സ്വാമി വിവേകാനന്ദന്‍

ജ്ഞാനയോഗപ്രഭാഷണങ്ങള്‍ലോകത്തെ ത്യജിക്കണമെന്നു ജ്ഞാനമാര്‍ഗ്ഗം ഉപദേശിക്കുന്നുണ്ട്. അതിനര്‍ത്ഥം ലോകത്തുനിന്ന് ഓടിപ്പോകണമെന്നല്ല. ലോകത്തില്‍ ജീവിക്കുക; പക്ഷേ അതിന്റേതല്ലാതിരിക്കുക എന്നതാണ് സന്ന്യാസത്തിന്റെ ശരിയായ നികഷം. ഈ ത്യാഗാദര്‍ശം ഏതെങ്കിലും രൂപത്തില്‍, പ്രായേണ എല്ലാ മതങ്ങളിലും കാണപ്പെടുന്നു. നാം എല്ലാവരെയും സമഭാവത്തില്‍ കാണേണ്ടതാണെന്ന്, നമുക്കു സമത്വദൃഷ്ടി ഉണ്ടായിരിക്കണമെന്ന്, ജ്ഞാനം ആവശ്യപ്പെടുന്നു. സ്തുതിയും നിന്ദയും നല്ലതും തീയതും ചൂടും തണുപ്പും എല്ലാം നമുക്കു സമനിലയില്‍ സ്വീകാര്യമാകണം. ശരിക്കും ഈ അവസ്ഥയെ പ്രാപിച്ചിട്ടുള്ള അനേകം വിശുദ്ധാത്മാക്കള്‍ ഭാരതത്തിലുണ്ട്. അവര്‍ ഹിമാലയത്തിന്റെ മഞ്ഞുറഞ്ഞ സാനുക്കളിലും ചുട്ടുപഴുത്ത മണലാരണ്യങ്ങളിലും ഒപ്പം വസ്ത്രമൊന്നും ധരിക്കാതെ, ശീതോഷ്ണാവസ്ഥയുടെ മാറ്റങ്ങള്‍ അറിയാതെ, സ്വച്ഛന്ദം സഞ്ചരിക്കുന്നു.

ഒന്നാമതായി നാം ദേഹമാണെന്നുള്ള ഈ അന്ധവിശ്വാസം കളയണം. നാം ദേഹമല്ല, അനന്തരം നാം മനസ്സാണെന്നുള്ള അന്ധവിശ്വാസവും പോകണം. നാം മനസ്സല്ല. മനസ്സ് നമ്മുടെ ‘നേരിയ ശരീരം’ മാത്രമാണ്. ആത്മാവിന്റെ അംശമല്ല. ‘ശരീര’മെന്ന കേവലപദം മിക്കവാറും എല്ലാ വസ്തുക്കള്‍ക്കും പ്രയോഗിക്കാം. ആ നിലയില്‍ എല്ലാ വസ്തുക്കള്‍ക്കും പൊതുവായിട്ടുള്ള എന്തോ ഒന്ന് അതുള്‍ക്കൊള്ളുന്നു. അതാണ് സത്ത (അസ്തിത്വം). നമ്മുടെ ശരീരങ്ങള്‍ അവയുടെ പിന്നിലുള്ള വിചാരത്തിന്റെ പ്രതീകങ്ങളാണ്. വിചാരങ്ങളാകട്ടെ, അവയ്ക്കും പിന്നിലുള്ള മറ്റൊന്നിന്റെ പ്രതീകങ്ങളാണ്-ആ മറ്റൊന്നത്രേ യഥാര്‍ത്ഥത്തിലുള്ള ഏകസത്ത. നമ്മുടെ ആത്മാവിന്റെയും ആത്മാവ്, പ്രപഞ്ചത്തിന്റെയും ആത്മാവ് നമ്മുടെ ജീവന്റെയും ജീവന്‍ നമ്മിലെ പരമാര്‍ത്ഥമായ നാം നാം ഈശ്വരനില്‍നിന്നു അണുമാത്രമാണെങ്കിലും ഭിന്നരാണെന്നബോധം