ദൈവം മനുഷ്യനാകട്ടെ – എം മുകുന്ദന്‍ (സന്ദീപ്‌ ചൈതന്യയെ കുറിച്ച്)

ദൈവം മനുഷ്യനാകട്ടെ എന്ന തലക്കെട്ടില്‍ ശ്രീ എം മുകുന്ദന്‍ ദേശാഭിമാനിയില്‍ 2008-ല്‍ എഴുതിയ ഒരു ലേഖനം ഇവിടെ കൊടുക്കുന്നു. കടപ്പാട് – rejii, scribd

എന്റെ യൗവനകാലത്ത് വായിക്കുവാന്‍ വളരെ കുറച്ചു ആഴ്ചപ്പതിപ്പുകളും മാസികകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആഴ്ചപ്പതിപ്പുകള്‍ കിട്ടുന്ന ദിവസംതന്നെ വായിച്ചു തീര്‍ക്കും. എന്നിട്ട് അടുത്ത ആഴ്ച വരുന്നതും കാത്തിരിക്കും. മാസികകളുടെ കാര്യവും അതുതന്നെ.

ഇപ്പോഴോ?

ഇപ്പോള്‍ മിക്കവാറും എന്നും തപാല്‍ക്കാരന്‍ എന്തെങ്കിലും പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുവന്നുതരുന്നു. അതൊക്കെ പൊട്ടിച്ചു നോക്കുന്നതിന് മുമ്പ് പിന്നെയും വരുന്നു മറ്റുള്ളവ. കിട്ടുന്നതെല്ല‍ാം വായിച്ചു തീര്‍ക്കുക എന്നത് അസാധ്യമായിത്തീരുകയാണ്. എങ്കിലും എല്ല‍ാം ഒന്നോടിച്ചു നോക്കുകയെങ്കിലും ചെയ്യേണ്ടേ? അതുകൊണ്ട് വേഗം പേജുകള്‍ മറിച്ചിടുന്നു. ഇടക്ക് ശ്രദ്ധാപൂര്‍വമായ വായന ആവശ്യപ്പെടുന്ന വല്ലതും കണ്ണില്‍ പെട്ടാല്‍ മാറ്റിവെക്കുന്നു, പുലര്‍ച്ച നാലരമണിക്ക് ഉണര്‍ന്ന് ചെറുനാരങ്ങാനീര്‍ വീഴ്ത്തിയ കട്ടന്‍ചായ മൊത്തിക്കുടിച്ചുകൊണ്ട് ശ്രദ്ധയോടെ വായിക്കുവാന്‍വേണ്ടി.

നമ്മുടെ ജീവിതത്തിലെ തിരക്ക് വായനയെയും ബാധിച്ചിരിക്കുന്നു. വായിക്കുന്ന രീതി മാറുകയാണ്. രാത്രി ഉറങ്ങാനായി വിളക്കണക്കുന്നതിന് മുമ്പ് കിടക്കയില്‍ കിടന്നും, രാവിലെ കോലായിലെ അച്ഛന്റെ ചാരുകസാരയില്‍ കിടന്നും, സായാഹ്നം കടല്‍ക്കരയിലെ പാറക്കൂട്ടത്തിലിരുന്നും പണ്ട് ഞാന്‍ വായിച്ചിരുന്നു. ധ്യാനംപോലുള്ള ഒരു വായനയായിരുന്നു അത്. ആ കാലം കഴിഞ്ഞു. അതിന്റെ സ്ഥാനത്ത് ഇന്നുള്ളത് തിരക്കിട്ട, ഓട്ടപ്രദക്ഷിണംപോലുള്ള വായനയാണ്. അങ്ങനെ വായിക്കുമ്പോള്‍ ഒരു വാചകം, ഒരാശയം മനസ്സില്‍ ഒട്ടിനിന്നെന്നു വര‍ാം. കഴിഞ്ഞ ആഴ്ച എന്റെ മനസ്സില്‍ പതിഞ്ഞത് അഴീക്കോട് മാഷ് പറഞ്ഞ ഒരു കാര്യമാണ്. ഇതാണ് അദ്ദേഹം പറഞ്ഞത്:

“മദര്‍ തെരേസ ഓവുചാലില്‍ കിടക്കുന്ന കുഷ്ഠരോഗിയായ കുഞ്ഞിനെയെടുത്താണ് ആലിംഗനം ചെയ്തത്… അവര്‍ ഒരു സമ്പന്നനെയും ആലിംഗനം ചെയ്തില്ല. ഏറ്റവും പാവപ്പെട്ടവര്‍ക്കു വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അവരാണ് അമ്മ.”

അത് കഴിഞ്ഞ ആഴ്ച.

ഈ ആഴ്ചയോ? ഇതാ, ഈയൊരു വാചകമാണ് എന്റെ മനസ്സില്‍ തറഞ്ഞുകിടക്കുന്നത്:

“കാറില്‍ പോകുന്നത് ഭൌതികവാദവും പട്ടിണികിടന്നു മെലിഞ്ഞ് ജടയും മുടിയുമായി നടന്നലയുന്നത് ആത്മീയതയുമായി ജനം കരുതുന്നു.”

സ്വാമി സന്ദീപ് ചൈതന്യയുടേതാണ് ഈ വാക്കുകള്‍.

