ശ്രീ രമണമഹര്‍ഷി

നവംബര്‍ 6, 1935

86. ക്രിസ്തുമതവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം, ശരീരമാകുന്ന കുരിശുമരത്തില്‍ ജീവത്വത്തെ (അഹന്തയെ) തറഞ്ഞു മാറ്റിയാല്‍ എന്റെ പിതാവും ഞാനും ഏകമായി നില്‍കുന്ന അഖണ്ഡാത്മകത്വം (മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ്പ്‌) സിദ്ധിക്കുന്നു, എന്നതാണെന്ന്‌ ഭഗവാന്‍ വിശദീകരിക്കുകയുണ്ടായി.
87. ക്രിസ്തുദേവനെ കുരിശില്‍ തറച്ചപ്പോള്‍ അദ്ദേഹം ‘എന്റെ ദൈവമേ! എന്റെ ദൈവമേ! എന്നെന്തിനു വിളിച്ചു എന്നു ഒരുത്തമ യൂറോപ്യന്‍ ഭക്തനായ മെജര്‍ എ. ഡബ്ല്യു. ചാഡ്വിക്‌ ചോദിക്കുകയുണ്ടായി.

ഉ: അത്‌ തന്നോടൊത്ത്‌ ക്രൂശിക്കപ്പെട്ട രണ്ട്‌ തസ്കരന്മാരെ ഓര്‍ത്തുള്ള പരിദേവനമായിരിക്കാം. അത്‌ ഏതുവിധമായാലും അതുകൊണ്ടു കുറവൊന്നുമില്ല. ഒരു ജ്ഞാനിക്ക്‌ ഏതു സമയത്തും എവിടെ വച്ചും മോചനം ലഭിച്ചെന്നു വരാം. ജീവന്മുക്തന്‍ സമാധിയിലിരിക്കുമ്പോള്‍ ശരീരത്തെ ത്യജിച്ചു എന്നു വരാം. ആ സമയം ദേഹം മറഞ്ഞുപോയെന്നും വരാം. രോഗം പിടിപെട്ട്‌ അഴിഞ്ഞെന്നിരിക്കാം. ഏതു വിധത്തില്‍ ദേഹം അഴിഞ്ഞുപോയെന്നു വന്നാലും അവരുടെ എല്ലാം ആത്മ ജ്ഞാനത്തിനു വ്യത്യാസമൊന്നുമില്ല. ജ്ഞാനിയെ കണ്ടിട്ട്‌ ചിലര്‍ സഹതപിച്ചെന്നു വരാം. അവരുടെ പ്രകൃതം കണ്ടിട്ട്‌ അവരെപ്പറ്റി മറ്റെന്തെങ്കിലും ധരിച്ചു എന്നു വരാം. എന്നാല്‍ അവന്‍ തന്റെ ദേഹാത്മബുദ്ധിയില്‍ തീരെ ഒടുങ്ങിയവനായതുകൊണ്ട്‌ ദ്വൈതവിചാരവും ദുഃഖവും അവനെ ബാധിക്കുന്നില്ല അവനെന്നും അഖണ്ഡാനന്ദ സ്വരൂപനായിരിക്കും.

88. സെയിന്റ്‌ പോളിന്റെ സാക്ഷാല്‍ക്കാരത്തിനും ക്രിസ്തുവിനും തമ്മിലെന്തു ബന്ധം?

ഉ: സാക്ഷാല്‍ക്കാരം നിരുപാധികമാണ്‌. രൂപങ്ങളുമായി അതിന്‌ ബന്ധമൊന്നുമില്ല. പോളിന്‌ സ്വസ്വരൂപാനുഭൂതിയുണ്ടായപ്പോള്‍ അദ്ദേഹം അതിനെ ക്രിസ്തുമതവുമായി ബന്ധപ്പെടുത്തിയതായിരിക്കാം.

ചോ: എന്നാല്‍ അപ്പോള്‍ പോള്‍ ക്രിസ്തു ഭക്തനായിരുന്നില്ലല്ലോ?

ഉ: സ്നേഹം മൂലമോ മറ്റേതെങ്കിലും നിമിത്തത്താലോ ക്രിസ്തുവിന്റെ സ്മരണയുണ്ടായിരുന്നുവെന്നതാണ്‌ മുഖ്യം. രാവണാദി രാക്ഷസന്മാര്‍ ശത്രുത്വത്തില്‍ കൂടി ഭഗവാനെ സ്മരിച്ച്‌ മുക്തിയെ പ്രാപിച്ചു. ആത്മബോധത്തെത്തന്നെ ക്രിസ്തുബോധമെന്നു പറഞ്ഞു പോരുന്നത്‌.

90. ത്രിമൂര്‍ത്തികളുടെ ക്രമം.

പിതാവ്‌ – ഈശ്വരന്‍
ചൈതന്യം – ആത്മാവ്‌
പുത്രന്‍ – ഗുരു

“ഈശ്വരോ, ഗുരുരാത്മേതി മൂര്‍ത്തിഭേദവിഭാജിനേ
വ്യോമവത്‌ വ്യാപ്തദേഹായ ദക്ഷിണാമൂര്‍ത്തയേ നമ:”

അതായത്‌ ഈശ്വരന്‍ ഭക്തന്‌ ഗുരു രൂപത്തില്‍ ദര്‍ശനം കൊടുക്കുന്നു. ഈശ്വരന്‍ ചൈതന്യവും ഈ ചൈതന്യം എങ്ങും സന്നിഹിതവുമാണ്‌. സ്വസ്വരൂപസാക്ഷാല്‍ക്കാരത്തില്‍ക്കൂടി ഈശ്വരനെത്തന്നെ സാക്ഷാല്‍ക്കരിക്കുകയാണ്‌. ഈശ്വരന്‍, ഗുരു, താന്‍ എന്നു മൂന്നു വിധമായി പിരിഞ്ഞു നില്‍ക്കുന്നതും ആകാശം പോലെ അതിരറ്റതുമായ ദക്ഷിണാമൂര്‍ത്തിക്കു നമസ്കാരം.