നിലനില്‍ക്കുന്നിടത്തോളം കാലം നമ്മില്‍ ഭയവും അവശേഷിക്കും. നാം ആ ഏകസത്തയാണെന്ന ബോധത്തിന്റെ ഉദയത്തില്‍ ഭയം പോയ്മറയുന്നു-എന്തിനെയാണ് നാം പിന്നെ ഭയപ്പെടുക? ജ്ഞാനി കേവലം ഇച്ഛാശക്തികൊണ്ട് ശരീമനസ്സുകളെ കടന്നുയരുകയും പ്രപഞ്ചത്തെ ശൂന്യമാക്കുകയും ചെയ്യുന്നു. അങ്ങനെ അയാള്‍ അവിദ്യയെ നശിപ്പിച്ചിട്ട് തന്റെ പരമാര്‍ത്ഥസ്വരൂപത്തെ, ആത്മാവിനെ സാക്ഷാല്‍ക്കരിക്കുന്നു. സുഖ ദുഃഖങ്ങള്‍ ഇന്ദ്രിയങ്ങളില്‍മാത്രമാണ്. അവയ്ക്കു നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കാന്‍ വയ്യ. ആത്മാവും ദേശകാലനിമിത്തങ്ങള്‍ക്കതീതമാണ്. അതിനാല്‍ അപരിമിതവും സര്‍വ്വവ്യാപിയുമാണ്്

ജ്ഞാനി എല്ലാ ചടങ്ങുകള്‍ക്കും വെളിയില്‍ കടക്കണം. എല്ലാ നിയമങ്ങളെയും ഗ്രന്ഥങ്ങളെയും അതിക്രമിക്കണം. താന്‍തന്നെ തന്റെ ഗ്രന്ഥം എന്ന നിലയിലെത്തണം. ചടങ്ങുകളില്‍ ബദ്ധരാകുന്നപക്ഷം, നാം മരവിച്ചു മരണമടയുന്നു. എന്നിരുന്നാലും ചടങ്ങുകളെ അതിക്രമിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവരെ ജ്ഞാനി ഒരിക്കലും നിന്ദിക്കരുത്. മറ്റൊരാളെപ്പറ്റി, ‘ഞാന്‍ നിന്നെക്കാള്‍ വിശുദ്ധനാണ്’ എന്ന് ഒരിക്കലും അയാള്‍ വിചാരിക്കയേ അരുത്.

യഥാര്‍ത്ഥജ്ഞാനയോഗിയുടെ ലക്ഷണങ്ങള്‍ ഇവയാണ്.
1. ജ്ഞാനമൊഴിച്ചൊന്നും അയാള്‍ ആഗ്രഹിക്കുന്നില്ല.
2. ഇന്ദ്രിയങ്ങളെല്ലാം തികച്ചും അയാള്‍ക്കധീനമാണ്. അയാള്‍ പിറുപിറുക്കാതെ എന്തും സഹിക്കുന്നു. തുറന്ന ആകാശത്തിന്‍കീഴില്‍ വെറും തറയില്‍ കിടന്നാലും രാജകൊട്ടാരത്തില്‍ പാര്‍പ്പിക്കപ്പെട്ടാലും തുല്യനിലയില്‍ സംതൃപ്തനാണ്. കഷ്ടാനുഭവങ്ങളില്‍നിന്നു അയാള്‍ ഒഴിയുന്നില്ല-അവയെ നിന്നു സഹിക്കുന്നു. ആത്മാവിനെ ഒഴികെ എല്ലാം അയാള്‍ ഉപേക്ഷിച്ചിരിക്കുന്നു.
3. ഒന്നൊഴികെ എല്ലാം അയഥാര്‍ത്ഥമാണെന്ന് അയാളറിയുന്നില്ല.
4. അയാള്‍ക്കു ഉല്‍ക്കടമായ മോക്ഷേച്ഛയുണ്ട്.

