം മാത്രം.

അതിനിടയില്‍ സൂര്യോദയത്തില്‍ ഭൂമിയെന്നതുപോലെ ഞാന്‍ ബ്രഹ്മലോകം കണ്ടു. അവിടെ സൃഷ്ടാവായ വിരിഞ്ചന്‍ സുദീര്‍ഘധ്യാനത്തില്‍ ആമഗ്നനായി മലപോലെ ഇളക്കമേതുമില്ലാതെ മരുവുന്നു. പ്രധാന എന്ന പ്രഥമ തത്വവും, മാമുനിമാരും ദേവതകളും സിദ്ധചാരണഗന്ധര്‍വ്വാദി പ്രമുഖരുമെല്ലാം ബ്രഹ്മാവിന്റെ ചുറ്റും ഇരുന്നു ധ്യാനിക്കുന്നു. എല്ലാവരും ജീവനറ്റവരെന്ന് തോന്നുമാറ് ചലനമറ്റ് ധ്യാനസമുദ്രത്തിന്റെ ആഴത്തില്‍ വിരാജിക്കുന്നു.

പന്ത്രണ്ടു സൂര്യന്മാരും അവിടെവന്നു ധ്യാനനിരതരായി. ഉറക്കമുണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ സ്വപ്നത്തില്‍ കണ്ട ദൃശ്യങ്ങളെ അതേപടി കാണുന്നതുപോലെ പിന്നെയും കുറച്ചുകഴിഞ്ഞ് ഞാന്‍ ബ്രഹ്മാദികളെ തെളിമയോടെ കാണുകയുണ്ടായി. സ്വപ്നത്തിന്റെ ഭൌതീകമൂര്‍ത്തികളായല്ല, മറിച്ച് മനസിസ്ന്റെ ഉപാധികളെ മൂര്‍ത്തീകരിച്ച വസ്തുക്കളായിട്ടാണ് ഞാനവരെ കണ്ടത്. പിന്നീട് ഈ ദേവതകളുമെല്ലാം മിഥ്യയാണെന്ന് ഞാനറിഞ്ഞു. ആ സ്ഥലത്ത് നിന്നും എങ്ങോട്ടും ഗമിക്കാതെ തന്നെ അവരെല്ലാം എന്റെ ദൃഷ്ടിയില്‍ നിന്നും പോയ്മറഞ്ഞു.

ബ്രഹ്മാവിനെപ്പോലെ സ്വയം നാമരൂപങ്ങള്‍ ഉപേക്ഷിച്ചതിനാല്‍ അവരെല്ലാം നിര്‍വ്വാണപദം പൂകിയെന്നും ഞാനറിഞ്ഞു. വാസനകള്‍ എന്ന സ്വാര്‍ജ്ജിത പരിമിതികള്‍ അവരില്‍ അവശേഷിക്കാത്തതിനാല്‍ അവര്‍ക്ക് അദൃശ്യരാവാന്‍ കഴിയുന്നു. ദേഹമെന്നത് കേവലം മിഥ്യയാണ്. അതിനെ ഉണ്ടാക്കുന്നത് മനോപാധികള്‍ അല്ലെങ്കില്‍ വാസനകളാണ്. വാസനകളുടെ അഭാവത്തില്‍ ഉറക്കമെണീറ്റ് വരുമ്പോള്‍ സ്വപ്നദൃശ്യങ്ങളുടെ അനുഭവമെന്നപോലെ ദേഹം ഇല്ലാതാവുന്നു. അതുപോലെതന്നെ ആതിവാഹികന്‍ എന്ന സൂക്ഷ്മശരീരമോ ആധിഭൌതീകന്‍ എന്ന സ്ഥൂലശരീരമോ ജാഗ്രത്തില്‍ ഇല്ല. കാരണം മാനസികോപാധികള്‍ അപ്പോള്‍ ഇല്ലല്ലോ.

സ്വപ്നത്തിന്റെ ഉദാഹരണം പറഞ്ഞത്, അത് എല്ലാവരും അനുഭവിക്കുന്ന ഒരു കാര്യമായതുകൊണ്ടാണ്‌. സ്വന്തം അനുഭവത്തെ നിരാകരിക്കുന്നവന്‍ വര്‍ജ്യനത്രേ. ഉറക്കം നടിക്കുന്നവനെ എങ്ങനെ ഉണര്‍ത്താനാണ്? സ്വപ്നാനുഭാവത്തിനു നിദാനമായ ദേഹം ഇല്ലാതാവുമ്പോള്‍ സ്വപ്നം നിലയ്ക്കുന്നു. ദേഹത്തിന്റെ അഭാവത്തില്‍ അങ്ങേ ലോകത്തൊരു ജീവിതം ഉണ്ടെന്ന് എങ്ങനെ പറയും?

തീര്‍ച്ചയായും, സൃഷ്ടിയെന്നത് മിഥ്യ തന്നെയാണ്. ലോകം എന്തായിരുന്നില്ലയോ അതൊരിക്കലും ആയിരുന്നിട്ടേയില്ല. ഇപ്പോഴും അതിന് ഉണ്മയില്‍ അസ്തിത്വമില്ല.

ബോധം ശരീരത്തിന്റെ ഒരു വിപുലീകരണം മാത്രമാണെന്ന് പറഞ്ഞാല്‍ പിന്നെയീ ശാസ്ത്രങ്ങളെല്ലാം മൂല്യരഹിതമാവും. ശാസ്ത്രങ്ങളുടെ അനുശാസനം വെറുതെ നിരാകരിക്കാനാണെങ്കില്‍പ്പിന്നെ എന്തിനാണ് ഈ ശാസ്ത്രശാസനങ്ങള്‍?

ദേഹമുള്ളിടത്തോളം ഭ്രമക്കാഴ്ച്ചകള്‍ നിലനില്‍ക്കുന്നു എന്ന് അംഗീകരിച്ചാല്‍ അവ സത്യമായി തോന്നുന്നു. ബോധം ദേഹത്തില്‍ ആകസ്മികമായി അങ്കുരിക്കുന്നു എന്നാണു വാദമെങ്കില്‍ അതിനെന്തുകൊണ്ട് അതിന്റെ അനന്ത സാദ്ധ്യതയെ സാക്ഷാത്ക്കരിച്ചുകൂടാ? ഏതായാലും ബോധം സ്വയം അവബോധിച്ചു സങ്കല്‍പ്പിക്കുന്നതെല്ലാം, അതിനെ നാം സത്തെന്നോ അസത്തെന്നോ വിളിച്ചാലും അപ്രകാരം ഭവിക്കുന്നു.

“അതിനാല്‍ സ്വരൂപത്തിന്‌ തന്നെ ബോധമായി തിരിച്ചറിയാന്‍ കഴിയുന്നത് ആന്തരീകമായി സ്വയമുണ്ടാവുന്ന ചലനം മൂലമാണ്. പിന്നീട് വാസനകള്‍ നിമിത്തം മനോപാധികളിലൂടെ ഭ്രമാത്മകമായ ഭാവനകള്‍ യഥാതഥമെന്നപോലെ ഭവിക്കുന്നു.” ഉപാധിസ്ഥമായ ബോധം ബന്ധനമാണ്. എന്നാല്‍ ഉപാധികളെപ്പറ്റി അറിയാതെ (അവബോധിക്കാതെ) ഇരിക്കുമ്പോള്‍ നിര്‍വാണമായി.