യഥാ പ്രയാന്തി സംയാന്തി സ്രോതോവേഗേന വാലുകാഃ
സംയൂജ്യന്തേ വിയുജ്യന്തേ തഥാ കാലേന ദേഹിനഃ (6-15-3)
വയം ച ത്വം ചയേ ചേമേ തുല്യകാലാശ്ചരാചരാഃ
ജന്മ മൃത്യോര്‍യഥാ പശ്ചാത്‌ പ്രാങ്നൈവ മധുനാപി ഭോഃ (6-15-5)
ഭൂതൈര്‍ഭൂതാനി ഭൂതേശഃ സൃജത്യവതി ഹന്ത്യജഃ
ആത്മസൃഷ്ടൈരസ്വതന്ത്രൈരനപേക്ഷാഽപി ബാലവത്‌ (6-15-5)

ദു-ഖാകുലനായിരിക്കുന്നു രാജാവിനോട്‌ അംഗിരമുനിയും നാരദനും ഇങ്ങനെ പറഞ്ഞുഃ

“രാജന്‍ ആര്‍ക്കുവേണ്ടിയാണ്‌ ദുഃഖിക്കുന്നുത്‌? ഇവര്‍ ജനിക്കുന്നതിനു മുന്‍പ്‌ എന്തായിരുന്നു? കഴിഞ്ഞജന്മത്തില്‍ നിങ്ങളുമായി എങ്ങനെ ബന്ധപെട്ടിരുന്നു? അടുത്ത ജന്മത്തിലെ ബന്ധമെന്തായിരിക്കും? മണല്‍ത്തരികള്‍ കൂടിച്ചേരുകയും വേര്‍പെടുകയും ചെയ്യുന്നു അരുവി പോലെ കാലത്തിന്റെ ഒഴുക്കില്‍ കണ്ടു മുട്ടുകയും വേര്‍പിരിയുകയും ചെയ്യുന്നു ബന്ധങ്ങളേയുളളൂ. ഞങ്ങളും നിങ്ങളും അവരും, ചരവും അചരവുമായ എല്ലാം ജന്മത്തിനു മുന്‍പ്‌ ഇങ്ങനെ തന്നെയായിരുന്നില്ല. മരണശേഷവും ഇങ്ങനെ നിലനില്‍ക്കുന്നില്ല. അതുകൊണ്ട്‌ ഇപ്പോഴും അവ കാണപ്പെടുന്നതുപോലെത്തന്നെയല്ല നിലകൊളളുന്നത്‌. സ്വയം സൃഷ്ടിക്കാന്‍ കഴിവില്ലാത്തവരെക്കൊണ്ട്‌ ഭഗവാന്‍ സൃഷ്ടി നടത്തിക്കുന്നു. എങ്കിലും ഇങ്ങനെയെല്ലാം ചെയ്യണമെന്നുളള ഒരാഗ്രഹവും അവിടേക്ക്‌ നിവര്‍ത്തിക്കുവാനില്ല. ശരീരത്തെപ്പറ്റിയും ശരീരത്തെ ബന്ധിപ്പിച്ചു നിര്‍ത്തിയ ജീവനെപ്പറ്റിയും ഉളള ഊഹാപോഹങ്ങളും ധാരണകളും അജ്ഞതയില്‍ നിന്നുളവായതാണ്‌. അതൊന്നും ഉണ്മയല്ല.”

ഇങ്ങനെയുളള നിര്‍ദ്ദേശങ്ങള്‍ കേട്ട്‌ ബോധം വീണ്ടു കിട്ടിയ രാജാവ്‌ ആഗതരാരെന്നന്വേഷിച്ചു. അംഗിര മഹര്‍ഷി പറഞ്ഞു. “നിങ്ങള്‍ക്കു വേണ്ടി പുത്രഭാഗ്യത്തിനായി യാഗം നടത്തിയത്‌ ഞാനാണ്‌. നിങ്ങളുടെ വിഷമാവസ്ഥ മനസിലാക്കി നാരദനും ഞാനും ഇങ്ങോട്ടു പുറപ്പെട്ടു. നിങ്ങളെപ്പോലെ ഭഗവല്‍ഭക്തനും പുണ്യചരിതനുമായ ഒരാള്‍ക്ക്‌ ചേര്‍ന്നതല്ല, ഈ ദുഃഖം. ആദ്യം കണ്ടപ്പോഴേ നിങ്ങള്‍ക്ക്‌ വിജ്ഞാനമുപദേശിച്ച്‌ പുത്രഭാഗ്യത്തിനുളള ആഗ്രഹത്തില്‍ നിന്നു്‌ പിന്മാറാന്‍ ഞാന്‍ പറയേണ്ടതായിരുന്നു. പക്ഷെ നിങ്ങള്‍ ഒരു മകനുവേണ്ടി വല്ലാതെ കൊതിച്ചിരുന്നുവല്ലോ. അങ്ങനെയാവരം അപ്പോള്‍ നല്‍കിയെന്നേയുളളൂ. അതുകൊണ്ട്‌ ക്ഷണനേരം കൊണ്ട്‌ പുത്രനുണ്ടാവുന്നതിന്റെ അനുഭവം കിട്ടി, ദുരിതം അനുഭവിക്കുകയും ചെയ്തു. എല്ലാ ലൌകീകവസ്തുക്കളും ബന്ധങ്ങളും ദുഃഖമുളവാക്കുന്നവതന്നെയാണ്‌. ആകാശമേഘത്തില്‍ കാണപ്പെടുന്ന കൊട്ടാരം പോലെ അസ്ഥിരവും അയാഥാര്‍ദ്ധ്യവുമാണവ. കഴിഞ്ഞജന്മങ്ങളില്‍ നിന്നാര്‍ജ്ജിച്ച വാസനയാല്‍ മനുഷ്യന്‍ അവയെ ഉണ്മയെന്നു് കരുതി വീണ്ടും കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നു.”

ഒരുവന്റെ ദുഃഖത്തിന്റെ കാരണം ശരീരബുദ്ധിയാണ്‌. ആത്മാവ്‌ ശരീരമാണെന്നുളള തോന്നല്‍. തികച്ചും ബുദ്ധിപൂര്‍വ്വം ശുഷ്ക്കാന്തിയോടെയുളള ആത്മാന്വേഷണം മാത്രമേ ഈ മനോവ്യാധിക്കൊരു പോംവഴിയായുളളു.

ഈ സമയം രാജാവിന്റെ മോഹമെല്ലാം നീങ്ങി മനഃസാന്നിദ്ധ്യം വീണ്ടെടുത്തിരുന്നു. നാരദന്‍ അദ്ദേഹത്തെ ഒരു ദിവ്യപ്രാര്‍ത്ഥന പഠിപ്പിച്ചു. “രാജാവേ, മരിച്ച കുട്ടിക്കുവേണ്ട അന്ത്യകര്‍മ്മങ്ങള്‍ നടത്തിയാലും. ഈ ദിവ്യമന്ത്രം ഉരുവിട്ടുകൊണ്ട്‌ ഏഴു ദിവസം പ്രാര്‍ത്ഥിച്ചാല്‍ നിങ്ങള്‍ക്ക്‌ ഈശ്വരദര്‍ശനം ലഭിക്കും. ദേവന്മാര്‍പോലും മോഹവലയത്തില്‍ നിന്നു രക്ഷനേടുന്നത്‌ ആ ഭഗവാന്റെ പദകമലങ്ങളെ ആശ്രയിക്കുമ്പോള്‍ മാത്രമാണ്‌.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF