സ്വാമി വിവേകാനന്ദന്‍

21. തദര്‍ത്ഥ ഏവ ദൃശ്യസ്യാത്മാ.
ദൃശ്യസ്യ = ദൃശ്യമായ പ്രകൃതിയുടെ, ആത്മാ = സ്വരൂപം (മഹദാദിഗുണപര്‍വ്വങ്ങളായുള്ള കാര്യപരിണാമം), തദര്‍ഥ ഏവ = ദ്രഷ്ടാവായ പുരുഷനുവേണ്ടി, (ഭോഗാപവര്‍ഗ്ഗരൂപമായ പ്രയോജനത്തിനായിട്ട്) മാത്രമാകുന്നു.
ദൃശ്യത്തിന്റെ സ്വരൂപം അവന്നു വേണ്ടിയാണ്.

പ്രകൃതിക്കു സ്വന്തമായി ചൈതന്യമില്ല. പുരുഷസാന്നിദ്ധ്യത്തില്‍ അതു ചേതനമെന്നപോലെ തോന്നിക്കുന്നു. ആ ചേതനത്വം കടം വാങ്ങിയതാണ്, ചന്ദ്രന്റെ പ്രകാശംപോലെ പ്രതിബിംബിതം. യോഗശാസ്ത്രപ്രകാരം, പ്രകൃതിതന്നെയാണു സ്വകാര്യപരിണാമങ്ങളെല്ലാം ഉണ്ടാക്കുന്നത്. എന്നാല്‍ ഈ പരിണാമം കൊണ്ടു പുരുഷനെ മോചിപ്പിക്കുക എന്നല്ലാതെ പ്രകൃതിക്കു സ്വന്തമായി ഒന്നും നേടാനില്ല.

22.കൃതാര്‍ത്ഥം പ്രതി നഷ്ടമപ്യനഷ്ടം തദന്യ –
സാധാരണത്വാത്.
തത് ഭോഗാപവര്‍ഗ്ഗങ്ങള്‍ക്കുവേണ്ടി പരിണമിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി, കൃതാര്‍ത്ഥം പ്രതി വിവേകജ്ഞാനംകൊണ്ടു കൃതാര്‍ത്ഥനായവനെ, (ഭോഗാപവര്‍ഗ്ഗങ്ങള്‍ അനുഭവിച്ചുകഴിഞ്ഞ പുരുഷനെ) ഉദ്ദേശിച്ച്, നഷ്ടം മഹദാദിക്രമേണ പരിണാമശൂന്യമായിരിക്കുന്നു. അപി എങ്കിലും, അന്യസാധാരണത്വാത് കൃതാര്‍ത്ഥന്മാരല്ലാത്ത പുരുഷന്മാര്‍ക്കു പൊതുവെയുള്ളതാകയാല്‍ (ഭോഗാപവര്‍ഗ്ഗങ്ങളെ കൊടുക്കുവാന്‍വേണ്ടി), അനഷ്ടം മഹദാദിക്രമേണ പരിണമിച്ചുകൊണ്ടിരിക്കുന്നു.

കൃതാര്‍ത്ഥനായ പുരുഷനെസ്സംബന്ധിച്ചിടത്തോളം അതു നശിച്ചിരിക്കുന്നുവെങ്കിലും, (അകൃതാര്‍ത്ഥരായ) മറ്റുള്ളവര്‍ക്കു പൊതുവേ ഭോഗ്യമാകയാല്‍ നശിച്ചിട്ടില്ല.
താന്‍ പ്രകൃതിയില്‍നിന്നു നിത്യഭിന്നനാണെന്ന ബോധം പുരുഷന് ഉണ്ടാകാന്‍വേണ്ടിയാണു പ്രകൃതിയുടെ സമസ്തവ്യാപാരവും. ഇതറിഞ്ഞാല്‍പ്പിന്നെ പുരുഷനു പ്രകൃതിയോടു യാതൊരാകര്‍ഷണവുമില്ല. എന്നാല്‍ മുക്തപുരുഷനെസ്സംബന്ധിച്ചുമാത്രമേ സമസ്തപ്രകൃതിയും തിരോഭവിക്കുന്നുള്ളു. മുക്തരാകാത്ത ബഹുപുരുഷന്മാര്‍ എപ്പോഴുമുണ്ടായിരിക്കും: അവര്‍ക്കുവേണ്ടി പ്രകൃതി വ്യാപരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

23.സ്വസ്വാമിശക്ത്യോഃ സ്വരൂപോപലബ്ധി –
ഹേതുഃ സംയോഗഃ.
സ്വസ്വാമിശക്ത്യോഃ സ്വശക്തിയുടേയും സ്വാമിശക്തിയുടെയും, സ്വരൂപോപലബ്ധിഹേതുഃ സ്വരൂപങ്ങളുടെ ഉപലബ്ധിക്കുള്ള ഹേതു, സംയോഗഃ സ്വസ്വാമിഭാവസംബന്ധമാകുന്നു.
സ്വസ്വാമിശക്തികളുടെ രണ്ടിന്റെയും സ്വരൂപസാക്ഷാത്കാരത്തിനു ഹേതു സംയോഗമാകുന്നു.

