ശ്രീ രമണമഹര്‍ഷി

ജൂണ്‍ 22 1935

ചോ: ബ്രഹ്മത്തെ അറിയുന്നതെങ്ങനെ?

ഉ: തന്നെത്തന്നെ അറിയാത്തവന്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതെന്തിന്‌?

ചോ: ബ്രഹ്മം എന്നിലും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നുവെന്നു വേദശാസ്ത്രാദികള്‍ പറയുന്നുണ്ടല്ലോ?

ഉ: എന്നെ എന്നു നീ പറയുന്ന ‘ഞാന്‍ ‘ ആരെന്നറിയണം. ബ്രഹ്മത്തെ പിന്നീടറിയാം.

ചോ: ഞാന്‍ ജനിച്ചതെന്തിനായിട്ട്‌?

ഉ: ആരു ജനിച്ചു? ഞാനെന്നതെന്തെന്നറിയുക. നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അതു തന്നെയാണുത്തരം.

ചോ: അങ്ങനെയാണെങ്കില്‍ ഞാനാര്‌?

ഉ: (പുഞ്ചിരിയോടെ) നീ ആരെന്നു ഞാനറിഞ്ഞുകൊണ്ടിരിക്കുന്നതായി എന്നെ പരീക്ഷിക്കുകയാണോ? നീ ആരെന്ന്‌ നീ തന്നെ പറയണം.

ചോ: ഉറക്കത്തില്‍ ആത്മാവ്‌ ദേഹത്തെ വിട്ടുപിരിഞ്ഞുപോകുന്നുവെന്നും വീണ്ടും അത്‌ ശരീരത്തോട്‌ ചേരുമ്പോള്‍ ഞാനുണരുന്നുവെന്നും പറയുന്നു. അങ്ങനെയാണോ?

ഉ: ശരീരത്തെ വിട്ടിട്ടെവിടെ പോകുന്നു? ഏത്‌?

ചോ: ഏതോ ഒരു ശക്തി.

ഉ: അതിനെ കണ്ടുപിടിക്കൂ.

ചോ: ശരീരം പഞ്ചഭൂതമയം എന്നു പറയുന്നല്ലോ. അവ ഏവ?

ഉ: ഞാനെന്ന ഭൂതത്തെ അറിയാതെ പഞ്ചഭൂതങ്ങളെ അറിയുന്നതെന്തിന്‌?