കരുത്തുറ്റ നിശ്ചയബുദ്ധിയോടെ അയാള്‍ ഉല്‍കൃഷ്ടാദര്‍ശങ്ങളില്‍ മനസ്സുറപ്പിക്കുന്നു. അങ്ങനെ മനശ്ശാന്തി വരിക്കയും ചെയ്യുന്നു. നമുക്കു മനശ്ശാന്തി അനുഭവപ്പെടുന്നില്ലെങ്കില്‍, നാം മൃഗങ്ങളെക്കാള്‍ മെച്ചമാകുന്നത് ഏതുതരത്തില്‍? അയാളുടെ കര്‍മ്മങ്ങളെല്ലാം അന്യന്മാര്‍ക്കുവേണ്ടിയാണ്. ഈശ്വരാര്‍പ്പണമായിട്ടാണ്. ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ, തന്റെ കര്‍മ്മങ്ങള്‍ക്കു വല്ല പ്രതിഫലവും അയാള്‍ പ്രതീക്ഷിക്കുന്നില്ല. എല്ലാ കര്‍മ്മഫലങ്ങളെയും അയാള്‍ ത്യജിച്ചിരിക്കുന്നു. നമ്മുടെ ആത്മാവിനെക്കാള്‍ കൂടുതലായി. അതിലും ഉപരിയായി. എന്തൊരു വസ്തുവാണ് നമുക്കു നല്‍കാന്‍ ഈ ജഗത്തിനു കഴിയുക? ആത്മലാഭത്തോടെ നമുക്കു സര്‍വ്വവും ലഭിക്കുന്നു. ആത്മാവ് അവിഭാജ്യമായ ഏകസത്തയാണെന്നു വേദങ്ങള്‍ ഉദ്ഘോഷിക്കുന്നു. അതു മനസ്സിനും സ്മൃതിക്കും വിചാരത്തിനും ബോധത്തിനും അതീതമാണ്. സമസ്തവസ്തുക്കളും അതില്‍നിന്നാണ്. നാം യാതൊന്നില്‍ക്കൂടി കാണുകയും കേള്‍ക്കുകയും അറിയുകയും ചിന്തിക്കുകയും ചെയ്യുന്നുവോ അതാണത്. ജഗത്തിന്റെ പരമലക്ഷ്യം ഓംകാരവുമായി-ഏകസത്തയുമായി ഐക്യം സാക്ഷാല്‍ക്കരിക്കുകയത്രേ. ജ്ഞാനി എല്ലാ ചടങ്ങുകളില്‍നിന്നും നിര്‍മ്മുക്തനാകണം-അയാള്‍ ഹിന്ദുവോ ബൌദ്ധനോ ക്രിസ്ത്യനോ അല്ല. എന്നാല്‍ ഇതെല്ലാമാണുതാനും. അയാള്‍ സര്‍വ്വകര്‍മ്മങ്ങളും പരിത്യജിച്ചിരിക്കുന്നു. ഈശ്വരന്നായി അര്‍പ്പിച്ചിരിക്കുന്നു. ആ സ്ഥിതിയില്‍ ഒരു കര്‍മ്മത്തിനും ബന്ധനശക്തിയില്ല. ജ്ഞാനി അതിഗംഭീരയുക്തിചിന്തകനാണ്. അയാള്‍ സര്‍വ്വവും നിഷേധിക്കുന്നു. അഹര്‍ന്നിശം ഇങ്ങനെ ചിന്തിക്കുന്നു, ‘മതങ്ങളില്ല, മന്ത്രങ്ങളില്ല, സ്വര്‍ഗ്ഗമില്ല, നരകമില്ല, വിശ്വാസപ്രമാണങ്ങളില്ല. പള്ളിക(ക്ഷേത്രങ്ങ)ളുമില്ല-ആത്മാവുമാത്രമേ ഉള്ളൂ’. ഉപേക്ഷിക്ക വയ്യാത്തതിനാല്‍ ചെന്നെത്തുവോളം ഒരോന്നായി സകലതും ഉപേക്ഷിച്ചുകഴിയുമ്പോള്‍ ശേഷിക്കുന്നതേതോ അതാണാത്മാവ്. ജ്ഞാനി ഒന്നും മുന്‍കൂട്ടി വിചാരംചെയ്യാതെ വിശ്വസിക്കുന്നില്ല. അയാള്‍ ഇച്ഛാശക്തിയും കലര്‍പ്പില്ലാത്ത ബുദ്ധിവൈഭവവും പ്രയോഗിച്ചു വസ്തുതകളെ വിശകലനം ചെയ്യുന്നു. അങ്ങനെ എല്ലാ ആപേക്ഷികതത്ത്വത്തിന്റെയും അത്യന്തവിനാശമായ ‘നിര്‍വ്വാണ’പദത്തിലെത്തുന്നു. ഈ അവസ്ഥയെ വിവരിക്കാനോ സങ്കല്‍പ്പിക്കാനോ വയ്യ. ലൌകികമായ വല്ല നേട്ടത്തെയും ആസ്പദമാക്കി ജ്ഞാനത്തെ മതിച്ചുകൂടാ. നോക്കെത്താത്തവണ്ണം ഉയരത്തില്‍ പറക്കുകയും അതോടൊപ്പം ഒരു ചീഞ്ഞ ഇറച്ചിക്കഷ്ണം കാണുമ്പോള്‍ താഴോട്ടു കുതിച്ചിറങ്ങാന്‍ സന്നദ്ധനായിരിക്കയും ചെയ്യുന്ന കഴുകനെപ്പോലെയാകരുത്. രോഗമോചനത്തിനോ ദീര്‍ഘായുസ്സിനോ ഐശ്വര്യത്തിനോ വേണ്ടി അര്‍ത്ഥിക്കരുത്. മുക്തിമാത്രം അര്‍ത്ഥിക്കുക നാം സച്ചിദാനന്ദസ്വരൂപമാണ്. സത് എന്നത് (അസ്തിത്വം)പ്രപഞ്ചത്തിലെ അന്തിമസമാനീകരണമാണ്. അതിനാല്‍ നാം ഉണ്ട്, നാം അതറിയുന്നു, കലര്‍പ്പില്ലാത്ത അസ്തിത്വത്തിന്റെ സ്വാഭാവികഫലം ആനന്ദമാണ്. ഒരു നിമിഷനേരത്തെ പരമാനന്ദം വല്ലപ്പോഴുമൊക്കെ നമുക്കനുഭവപ്പെടാറുണ്ട്. ആ സമയത്ത്, നാം ഒന്നും ചോദിക്കുന്നില്ല. ഒന്നും കൊടുക്കുന്നില്ല. ആനന്ദമല്ലാതൊന്നുമറിയുന്നില്ല. എന്നാല്‍ ആ നിമിഷം കടന്നുപോകുന്നു. വീണ്ടും ഈ വിസ്തൃതപ്രപഞ്ചം മുമ്പില്‍ നടമാടുന്നതായി നാം കാണുന്നു. അപ്പോള്‍ ഇത് ‘എല്ലാ വസ്തുക്കളുടെയും പശ്ചാത്തലമായ ഈശ്വരനില്‍ പ്രതിഷ്ഠിതമായ, നാനാവര്‍ണ്ണമായ, ഒരു വിചിത്രശില്‍പ്പവേല’മാത്രണെന്നു നാം അറിയുകയും ചെയ്യുന്നു. നാം ഭൌതികമണ്ഡലത്തിലേക്കു മടങ്ങിവന്നു കേവസത്തയെ ആപേക്ഷിക്കസത്തയായി ദര്‍ശിക്കുമ്പോള്‍, സച്ചിദാനന്ദത്തെ , ‘പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന‘ത്രിത്വ’മായി കാണുന്നു. സത് = സ്രഷ്ടൃത്ത്വം. ചിത് = നിയാമകതത്ത്വം, ആനന്ദം = സാക്ഷാല്‍കാരതത്ത്വം അതായത് വീണ്ടും നമ്മെ ഏകസത്തയുമായി യോജിപ്പിക്കുന്ന തത്ത്വം. ചിത്തില്‍ക്കൂടിയല്ലാതെ ഒരുവന്നും സത്തിനെ അറിയാന്‍ വയ്യ. ‘പുത്രനില്‍ക്കൂടിയല്ലാതെ പിതാവിനെ കാണാന്‍ ആര്‍ക്കും വയ്യ’ എന്ന ക്രിസ്തുവചനത്തിന്റെ പൊരുളിതാണ്. നിര്‍വ്വാണം ഇപ്പോള്‍ ഇവിടെവെച്ചുതന്നെ പ്രാപ്യമാണെന്നും അതിനു നാം മരണംവരെ കാത്തിരിക്കേണ്ടതില്ലെന്നും വേദാന്തം പറയുന്നു. നിര്‍വ്വാണം ആത്മസാക്ഷാല്‍ക്കാരമാണ്. ഒരിക്കല്‍, ഒരു നിമിഷനേരമെങ്കിലും, ഈ സാക്ഷാല്‍ക്കാരം ലഭിക്കുന്നവന്‍ പിന്നൊരിക്കലും വ്യക്തിത്വമാകുന്ന മരീചികയില്‍ മോഹിതനാവില്ല. കണ്ണുള്ളകാലത്തോളം മിഥ്യാദര്‍ശനം നമ്മുടെ കാഴ്ചയില്‍ പെടും. എന്നാല്‍ ഏതു സമയത്തും അതെങ്ങനെയുള്ളതെന്നു നമുക്കറിയാം. അതിന്റെ യഥാര്‍ത്ഥരൂപം നാം കണ്ടിരിക്കുന്നു. അവികാര്യമായ ആത്മാവിനെ മറച്ചുപിടിക്കുന്ന മറയാണത്. മറ നീങ്ങുമ്പോള്‍, അതിന്റെ പിന്നിലുള്ള ആത്മാവ് ദൃശ്യമാകുന്നു-മാറ്റങ്ങളെല്ലാം മറയിലാണ്. വിശുദ്ധപുരുഷനില്‍ ഈ മറ തുലോം നേര്‍ത്തതാണ്. അതിനാല്‍ അതില്‍ക്കൂടി സത്യവസ്തുവിനു പ്രാകശിക്കാം. ദുര്‍വൃത്തനില്‍ അതു കട്ടിക്കൂടിയതാണ്. തന്നിമിത്തം, വിശുദ്ധപുരുഷനിലെന്നപോലെ അവനിലും അതേ ആത്മാവുണ്ടെന്നുള്ളതു നാം വിസ്മരിച്ചേക്കാം.