ഈ സൂത്രപ്രകാരം പ്രകൃതിപുരുഷസംയോഗമുള്ളപ്പോഴാണ് അവയുടെ ശക്തികള്‍ (സ്വരൂപയോഗ്യതകള്‍) പ്രകാശിക്കുന്നത്. അപ്പോഴാണു സര്‍വ്വകാര്യകാരണങ്ങളും അഭിവ്യക്തമാവുന്നത്. ഈ സംയോഗത്തിനു കാരണം അവിദ്യയാണ്. നാം ദേഹവുമായി ആത്മത്വേന ബന്ധിക്കുക നിമിത്തമാണു നമുക്കു സുഖദുഃഖങ്ങളുണ്ടാകുന്നതെന്നു നിത്യവും അനുഭവമുള്ളതാണല്ലോ. ഞാന്‍ ശരീരമല്ലെന്ന് എനിക്കു ദൃഢബോധമുണ്ടെങ്കില്‍ ശീതോഷ്ണങ്ങളെയോ അതുപോലെയുള്ള മറ്റു ദ്വന്ദ്വങ്ങളെയോ ഞാന്‍ ലവലേശം ഗൗനിക്കില്ല (കേവലനും ചിന്മാത്രനുമായ പുരുഷനാണു ഞാന്‍, ശരീരമല്ല. ശരീരസംബന്ധം വെറും അവിദ്യാകല്പിതം.) ശരീരം ഒരു സംഘാതമത്രേ: എനിക്കൊരു ശരീരമുണ്ട്, നിങ്ങള്‍ക്കു വേറോരോന്നുണ്ട്, സൂര്യനു മറ്റൊന്നുണ്ട്, എന്നും മറ്റും പറയുന്നതു വെറും കല്പിതമാകുന്നു. സമസ്ത പ്രപഞ്ചവും ഒരു ജഡമഹാസമുദ്രം: നിങ്ങള്‍ അതിലോരോ കണികയുടെയും ഞാന്‍ മറ്റൊന്നിന്റെയും സൂര്യന്‍ ഇനിയൊന്നിന്റെയും നാമം വഹിക്കുന്നു. ഈ ജഡദ്രവ്യം നിരന്തരം പരിണമിച്ചുകൊണ്ടിരിക്കയാണെന്നു നമുക്കറിയാം. ഇന്നു സൂര്യന്റെ ഘടകമായിരുന്നതു നാളെ നമ്മുടെ ശരീരഘടകമാകാം.

24. തസ്യ ഹേതുരവിദ്യാ
തസ്യ = ആ സംയോഗത്തിന്റെ, ഹേതുഃ = കാരണം, അവിദ്യാ = അവിദ്യ ആകുന്നു.
അതിന്റെ കാരണം അവിദ്യയാകുന്നു.

നാം ഒരു പ്രത്യേകശരീരവുമായി ബന്ധപ്പെട്ടു ദുഃഖങ്ങള്‍ക്കു വഴിവെയ്ക്കുന്നത് അവിദ്യകൊണ്ടാണ്. ദേഹാത്മഭാവം വെറുമൊരു ഭ്രാന്തി, മിഥ്യ. മിഥ്യാജ്ഞാനമാണു നമ്മെ സുഖികളോ ദുഃഖികളോ ആക്കുന്നത്. അവിദ്യാകൃതമായ ഈ മിഥ്യാജ്ഞാനമാണു ശീതോഷ്ണസുഖദുഃഖങ്ങളെ തോന്നിക്കുന്നത്. ഈ മിഥ്യാജ്ഞാനത്തെ അതിക്രമിച്ചുപോവുകയാകുന്നു നമ്മുടെ കര്‍ത്തവ്യം. അതെങ്ങനെ സാധിക്കാമെന്നും യോഗി കാണിച്ചുതരുന്നുണ്ട്. മനസ്സിന്റെ ചില അവസ്ഥാവിശേഷങ്ങളില്‍, ശരീരം തീപ്പൊള്ളിയാല്‍പ്പോലും വേദന തോന്നില്ലെന്നു തെളിയിച്ചിട്ടുണ്ട്. ഇവിടെയുള്ള ഒരു വൈഷമ്യമെന്തെന്നാല്‍ മനസ്സിന് ആകസ്മികമായുണ്ടാവുന്ന ഈ ഉച്ചഭാവം ചുഴലിക്കാറ്റു പോലെ ക്ഷണനേരം നിന്നു, തിരോഭവിക്കുന്നുവെന്നതാണ്. യോഗബലത്താല്‍ ഈ അവസ്ഥ സിദ്ധമാക്കാന്‍ കഴിഞ്ഞാലാകട്ടെ, ആത്മാവിനെ എന്നെന്നേയ്ക്കുമായി ദേഹബന്ധത്തില്‍ നിന്നു മോചിപ്പിച്ചുനിര്‍ത്താന്‍ സാധിക്കും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 319-321]