ഹരിദ്വാറിലും കാശിയിലുമൊക്കെ ധാരാളം കാഷായവസ്ത്രധാരികളെ ഞാന്‍ കണ്ടിട്ടുണ്ട്. വസ്ത്രം ധരിക്കാതെ നടക്കുന്ന സ്വാമിമാരെയും കണ്ടിട്ടുണ്ട്. ഡല്‍ഹിയിലെ എന്റെ പാര്‍പ്പിടത്തില്‍നിന്ന് ഓഫീസിലേക്കു പോകുന്ന വഴിയില്‍ പാലം വിമാനത്താവളത്തിലേക്കുള്ള തിരിവില്‍ ഒരു ദിഗംബരക്ഷേത്രമുണ്ട്. അവിടെ അത്തരം സന്ന്യാസിമാരെ ധാരാളം കാണ‍ാം. പക്ഷേ, ഇതുവരെ കാഷായവസ്ത്രധാരികളോ ദിഗംബരരോ ആയ ഒരു സന്ന്യാസിയുമായും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ അല്പം പ്രശസ്തനായപ്പോള്‍ സന്ന്യാസിമാരുടെ ആശ്രമങ്ങള്‍ സന്ദര്‍ശിക്കുവാനും അവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാനും പല ഹൈന്ദവ സംഘടനകളും എന്നെ ക്ഷണിച്ചിരുന്നു. ചിലര്‍ നിര്‍ബന്ധിക്കുകപോലും ചെയ്തിരുന്നു. പക്ഷേ ഞാന്‍ പോയില്ല.

അത് ഡല്‍ഹിയിലെ കാര്യം.

നാട്ടിലോ?

ഭഗവദ്ഗീതയെക്കുറിച്ച് പ്രഭാഷണം ചെയ്യുന്ന ഒരു സന്ന്യാസിയോട് ഇപ്പോള്‍ ആദ്യമായി മാനസികമായി അടുപ്പം തോന്നുന്നു. സ്വാമി സന്ദീപ് ചൈതന്യയാണ് അത്. അദ്ദേഹത്തെ ഞാനിതുവരെ കണ്ടത് ടി വിയില്‍ മാത്രമാണ്. ടി വിയില്‍ കാണുന്നത് അസത്യമായതിനാല്‍ സ്വാമി സന്ദീപ് ചൈതന്യയും അസത്യമാണെന്നു കരുതിപ്പോയി. ഇപ്പോള്‍ ആ ധാരണ തിരുത്തുന്നു. സന്തോഷ് മാധവന്മാരുടെ ഈ കാലം ഒരു കാഷായവസ്ത്രധാരിയെ ഇഷ്ടപ്പെടുക എന്നത് എളുപ്പമല്ല എന്നറിയ‍ാം. എന്നിട്ടും സ്വാമി സന്ദീപ് ചൈതന്യയെ ഞാന്‍ ആദരിക്കുന്നു.

എന്തുകൊണ്ട്?

ഹൈസ്കൂളില്‍ പഠിക്കുന്ന കാലം സ്വാമി എസ്എഫ്ഐയുടെ സജീവപ്രവര്‍ത്തകനായിരുന്നു. സ്കൂള്‍ സമരങ്ങളുടെ മുമ്പില്‍ തന്നെയുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ കാലം “രാജനെവിടെ?” എന്നു വിളിച്ചുപറഞ്ഞു നടന്നിരുന്നു.

ഇനി ഇപ്പോള്‍ അദ്ദേഹം പറയുന്നതുകൂടി കേള്‍ക്കുക:

“ശ്രീനാരായണ ചിന്തകളും ദര്‍ശനങ്ങളും പ്രചരിപ്പിക്കുവാന്‍ ബാധ്യതയുള്ളവര്‍ അത് നിര്‍വഹിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത.”

“നേരുപറഞ്ഞാല്‍ സന്ന്യാസിമാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് ഏര്‍പ്പെടുത്തേണ്ട കാലമായി. കേരളത്തില്‍ സാമ്പ്രദായിക ശിക്ഷണം നേടിയ എത്ര സ്വാമിമാരുണ്ട്?”

“നമുക്കൊരു പ്രേമമൊക്കെയുണ്ടായിരുന്നു. എം ടി ചിത്രത്തില്‍ വിനീത് അവതരിപ്പിച്ച പ്രേമംപോലെ. ആ പെണ്‍കുട്ടി ഇപ്പോള്‍ നമ്മളെ ടി വിയില്‍ കാണുന്നുണ്ടാകും. ഭര്‍ത്താവും കുട്ടികളുമായി ഇന്ന് മുന്നില്‍ വന്നാല്‍പ്പോലും ഒരു ജാള്യവുമില്ലാതെ എനിക്ക് സംസാരിക്കുവാനാവും. ആ പഴയ കാമുകന്‍ ഞാനാണെന്ന് പറയാനും ധൈര്യമുണ്ട്.”

മറ്റു സ്വാമിമാര്‍ ആള്‍ദൈവങ്ങളോ ദൈവങ്ങളോ ആയി മാറുവാന്‍ ശ്രമിക്കുമ്പോള്‍ സ്വാമി സന്ദീപ് ചൈതന്യ ഒരു പച്ച മനുഷ്യനാകുവാന്‍ ശ്രമിക്കുന്നു. ദൈവത്തെ മനുഷ്യനായി കാണുവാനും ശ്രമിക്കുന്നു.

അതുകൊണ്ടാണ് നമ്മള്‍ ഈ സന്ന്യാസിയെ ഇഷ്ടപ്പെടുന്നത്.