എല്ലാ യുക്തിചിന്തയും ഏകത്വം കണ്ടെത്തുമ്പോഴേ അവസാനിക്കൂ. അതിനാല്‍ നാം ആദ്യം അപഗ്രഥനം പിന്നീട് ഉദ്ഗ്രഥനവും ഉപയോഗിക്കുന്നു. ഭൌതികശാസ്ത്രലോകത്ത്, ഒരു മൌലിക ഊര്‍ജ്ജത്തെ കണ്ടെത്താനുള്ള തിരച്ചിലില്‍, ഊര്‍ജ്ജങ്ങളുടെ എണ്ണം ക്രമേണ കുറഞ്ഞുവരുന്നു. ഭൌതികശാസ്ത്രത്തിനു മൌലികമായ ഏകത്വത്തില്‍ പൂര്‍ണ്ണമായ പിടി കിട്ടിയാല്‍ അത് അതിന്റെ അന്ത്യത്തിലെത്തി. എന്തെന്നാല്‍, ഏകത്വത്തെ പ്രാപിക്കുന്നതോടെ നാം വിശ്രമം കണ്ടെത്തുന്നു. ജ്ഞാനമാണ് അവസാനം.

അമൂല്യശാസ്ത്രമായ മതം ഈ മൌലികമായ ഏകത്വം വളരെപ്പണ്ടേ കണ്ടെത്തി. ജ്ഞാനയോഗത്തിന്റെ ലക്ഷ്യം ഇതിന്റെ സാക്ഷാല്‍ക്കാരമാണ്. ജഗത്തിലാകെ ഒരാത്മാവേ ഉള്ളൂ. എല്ലാ ജീവന്മാരും അതിന്റെ അഭിവ്യക്തികള്‍മാത്രം. എന്നാല്‍, ആത്മാവ്, അതിന്റെ എല്ലാ അഭിവ്യക്തികളെക്കാളും അനന്തമടങ്ങു ബൃഹത്താണ് സകലതും ആത്മാവ്, അഥവാ ബ്രഹ്മം, തന്നെ വിശുദ്ധനും പാപിയും ആട്ടിന്‍കുട്ടിയും കടുവയും കൊലപാതകിയും യാഥാര്‍ത്ഥ്യത്തെസ്സംബന്ധിച്ചിടത്തോളം മറ്റൊന്നുമാകാന്‍ വയ്യ. എന്തെന്നാല്‍ ബ്രഹ്മമൊഴികെ മറ്റൊരു വസ്തുവില്ല. ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’. ഈ ജ്ഞാനത്തെക്കാള്‍ ഉല്‍കൃഷ്ടമായി മറ്റൊന്നില്ല. യോഗാഭ്യാസവിശുദ്ധമായ ഹൃദയത്തിലേക്ക് ഈ ജ്ഞാനം മിന്നല്‍പ്പിണര്‍പോലെ വരുന്നു. യോഗസാധനകള്‍കൊണ്ടും ധ്യാനാഭ്യസനംകൊണ്ടും ഒരുവന്‍ എത്ര പവിത്രനോ, ഈ സാക്ഷാല്‍ക്കാരമാകുന്ന കൊള്ളിമിന്നലുകളുടെ വൈശദ്യവും അത്രയ്ക്കു കൂടിയിരിക്കും. ഇതു നാലായിരത്താണ്ടുകള്‍ക്കുമുമ്പു കണ്ടുപിടിക്കപ്പെട്ടതാണ്. എങ്കിലും അതിനിയും മനുഷ്യവര്‍ഗ്ഗത്തിന്റെ പൊതുസ്വത്തായിട്ടില്ല-ഏതാനും വ്യക്തികളുടെ വകയായിരിക്കുന്നേ ഉള്ളൂ.